Categories: India

മോദി സര്‍ക്കാരിന്റെ ഏക ലക്ഷ്യം 2047ലെ വികസിത ഭാരതം

Published by

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഏക ലക്ഷ്യം 2047ലെ വികസിത ഭാരതം മാത്രമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി ഇടക്കാല ബജറ്റ് പ്രഖ്യാപനങ്ങള്‍. തലമുറകളായി ദാരിദ്ര്യത്തില്‍ ജീവിച്ച ഭാരതത്തിലെ 25 കോടി ജനങ്ങളെ അതില്‍ നിന്ന് കരകയറ്റാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 2014 മുതല്‍ പത്തു വര്‍ഷം രാജ്യം കൈവരിച്ച വലിയ നേട്ടങ്ങള്‍ വിശദീകരിച്ച ധനമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും സമഗ്ര വികസനത്തിന്റെ പ്രയോജനങ്ങള്‍ അനുഭവിക്കുന്നതായി പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയായി ഭാരതത്തെ ഉയര്‍ത്താനുള്ള അമൃതകാലത്തെ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിന് വേണ്ട പദ്ധതികളാണ് കേന്ദ്ര ധനമന്ത്രി ഇന്നലെ ലോക്സഭയില്‍ പ്രഖ്യാപിച്ചത്. അടിസ്ഥാന സൗകര്യ മേഖലയില്‍ 11.11 ലക്ഷം കോടി രൂപ ചെലവഴിക്കും. വികസിത ഭാരതത്തിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 വര്‍ഷം കാലാവധിയില്‍ 75,000 കോടി രൂപ പലിശ രഹിത വായ്പയായി നല്കും. സംസ്ഥാനങ്ങളുടെ പദ്ധതി ചെലവുകള്‍ക്ക് ഈ വര്‍ഷവും 1.30 ലക്ഷം കോടി രൂപ അനുവദിച്ചു.

രാജ്യത്തെ 80 കോടി പേര്‍ക്ക് സൗജന്യ റേഷന്‍ നല്കുന്ന പിഎം അന്നയോജന അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടിയത് സര്‍ക്കാരിന്റെ കരുതലിന്റെ തെളിവായി ബജറ്റില്‍ ധനമന്ത്രി വിശേഷിപ്പിച്ചു. പാവപ്പെട്ടവര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നീ നാലു ജാതി മാത്രമേ രാജ്യത്തിനാവശ്യമുള്ളൂ എന്ന പ്രധാനമന്ത്രിയുടെ സങ്കല്‍പ്പമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം പിഎം ആവാസ് യോജനയില്‍ രണ്ടു കോടി വീടുകള്‍ കൂടി നിര്‍മിക്കും. ഒരു കോടി വീടുകളുടെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതു വഴി വൈദ്യുതി സര്‍ക്കാരിന് വിറ്റ് പ്രതിവര്‍ഷം 18,000 രൂപ വരെ വരുമാനവും ഉണ്ടാക്കാം. സ്വാശ്രയ സംഘങ്ങളെ ശാക്തീകരിച്ചതോടെ രാജ്യത്തെ ഒരു കോടി സ്ത്രീകള്‍ ലക്ഷാധിപതികളായി മാറി. ലാഖ്പതി ദീദി പദ്ധതിയിലൂടെ ഈ സംഖ്യ മൂന്നുകോടിയാക്കി ഉയര്‍ത്തും. 9-14 വയസ്സിനിടയിലുള്ള പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കും. അങ്കണവാടി, ആശാ വര്‍ക്കര്‍മാര്‍ക്ക് കൂടി ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കും.

കഴിഞ്ഞ ബജറ്റില്‍ ഇതിനായി അനുവദിച്ചത് 7,200 കോടി ആയിരുന്നത് ഇത്തവണ 7,500 കോടി രൂപയാക്കി ഉയര്‍ത്തി. തൊഴിലുറപ്പ് പദ്ധതിക്ക് 26,000 കോടി രൂപ അധികം അനുവദിച്ചു. സെമി കണ്ടക്ടര്‍ നിര്‍മാണ മേഖലയ്‌ക്കായി 3,900 കോടി രൂപയും പിഎല്‍ഐ പദ്ധതികള്‍ക്കായി 1,555 കോടി രൂപയും മുന്‍വര്‍ഷത്തെക്കാള്‍ അധികം അനുവദിച്ചു. സോളാര്‍ പദ്ധതികള്‍ക്കായി 3,530 കോടി രൂപയും ഹൈഡ്രജന്‍ മിഷന് 303 കോടി രൂപയും ഇത്തവണ അധികം അനുവദിച്ചു. വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ബജറ്റ് വിഹിതമായി അധികം തുക അനുവദിച്ചിട്ടുണ്ട്. പിഎം ആവാസ് യോജനയില്‍ ഇതിനകം മൂന്നു കോടി വീടുകള്‍ എന്ന ലക്ഷ്യത്തിലേക്കെത്തുന്നു. അഞ്ച് കോടി എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ച ധനമന്ത്രി ഇതിനായി പുതിയ സാമ്പത്തിക വര്‍ഷം 80,671 കോടി രൂപയും അനുവദിച്ചു.

വിവിധ കേന്ദ്ര പദ്ധതികളുടെ സബ്സിഡി തുകയായി ജനങ്ങള്‍ക്ക് നേരിട്ട് കൈമാറിയത് 34 ലക്ഷം കോടി രൂപയാണ്. പിഎം കിസാന്‍ സമ്മാന്‍ നിധി 11.8 കോടി കര്‍ഷകര്‍ക്ക് ലഭിക്കുന്നു. നാലുകോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നടപ്പാക്കി. 78 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് പിഎം സ്വനിധി വഴി വായ്പ നല്കി. തൊഴില്‍ നൈപുണ്യം നല്കാന്‍ 3000 പുതിയ ഐടിഐകള്‍ സ്ഥാപിച്ച് 1.4 കോടി യുവാക്കള്‍ക്ക് സ്‌കില്‍ ഇന്ത്യ മിഷന്‍ പരിശീലനം നല്കി. പുതിയ ഏഴ് ഐഐടികളും 16 ഐഐഐടികളും ഏഴ് ഐഐഎമ്മുകളും 15 എയിംസുകളും 390 പുതിയ സര്‍വകലാശാലകളും പത്തുവര്‍ഷത്തിനിടെ രാജ്യത്ത് സ്ഥാപിച്ചതായി ധനമന്ത്രി എടുത്തുപറഞ്ഞു.

കോര്‍പറേറ്റ് നികുതി നിരക്ക് 22 ശതമാനത്തിലും പുതിയ നിര്‍മാണ കമ്പനികളുടെ നികുതി നിരക്ക് 15 ശതമാനത്തിലും തുടരും. ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല. ഏഴു ലക്ഷം രൂപ എന്ന പരിധി തുടരും. നികുതി റിട്ടേണ്‍ തുക പത്തു ദിവസത്തിനകം നല്കിത്തുടങ്ങി. പ്രത്യക്ഷ നികുതി ശേഖരണം പത്തുവര്‍ഷത്തിനിടെ മൂന്നിരട്ടിയായി. സ്റ്റാര്‍ട്ടപ്പുകള്‍ക്കും പെന്‍ഷന്‍ ഫണ്ടിലടക്കമുള്ള നിക്ഷേപങ്ങള്‍ക്കും പ്രഖ്യാപിച്ചിരുന്ന നികുതി ഇളവുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് അവസാനം വരെ തുടരും. മത്സ്യക്കയറ്റുമതി ഒരുലക്ഷം കോടി രൂപയായി ഉയര്‍ന്നു. 55 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാവും.

ആദ്ധ്യാത്മിക ടൂറിസം കേന്ദ്രങ്ങളുടെയും ലക്ഷദ്വീപ് അടക്കമുള്ള ഭാരതത്തിന്റെ ദ്വീപുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താനും വികസന പദ്ധതികള്‍ നടപ്പാക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതില്‍ സജീവമായി പങ്കാളികളായെന്നും പ്രതിമാസ ജിഎസ്ടി ശേഖരണം 1.66 ലക്ഷം കോടി രൂപയായി ഉയര്‍ന്നെന്നും ധനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനുള്ള കൂടുതല്‍ കര്‍മപദ്ധതികളുമായി സമ്പൂര്‍ണ ബജറ്റ് ജൂലൈയില്‍ അവതരിപ്പിക്കുമെന്ന ആത്മവിശ്വാസം നിറഞ്ഞ പ്രഖ്യാപനവുമായാണ് 58 മിനിറ്റ് നീണ്ട ആറാമത്തെ ബജറ്റവതരണം കേന്ദ്ര ധനമന്ത്രി പൂര്‍ത്തിയാക്കിയത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by