Categories: KeralaThrissur

ഷീല സണ്ണിയെ വ്യാജ എല്‍ എസ് ഡി കേസില്‍ കുടുക്കിയ നാരായണദാസ് നിരവധി കേസുകളില്‍ പ്രതി

ആഡംബര കാര്‍ വാങ്ങാനെത്തിയ തൃപ്പുണിത്തുറ സ്വദേശി ബിസിനസുകാരനെ കര്‍ണാടക പൊലീസ് ആയി ചമഞ്ഞ് നാരായണ ദാസും സംഘവും രണ്ട് കോടി രൂപ ഭീഷണിപ്പെടുത്തി തട്ടാന്‍ ശ്രമിച്ചിരുന്നു

Published by

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍ എസ് ഡി കേസില്‍ കുടുക്കുന്നതിന് പൊലീസിന് വ്യാജ വിവരം നല്‍കിയെന്നു സംശയിക്കുന്ന പ്രതി നാരായണദാസ് നിരവധി കേസുകളിലെ പ്രതിയാണ്. 28 ലക്ഷം രൂപയുടെ വഞ്ചന കേസില്‍ ജാമ്യത്തിലായിരിക്കയാണ് പ്രതി ഷീല സണ്ണിയുടെ കേസില്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.

നാരായണദാസിന്റെ വീട് തൃപ്പൂണിത്തുറ എരൂര്‍ ദര്‍ശനം റോഡിലാണ്. ഇയാള്‍ക്ക് 54 വയസുണ്ട്.എറണാകുളം വഴക്കാല സ്വദേശി അസ്ലമിനെ കബളിപ്പിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 2022 ഡിസംബര്‍ 22 ന് ഇയാള്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയിരുന്നു.

2021 ല്‍ നടന്ന സംഭവത്തില്‍ മൂന്നു പ്രതികളാണ് ഉള്ളത്. നാരായണ ദാസ് കേസില്‍ മൂന്നാം പ്രതിയാണ്.തൃപ്പൂണിത്തുറ സ്വദേശി വിനോദ് കൃഷ്ണ, കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സായി കൃഷ്ണ എന്നിവരാണ് ഈ കേസിലെ മറ്റു പ്രതികള്‍. നാരായണ ദാസിനെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്. ആഡംബര കാര്‍ വാങ്ങാനെത്തിയ തൃപ്പുണിത്തുറ സ്വദേശി ബിസിനസുകാരനെ കര്‍ണാടക പൊലീസ് ആയി ചമഞ്ഞ് നാരായണ ദാസും സംഘവും രണ്ട് കോടി രൂപ ഭീഷണിപ്പെടുത്തി തട്ടാന്‍ ശ്രമിച്ചിരുന്നു..

ഈ കേസില്‍ നാരായണ ദാസിനെ 2015 ലാണ് തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് ഇയാളുടെ സംഘത്തില്‍ സായ് ശങ്കര്‍ ഉണ്ടായിരുന്നു. എരൂരിലെ ശ്രീദുര്‍ഗ, പെരുമ്പാവൂര്‍കാരി മയുഖി, മണ്ണാര്‍ക്കാട് സ്വദേശി ഷമീര്‍, വൈറ്റില സ്വദേശി ദിബിന്‍ എന്നിവരായിരുന്നു അന്ന് ഇയാള്‍ക്കൊപ്പം സംഘത്തില്‍ ഉണ്ടായിരുന്നത്.

ഷീല സണ്ണിയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ് .ഇയാളാണ് വ്യാജ എല്‍ എസ് ഡി കേസില്‍ ഷീല സണ്ണിയെ കുടുക്കാന്‍ വിവരം നല്‍കിയതെന്നാണ് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട്. നാരായണദാസിനോട് ഈ മാസം 8 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി കോടതിയെ സമീപിച്ചത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക