Categories: Kerala

എന്‍.കെ. ദേശം അന്തരിച്ചു

Published by

തൃശൂര്‍: പ്രശസ്ത കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍കെ ദേശം അന്തരിച്ചു. 88 വയസായിരുന്നു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഇന്നലെ രാത്രി 10.30നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍ നടക്കും.

എന്‍. കുട്ടികൃഷ്ണപിള്ള എന്നാണ് ശരിയായ പേര്. ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു ജനനം. ദേശം കൊങ്ങിണിപ്പറമ്പില്‍ നാരായണ പിള്ളയുടെയും പൂവത്തുംപടവില്‍ കുഞ്ഞിക്കുട്ടി പിള്ളയുടെയും മകനായി 1936 ഒക്ടോബര്‍ 31നാണ് ജനനം. പന്ത്രണ്ടാമത്തെ വയസ്സിലാണ് കാവ്യരചന ആരംഭിക്കുന്നത്.

1973ലെ ‘അന്തിമലരി’ ആണ് ആദ്യ സമാഹാരം. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ടഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2007ല്‍ ഓടക്കുഴല്‍ പുരസ്‌കാരവും 2009ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

യുസി കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദമെടുത്ത ദേശത്തിന് എംഎ മലയാളം ബിരുദമുണ്ട്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരന്‍പിള്ള സ്വര്‍ണ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. സെക്കന്‍ഡ് ലാംഗ്വേജായ മലയാളത്തിനു യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കുണ്ടായിരുന്നു. 1960 മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ സേവനമനുഷ്ഠിച്ചു. 1996ല്‍ വിരമിച്ചു.

1982ല്‍ ഉല്ലേഖത്തിന് ആദ്യ ഇടശേരി അവാര്‍ഡ് ലഭിച്ചു. മുദ്ര എന്ന കവിതയ്‌ക്ക് 2009ലെ കവിതയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. . 2013ല്‍ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ആശാന്‍ പുരസ്‌കാരത്തിന് ദേശം അര്‍ഹനായി. 2017ല്‍ പരിഭാഷയ്‌ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഗീതാഞ്ജലിക്ക് ലഭിച്ചു.

ഭാര്യ: ലീലാവതിയമ്മ. മക്കള്‍: കെ ബിജു (സിവില്‍ സപ്ലൈസ്, എറണാകുളം), കെ ബാലു (മുന്‍സിഫ് കോടതി, എറണാകുളം), അപര്‍ണ കെ പിള്ള. മരുമക്കള്‍: ജി പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാലയം, ചെങ്ങമനാട്), ബാബു (ദുബായ്).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by