ജന്മങ്ങളില് ഉത്തമമായ മനുഷ്യജന്മം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്. ഈ ജന്മം ലഭിച്ചതിന് പ്രഥമമായി കടപ്പെട്ടിരിക്കുന്നത് മാതാപിതാക്കളോടാണ്. അവരാകട്ടെ അവരുടെ മാതാപിതാക്കളോടും.
അങ്ങനെ ചിന്തിച്ചാല്‍ മനുഷ്യജന്മം ലഭിക്കാന്‍ നമുക്ക് കടപ്പാടുള്ളത് നമ്മുടെ പിതൃക്കളോടാണ്. പിതൃക്കള്‍ എന്നാല്‍ മാതൃപരമ്പരയും ഉള്‍പ്പെടുന്നു. ഈ കടപ്പാടാണ് പിതൃഋണം. പിതൃഋണം തീരാനായി പിതൃയജ്ഞം അനുഷ്ഠിക്കുന്നു. പിതൃയജ്ഞം പ്രഥമമായും പ്രധാനമായും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പിതൃസ്ഥാനീയരെ സുഖമായി സംരക്ഷിക്കുക എന്നതുതന്നെയാണ്. പിതൃക്കള്‍ ഇഹലോകം വെടിയുന്നതോടെ അവര്‍ക്കായി ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുന്നു. വര്‍ഷാവര്‍ഷവും പ്രത്യേക പുണ്യദിനങ്ങളിലും പിതൃശ്രാദ്ധം അനുഷ്ഠിക്കാറുണ്ട്. പിതൃസ്മരണ നിലനിര്‍ത്താന്‍ ദാനകര്‍മ്മങ്ങള്‍ ചെയ്യുന്നതും പിതൃയജ്ഞത്തില് ഉള്‍പ്പെടുത്താം. അണുകുടുംബങ്ങളുടെ വ്യാപനം, പെട്ടെന്ന് പൊട്ടിമുളച്ചവരാണ് തങ്ങള്‍ എന്ന മിഥ്യാധാരണയ്ക്ക് കാരണമാകുന്നുണ്ട്.
തലമുറകള്‍ നീളുന്ന പാരമ്പര്യം നമുക്കുണ്ട് എന്ന് ചിന്തിപ്പിക്കാന്‍ വംശവൃക്ഷം തയ്യാറാക്കുന്ന ശീലം വളര്‍ന്നു വരുന്നുണ്ട്. പരമ്പര എന്ന പ്രയോഗം തന്നെ ഏഴു തലമുറകളെ സൂചിപ്പിക്കുന്നതാണ്. ഏഴാം തലമുറയിലെ മുത്തച്ഛനെ പരം എന്നും മുത്തശ്ശിയെ പര എന്നും വിളിക്കുന്നു. അതായത് പരമ്പര എന്നാല്‍ ഏഴ് തലമുറകളെ സൂചിപ്പിക്കുന്നു. ചുരുങ്ങിയത് ഏഴുതലമുറകളെ ഉള്‍പ്പെടുത്തി വംശവൃക്ഷം തയ്യാറാക്കി വീടിന്റെ സ്വീകരണമുറി അലങ്കരിക്കുന്നത് വംശാഭിമാനം വളര്‍ത്തും. തന്റെ പൂര്‍വികരെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ അഭിമാനകരമാണ്. ഉത്തരഭാരതത്തില്‍ പലയിടത്തും ജനനമരണങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക വിഭാഗങ്ങളെ പണ്ടുമുതലേ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പാണ്ഡ, ഗുജറാത്തിലെ ബാറട്ട് എന്നിവര്‍ ഉദാഹരണങ്ങളാണ്. തന്റെ പൂര്‍വികരെ അന്വേഷിച്ച് അമേരിക്കയില്‍ നിന്നെത്തിയ യുവാവിന് 32 തലമുറകളുടെ പട്ടിക കിട്ടിയ കഥ മുതിര്‍ന്ന സംഘ പ്രചാരകനും പൂര്‍വ സഹസര്‍കാര്യവാഹുമായ സുരേഷ് സോണി സ്മരിക്കുന്നുണ്ട്. 52 തലമുറകള്‍ രേഖപ്പെടുത്തിയ വംശവൃക്ഷം സൂക്ഷിച്ചുവെച്ചിരിക്കുന്നവരെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
ഏഴ് തലമുറകളുടെ വിവരങ്ങള്‍ ശേഖരിച്ച് വംശവൃക്ഷം തയ്യാറാക്കുന്നത് കുറച്ചു ശ്രമകരമാണ്. ഏഴ് തലമുറകള്‍ രേഖപ്പെടുത്താന്‍ പ്രയാസമാണ് എന്നു പറഞ്ഞു പിന്മാറാതെ, അടുത്ത തലമുറകള്‍ക്കായി കഴിയുന്നത്ര തലമുറകളെ രേഖപ്പെടുത്തി വംശവൃക്ഷം തയ്യാറാക്കിവെക്കാം. ഭാവിയില്‍ അത് പൂര്‍ത്തിയാക്കാനുള്ള പ്രചോദനം പുതിയ തലമുറയ്ക്ക് ഉണ്ടാവട്ടെ. പിതൃക്കളുടെ പട്ടികയില്‍ സ്വന്തം കുലത്തിലെ മാത്രമല്ല, സ്വന്തം നാട്ടിലെയും പ്രശസ്തരായവരെ ഉള്‍പ്പെടുത്തി അടുത്ത തലമുറയ്ക്ക് പ്രചോദനം നല്കാന് സാധിക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: