സന: തെക്കൻ ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം. ആക്രമണത്തിന് പിന്നിൽ യെമനിലെ ഹൂതി ഭീകരരെന്ന് യുകെ നാവിക സേന സംശയിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
യെമനിലെ ഹൊഡെയ്‌ഡയുടെ പടിഞ്ഞാറ് ഭാഗത്താണ് ആക്രമണം നടന്നത്. ബാർബഡോസ് പതാകയുള്ള യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലാണെന്ന് സ്വകാര്യ സുരക്ഷാ സ്ഥാപനമായ ആംബ്രെ തിരിച്ചറിഞ്ഞു. കപ്പലിൽ ആർക്കും പരിക്കില്ല, “ചെറിയ കേടുപാടുകൾ” സംഭവിച്ചതായി കമ്പനി അറിയിച്ചു. ആക്രമണത്തിൻ കപ്പലിന്റെ ജനാലകൾക്ക് ചെറിയ കേടുപാടുകൾ പറ്റിയതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും, യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ഇതിന് പിന്നിലെന്നാണ് ബ്രിട്ടീഷ് മാരിടൈം അധികൃതർ വ്യക്തമാക്കി. നവംബർ മുതൽ, ഹമാസിനെതിരെ ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെച്ചൊല്ലി വിമതർ ചെങ്കടലിലെ കപ്പലുകളെ ലക്ഷ്യമാക്കി പരക്കെ ആക്രമണം നടത്തുന്നുണ്ട്. എന്നാൽ ഇസ്രയേലുമായി ബന്ധമില്ലാത്ത കപ്പലുകളെ ഇവർ ലക്ഷ്യമിടുന്നത് ഏഷ്യ, മിഡ് ഈസ്റ്റ്, യൂറോപ്പ് എന്നിവയ്‌ക്കിടയിലുള്ള വ്യാപാരത്തിനുള്ള കപ്പൽ ചാലിനെ സാരമായി ബാധിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചകളിൽ, യുഎസും യുകെയും, മറ്റ് സഖ്യകക്ഷികളുടെ പിന്തുണയോടെ, ഹൂതികളുടെ കേന്ദ്രങ്ങളും മിസൈൽ ആയുധശേഖരങ്ങളും അവരുടെ ആക്രമണത്തിനുള്ള വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. യുഎസും ബ്രിട്ടനും ശനിയാഴ്ച യെമനിൽ 36 ഹൂതി ലക്ഷ്യങ്ങൾ തകർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: