കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന അരുതായ്മകള്‍ കേരളത്തിലെ ഭരണകൂടത്തിന്റെയും സാംസ്‌കാരിക മന്ത്രിയുടെയും മനസ്സും പ്രവൃത്തിയും പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പുവരെ രാഷ്‌ട്രീയത്തിന്റെപേരില്‍ പ്രചാരണം നടത്തുകയും ബലാബലം നോക്കുകയും ചെയ്തശേഷം തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ അവരെ ഭരിക്കാന്‍ വിടുകയും തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയുമാണ് പ്രതിപക്ഷം ചെയ്യേണ്ടത്. ഭരണപക്ഷമാകട്ടെ കിട്ടിയ ഭൂരിപക്ഷത്തോടൊപ്പം എതിര്‍ത്ത് വോട്ട് ചെയ്തവരുടെ ശബ്ദം കൂടി പരിഗണിക്കുകയും മൊത്തം സംസ്ഥാനത്തിന്റെയും പ്രതീക്ഷകള്‍ക്കനുസരിച്ച് എല്ലാവരുടെയും ഭരണകൂടം ആവുകയും ചെയ്യുക എന്നതാണ് ജനാധിപത്യ രീതി. ഇക്കാര്യം അല്പം പോലും മനസ്സിലാകാത്ത രാഷ്‌ട്രീയകക്ഷി സിപിഎമ്മാണ്. ഒരു മികച്ച ഭരണകൂടം എന്നനിലയില്‍ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ വേദനകളും യാതനകളും തിരിച്ചറിയുകയും ചെയ്യുന്ന സര്‍വ്വതല സ്പര്‍ശിയായ ഒരു ഭരണകൂടത്തിന് പകരം ധാര്‍ഷ്ട്യവും ധിക്കാരവും മുഖമുദ്രയാക്കിയ ഭരണകൂടമായാണ് പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് കേരള സാഹിത്യ അക്കാദമിയില്‍ കണ്ടത്.
കേരളത്തിലെ എണ്ണം പറഞ്ഞ മലയാളികള്‍ ലോകത്ത് എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം ആദരവോടെ കാണുന്ന ശ്രീകുമാരന്‍ തമ്പിയും ഒരിക്കല്‍ മലയാളത്തിന്റെ ക്ഷുഭിതയൗവനം എന്ന് പേരെടുത്ത ബാലചന്ദ്രന്‍ ചുള്ളിക്കാടും സാഹിത്യ അക്കാദമിയുടെ ചീഞ്ഞ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തി. സാഹിത്യ അക്കാദമി സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഉണ്ടായ ദുരനുഭവമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചത്. രണ്ടാഴ്ച മുമ്പ് മുദ്രാവാക്യ കവിത എന്ന പേരില്‍ സിപിഎമ്മിനെ തോളത്ത് കയറ്റി ആഘോഷിച്ച ബാലചന്ദ്രനെ അന്ന് സാമൂഹ്യമാധ്യമങ്ങളിലും പുറത്തും വല്ലാതെ ആഘോഷിച്ചിരുന്നു. സമാനതകളില്ലാത്ത വിശേഷണം കൊണ്ടാണ് അന്ന് പു.ക.സ സെക്രട്ടറി അശോകന്‍ ചരുവില്‍, ചുള്ളിക്കാടിനെ വിശേഷിപ്പിച്ചത്. ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മഹാകവി കുമാരനാശാന്റെ കരുണയെക്കുറിച്ച് പ്രസംഗിക്കാന്‍ പോയ ചുള്ളിക്കാടിന് കേരള സാഹിത്യ അക്കാദമി നല്‍കിയ പ്രതിഫലം 2400 രൂപയായിരുന്നു. എറണാകുളത്തു നിന്ന് ടാക്സി കാറില്‍ 3500 രൂപ ചെലവാക്കി പോയ താന്‍ സീരിയല്‍ അഭിനയിച്ച 1100 രൂപ എടുത്താണ് കാറുകൂലി കൊടുത്തതെന്ന് ചുള്ളിക്കാട് ഫേസ്ബുക്ക് പോസ്റ്റില്‍ പരിതപിച്ചു. തനിക്ക് സാഹിത്യ അക്കാദമി ഇട്ട വിലയാണിതെന്നായിരുന്നു ചുള്ളിക്കാടിന്റെ പക്ഷം.
ചുള്ളിക്കാടിനെ പോലെ പ്രഗത്ഭനായ ഒരു എഴുത്തുകാരനെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചു കൊണ്ടുവരുമ്പോള്‍ മാന്യമായ യാത്രാസൗകര്യം ഒരുക്കുകയോ അതിനാവശ്യമായ തുക നല്‍കുകയോ ചെയ്യേണ്ടത് അക്കാദമിയുടെ ബാധ്യതയാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് ന്യായമായ പ്രതിഫലം കൊടുക്കാനുള്ള ഉത്തരവാദിത്വവും അക്കാദമിക്ക് ഉണ്ടായിരുന്നു. അത് രണ്ടും ചെയ്തില്ല എന്നു മാത്രമല്ല, ഏതോ ഗുമസ്തന്‍ കവറിലിട്ട് ഏല്‍പ്പിച്ച 2400 രൂപയുമായി ചുള്ളിക്കാടിനെ പറഞ്ഞുവിട്ടത് സിപിഎം ലൈനില്‍ ശരിയാണെങ്കിലും സാഹിത്യ സാംസ്‌കാരിക തലത്തില്‍ ശരിയല്ല.
സാഹിത്യോത്സവം മൊത്തത്തില്‍ ഇടതുപക്ഷ വിലാസം പുകസ മേളയായിരുന്നു എന്ന കാര്യത്തില്‍ കേരളത്തിലെ സാംസ്‌കാരിക മേഖലയ്‌ക്ക് രണ്ട് അഭിപ്രായം ഇല്ല. സാഹിത്യ അക്കാദമി കേരളത്തിലെ, മലയാളത്തിലെ എഴുത്തുകാരുടെ പൊതുവേദിയാണ്. അവിടെ സാഹിത്യോത്സവം നടത്തുമ്പോള്‍ എല്ലാ വിഭാഗം സാഹിത്യകാരന്മാരെയും എല്ലാ സാഹിത്യ സംഘടനകളെയും ഒരേപോലെ പങ്കെടുപ്പിക്കേണ്ടതുമാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത്, തപസ്യ, അഖില ഭാരതീയ സാഹിത്യപരിഷത്ത് തുടങ്ങി സാഹിത്യകാരന്മാരുടെ നിരവധി സംഘടനകളും കൂട്ടായ്മകളും കേരളത്തിലുണ്ട്. അവരെയെല്ലാം കണ്ടില്ലെന്ന് നടിച്ച്, അഥവാ ഒഴിവാക്കി, ഇടതുപക്ഷ സാഹിത്യകാരന്മാരെ മാത്രം അണിനിരത്തി അവര്‍ക്ക് ഏതാനും ദിവസം മൃഷ്ടാന്നഭോജനവും സൗകര്യങ്ങളുമൊരുക്കിനല്‍കി എന്നല്ലാതെ ഈ സാഹിത്യോത്സവം കൊണ്ട് കേരളത്തിലെ സാഹിത്യകാരന്മാര്‍ക്കോ മലയാളസാഹിത്യത്തിനോ എന്തെങ്കിലും പ്രയോജനം ഉണ്ടായി എന്ന് കരുതുന്നില്ല. മലയാളസാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ചോ ഭാവിയെ കുറിച്ചോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് വരാന്‍ പോകുന്ന സാഹിത്യ രചനകളെ കുറിച്ചോ സര്‍ഗാത്മകതയെ സാങ്കേതികത മറികടക്കാന്‍ പോകുന്നതിന്റെ അപകടങ്ങളെ കുറിച്ചോ ഒന്നും തന്നെ കാലികവും മൗലികവുമായ ഒരു ചര്‍ച്ചയും ഉണ്ടായില്ല. ഇടതുപക്ഷ സാഹിത്യകാരന്മാരുടെ പരസ്പര പുറംചൊറിയലിലും സ്മാര്‍ത്ത വിചാരത്തിലുമൊക്കെ സാഹിത്യോത്സവം ഒതുങ്ങിപ്പോയെന്നോ ഒടുങ്ങിപ്പോയെന്നോ പറയുന്നതില്‍ അല്പവും തെറ്റില്ല.
ചുള്ളിക്കാടിന്റെ പോസ്റ്റ് സമ്മര്‍ദ്ദത്തിന്റെ പേരില്‍ പിന്‍വലിച്ചതിനുശേഷമാണ് മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവികളില്‍ ഒരാളായ ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. അദ്ദേഹം ഇങ്ങനെ എഴുതുന്നു, ‘കേരളസാഹിത്യ അക്കാദമിയില്‍ നിന്നും പ്രശസ്ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോള്‍ മാസങ്ങള്‍ക്കു മുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയില്‍ നിന്നുണ്ടായ ദുരനുഭവം ഓര്‍മ്മവന്നു. കേരള ഗവണ്‍മെന്റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്നു അക്കാദമി സെക്രട്ടറിയായ ശ്രീ. അബൂബക്കര്‍ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാന്‍ ആ ക്ഷണം നിരസിച്ചു. കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്റെ ഒരു പുസ്തകത്തിനും അവാര്‍ഡ് നല്‍കിയിട്ടില്ല. സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരമോ ഫെലോഷിപ്പോ നല്‍കിയിട്ടില്ല. ഞാന്‍ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടു തന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല. അതുകൊണ്ടാണ് ഈ പാട്ടെഴുത്തില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചത്. (എന്തിന്? ഇപ്പോള്‍ നടന്ന പുസ്തകോത്സവത്തിനു പോലും എന്നെ ക്ഷണിച്ചിട്ടില്ല.) ശ്രീ. അബൂബക്കറും ശ്രീ. സച്ചിദാനന്ദനും വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ സാമാന്യമര്യാദയുടെ പേരില്‍ ഞാന്‍ സമ്മതിച്ചു. അബൂബേക്കര്‍ എന്നോട് ചോദിച്ചു.’താങ്കളല്ലാതെ മറ്റാര്?’ എന്ന്. ‘ചെറിയ ക്ലാസിലെ കുട്ടിക്കു പോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്’ എന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാന്‍ ലളിതമാക്കി. ഒരാഴ്ചക്കുള്ളില്‍ ഞാന്‍ പാട്ട് എഴുതി അയച്ചു. ‘എനിക്ക് തൃപ്തിയായില്ല’ എന്ന് അബൂബേക്കറില്‍ നിന്ന് മെസ്സേജ് വന്നു. ഞാന്‍ ‘എങ്കില്‍ എന്നെ ഒഴിവാക്കണം’ എന്ന് പറഞ്ഞു. വീണ്ടും സച്ചിദാനന്ദന്‍ എനിക്ക് മെസ്സേജ് അയച്ചു. ‘താങ്കള്‍ക്ക് എഴുതാന്‍ കഴിയും’ എന്നു പറഞ്ഞു. ‘ആദ്യ വരികള്‍ (പല്ലവി) മാത്രം മാറ്റിയാല്‍ മതി. പാട്ടിന്റെ രണ്ടാം ഭാഗം മനോഹരമാണ്’ എന്ന് അബൂബേക്കര്‍ പറഞ്ഞു. ഞാന്‍ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനുശേഷം സച്ചിദാനന്ദനില്‍ നിന്ന് ‘നന്ദി’ എന്ന ഒറ്റവാക്ക് മെസ്സേജ് ആയി വന്നു. എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന് ഇപ്പോഴും അറിയില്ല. അക്കാദമിയില്‍ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ‘സാഹിത്യ അക്കാദമി കവികളില്‍ നിന്നും കേരളഗാനം ക്ഷണിക്കുന്നു’ എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യചാനലുകളില്‍ വന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു. എന്റെ പാട്ട് അവര്‍ നിരാകരിച്ചു എന്നാണല്ലോ ഇതിനര്‍ത്ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി. അബൂബക്കര്‍ എന്ന ഗദ്യകവിയുടെ മുമ്പില്‍ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്‌കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ്. ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചെലവില്‍ റിക്കോര്‍ഡ് ചെയ്ത് ഞാന്‍ ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും വേണ്ടി യൂട്യൂബില്‍ അധികം വൈകാതെ അപ്ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകര്‍പ്പവകാശം വേണ്ട. വിദ്യാലയങ്ങള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും കുട്ടികള്‍ക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാളഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴയുന്നത് ഇത് മാത്രമാണ്.’
ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ് ലോകമെമ്പാടുമുള്ള മലയാളികള്‍ സ്വന്തം ദുരനുഭവം പോലെ നെഞ്ചിലേറ്റുകയായിരുന്നു. ആരെയും വ്യക്തിപരമായി നിന്ദിക്കുന്നില്ലെങ്കില്‍ പോലും ഒരുകാര്യം മാത്രം മലയാളികളുടെ ഹൃദയവികാരം എന്ന നിലയില്‍ ചോദിക്കട്ടെ, ശ്രീകുമാരന്‍ തമ്പി എഴുതിയ പോലെ ഒരു ഗാനം, കവിത ജീവിതത്തില്‍ എപ്പോഴെങ്കിലും എഴുതാന്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് ആയ കെ. സച്ചിദാനന്ദന് കഴിയുമോ? ഒരു കവിത വേണ്ട, നാലുവരി? വിദേശ എഴുത്തുകാരുടെ കവിതകള്‍ മൊഴിമാറ്റം ചെയ്യുന്നതും ഗദ്യകവിതകളും ആണ് സച്ചിദാനന്ദന്റെ സംഭാവന. അവയില്‍ ഏറെയും ഏതുതരത്തിലുള്ളതാണെന്ന് പറഞ്ഞ് വിദേശികളെ അപമാനിക്കുന്നില്ല. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളും വരികളും പാട്ടുകളും കവിതകളും മലയാളികള്‍ ഹൃദയവികാരം ആയി നെഞ്ചിലേറ്റി കൊണ്ടുനടക്കുന്നതാണ്. പ്രസിഡന്റിന്റെ നില ഇതാണെങ്കില്‍ സെക്രട്ടറിയുടെ കാര്യം കൂടി പരിശോധിക്കേണ്ടതുണ്ട്. മലയാളസാഹിത്യത്തിനും സംസ്‌കാരത്തിനും എന്തു സംഭാവനയാണ് സാഹിത്യ അക്കാദമി സെക്രട്ടറിയായ അബൂബക്കര്‍ നല്‍കിയത് എന്ന് മലയാളികളെ ബോധ്യപ്പെടുത്തണം. സാഹിത്യ അക്കാദമി പ്രസിദ്ധീകരണങ്ങളില്‍ പോലും രാഷ്‌ട്രീയം കുത്തിനിറച്ച് സര്‍ക്കാര്‍ വിലാസം സ്ഥാപനമായി അക്കാദമിയെ മാറ്റി.
എന്തിനാണ് ഇവര്‍ ശ്രീകുമാരന്‍ തമ്പിയെ അപമാനിച്ചത്? അദ്ദേഹത്തിന്റെ കവിത ഇഷ്ടമായില്ലെങ്കില്‍ മടക്കി അയച്ചുകൊടുത്ത് അധ്വാനത്തിന്റെ പണവും നല്‍കി ക്ഷമ പറയുകയല്ലേ മാന്യത. ഇതു പൊറുക്കാനുള്ള സഹനശക്തി മലയാളസാഹിത്യത്തെ സ്നേഹിക്കുന്നവര്‍ക്ക് ഉണ്ടാകില്ല. രാഷ്‌ട്രീയത്തിന്റെ പിടിയില്‍ നിന്ന് അക്കാദമികളെയും മലയാളസാഹിത്യത്തെയും മോചിപ്പിക്കാന്‍ പുതിയ മുന്നേറ്റം അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: