കണ്ണൂര്‍ : ചരിത്രത്തിലാദ്യമായി ഒരു തെയ്യക്കാരന് പത്മപുരസ്‌കാരം. ദൈവികമായ അനുഷ്ഠാനവും നൃത്തം, സംഗീതം, ചിത്രകല, ശില്‍പകല, നാടകം, സാഹിത്യം തുടങ്ങിയ സകലമാന കലകളും ആയോധനവിദ്യയും ധര്‍മ്മശാസ്ത്രവുമെല്ലാം ഒത്തുചേര്‍ന്ന തെയ്യമെന്ന അന്യാദൃശമായ അനുഷ്ഠാനവിശേഷത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച എത്രയെത്ര കനലാടികള്‍ അവരുടെ ജീവിതനാടകം ആടിത്തീര്‍ത്ത് കാലയവനകയ്‌ക്കുള്ളില്‍ മറഞ്ഞു. അവര്‍ക്കും ഇന്നും കാവുകളില്‍ നിന്ന് കാവുകളിലേക്ക് പേളിക(തെയ്യച്ചമയങ്ങളിട്ടുവെക്കുന്ന ചൂരല്‍പെട്ടി)യുമായി സഞ്ചരിച്ച് സ്വധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്കും ഇത്തരം പരമോന്നത അംഗീകാരങ്ങളൊന്നും ലഭിച്ച ചരിത്രമില്ല
അതുകൊണ്ടാണ് ഇ.പി. നാരായണ പെരുവണ്ണാന്‍ എന്ന കോലക്കാരന് ലഭിച്ച പത്മശ്രീ ചരിത്രസംഭവമാവുന്നത്.പതിമൂന്നാം വയസ്സില്‍ തുടങ്ങിയ കെട്ടിയാട്ടം ഇന്നും തുടരുകയാണ് അറുപത്തേഴുകാരനായ പെരുവണ്ണാന്‍.
നാനാജാതി മതസ്തരേയും ചേര്‍ത്തു പിടിച്ച് മനസിന് കുളിര്‍മ്മയും സമാധാനവും നല്‍കുന്ന സാംസ്‌കാരിക ബോധമാണ് തെയ്യത്തിലുള്ളത്. തെയ്യത്തോളം പോന്ന പാരിസ്ഥിതിക ബോധമുള്ള ഒരു സംസ്‌കാരം ലോകത്ത് വേറെ ഉണ്ടാവാന്‍ സാധ്യതയില്ല. വടക്കേ മലബാറില്‍ പരിസ്ഥിതിയില്‍, കാവുകളും അവിടുത്തെ തെയ്യങ്ങളും ആചാര അനുഷ്ഠാനങ്ങളും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.
ഉത്തര കേരളത്തിന്റെ തനതു അനുഷ്ഠാനമായ ‘തെയ്യ ‘ത്തിന്റെ ലാസ്യ രൗദ്ര ഭാവങ്ങള്‍ പകര്‍ന്നാടി ഭക്ത മനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ കനലാടിയാണ് ഇരട്ടപറമ്പില്‍ നാരായണ പെരുവണ്ണാന്‍. തെയ്യാനുഷ്ഠാന രംഗത്തെ ശ്രദ്ധേയമായ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടി മുന്നൂറിനടുത്തു തവണ ശിരസ്സിലണിഞ്ഞ കനലാടിയാണ് നാരായണ പെരുവണ്ണാന്‍.
അഞ്ചരക്കണ്ടി കാവിന്മൂല കക്കുന്നത്ത് ഭഗവതിക്കാവില്‍ മാത്രം കെട്ടിയാടുന്ന സവിശേഷമായ ഒരു തെയ്യമാണ് കക്കുന്നത്തു ഭഗവതി.മഹാകാളിയുടെ ഒന്നിലേറെ ഭാവങ്ങളെ പ്രതിനിധീകരിക്കുന്ന വിധത്തിലുള്ള ആട്ടക്രമങ്ങളും അനുഷ്ഠാനങ്ങളുമുള്ള കക്കുന്നത്ത് ഭഗവതിയുടെ 21 കോലു വരുന്ന തിരുമുടി 13 തവണ അണിഞ്ഞിട്ടുണ്ട് നാരായണ പെരുവണ്ണാന്‍.
13 ആം വയസില്‍ തളിപ്പറമ്പ കീഴാറ്റൂര്‍ വെച്ചിയോട് കാവില്‍ ബാലിത്തെയ്യം കെട്ടിയാടിയ അദ്ദേഹം ഇപ്പോഴും അവിടെ ബാലിയുടെ രൗദ്ര ഭീവത്സഭാവങ്ങള്‍ പകരുന്നു.
21ആം വയസില്‍ തളിപ്പറമ്പ ശ്രീ രാജരാജേശ്വര ക്ഷേത്ര ‘കൊട്ടുമ്പുറ’ത്തു വെച്ച് ‘പെരുവണ്ണാനായി ‘ആചാരപ്പെട്ടു. തുടര്‍ന്നങ്ങോട്ട് കതിവന്നൂര്‍ വീരന്‍, പുതിയ ഭഗവതി, വയനാട്ടുകുലവന്‍, ഇളംകോലം, വടകര തച്ചോളി മാണിക്കോത്തു തച്ചോളി ഒതേനന്‍,ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം മാണിക്യകാവ് പയ്യമ്പള്ളി ചന്തു, മുത്തപ്പന്‍ തിരുവപ്പന വെള്ളാട്ടം, കുടിവീരന്‍, വേട്ടക്കൊരുമകന്‍, കണ്ടനാര്‍ കേളന്‍, പടവീരന്‍, തോട്ടുംകര ഭഗവതി, തായിപരദേവത, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ടു ഭഗവതി, പുലിയൂര്‍കാളി, തുടങ്ങിയ കോലങ്ങള്‍ക്കു ജീവന്‍ പകര്‍ന്ന ഇ. പി.നാരായണ പെരുവണ്ണാന്‍ ഈ രംഗത്ത് അര നൂറ്റാണ്ടു പിന്നിട്ടു.
പിതാവ് കരിമ്പം പനക്കാട്ട് ഒതേന പെരുവണ്ണാനില്‍ നിന്നും തെയ്യാനുഷ്ഠാനത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ശേഷം അഴിക്കോട് കൃഷ്ണന്‍ പെരുവണ്ണാന്റെ ശിഷ്യനായി. അവിടുത്തെ ശിക്ഷണം ഇ. പി. യെ തെയ്യാനുഷ്ഠാനത്തിലെ സമസ്ത ഭാവങ്ങളെയും ആവാഹിക്കാന്‍ കരുത്തായി. തോറ്റംപാട്ടും, മുഖത്തെഴുത്തും, അണിയല നിര്‍മാണവും ഉള്‍പ്പെടെ അഴീക്കോടന്‍ ഗുരുകുല ജീവിതകാലത്താണ് സ്വായത്തമാക്കിയത്.
തെയ്യങ്ങളുടെ വാചാലുകളില്‍ ഭക്തമനസുകളെ കുളിര്‍പ്പിച്ച അനുഭവമുണ്ട് അദ്ദേഹം ധരിച്ച ഓരോ കോലങ്ങളിലും. അനുഷ്ഠാനങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ഇഷ്‌പ്പെടാതെ പാരമ്പര്യവഴിയില്‍ സഞ്ചരിക്കുമ്പോഴും ജനകീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് എതിര്‍പ്പിനിടയാക്കി. എങ്കിലും ഓരോ തെയ്യാട്ടക്കാലവും നാരായണ പെരുവണ്ണാന്റെ കോലധാരണത്തിനായി കാത്തിരുന്നു.
ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം ‘സിനിമയില്‍ കതിവന്നൂര്‍ വീരന്‍ തെയ്യത്തിനു ജീവന്‍ പകര്‍ന്നതിലൂടെ അഭ്രപാളിയിലും തിളങ്ങി.
ഓരോ തുലാം 10 കടന്നുവരുമ്പോഴും ഇ. പി. യുടെ മനസ്സില്‍ ചിലമ്പൊലി മുഴങ്ങും. പിതാമഹന്മാര്‍ സഞ്ചരിച്ച വഴിയിലൂടെ . അരിച്ചാന്തും മനയോലയും ചായില്യവും, കണ്മഷിയും പുരണ്ടദൈവക്കോലമായി തീരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: