ന്യൂദല്‍ഹി: മൂന്നുവര്‍ഷത്തിനകം ഭാരതം അഞ്ച് ട്രില്യണ്‍ (അഞ്ച് ലക്ഷം കോടി) ഡോളറിന്റെ സമ്പദ് ശക്തിയായി ഉയരുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ എക്കണോമിക് റിവ്യൂ റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും ഏഴ് ട്രില്യണ്‍ ഡോളറിന്റെ ശക്തിയായി ഭാരതം മാറുമെന്നും മുഖ്യ സാമ്പത്തിക ഉപദേശകന് വി. അനന്ത നാഗശേഷന് തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടിസ്ഥാന മേഖലകളില്‍ നടപ്പാക്കിയ പരിഷ്ക്കരണങ്ങള്‍ രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ അനുകൂലമായി പ്രതിഫലിച്ചു. വിലക്കയറ്റത്തെയും ആഗോള വെല്ലുവിളികളെയും നേരിടാന്‍ സാധിച്ചു. പൊതുമേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിച്ചു. യുഎസിയും യുകെയ്ക്കും പിന്നിലായി ധനകാര്യ-സാങ്കേതികവിദ്യ മേഖലയിലെ സമ്പദ്ശക്തിയായി ഭാരതം ഉയര്‍ന്നു. ഹോങ്കോങ്ങിനെയും മറികടന്ന് നാലാമത്തെ വലിയ ഓഹരിവിപണിയായി. ആഭ്യന്തര-ആഗോള നിക്ഷേപകര്‍ കൂടുതലായി ആകര്‍ഷിക്കപ്പെട്ടു.
പി എം ജന്‍ധന്‍ യോജന വഴി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ട് 2015-16ല്‍ 53 ശതമാനമായിരുന്നത് 2019-21ല്‍ 78.6 ശതമാനമായി. സ്ത്രീതൊഴിലാളി നിരക്ക് 2017-18ലെ 23.3 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 37 ശതമാനത്തിലേക്ക് ഉയര്‍ന്നു. സ്കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്റപ്പ് ഇന്ത്യ പദ്ധതികള്‍ വഴി വനിതാ സംരംഭകത്വവും വനിതാ മൂലധനശേഷിയും വര്‍ധിച്ചു. എംഎസ്എംഇ മേഖല കരുത്ത് പ്രാപിച്ചു. ജിഎസ്ടിയും ആഭ്യന്തരവിപണിയെ ബന്ധിപ്പിച്ചതും സാമ്പത്തിക പര്യാപ്തത ഉയര്‍ത്തി.
ഉന്നതവിദ്യാഭ്യാസരംഗത്തെ സ്ത്രീ പ്രാതിനിധ്യം 6.7 ശതമാനത്തില്‍ നിന്ന് 2021ല്‍ 27.9 ശതമാനമായി. യുവജനതയുടെ ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രവേശന നിരക്ക് 24.5 ശതമാനത്തില്‍ നിന്ന് 58.2 ശതമാനമായി കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് ഉയര്‍ന്നു. ഇ-കെവൈസി പൂര്‍ത്തീകരിക്കാനുള്ള ചെലവ് ആയിരം രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി കുറയ്ക്കാന്‍ പൊതുഅടിസ്ഥാനമേഖലയിലെ ഡിജിറ്റൈസേഷന് സഹായിച്ചതായും സാമ്പത്തിക റിവ്യൂ റിപ്പോര്‍ട്ടിലുണ്ട്.
2023-24ല്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 6-6.8 ശതമാനമായിരിക്കും എന്നാണ് കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രവചിച്ചത്. എന്നാലിത് 7.2 ശതമാനത്തിലെത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷവും തുടര്‍ച്ചയായി ഏഴു ശതമാനത്തിന് മുകളില്‍ വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു. 2024-25 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കും ഏഴു ശതമാനത്തിന് മുകളിലാണ് കേന്ദ്രധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പ് വര്‍ഷം കണക്കിലെടുത്ത് നാളെ പാര്‍ലമെന്റില്‍ ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ട് ആയതിനാല്‍ ഇന്ന് സഭയില്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഉണ്ടാവില്ല. പകരമാണ് പത്തുവര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക മേഖലയിലെ നേട്ടങ്ങള്‍ വിശദീകരിച്ച് പ്രത്യേക റിവ്യൂ റിപ്പോര്‍ട്ട് കേന്ദ്രസാമ്പത്തികകാര്യമന്ത്രാലയം തയാറാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അതിന് മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഉണ്ടാവുമെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: