ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ എന്തു പറഞ്ഞാലും എന്തു പ്രവര്‍ത്തിച്ചാലും മാധ്യമ വാര്‍ത്തകളാവുന്ന സമയം. കേന്ദ്രസര്‍ക്കാരിനെതിരെയോ പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, ഭരണപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ക്കെതിരെയോ എന്തു പറഞ്ഞാലും തെരഞ്ഞെടുപ്പ് കാലത്ത് വാര്‍ത്തകളില്‍ ഇടംപിടിക്കുമെന്നുറപ്പാണ്. എന്നിട്ടും രാജ്യത്തെ മാധ്യമങ്ങളിലോ സാമൂഹ്യ മാധ്യമങ്ങളിലോ അധികമൊന്നും ചര്‍ച്ച ചെയ്യാതെ പോവുകയാണ് രാഹുല്‍ഗാന്ധി ആരംഭിച്ച ഭാരത് ജോഡോ ന്യായ യാത്ര. കാലവും സമയവും സന്ദര്‍ഭവും തെറ്റി നടത്തുന്ന ഈ കിഴക്ക് പടിഞ്ഞാറ് യാത്ര കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാണെന്നാണ് പ്രതിപക്ഷ നേതാക്കളില്‍ പലരും രഹസ്യമായി പറയുന്നത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെയും ഇന്‍ഡി മുന്നണിയെയും തകിടം മറിച്ച രാഹുലിന്റെ നാടുകാണല്‍ യാത്ര രാഷ്ട്രീയ പരിഹാസ്യമായി മാറിക്കഴിഞ്ഞു.
ജനുവരി 14ന് മണിപ്പൂരിലെ തൗബയില്‍ നിന്നാരംഭിച്ച യാത്ര വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പിന്നിട്ട് ബംഗാളിലെത്തിയിരിക്കുകയാണ്. 66 ദിവസം കൊണ്ട് 6200 കി.മി സഞ്ചരിച്ച് മുംബൈയില്‍ മാര്‍ച്ച് 20നാണ് യാത്ര അവസാനിക്കുന്നത്. യാത്രയ്ക്ക് മാധ്യമ ശ്രദ്ധ ലഭിക്കാത്തതും രാഹുലിന്റെ പ്രസംഗങ്ങള്‍ ജനങ്ങളിലേക്ക് എത്താത്തതും കോണ്‍ഗ്രസിനെ വലിയ തോതില്‍ അസ്വസ്ഥമാക്കുന്നുണ്ട്. അസമില്‍ യാത്രാസംഘം പോലീസുമായി പലതവണ സംഘര്‍ഷമുണ്ടാക്കിയത് മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രമായിരുന്നു. ബംഗാളില്‍ യാത്രയ്ക്ക് അനുമതി നിഷേധിക്കുന്നത് ഇന്‍ഡി സഖ്യത്തിലെ പ്രധാനിയായ മമതാ ബാനര്‍ജി ആണെന്നതും വിചിത്രം. യാത്ര ബംഗാളില്‍ പ്രവേശിച്ചതു മുതല്‍ ഇന്‍ഡി മുന്നണിയില്‍ കൊഴിഞ്ഞുപോക്ക് തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവും ബംഗാളില്‍ നിന്നുള്ള എംപിയുമായ അധിര്‍ രഞ്ജന്‍ ചൗധരി മമതാ ബാനര്‍ജിക്കെതിരെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് പ്രശ്ന കാരണം. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇടതുപക്ഷവുമായും ബംഗാളില്‍ മമതയ്ക്ക് സഖ്യം നടപ്പാക്കാനാവില്ല. ഇതോടെ ഇന്‍ഡി മുന്നണി ബംഗാളില്‍ പരസ്പരം മത്സരിക്കുമെന്നുറപ്പായി.
കോണ്‍ഗ്രസിന് മാത്രമല്ല, ഇന്‍ഡി മുന്നണിക്കാകെ കനത്ത പ്രഹരം ലഭിച്ചത് ബിഹാറില്‍ നിന്നാണ്. യാത്ര ബിഹാറിലെ കിഷന്‍ഗഞ്ചിലേക്ക് പ്രവേശിക്കുന്നതിന് തലേ ദിവസം ഇന്‍ഡി സഖ്യത്തിന്റെ ഏറ്റവും ശക്തികേന്ദ്രമായി വിശേഷിക്കപ്പെട്ട ബിഹാറിലെ മഹാസഖ്യസര്‍ക്കാര്‍ വീണു. നിതീഷ് കുമാര്‍ രാജിവെച്ച് എന്‍ഡിഎ മുന്നണിയിലേക്ക് തിരികെ പോയി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. ഇന്നലെ കിഷന്‍ഗഞ്ചില്‍ രാഹുലിന്റെ.യാത്രയെത്തുമ്പോള്‍ ബിഹാറില്‍ ഇന്‍ഡി സഖ്യവുമില്ല, ഇന്‍ഡി സഖ്യത്തില്‍ നിതീഷ് കുമാറുമില്ല എന്നതായിരുന്നു സ്ഥിതി. പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിച്ച് ഇന്‍ഡി സഖ്യനീക്കവുമായി ഏറ്റവുമധികം സജീവമായി രംഗത്തെത്തിയ നിതീഷ് കുമാറിന്റെ പിന്മാറ്റം പ്രതിപക്ഷ സഖ്യത്തിന്റെ രാഷ്ട്രീയ പ്രസക്തി തന്നെ അവസാനിപ്പിച്ചു. പ്രധാനമന്ത്രി പദത്തിലേക്ക് നിതീഷ് കുമാറിനെ മുന്നോട്ട് വെക്കുമെന്ന് കോണ്‍ഗ്രസ് നല്കിയ പ്രതീക്ഷ തെറ്റിയതാണ് സഖ്യത്തില്‍ വിള്ളലുണ്ടാവാന്‍ കാരണമായത്. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ പ്രഖ്യാപിച്ചതോടെ താന്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നലിലേക്ക് നിതീഷ് കുമാര്‍ എത്തിയിരുന്നു. ജെഡിയു നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. തുടര്‍ന്ന് നടന്ന ഇന്‍ഡി സഖ്യ യോഗത്തില്‍ നിതീഷിനെ കണ്‍വീനറാക്കാന്‍ ശ്രമിച്ചെങ്കിലും അതും കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും ആവട്ടെ എന്ന് നിതീഷ് പറഞ്ഞതോടെ തന്നെ ഭിന്നത വ്യക്തമായി. ജെഡിയുവിലെ നേതാക്കള്‍ ഭൂരിപക്ഷവും എന്‍ഡിഎയിലേക്ക് മടങ്ങിപ്പോകണമെന്ന ആവശ്യവും നിരന്തരം ഉന്നയിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെ ബിഹാര്‍ ജനനായകന് കര്‍പ്പൂരി താക്കൂറിന് ഭാരത രത്ന പ്രഖ്യാപിച്ച നടപടിയോടെ ജെഡിയുവിന് പ്രതിപക്ഷ സഖ്യത്തില്‍ നില്ക്കാനാവാത്ത സ്ഥിതിയുണ്ടായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസ്ഥ ഉണ്ടായാലോ എന്ന ഭയവും ജെഡിയുവിനുണ്ടായിരുന്നു. തനിച്ച് മത്സരിച്ച ബിജെപിക്ക് 22 സീറ്റുകളും ബിജെപി പിന്തുണയോടെ മത്സരിച്ച എല്‍ജെപിക്ക് ആറു സീറ്റുകളും ബിഹാറില്‍ ലഭിച്ചിരുന്നു. ജെഡിയുവിന് ആകെ ലഭിച്ചത് രണ്ട് എംപിമാരെ മാത്രമാണ്. എന്നാല്‍ 2019ല്‍ ബിജെപി സഖ്യത്തിലെത്തിയതോടെ 16 എംപിമാരെ വിജയിപ്പിക്കാന്‍ ജെഡിയുവിന് ബിഹാറില്‍ കഴിഞ്ഞിരുന്നു. ഇതും ഇന്‍ഡി സഖ്യം വിടാന്‍ അവരെ പ്രേരിപ്പിച്ചു.
രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും വിളിച്ചിട്ട് പോലും നിതീഷ്കുമാര്‍ ഫോണ്‍ എടുത്തില്ല എന്നത് കോണ്‍ഗ്രസ് നേതൃത്വം അത്രയധികം ദുര്‍ബലമായി എന്ന് ജെഡിയുവിന് ബോധ്യമായതോടെയാണ്. മമതയുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധവും ദുര്‍ബലമായിക്കഴിഞ്ഞു. യുപിയിലെ 80 സീറ്റുകളില്‍ വെറും 11 എണ്ണമാണ് കോണ്‍ഗ്രസിന് നല്കാന് സമാജ് വാദി പാര്‍ട്ടി തയ്യാറായത്. ഇരുപത് സീറ്റെങ്കിലും ലഭിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പഞ്ചാബിലും ദല്‍ഹിയിലും കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറല്ലെന്ന നിലപാടാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്. അണികള്‍ കൊഴിഞ്ഞ ശിവസേന ഉദ്ധവ് വിഭാഗവും എന്‍സിപി ശരദ് പവാര്‍ വിഭാഗവും മാത്രമാണ് ഇന്‍ഡി സഖ്യത്തില്‍ മഹാരാഷ്ട്രയിലുള്ളത്. തമിഴ്നാട്ടില്‍ ഡിഎംകെ മാത്രമാണ് അവശേഷിക്കുന്നത്. ബിജെപി-കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ജനവിധി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാവര്ക്കും വ്യക്തവുമാണ്.
ഇത്തരത്തിലൊരു സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധിയുടെ ന്യായയാത്ര ഇന്‍ഡി മുന്നണിക്ക് തന്നെ ബാധ്യതയായി മാറിയത്. എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഏകോപന ചുമതല നിര്‍വഹിക്കേണ്ട കോണ്‍ഗ്രസ് സംവിധാനം പൂര്‍ണ്ണമായും രാഹുല്‍ഗാന്ധിയുടെ യാത്രയുടെ പിന്നാലെ ആയതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അടക്കം പാര്‍ട്ടിയില്‍ പ്രതിസന്ധിയിലായിട്ടുണ്ട്. കോണ്‍ഗ്രസിന് സാധ്യതയേറിയ ദക്ഷിണഭാരത സംസ്ഥാനങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സികള്‍ പണി നിര്‍ത്തിപ്പോയിക്കഴിഞ്ഞു. കോണ്‍ഗ്രസിന് യാതൊരു സാധ്യതയുമില്ലാത്ത സംസ്ഥാനങ്ങളിലൂടെ ഇത്ര ദിവസം യാത്ര നടത്തുന്നത് മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ തകര്‍ക്കുമെന്ന ആക്ഷേപം കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ യാതൊരു ചുമതലകളുമില്ലാത്ത ഒരാളുടെ യാത്രയ്ക്കൊപ്പം പാര്‍ട്ടിയുടെ മുഴുവന്‍ സംവിധാനങ്ങളും പോകുന്നത് നിസ്സഹായരായി നോക്കിനില്‍ക്കേണ്ട അവസ്ഥയിലുമാണ് കോണ്‍ഗ്രസ്. പദയാത്രയ്ക്ക് പകരം ബസ് യാത്ര ആയിട്ടു കൂടി രാഹുല്‍ഗാന്ധി യാത്രയില്‍ സജീവമാകുന്നില്ല എന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. രാഹുലിന് പകരം രൂപസാദൃശ്യമുള്ള മറ്റൊരാളാണ് യാത്രയിലുണ്ടായിരുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മ്മ ആരോപിച്ചു. രാഹുലിന്റെ ബോഡി ഡബിളായി ഉപയോഗിച്ച ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. രാഹുല്‍ഗാന്ധിക്ക് പോലും താല്‍പ്പര്യമില്ലാത്ത യാത്രയായി ഭാരത് ജോഡോ ന്യായയാത്ര മാറിക്കഴിഞ്ഞെന്ന് തെളിയിക്കുന്നതാണിത്. യുപിയിലൂടെ പതിനാറു ദിവസമാണ് യാത്ര കടന്നുപോകുന്നത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ബഹിഷ്ക്കരിച്ച കോണ്‍ഗ്രസിനെതിരെ വലിയ ജനരോഷമാണ് യുപിയില്‍ ഉയര്‍ന്നിരിക്കുന്നത്. യാത്രയ്ക്കെതിരെ ഉയരാന്‍ പോകുന്ന പ്രതിഷേധങ്ങള്‍ പ്രതിപക്ഷത്തിന്റെയാകെ നിറം കെടുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചും യാതൊരു തെളിവുകളുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് അപഹാസ്യരായും മുന്നോട്ട് പോകുന്ന രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും സുഖകരമല്ലാത്ത രാഷ്ട്രീയാവസ്ഥയുടെ നാളുകള്‍ തന്നെയാണ് വരാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: