പാലക്കാട്: അട്ടപ്പാടിയിലെ വനവാസികള്‍ക്ക് കൈത്താങ്ങായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ജന്‍ജതി ആദിവാസി ന്യായ മഹാ അഭിയാന്‍ (പിഎം-ജന്മന്‍) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനവായ് – കടുകുമണ്ണ റോഡിന് 2.43 കോടി രൂപ അനുവദിച്ചു.
മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ അവഗണിച്ച വനവാസികള്‍ക്കാണ് പ്രധാനമന്ത്രിയുടെ സഹായം. 2,43,49,000 രൂപ ഉപയോഗിച്ച് റോഡ് നിര്‍മിക്കും. റോഡ്, വെള്ളം, വെളിച്ചം തുടങ്ങിഅടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കടുകുമണ്ണ ഊരിലെ വനവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് സഫലമായത്.
പുതൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഒമ്പത് ഊരുകളില്‍ അടിസ്ഥാന സൗകര്യവികസനം തൊട്ടുതീണ്ടിയിട്ടില്ല. ഗലസി, മേലെ തുടുക്കി, താഴെ തുടുക്കി, കടുകുമണ്ണ, മേലെ ആനവായി, താഴെ ആനവായി, തടിക്കുണ്ട്, മുരുഗള, കിണറ്റുക്കര ഊരുകളാണ് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നത്.
റോഡില്ലാത്തതിനാല്‍ 25 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവുമായി കനത്ത മഴയില്‍ അച്ഛന്‍ നാല് കിലോമീറ്റര്‍ വനത്തിലൂടെ നടന്ന് ഊരിലെത്തിയ സംഭവം ദേശീയതലത്തില്‍ വരെ ചര്‍ച്ചയായിരുന്നു. റോഡില്ലാത്തതിനാല്‍ പ്രസവവേദന അനുഭവപ്പെട്ട കടുകമണ്ണ ഊരിലെ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തുണിമഞ്ചലില്‍ കെട്ടി ചുമന്നത് മൂന്നുകിലോമീറ്ററാണ്. വനവാസികളുടെ ഉന്നമനത്തിനായി കൂടുതല്‍ പദ്ധതികളും, ഫണ്ടും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
കടുകുമണ്ണ ഊരിനടുത്തുള്ള 100 മീറ്റര്‍ പാലത്തിന് 5 കോടിയും, കടുകുമണ്ണ- താഴെ തുടുക്കി ഏകദേശം മൂന്ന് കിലോമീറ്റര്‍ റോഡിന് 3 കോടിയും, മേലെ തുടുക്കി പാലത്തിന് 6 കോടിയും, മേലെ തുടുക്കി- ഗലസി 2 കോടിയും ഉള്‍പ്പെടെയുള്ള പദ്ധതികളും അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
അട്ടപ്പാടിയിലെ ഒമ്പതോളം ഊരുകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേന്ദ്ര എസ്ടി വകുപ്പിനും, മന്ത്രിക്കും നിവേദനം നല്കിയിരുന്നതായി വി.കെ. ശ്രീകണ്ഠന്‍ എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: