ന്യൂദല്‍ഹി: റെയില്‍വെയ്ക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയത് 2.55 ലക്ഷം കോടി രൂപ. 2023-24ല്‍ ഇത് 2.41 ലക്ഷം കോടിയായിരുന്നു. 40,000 സാധാരണ റെയില്‍ കോച്ചുകള്‍ വന്ദേ ഭാരത് നിലവാരത്തില്‍ ഉയര്‍ത്തുമെന്നതാണ് റെയില്‍വെയുമായി ബന്ധപ്പെട്ട ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്തെ റെയില്‍വെയുടെ മുഖച്ഛായ മാറുകയാണെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ബജറ്റിനെക്കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരക്കുനീക്കം വേഗത്തിലാക്കാനും ചെലവു കുറയ്ക്കാനുമായി പിഎം ഗതിശക്തിക്കു കീഴില്‍ മൂന്നു പ്രധാന സാമ്പത്തിക റെയില്‍വെ ഇടനാഴി പദ്ധതികള്‍ നടപ്പാക്കുമെന്നതാണ് റെയില്‍വെയുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രധാന പ്രഖ്യാപനം. ഊര്‍ജ-ധാതു-സിമന്റ് ഇടനാഴി, തുറമുഖ സമ്പര്‍ക്ക സൗകര്യ ഇടനാഴി, ഉയര്‍ന്ന ഗതാഗത സാന്ദ്രതയുള്ള ഇടനാഴി എന്നിവയാണവ. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളെയും പ്രധാന തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതികള്‍.
22,200 കിലോമീറ്ററാണ് ഊര്‍ജ-ധാതു-സിമന്റ് ഇടനാഴി. 2100 കിലോമീറ്ററിലാണ് റെയില്‍ സാഗര്‍ എന്നു പേരുള്ള തുറമുഖ സമ്പര്‍ക്ക സൗകര്യ ഇടനാഴി. 16,600 കിലോമീറ്ററിലാണ് ഉയര്‍ന്ന ഗതാഗത സാന്ദ്രതയുള്ള ഇടനാഴി.
ഈ മൂന്നു പദ്ധതികളും പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്ത് പുതുതായി 40,900 കിലോമീറ്റര്‍ ട്രാക്കുകള്‍ റെയില്‍വെ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും. ആറു മുതല്‍ എട്ടു വരെ വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: