പത്തുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം രാജ്യത്തെ കരുത്തുറ്റതാക്കിത്തീര്‍ത്തതായി കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. 2014ലും 2019ലും രാജ്യത്തെ അഴിമതിക്കാരായ രാഷ്‌ട്രീയക്കാരെ ജനങ്ങള്‍ അധികാരത്തിന് പുറത്തുനിര്‍ത്തി. 2024ലും അതു തന്നെ ആവര്‍ത്തിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപി അധികാരത്തുടര്‍ച്ച നേടും. പത്തുവര്‍ഷത്തെ മോദി ഭരണത്തിന് കീഴില്‍ രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിച്ചത് കേന്ദ്രസര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നതിന്റെ വ്യക്തമായ തെളിവാണെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ എങ്ങനെ വിലയിരുത്തുന്നു? താങ്കളുടെ മന്ത്രാലയത്തിന്റെ പദ്ധതികള്‍ക്കാവശ്യമായ വിഹിതങ്ങള്‍ ഉള്‍പ്പെടുത്തിയാണോ ബജറ്റ് പ്രഖ്യാപനങ്ങള്‍?
”ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കാന്‍ പോകുന്ന പൂര്‍ണ്ണ ബജറ്റിന് മുന്നോടിയായാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ വികസിത ഭാരതത്തിന് വേണ്ട സമഗ്ര വളര്‍ച്ചയ്‌ക്ക് അടിത്തറയിടാന്‍ ശക്തിപകരുന്ന പ്രഖ്യാപനങ്ങളാണ് ഇടക്കാല ബജറ്റില്‍ നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രിയെന്ന നിലയില്‍ കേന്ദ്രബജറ്റിനെ ഏറെ പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. എന്റെ അധികാരപരിധിയിലുള്ള മന്ത്രാലയങ്ങള്‍ക്കാവശ്യമായ എല്ലാം ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.
രാജ്യത്തിന്റെ കായിക മേഖലയ്‌ക്കാവശ്യമായ നിരവധി പദ്ധതികള്‍ക്കും യുവജന ക്ഷേമത്തിനും പുതിയ വിവര സാങ്കേതിക വിദ്യകളുടെ കാലത്തെ വെല്ലുവിളികളെ നേരിടുന്നതിനും ബജറ്റ് സഹായിക്കും. കായിക മേഖലയ്‌ക്കുള്ള ബജറ്റ് വിഹിതം ഓരോ തവണയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഖേലോ ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ രാജ്യത്തിന്റെ കായികമേഖലയിലെ മുന്നേറ്റവും ഇതുവഴി സാധ്യമാക്കാനായി.
ഒളിംപിക്സ്, പാരാലിംപിക്‌സ്, ഡെഫ്ലിംപിക്സ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ പാരാ ഗെയിംസ് തുടങ്ങിയ എല്ലാ വേദികളിലും നമ്മുടെ കായികതാരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. കായികം എന്നത് സംസ്ഥാന വിഷയം ആയിട്ടുകൂടി കേന്ദ്രസര്‍ക്കാര്‍ കായികവികസന പദ്ധതികളുമായി താഴേത്തട്ടിലേക്കെത്തി. ഫിറ്റ് ഇന്ത്യയും ഖേലോ ഇന്ത്യയും ഉദാഹരണങ്ങളാണ്. ദേശീയ കായിക നയത്തിന്റെ അടിസ്ഥാനത്തില്‍ കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം അതിവേഗത്തിലാക്കിയതും ഫലം ചെയ്തു.”
പത്തുവര്‍ഷത്തെ മോദി സര്‍ക്കാര്‍ ഭാരതത്തിന്റെ സമ്പദ്ഘടനയെ എങ്ങനെ മാറ്റിമറിച്ചുവെന്നാണ് താങ്കള്‍ കരുതുന്നത്?
”കഴിഞ്ഞ പത്തുവര്‍ഷത്തെ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സമ്പദ് ഘടനയ്‌ക്ക് വലിയ ശക്തിയാണ് നല്‍കിയത്. ആഗോളതലത്തിലെ ഏറ്റവും മോശം അഞ്ച് സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഏറ്റവും കരുത്തുറ്റ സമ്പദ് ഘടനയിലേക്ക് ഭാരതം ഉയര്‍ന്നു. നമ്മുടെ വളര്‍ച്ചാ നിരക്ക് സ്ഥിരത കൈവരിക്കുകയും ചൈനയെ മറികടക്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി നാം ഉയരുകയാണ്. ഇതിന്റെ ഫലം രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ലഭിക്കുന്നുണ്ട്.
2027-28ല്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്റെ കരുത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം ഉയരുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. രൂപ കരുത്താര്‍ജ്ജിക്കുകയാണ്. പിഎല്‍ഐ പദ്ധതികളുടെ കരുത്തില്‍ രാജ്യത്ത് കമ്പനികള്‍ വര്‍ദ്ധിക്കുന്നു. നിര്‍മ്മാണ മേഖല ശക്തിപ്പെടുന്നു. ഇറക്കുമതി കുറയുന്നു. ലക്ഷക്കണക്കിന് തൊഴില്‍ സൃഷ്ടിക്കപ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ ആശയങ്ങള്‍ക്കും പിന്തുണ നല്‍കുന്നതില്‍ മൂന്നാം സ്ഥാനത്തേക്ക് ഭാരതം എത്തി. മേയ്‌ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മുദ്ര യോജന എന്നിവ ആളുകളെ ബിസിനസിലേക്ക് ആകര്‍ഷിക്കുന്നു. യുപിഐ, ഡിജിറ്റല്‍ പേമെന്റുകള്‍ രാജ്യത്തിന് പുതിയ മുഖം സമ്മാനിച്ചു. തൊഴില്‍ ശക്തിയില്‍ വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ഒഴിച്ചുകൂട്ടാനാവാത്ത ഘടകമായി സ്ത്രീ ശക്തിയെ മാറ്റി.”
ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ നിലവിലെ സ്ഥിതി എന്താണ്?
”പ്രതിപക്ഷ ഐക്യത്തെ ഞങ്ങള്‍ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടേ, നമുക്കുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥിരതയുള്ളവരല്ല. അവര്‍ രാഷ്‌ട്രീയമായി ഭിന്നിച്ചു നില്‍ക്കുന്നവരാണ്. നിലവിലെ ഇന്ത്യ മുന്നണി വളരെയേറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സഖ്യമാണ്. എന്നാല്‍ എന്താണ് അതിന്റെ ഇപ്പോഴത്തെ അവസ്ഥ. രൂപീകരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തകര്‍ന്ന് തരിപ്പണമായി. അവര്‍ പരസ്പരമുള്ള ഭിന്നതകളും നേതാക്കളുടെ അത്യാഗ്രഹവുമാണ് സഖ്യത്തിന് വിനയാവുന്നത്. ഒരു നേതാവോ ഒരജണ്ടയോ ഒരു മാതൃകയോ അവര്‍ക്ക് മുന്നോട്ട് വെയ്‌ക്കാനില്ല. രാജ്യത്തിനുവേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാനല്ല, അവരവര്‍ക്കു വേണ്ടി കുടുംബാധിപത്യ രാഷ്‌ട്രീയം കളിക്കാനാണ് പ്രതിപക്ഷ നേതാക്കള്‍ക്കിഷ്ടം. അച്ഛനും മകനും അമ്മായിയും മരുമകനും ഭര്‍ത്താവും ഭാര്യയും സഹോദരനും സഹോദരിയും അര്‍ദ്ധസഹോദരനുമൊക്കെ വേണ്ടിയാണ് പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം.
ഇത്തവണ വലിയ മാര്‍ജിനില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അബ് കീ ബാര്‍ 400 പാര്‍(ഇത്തവണ നാനൂറിനപ്പുറം) എന്നതാണ് മുദ്രാവാക്യം. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ബിജെപി മുന്നോട്ട് കുതിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രശസ്തി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ്. ഭാരതത്തിലെ മറ്റൊരു പ്രധാനമന്ത്രിക്കും ലഭിക്കാത്തത്ര പ്രശസ്തിയും സ്വീകാര്യതയും അദ്ദേഹത്തിന് ലഭിക്കുന്നു.”
താങ്കളുടെ സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസാണ് അധികാരത്തിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിമാചലിലെ ബിജെപി പ്രകടനം എപ്രകാരമായിരിക്കും?
”തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച് ചെറിയ മാര്‍ജിനിലാണ് ഹിമാചല്‍ ഭരണം കോണ്‍ഗ്രസ് നേടിയെടുത്തത്. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനം വളരെ മോശമാണ്. കോണ്‍ഗ്രസിന്റെ ഈ തന്ത്രങ്ങളെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. കേന്ദ്രപദ്ധതികളുടെ വിജയകരമായ നിര്‍വഹണത്തിലെ മോദിസര്‍ക്കാരിന്റെ മികവും പ്രധാനമന്ത്രിയുടെ പ്രശസ്തിയും ഹിമാചലിലെ ജനങ്ങളെ ബിജെപിക്കൊപ്പം നിര്‍ത്തുന്നു. 2014ലും 2019ലും നേടിയതിന് സമാനമായ സമ്പൂര്‍ണ്ണ വിജയം ഹിമാചലില്‍ ഇത്തവണയുമുണ്ടാകും. തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാനത്തെ നാലു ലോക്സഭാ സീറ്റുകളിലും വിജയിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹിമാചല്‍ ജനത പിന്തുണ ആവര്‍ത്തിക്കും.”
ഒളിംപിക്സ് ആരംഭിക്കാന്‍ അഞ്ചുമാസം മാത്രമാണ് ബാക്കിയുള്ളത്. എന്തൊക്കെയാണ് പാരിസ് ഒളിംപിക്സിലെ ഭാരതത്തിന്റെ പ്രതീക്ഷകള്‍. നമ്മുടെ കായികതാരങ്ങള്‍ ആത്മവിശ്വാസത്തിലാണോ? അടുത്തിടെ നടന്ന ചില കായികതാരങ്ങളുടെ സമരങ്ങളും മറ്റും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ കായികമേഖലയില്‍ സൃഷ്ടിച്ചിട്ടുണ്ടോ?
”പാരിസ് ഒളിംപിക്സിലെ മെഡല്‍ പട്ടികയില്‍ ആദ്യത്തെ പത്തു രാജ്യങ്ങളിലൊന്നായി ഭാരതത്തെ ഉയര്‍ത്താനാണ് നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി നിരവധിയായ നടപടികള്‍ കായികമേഖലയില്‍ ഉണ്ടായിട്ടുണ്ട്. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിശീലന പദ്ധതികള്‍ക്കുമായി മന്ത്രാലയം വന്‍തോതില്‍ തുക ചെലവഴിക്കുന്നുണ്ട്. നമ്മുടെ കായികതാരങ്ങള്‍ക്ക് ഏറ്റവും മികച്ച പിന്തുണ നല്‍കാനാണ് മന്ത്രാലയത്തിന്റെ ശ്രമം. മെഡല്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യത്തെ മൂന്നു രാജ്യങ്ങള്‍ എന്തൊക്കെയാണോ കായികമേഖലയ്‌ക്ക് വേണ്ടി നടപ്പാക്കുന്നത് അവ നടപ്പാക്കാനാണ് ശ്രമം. അവരുടെ ശക്തിയും ദൗര്‍ബല്യങ്ങളും കണ്ടെത്തി തന്ത്രങ്ങള്‍ വിപുലപ്പെടുത്തി മെഡല്‍ നേട്ടങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്.
ഒളിംപിക്സിലും പാരാലിംപിക്സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം ഭാരതം മികച്ച പ്രകടനങ്ങളാണ് കാഴ്ച വെയ്‌ക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ഈ മികച്ച പ്രകടനങ്ങള്‍ മൂലം ലോകം നമ്മെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും നമ്മുടെ കായികതാരങ്ങളെ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതിനാല്‍ തന്നെ അവര്‍ക്ക് കായികമന്ത്രാലയത്തിന്മേല്‍ വിശ്വാസവും ആത്മവിശ്വാസവും ഉണ്ട്. മുന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടുള്ള നേട്ടം വരുന്ന ഒളിംപിക്സില്‍ അവര്‍ കരസ്ഥമാക്കുമെന്ന് എനിക്കുറപ്പുണ്ട്.”
രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളായ ദൂര്‍ദര്‍ശനും ആകാശവാണിയും പഴയ പ്രശസ്തി തിരികെ പിടിച്ചുകൊണ്ടിരിക്കുകയാണല്ലോ. സാമൂഹ്യ മാധ്യമങ്ങളുടെ പുതിയ കാലത്ത് രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്താന്‍ ലക്ഷ്യമിടുന്നത്?
”ഇതു വളരെ ശരിയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നമ്മുടെ ദൂര്‍ദര്‍ശനും ആകാശവാണിയും കൂടുതല്‍ പ്രശസ്തി കൈവരിച്ചിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചത് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതിനനുസരിച്ചുള്ള മാറ്റങ്ങളാണ് ഡിജിറ്റല്‍ രംഗത്തടക്കം ദൂരദര്‍ശനിലും ആകാശവാണിയിലും മന്ത്രാലയം നടപ്പാക്കുന്നത്. എല്ലാ ജില്ലകളിലും കമ്യൂണിറ്റി റേഡിയോ എന്ന ആശയം പ്രധാനമന്ത്രി മോദിയുടേതായിരുന്നു. എല്ലാ ബ്ലോക്കുതലങ്ങളിലേക്കും അതു വ്യാപിച്ചുകഴിഞ്ഞു.
രാജ്യത്തിന്റെ 80 ശതമാനം സ്ഥലങ്ങളും ജനസംഖ്യയുടെ 90 ശതമാനവും റേഡിയോയിലൂടെ ബന്ധപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഇതു സമ്പൂര്‍ണ്ണമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് മാത്രം 120ലധികം കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളാണ് ആരംഭിച്ചത്. ദൂരദര്‍ശന്റെ ഡിജിറ്റലൈസേഷന്‍ പ്രക്രിയ ഊര്‍ജിതമായി മുന്നോട്ട് പോകുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യുട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നുണ്ട്.
വാരികകളുടെ രജിസ്ട്രേഷന്‍ അനായാസകരമാക്കാനായി രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ഓഫ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരുന്നതിനായി പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക ഭാഷകളിലെ വാര്‍ത്തകളിലെ അടക്കം വസ്തുതാ പരിശോധനാ സംവിധാനങ്ങളും ശക്തമാക്കുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അടിസ്ഥാന സൗകര്യ വികസനം ദൂരദര്‍ശനിലും ആകാശവാണിയിലും നടപ്പാക്കുന്നു. ആംഗ്യഭാഷാ ബുള്ളറ്റിനുകളും ക്യാബിനറ്റ് ബ്രീഫിംഗുകളുടെ തല്‍സമയ സംപ്രേഷണങ്ങളും ഡിഡി ന്യൂസിനെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: