കൊച്ചി: കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ പ്രതിയും ഐഎസ് ഭീകരനുമായ റിയാസ് അബൂബക്കറിനുള്ള ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിക്കുന്നത്.
കേസില്‍ ഇരുവിഭാഗങ്ങളുടേയും വാദം പൂര്‍ത്തിയായി. പ്രതിക്ക് പരമാവധി ശിക്ഷ നല്കണമെന്നും സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ആസൂത്രണം ചെയ്തതെന്നും എന്‍ഐഎ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിയുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നല്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസര്‍കോട് ഐഎസ് കേസിന്റെ ഭാഗമായാണ് ഈ കേസും. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ് അബൂബക്കര്‍. കേസില്‍ റിയാസ് അബൂബക്കര്‍ മാത്രമാണ് പ്രതി. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ ഭീകരാക്രമണ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് നിരവധി ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിരുന്നു.
ശ്രീലങ്കന്‍ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് റിയാസ് അബൂബക്കറിനായുള്ള കേസ്. ഇതിന് പുറമേ ഇയാള്‍ സ്വയം ചാവേറാകാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
ഭീകരാക്രമണത്തിനായി കേരളത്തില്‍ നിന്നുള്ള യുവാക്കളെ റിയാസ് സോഷ്യല്‍ മീഡിയ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: