കാലടി: സ്വന്തമായി നിര്‍മിച്ച മുച്ചക്രവണ്ടിയില്‍ അയോദ്ധ്യയിലേക്ക് തീര്‍ത്ഥയാത്ര പോകുകയാണ് പത്തനംതിട്ട കുന്നന്താനം സ്വദേശി വള്ളിക്കാട്ടില്‍ ഇ.പി. ഷാലു.
കഴിഞ്ഞ മൂന്നാം തീയതി ചങ്ങനാശേരി തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്ന് ക്ഷേത്രം പ്രസിഡന്റും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ രാധാകൃഷ്ണമേനോന്‍ ഹാരാര്‍പ്പണം ചെയ്താണ് യാത്ര ആരംഭിച്ചത്. കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന ഷാലു സ്വന്തമായി നിര്‍മിച്ച ഏഴടി നീളമുള്ള ആറന്മുള പള്ളിയോടം മാതൃകയിലുള്ള വഞ്ചിയിലാണ് യാത്ര. ഇത് ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയെന്നതാണ് ലക്ഷ്യം.
നാനാജാതി മതസ്ഥര്‍ക്കും നിര്‍ധനര്‍ക്കും സഹായം ചെയ്യുന്ന നടന്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയാണ് യാത്ര. ദിവസേന 30 കിലോമീറ്റര്‍ സഞ്ചരിക്കും. രാത്രികാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ തങ്ങും. 25-30 ദിവസത്തിനുള്ളില്‍ അയോദ്ധ്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്‍പ് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് തന്ന പ്രധാനമന്ത്രിയോടുള്ള സന്തോഷസൂചകമായി രണ്ട് വള്ളം സ്വന്തമായി നിര്‍മിച്ച് ബിജെപി ആസ്ഥാനത്ത് എത്തിച്ചിരുന്നു. കരകൗശല വിദഗ്ധനായ ഷാലു വാടക വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ ബിന്ദുലേഖ. മക്കള്‍ വിദ്യാര്‍ത്ഥികളായ ആദിഷ് ഷാലു, അലേഖ ഷാലു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: