കഠിനമായ മത്സരാധിഷ്ഠിത അന്തരീക്ഷത്തില്‍ ഒരേസമയം അക്കാദമിക മികവ് കൈവരിക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ വിദ്യാര്‍ത്ഥികള്‍ ശക്തമായ വെല്ലുവിളി നേരിടുന്നു. അക്കാദമിക സമ്മര്‍ദ്ദവും ഉത്കണ്ഠയും പ്രകടമാകുന്ന പരീക്ഷാ കാലഘട്ടങ്ങളില്‍ അക്കാദമിക മികവും ശാരീരികവും മാനസികവുമായ ആരോഗ്യവും ഒരുപോലെ നന്നായി കൊണ്ടുപോകുന്നത് പ്രധാനമാണ്. പരീക്ഷാ തയ്യാറെടുപ്പ് പ്രധാനമാണെന്നതില്‍ സംശയമില്ല. എന്നാല്‍ പഠനവും ആരോഗ്യകരമായ ജീവിതവും തമ്മില്‍ വിവേകപൂര്‍ണ്ണമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ് അതിലും പ്രധാനം.
വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ രൂപപ്പെടുത്തുന്നതിലെ കേന്ദ്രബിന്ദുവായി ഇന്ന് പരീക്ഷയിലെ ‘പ്രകടനം’ മാറിയിരിക്കുന്നു. അക്കാദമിക നേട്ടത്തിനപ്പുറം വലുതായി മറ്റൊന്നിനെയും അവര്‍ കാണുന്നില്ല. ഈ അമിത പ്രാധാന്യം നമ്മുടെ വിദ്യാര്‍ത്ഥികളെ തളര്‍ത്തുകയും അവരുടെ സര്‍ഗ്ഗാത്മകതയും സാമര്‍ത്ഥ്യവും നശിപ്പിക്കുകയും ചെയ്യുന്നു. ഓരോ കുട്ടിയും പ്രതിഭയുള്ളവരാണെന്നും എല്ലാവര്ക്കും പഠനത്തില്‍ ഒരുപോലെ മികവ് പുലര്‍ത്താന്‍ കഴിയണമെന്നില്ലെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. പരീക്ഷാ വിജയത്തിന്റെ കണ്ണാടിയിലൂടെ, ഒരു കുട്ടിയുടെ പ്രതിഭയെ നമുക്ക് വിലയിരുത്താന്‍ കഴിയില്ല. ഏതൊരു വിദ്യാര്‍ത്ഥിയുടെയും ജീവിത വിജയത്തിന്റെ ഏക അളവുകോല്‍ പരീക്ഷാവിജയം ആകരുത്. ഒരു കുട്ടിയുടെ എല്ലാ കഴിവുകളും തിരിച്ചറിയാന്‍ അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. സ്വതസിദ്ധമായ കഴിവുകള്‍ മാത്രമല്ല, ശാരീരിക സ്ഥിരതയും തലച്ചോറിന്റെ മൂര്‍ച്ച കൂട്ടുകയും ചെയ്യുന്ന ആരോഗ്യമുള്ള ശരീരവും ചൈതന്യമുള്ള മനസ്സും പരീക്ഷയിലെ പ്രകടനത്തില്‍ നിര്‍ണ്ണായകമാണ്.
വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്താനുള്ള കുടുംബത്തിന്റെയും അധ്യാപകരുടെയും സമൂഹത്തിന്റെയും പ്രതീക്ഷ, ഒരു ഭാരമായി വിദ്യാര്‍ത്ഥികളുടെ മേല്‍ പതിയുന്നു. ഇത് അവരെ മാനസികവും ശാരീരികവുമായ ദുര്‍ബലതയിലേക്ക് നയിക്കുന്നു. അമിതമായ അധ്വാനം മൂലം ഊര്‍ജം കുറയുകയും അതവരുടെ ആരോഗ്യത്തെയും സൗഖ്യത്തെയും ബാധിക്കുകയും ചെയ്യുന്നു. ഉത്കണ്ഠ, വിഷാദം, ഉറക്കത്തിലെ തകരാറുകള്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണമായി അമിതസമ്മര്‍ദ്ദം കണക്കാക്കപ്പെടുന്നു. അതിനാല്‍, മാനസിക സൗഖ്യം പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ വെല്ലുവിളികളെ അതിജീവിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ സദാ ഭാവാത്മക മനസ്സോടെ ഇരിക്കുകയും വ്യായാമം, ധ്യാനം, ദീര്‍ഘമായ ശ്വാസോച്ഛ്വാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ചിട്ടപ്പെടുത്തിയ പഠനക്രമം തയ്യാറാക്കുകയും, ചുമതലകള്‍ എളുപ്പം നിര്‍വ്വഹിക്കാനാകും വിധം വിഭജിക്കുകയും, അക്കാദമിക പ്രവര്‍ത്തനങ്ങളും നേടാനുള്ള ലക്ഷ്യങ്ങളും പ്രായോഗികമായി ക്രമീകരിക്കുകയും വേണം. കൗണ്‍സിലിംഗും തുറന്ന ആശയവിനിമയവും ഉത്കണ്ഠയും മാനസികാരോഗ്യ ആശങ്കകളും ഉള്ളവര്‍ സ്വീകരിക്കണം.
ചെറിയ ഇടവേളകളും ശാരീരിക വ്യായാമവും
നമ്മുടെ മൊത്തത്തിലുള്ള ശാരീരികക്ഷമതയും ചൈതന്യവും നിലനിര്‍ത്തുന്നതിനുള്ള അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ശാരീരിക ആരോഗ്യം. ചിട്ടയായ വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദമകറ്റുകയും ചെയ്യുന്നു. ഇത് വൈജ്ഞാനിക പാടവവും, വിവരങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള ശേഷിയും വര്‍ദ്ധിപ്പിക്കുന്നു. ഈ രണ്ടു ഘടകങ്ങളും പരീക്ഷാ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ അവരുടെ ആരോഗ്യത്തെക്കാള്‍ പഠനത്തിന് മുന്‍ഗണന നല്കുന്നു. സ്ട്രെച്ചിംഗ്, നടത്തം, ജോഗിംഗ്, യോഗ പോലുള്ള ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അവരെ പ്രോത്സാഹിപ്പിക്കണം. അത് സമ്മര്‍ദ്ദം ഗണ്യമായി ലഘൂകരിക്കാനും മാനസികോന്മേഷം വീണ്ടെടുക്കാനും വിദ്യാര്‍ത്ഥികളെ സഹായിക്കും. സമ്മര്‍ദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു രഹസ്യ ആയുധമാണ് ധ്യാനം. മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും ധ്യാനം സഹായിക്കുന്നു. ദീര്‍ഘ ശ്വസനം, യോഗ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ പരിശീലിക്കണം.
സമീകൃതാഹാരം
കഠിനമായ പഠന ആവശ്യകതകള്‍ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും പോഷകാഹാരം നിര്‍ണായക പങ്ക് വഹിക്കുന്നു. നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ പോഷിപ്പിക്കുന്ന ഇന്ധനമാണ് ഭക്ഷണം. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മൊത്തത്തിലുള്ള ആരോഗ്യത്തെയും മാനസിക സൗഖ്യത്തെയും നിര്‍ണ്ണയിക്കുന്നു. നിര്‍ണായക സമയത്ത് വിദ്യാര്‍ത്ഥികള്‍ പലപ്പോഴും കാണിക്കുന്ന ഒരു സാധാരണ അബദ്ധം, മോശം ഭക്ഷണം കഴിക്കുകയോ, വീട്ടിലുണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണത്തിന് പകരം ജങ്ക് ഫുഡ്, ചോക്ലേറ്റുകള്‍, എനര്‍ജി ഡ്രിങ്ക്സ്, ചിപ്സ് തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നു എന്നതാണ്. ഉത്കണ്ഠയും സമ്മര്‍ദവും നിമിത്തമോ പരീക്ഷാ തയ്യാറെടുപ്പിനായി കൂടുതല്‍ സമയം ലഭിക്കാനോ ചിലപ്പോഴെങ്കിലും പരീക്ഷാ കാലയളവില്‍ ഭക്ഷണം ഒഴിവാക്കുന്നു. വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്ധനം നല്കുന്നു. മതിയായ ജലാംശം നിലനിര്‍ത്തുന്നതും പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്. പക്ഷേ അത് വളരെ പ്രധാനമാണ്. കാരണം ജലാംശത്തിന്റെ അഭാവം ബുദ്ധിശക്തിയെയും ഏകാഗ്രതയെയും സാരമായി ബാധിക്കും.
മതിയായ ഉറക്കം
പരീക്ഷാ സമയത്ത് ഗുണനിലവാരമുള്ള ഉറക്കം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ഉറക്കവും വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും, ഓര്‍മ്മ നിലനിര്‍ത്തലും, വൈകാരിക പ്രതിരോധശേഷിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതിലൂടെ ഗുണപരമായ ഉറക്ക രീതികള്‍ നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കാകണം. രാത്രിയില്‍ ശരിയായി ഉറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലായ്പ്പോഴും മികച്ച ഓര്‍മ്മശക്തി നിലനിര്‍ത്തി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയും. നല്ല ഉറക്കം നല്ല ആരോഗ്യത്തിന് ആവശ്യം വേണ്ട ഘടകമാണ്.
ടൈം മാനേജ്മെന്റ്
അവസാന നിമിഷത്തെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ പഠന സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള തന്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വയം സ്വീകരിക്കണം. ഇലക്ട്രോണിക് മാധ്യമങ്ങളെ അമിതമായി ആശ്രയിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സ്ക്രീന്‍ സമയം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആധുനിക കാലത്ത് ഇലക്ട്രോണിക് മാധ്യമം ഒരു അനിവാര്യതയായി മാറിയിരിക്കുന്നു എന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ വിദ്യാര്‍ത്ഥികള്‍ സന്തുലനം പാലിക്കേണ്ടതുണ്ട്. പരീക്ഷാ തയ്യാറെടുപ്പിനായി സമയം വിനിയോഗിക്കാന്‍ ഒരു ഡിജിറ്റല്‍ ലോകത്ത് നിന്ന് വിട്ടുനില്‍ക്കല്‍ അത്യാവശ്യമായേക്കാം.പരീക്ഷാ സമയത്ത് വിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസിക ആരോഗ്യം പരിപോഷിപ്പിക്കുന്നത് അവരുടെ സമഗ്ര വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
വിദ്യാര്‍ത്ഥികളുടെ സമഗ്ര ക്ഷേമത്തില്‍ ശ്രദ്ധയൂന്നുന്നത് അവരുടെ അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുന്നു. പരീക്ഷാ ഹാളിനപ്പുറം അഭിമുഖീകരിക്കാനിടയുള്ള വെല്ലുവിളികള്‍ക്ക് ഇത് അവരെ സജ്ജരാക്കുന്നു. ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും ശാരീരിക വ്യായാമം, ധ്യാനം, താത്കാലിക ഡിജിറ്റല്‍ വിട്ടുനില്‍ക്കല്‍, മാനസിക സൗഖ്യം, ഗുണനിലവാരമുള്ള ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം, ഫലപ്രദമായ ടൈം മാനേജ്മെന്റ് തന്ത്രം എന്നിവ പിന്തുടരാനും വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു. പരീക്ഷാ സമ്മര്‍ദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലൂടെ, നമ്മുടെ യുവ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രതിഭയോട് നീതി പുലര്‍ത്തും വിധം പ്രവര്‍ത്തിക്കുകയും വികസിത് ഭാരത് @2047ന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധരായ ആത്മവിശ്വാസമുള്ള യുവാക്കളായി വളരുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: