കല്പ്പവൃക്ഷങ്ങളും മാമ്പൂമണം മുറ്റിനില്ക്കുന്ന മാവുകളും, കൗതുകത്തോടെ കാവല്നില്ക്കുന്ന തെച്ചി, മന്ദാരം, ചെമ്പരത്തി എന്നിവ ഒന്നിച്ച് താലംപിടിക്കുന്ന പാലക്കാട് ധോണിയില്‍, ഹില്‍വ്യൂനഗര്‍ കേദാരത്തില് നമ്മളറിയേണ്ട ഒരു കര്‍ണ്ണാടക സംഗീതജ്ഞ തന്റെ മുഖത്തിന് നന്നായി ഇണങ്ങുന്ന കണ്ണടക്കുള്ളിലൂടെ ഈ ലോകത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. കര്‍ണ്ണാടക സംഗീതം സപര്യയാക്കിയ, ശാസ്ത്രീയ സംഗീതോപാസകര്‍ക്ക് ആരാധനാ കഥാപാത്രമാണ് സുമ ശൈലരാജ്. ‘സുമ പുത്തന്‍വീട്’ എന്ന പേരിലുള്ള നവ മാധ്യമ കൂട്ടായ്മയിലൂടെ സുപരിചിതമാണ് അവരുടെ മുഖവും ശബ്ദസൗകുമാര്യവും.
പതിനൊന്നാം വയസ്സില്‍ പല്ലാവൂര്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ ശിഷ്യയായി സംഗീത പഠനം ആരംഭിച്ച അവര്‍ ഈ അന്‍പതുകളിലും സംഗീത പഠനം അഭംഗുരം തുടരുന്നു. 1982 ല്‍ കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. സ്കൂള്‍ പഠനത്തിനു ശേഷം ബിഎസ്സി കെമിസ്ട്രി പഠനത്തിന് പോകേണ്ട അവരെ തന്റെ പ്രിയ ഗുരുവിന്റെ ഉപദേശപ്രകാരം പാലക്കാട് ചെമ്പൈ സംഗീത കോളജില്‍നിന്ന് സ്തുത്യര്‍ഹമായ പഠനം പൂര്‍ത്തിയാക്കി ഗാനഭൂഷണം നേടി. പിന്നീട് ഇന്ത്യന്‍ റെയില്‍വെ സര്‍വ്വീസില്‍ കള്‍ച്ചറല്‍ ക്വോട്ടയില്‍ കോമേഴ്സ്യല്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇന്ന് കമേഴ്സ്യല്‍ സൂപ്രണ്ടാണ്. 1967ല്‍ മെയ് മാസം അഞ്ചിന് തിരുവാതിര നക്ഷത്രത്തില്‍ ആലുള്ളി സുബ്രഹ്മണ്യന്-സരസ്വതി അമ്മ ദമ്പതികളുടെ മകളായി ജനിച്ച ഈ കുട്ടിയില്‍ ഒരു സംഗീത പ്രതിഭയുണ്ടെന്ന് ഇളംപ്രായത്തിലേ കണ്ടെത്തി. അമ്മ ഒരു തിരുവാതിരപ്പാട്ട് കലാകാരിയാണ്. ആകാശവാണിയില്‍ നിറസാന്നിദ്ധ്യമാണ്.
സുപ്രസിദ്ധ നാദസ്വര/പുല്ലാങ്കുഴല്‍ കലാകാരന് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടി ഭാഗവതര്‍ എന്ന അഭിവന്ദ്യ ഗുരുവാണ് തന്റെ സംഗീതമേഖലയിലെ ഇന്ന് ലഭിച്ച സംഗീത ഉന്നതികള്ക്കൊക്കെ നിദാനമെന്ന് സുമ കരുതുന്നു. റെയില്‍വേയില്‍ ജോലി ലഭിച്ചശേഷം റെയില്‍വെ സര്‍വീസിലെ എല്ലാ വര്‍ഷങ്ങളിലേയും കലാപരിപാടികളില്‍ തന്റെ സംഗീത പാടവത്താല്‍ സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. റെയില്‍വെയുടെ അഖിലേന്ത്യ പരിപാടികളില്‍വരെ സുമയുടെ മികച്ച പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.
സ്കൂള്‍ പഠനകാലത്തുതന്നെ തന്റെ കലാസപര്യക്ക് ഗണപതിക്ക് കുറിച്ച ഈ കുട്ടി മുതിരുമ്പോഴേക്കും ആകാശവാണിയില്‍ ബാലമണ്ഡലം, യുവവാണി എന്നീ പംക്തികളില്‍ കര്‍ണ്ണാടക സംഗീതാലാപനം, കഥാപ്രസംഗം എന്നീ ഇനങ്ങളില്‍ പേരെടുത്തു കഴിഞ്ഞു. ക്ലാസിക്കല്‍ ഡാന്‍സില്‍ ഭരതനാട്യം, തിരുവാതിരക്കളി തുടങ്ങിയ ക്ഷേത്രകലകളിലും ഇവര്‍ നൈപുണ്യം തെളിയിച്ചിട്ടുണ്ട്. ഇതുവരെയായി ഒട്ടേറെ വേദികളിലായി തന്റെ സംഗീതപാടവം കൊണ്ട് ആസ്വാദക മനസ്സുകളെ കീഴടക്കിയിട്ടുണ്ട്. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനും കുടുംബജീവിതത്തിനിടയിലും സംഗീതാഭ്യാസം അഭംഗുരം തുടരുന്നു. ഓണ്‍ലൈനില്‍ ഗീത ക്ലാസ് നടത്തുന്നുണ്ട്. ചിന്മയ മിഷന് നടത്തിയ അഖില കേരള ഗീത ചൊല്ലല്‍ മത്സരത്തില്‍ രണ്ടാംസമ്മാനം ലഭിച്ചു.
പാലക്കാട്ടെ എ.വി. വാസുദേവന്‍പോറ്റിയുടെ ഭക്തിഗാന രചനകള്‍ക്ക് സംഗീതം നല്കി ആലപിച്ച് സിഡി ആക്കിയിട്ടുണ്ട്. വാസുദേവന്‍ പോറ്റിയുടെ തിരുമണങ്ങാട്ടപ്പന്‍ ‘സുപ്രഭാതത്തിന് സംഗീതം കൊടുത്ത് ആലപിച്ച് സി.ഡി. ഇറക്കി. കണ്ണൂരിലെ വടേശ്വരം ക്ഷേത്രത്തിലേക്ക് വേണ്ടി വടേശ്വരം മഹേശ്വരം’ എന്ന സി.ഡിക്കു വേണ്ടി സംഗീതം കൊടുക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്.
ഗുരുവായൂരില്‍ വര്‍ഷംതോറും നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തില്‍ രണ്ടരപതിറ്റാണ്ടിലേറെ കാലമായി തന്റെ സംഗീതാലാപനം നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഏറെ അഭിമാനത്തോടെ പറയുന്നു. അമ്പതാമത്തെ വയസ്സില്‍ ഭരതനാട്യം പഠിക്കാനിറങ്ങിയ ഇവര്‍ ഭരതനാട്യ അരങ്ങേറ്റം നടത്തി തന്റെ നൃത്ത പാടവത്താല്‍ രംഗവേദികളെ തൊട്ടുണര്‍ത്തുന്നു.
സുമ പുത്തന്‍വീട് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്നു. ആകാശവാണി തിരുവാതിരക്കളിക്ക് പിന്നണിയില്‍ ഗാനമാലപിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ കലോത്സവങ്ങള്‍ക്ക് വിധികര്‍ത്താവായി ജനമദ്ധ്യത്തിലുണ്ട്. ഇവരുടെ ഭര്‍ത്താവ് ശൈലരാജ് ജില്ലയിലെ അറിയപ്പെടുന്ന നാടക അഭിനേതാവാണ്. ഇദ്ദേഹവും റെയില്‍വെ സര്‍വീസിലായിരുന്നു.
കര്‍ണ്ണാടക സംഗീതലോകത്തിലെ പ്രോജ്ജ്വല പ്രതിഭയായ ഭാരതരത്നം പദവി താണ്ടിയ ഡോ. എം.എസ്. സുബ്ബുലക്ഷ്മിയെ ഉയര്‍ച്ചയുടെ ഹിമാലയത്തിലേക്കാനയിച്ചത് അവരുടെ പ്രിയ ജീവിത പങ്കാളി ടി. ത്യാഗരാജനാണ്. സുമയുടെ സംഗീത ജീവിതത്തിന്റെ ഉയര്‍ച്ചയുടെ നിദാനം മറ്റൊരു ത്യാഗരാജനായ ശൈലരാജ് തന്നെയാണ്. ഗായികയായ അമ്മയുടെ അളവറ്റ പ്രോത്സാഹനവും അനുഗ്രഹവും ഇതിലുപരിയായിട്ടുണ്ട്.
ജീവിതത്തില്‍ നേടിയതൊന്നും ഒന്നുമായില്ല എന്ന മുഖഭാവമാണ് അവരുടെ മുഖത്ത് സ്ഫുരിക്കുന്നത്. സംഗീതലോകത്ത് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുമെന്ന് അവരുടെ മുഖഭാവത്തിലും പെരുമാറ്റങ്ങളിലും നമുക്ക് കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: