(കൃഷ്ണാര്‍ജുന സംവാദം)
അങ്ങയെത്തന്നെ പ്രാപിക്കുമെന്നതിന് എന്തെങ്കിലും പ്രമാണവുമുണ്ടോ?
ഉണ്ട്, രാഗം, ഭയം, ക്രോധം ഇവ മുമ്പുതന്നെ ഉപേക്ഷിച്ചവരും അനന്യപ്രേമത്തോടെ എന്നില്‍ മനസ്സ് വച്ചിരിക്കുന്നവരും, അങ്ങനെ എന്നെ ആശ്രയിച്ചവരുമായ അനേകം ഭക്തന്മാര്‍ ജ്ഞാനമാകുന്ന തപസ്സുകൊണ്ട് പവിത്രന്മാരായി എന്റെ സ്വരൂപത്തെ പ്രാപിച്ചിട്ടുണ്ട്
അവര്‍ ഏത് ഭാവത്തില്‍ അങ്ങയെ ശരണം പ്രാപിക്കുന്നു?
ഹേ പാര്‍ഥ! ഏത് ഭക്തന്മാര്‍ സംസാരത്തില്‍ നിന്ന് വിമുഖരായിട്ട് എന്നെ ഏതുവിധത്തില്‍ ഉപാസിക്കുന്നുവോ, അവരെ ഞാന്‍ ആവിധം തന്നെ അനുഗ്രഹിക്കുന്നു. എന്റെ ഈ രീതി കേവലം ലൗകികരായവരിലും വലിയ പരിവര്‍ത്തനമുണ്ടാക്കുന്നു, അങ്ങനെ അവര്‍ സ്വാര്‍ത്ഥതയും ദുരഭിമാനവും വെടിഞ്ഞ് പരോപകാരതല്‍പരരായി മാറുന്നു
ശരണം പ്രാപിക്കുന്നവരോട് അങ്ങ് വളരെ അനുകൂലമാകുന്നു, എന്നിട്ടും ആളുകള്‍ എന്തിനാണ് അങ്ങയെ വിട്ട് ദേവതകളെ ഉപാസിക്കുന്നത്?
ഈ മനുഷ്യലോകത്തില്‍ കര്‍മ്മങ്ങളുടെ ഫലത്തെ ഇച്ഛിക്കുന്നവര്‍ ദേവതകളെ ആരാധിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ക്ക് കര്‍മ്മത്തില്‍ നിന്ന് ഉല്‍പന്നമാകുന്ന സിദ്ധി വേഗത്തില്‍ ലഭിക്കുന്നു.
മനുഷ്യര്‍ തങ്ങളുടെ കര്‍മ്മജന്യ സിദ്ധിക്കായി ദേവതകളെ ഉപാസിക്കുന്നു, അതായത്, അവര്‍ സത്കര്‍മ്മങ്ങള്‍ ചെയ്യുന്നു, അതുപോലെ അങ്ങും എന്തെങ്കിലും ഫലം ലഭിക്കാന്‍ ലക്ഷ്യമിട്ട് എന്തെങ്കിലും കാര്യം ചെയ്യുന്നുണ്ടോ?
ഞാന്‍ ഗുണങ്ങളുടെയും കര്‍മ്മങ്ങളുടെയും വിഭാഗത്തോടുകൂടി നാലു വര്‍ണങ്ങള്‍ സൃഷ്ടിച്ചു. ആ സൃഷ്ടിയുടെ കര്‍ത്താവാണെങ്കിലും അവിനാശിയും പരമേശ്വരനുമായ ഞാന്‍ അകര്‍ത്താവാണെന്ന് അറിയുക. കര്‍മ്മങ്ങളുടെ ഫലത്തില്‍ എനിക്ക് ഇച്ഛയില്ലാത്തതിനാല്‍ എന്നെ കര്‍മ്മങ്ങള്‍ ബന്ധിക്കുന്നില്ല. ഇങ്ങനെ, എന്നെ തത്ത്വത്തില്‍ അറിയുന്നുവരും കര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: