തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെയും അദാനിയെയും ശക്തിയുക്തം എതിര്‍ത്തവര്‍ക്ക് വിഴിഞ്ഞം തുറമുഖം ഇപ്പോള്‍ പണം കായ്ക്കുന്ന മരമാകുന്നു. സംസ്ഥാനത്തിന്റെ ഖജനാവ് നിറയ്ക്കണമെങ്കില്‍ വിഴിഞ്ഞത്ത് കപ്പലടുക്കണമെന്നാണ് ധനമന്ത്രി ബജറ്റിലുടനീളം വ്യക്തമാക്കുന്നത്. മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖം ദക്ഷിണേന്ത്യയുടെ വ്യാപാര ഭൂപടത്തെ മാറ്റിവരയ്ക്കും.
തുറമുഖ നിര്‍മാണത്തിന് രണ്ട് പതിറ്റാണ്ടിന്റെയെങ്കിലും കാലതാമസമുണ്ടായി. ഇനി സമയനഷ്ടം സംഭവിക്കരുത്. വൈകാതെ തന്നെ കേരളത്തിന്റെയും രാജ്യത്തിന്റെയാകെയും സ്വപ്നം യാഥാര്‍ത്ഥ്യമാകും. വിഴിഞ്ഞം തുറമുഖം ഭാവിയുടെ വികസന കവാടമെന്നും ധനമന്ത്രി.
ബ്രേക്ക് വാട്ടര്‍, യാര്‍ഡ്, ബെര്‍ത്ത്, ഓഫീസ് കെട്ടിടങ്ങള്‍ തുടങ്ങിയവയുടെയെല്ലാം നിര്‍മ്മാണം വളരെ വേഗത്തില്‍ പുരോഗമിക്കുന്നു. അനുബന്ധ പശ്ചാത്തല സൗകര്യങ്ങളുടെ വികസനമായ റോഡ് റെയില്‍ കണക്ടിവിറ്റി, വൈദ്യുതി, കുടിവെള്ളം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം.
റെയില്‍വേ ലൈനിന്റെ കാര്യത്തിലും പുരോഗതി വേണം. ലോകത്തെ ഏറ്റവും വലിയ മാതൃയാനങ്ങള്‍ (മദര്‍ ഷിപ്പുകള്‍) നമ്മുടെ തുറമുഖത്തടുക്കും. ട്രാന്‍സ്ഷിപ്പ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റിക്കാര്‍ഡ് വേഗത്തില്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥാപിത ശേഷിയിലേക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരും. ഭാവി കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം.
വികസനത്തിന്റെ അനന്തമായ സാധ്യതകളാണ് സംസ്ഥാനത്ത് തുറക്കപ്പെടുന്നത്. തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25ല്‍ തന്നെ സംഘടിപ്പിക്കുമെന്നും ബജറ്റില്‍ പറയുന്നു.
വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വ്യവസായ മേഖല ചലനാത്മകമാവുകയാണ്. ലോകത്തിലെ എണ്ണപ്പെട്ട തുറമുഖങ്ങളോട് കിടപിടിക്കുന്ന നിലയില്‍ വിഴിഞ്ഞം മാറും. ഇതിലൂടെ ധനനവരവും വര്‍ദ്ധിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി നിയമനിര്‍മാണം നടത്തുമെന്നും ബജറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: