ന്യൂദൽഹി: ഭാരതവും സുരിനാമും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിലും സാമ്പത്തിക സഹകരണത്തിലും വലിയ സാധ്യതകളുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. രാഷ്‌ട്രപതി ഭവൻ സന്ദർശിച്ച സുരിനാം റിപ്പബ്ലിക്കിൽ നിന്നുള്ള പാർലമെൻ്ററി പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. സുരിനാമിലെ ദേശീയ അസംബ്ലിയുടെ ചെയർമാൻ മരിനസ് ബീയാണ് പ്രതിനിധി സംഘത്തെ നയിച്ചത്.
ആരോഗ്യം, ആയുർവേദം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന്റെ സാധ്യതയെ എടുത്ത് കാട്ടിയ രാഷ്‌ട്രപതി ഭാരതം-സുരിനാം ബന്ധങ്ങൾ ഊഷ്മളതയും സൗഹൃദവും കൊണ്ട് സവിശേഷമായതാണെന്നും പറഞ്ഞു. “നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് അവസരമൊരുക്കുന്നതിനാൽ പാർലമെൻ്ററി കൈമാറ്റങ്ങൾ പ്രധാനമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജനുവരിയിലെ പ്രവാസി ഭാരതീയ ദിവസ് ദിനത്തിൽ സുരിനാം രാഷ്‌ട്രപതി ചന്ദ്രികാ പെർസാദ് സന്തോഖിയുടെ സന്ദർശനം മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ബന്ധവും പരസ്പര വിനിമയവും ഏറെ മികച്ചതാണെന്നും മുർമു അഭിപ്രായപ്പെട്ടു.
സുരിനാമിൽ ഭാരതീയർ എത്തിയതിന്റെ 150-ാം വാർഷികത്തിന്റെ പ്രത്യേക അനുസ്മരണത്തിൽ പങ്കെടുത്തതും സുരിനാമിലെ സർക്കാരും ജനങ്ങളും നൽകിയ ഊഷ്മളമായ സ്വീകരണവും രാഷ്‌ട്രപതി സ്നേഹപൂർവ്വം അനുസ്മരിച്ചു. ഈ സന്ദർശന വേളയിൽ ഭാരതത്തിന്റെ ശക്തവും ഊർജ്ജസ്വലവുമായ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് പ്രതിനിധി സംഘത്തിലെ അംഗങ്ങൾ കൂടുതൽ പഠിക്കുമെന്ന് അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: