1981ല്‍ തമിഴ്നാട്ടില്‍ നിന്നും ഒരു കൊടുങ്കാറ്റ് വടക്കോട്ടടിച്ചു. മീനാക്ഷിപുരത്തും രാമനാഥപുരത്തും കൂട്ട മതംമാറ്റം പലരുടെയും കണ്ണുതുറപ്പിച്ചു. ദല്‍ഹിയിലെ ‘വിരാട് ഹിന്ദു’ സമ്മേളനം ഹിന്ദുവിന്റെ വീര്യം ഉണര്‍ത്തി. സംന്യാസിമാരും മറ്റു മഹാത്മാക്കളും ഹിന്ദുക്കളുടെ മേല്‍ ഏറ്റ അശനിപാതത്തിനു പരിഹാരമാരാഞ്ഞു. വിദേശാധിപത്യത്തില്‍ തകര്‍ത്തെറിഞ്ഞ മഹാക്ഷേത്രങ്ങളെ വീണ്ടെടുക്കാനും പുനരുദ്ധരിക്കാനും തീരുമാനമായി. മതേതര വാദികള്‍ വാളെടുത്തു പുറപ്പെട്ടു അക്രമികളുടെ പിന്നില്‍ അണിനിരന്നു.
മുഗള്‍ ഭരണകാലത്ത് പതിനായിരക്കണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തു പള്ളികളാക്കി. ക്ഷേത്രചിഹ്നങ്ങളോടെ അവ ഇന്നും നിലനില്ക്കുന്നു. അതില്‍ ഏറ്റവും പ്രധാനമായവ അയോദ്ധ്യ, കാശി, മഥുര എന്നിവയാണ്. സ്വമനസ്സാലെ അവ ഹിന്ദുക്കളെ ഏല്‍പ്പിക്കുന്ന പക്ഷം മറ്റുള്ളവ ഒഴിവാക്കി തരാം. മാര്‍ഗദര്‍ശകമണ്ഡലം പ്രഖ്യാപനം നടത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതഭ്രാന്തന്മാരെ ഊതിവീര്‍പ്പിച്ചു. പ്രക്ഷോഭത്തിനിറങ്ങാതെ ഭാരതമാസകലം ബോധവത്കരണം നടത്തി.
ഭരണാധികാരികളുമായും മതപണ്ഡിതരുമായും കോടതിമുഖേനയും ചര്‍ച്ചകളും പരിഹാരമാര്‍ഗങ്ങളുമാരാഞ്ഞു. ശ്രീരാമവിഗ്രഹം വെച്ചുകൊണ്ടുള്ള രഥയാത്ര ജില്ലതോറും ഭാരതമാസകലം നടന്നു. മഹാകുംഭമേളയില്‍ മഹാമണ്ഡലേശ്വരന്മാരും വിശ്വഹിന്ദുപരിഷത് നേതൃത്വവും ഒരുമിച്ചു. ശ്രീരാമക്ഷേത്രത്തിന്റെ മാതൃക അവിടെ പ്രദര്‍ശിപ്പിച്ചു. ശിലകള്‍ ഓരോ ഗ്രാമത്തിലും പൂജ ചെയ്ത് അയോദ്ധ്യയിലെത്തിച്ചു. ആ പരിശ്രമം നാട്ടില്‍ വലിയ ചലനമുണ്ടാക്കി. ഏറ്റവും വലിയ എതിര്‍പ്പ് സൃഷ്ടിച്ച് മുസ്ലീം വികാരം ആളിക്കത്തിച്ച സിപിഎമ്മിന്റെ നേതാവ് സാക്ഷാല്‍ ഇഎംഎസിന്റെ ജ്യേഷ്ഠന്റെ ഏലംകുളം മനയോട് ചേര്‍ന്ന ക്ഷേത്രത്തിലും ‘ജയ്ശ്രീരാം’ എന്നെഴുതിയ ശിലകള്‍ പൂജ ചെയ്ത് വിശ്വഹിന്ദു പരിഷത്തിന് കൈമാറി. ഏലംകുളം മനയില്‍ രാമശിലാപൂജ നടന്ന വാര്‍ത്ത വലിയ കോളിളക്കമുണ്ടാക്കി. സുപ്രസിദ്ധനായ ആറാം തമ്പുരാന്റെ (പൂമുള്ളി നീലകണ്ഠന് നമ്പൂതിരിപ്പാട്) നേതൃത്വത്തില്‍ പെരിങ്ങോട് പനിയന്നീരി ശ്രീരാമക്ഷേത്രത്തിലും ‘ശ്രീരാമശിലാ പൂജ’ നടന്നു.
പൂജിച്ച ശിലകള്‍ ശ്രീരാമ മഹായജ്ഞശാലയില്‍ എത്തിച്ച് തന്ത്രിവര്യനായ അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാട് അഞ്ചു ദിവസം നീണ്ടുനിന്ന പൂജകളും ഹോമങ്ങളും നിര്‍വഹിച്ചു. പാലക്കാട് കോട്ടമൈതാനത്തു നടന്ന രഥസംഗമം മാതാ അമൃതാനന്ദമയീ ദേവി ഉദ്ഘാടനം ചെയ്തു. പി. പരമേശ്വരന്റെ പ്രഭാഷണശേഷം നടന്ന ഭജനയില്‍ പാലക്കാട് കോട്ടമൈതാനം നിറഞ്ഞുകവിഞ്ഞു. പിറ്റേന്ന് തമിഴ്നാട്ടിലെത്തിച്ച ശിലകള്‍ അയോദ്ധ്യയിലേക്ക് കൊണ്ടുപോയി. പിന്നീട് പലതവണ അയോദ്ധ്യയിലെത്തുമ്പോഴും മലയാളത്തില്‍ ‘ജയ്ശ്രീരാം’ എന്നെഴുതിയ രാമശിലകള്‍ കണ്‍കുളിര്‍ക്കെ കണ്ടിട്ടുണ്ട്.
രാമാനന്ദ സാഗറിന്റെ രാമായണം പരമ്പര ദൂരദര്‍ശനിലൂടെ ജനങ്ങളെ ആവേശത്തിലാക്കിയത് അക്കാലത്താണ്. പള്ളികളിലും കല്യാണപന്തലിലും ഒരുഭാഗത്ത് രാമായണം ഉണ്ടെങ്കിലെ വേണ്ടപ്പെട്ടവര്‍ പങ്കെടുക്കൂ എന്ന അവസ്ഥ വന്നു. ക്ഷേത്രത്തില്‍ പോകാത്തവരുടെ വീട്ടിലും ടിവിയില്‍ കുട്ടികള്‍ മാല കെട്ടി ചാര്‍ത്തി അലങ്കരിച്ചു. രാമനും രാമായണവും അയോദ്ധ്യയും ജനമനസില്‍ സ്ഥാനമുറപ്പിച്ചു. ശ്രീരാമ പട്ടാഭിഷേകം ദിവസം ടിവിക്കു മുമ്പില്‍ വിളക്കുവെച്ച് പാല്‍പ്പായസം നിവേദിച്ചവരുമുണ്ട്.
കോടതി നിര്‍ദേശപ്രകാരം പുരാവസ്തു ഗവേഷണവിഭാഗം അയോദ്ധ്യയില്‍ ഖനനം നടത്തി. വകുപ്പധ്യക്ഷന്റെ നിര്‍ദേശപ്രകാരം നേതൃത്വം വഹിച്ചത് കോഴിക്കോട്ടുകാരന് മലയാളി കെ.കെ. മുഹമ്മദ് ആയതുകൊണ്ട് ആര്‍ക്കും അലോസരമുണ്ടായില്ല. പഴയ ക്ഷേത്രത്തിന്റെ കൊത്തുപണികളോടുകൂടിയ തൂണുകളും പല ഭാഗങ്ങളും മണ്ണില്‍ നിന്ന് കണ്ടെടുത്തു. അവിടെത്തന്നെ പ്രദര്‍ശനത്തിനു വെക്കുന്നത് മതേതരത്വത്തിനെതിരാവുമെന്ന് ചിലര്‍ കണ്ടെത്തി കോടതി വളപ്പിലേക്കുമാറ്റി. ഭരണകൂടം പല കാരണങ്ങള്‍ പറഞ്ഞ് ക്ഷേത്രംപണി തുടങ്ങാതിരിക്കാന്‍ നീട്ടിക്കൊണ്ടുപോകല്‍ തുടര്‍ന്നു. വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ച ‘ധര്‍മസ്ഥല രക്ഷാസമിതി’ 1990 ഒക്ടോബര്‍ 30ന് ‘കര്‍സേവ’ നടത്താന്‍ പദ്ധതിയിട്ടു. യുപിയിലെ മുന്‍ ഡിജിപി ശ്രീഷ്ചന്ദ്ര ദീക്ഷിത് എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ചു. കേരളത്തിലും അദ്ദേഹമെത്തി.
ഓരോ ജില്ലയില്‍നിന്നും കര്‍സേവയ്ക്ക് പോകാന്‍ തയാറായുള്ളവരുടെ യോഗങ്ങള്‍ ചേര്‍ന്നു. ‘മടങ്ങിവരും’ എന്നുറപ്പില്ലെങ്കിലും തയാറായവര്‍ക്കു മടക്ക ടിക്കറ്റടക്കം എടുത്ത് യാത്ര ഉറപ്പിച്ചു. കെകെ എക്സ്പ്രസിലും മംഗളാ എക്സ്പ്രസിലുമായി യാത്ര. കേരളത്തില്‍നിന്ന് പുറപ്പെടുമ്പോള്‍ ബര്‍ത്ത് റെഡിയാണ്. ഒരുദിവസം കഴിഞ്ഞപ്പോള്‍ ഇരിക്കാനും നില്‍ക്കാനും ഇടമില്ലാത്ത അവസ്ഥ. എല്ലാ സ്റ്റേഷനിലും ഒരേ മുഴക്കം, ‘ജയ്ശ്രീരാം…’ ഝാന്‍സിയിലെത്തിയതും ട്രെയിന്‍ തടഞ്ഞു. ജില്ലാ കളക്ടറും മജ്സ്ട്രേറ്റും ബസുകളുമായി കാത്തുനില്‍ക്കുകയാണ്. ‘യു ആര് അറസ്റ്റഡ്’ എന്ന കല്പനമാത്രം. ബാഗുകളുമായി എല്ലാവരും ലൈനായി ബസില്‍ കയറി. പ്രഭാതകൃത്യങ്ങള്‍ പോലും കഴിഞ്ഞിട്ടില്ല. വൈകുന്നേരമായപ്പോള്‍ ‘ലളിത്പൂര്‍ ഗവ. പോളിടെക്നിക്ക്’ എത്തി. ഓരോ ക്ലാസുമുറിയിലും കൊള്ളാവുന്നത്രപേര്‍. ബാക്കി അടുത്ത കോളജില്‍.
29ന് രാവിലെ എല്ലാവരുടെ ബാഗും പരിശോധന. ഒരു ബാഗില്‍ നിന്നും ആപ്പിള്‍ മുറിക്കുന്ന ഒരു സ്റ്റീല്‍ കത്തി. മാരകായുധമാണെന്നും പറഞ്ഞ് കോടതിയില്‍ ഹാജരാക്കാന്‍ ബലപ്രയോഗത്തിലൂടെ അയാളെ രണ്ട് കൈയും പിടിച്ച് കൊണ്ടുപോകാനൊരുങ്ങി. സര്‍വശക്തിയും ഉപയോഗിച്ച് തടഞ്ഞു. വലിയ ലാത്തി കൊണ്ട് അടി തുടങ്ങി. ‘ജയ്ശ്രീരാം…’ വിളിമുഴങ്ങി. പുറത്ത് നാട്ടുകാര്‍ പോലീസ് വണ്ടി തടഞ്ഞു. ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പല ഭാഗത്തും പൊട്ടി. പുകപടലം നിറഞ്ഞു. അവസാനം പോലീസ് പിന്‍വാങ്ങി. അന്ന് ഭക്ഷണമില്ല. വെള്ളവുമില്ല. കൈയില്‍ കരുതിയത് രക്ഷയായി.
വൈകിട്ട് നാലുമണിയായപ്പോഴേക്കും താഴികക്കുടത്തില്‍ കൊടികെട്ടിയെന്ന് പുറത്തുനിന്ന് വിവരം കിട്ടി. എല്ലാവരും മുറികളില്‍ നിന്ന് പുറത്തിറങ്ങി. ‘ഹരേ! രാമ’ പാടിക്കൊണ്ട് ഗ്രൗണ്ടില്‍ രാമപ്രദക്ഷിണം ആരംഭിച്ചു. നാല് വരിയായി നടക്കുമ്പോള്‍ അടികൊണ്ട് നടക്കാന്‍ വയ്യാത്തവരെ താങ്ങിപ്പിടിച്ച് നടന്നു. ഒടുവില്‍ എല്ലാ ഭാഷയിലുമുള്ള സമാപന പ്രസംഗം. മുഖ്യമന്ത്രി മുലായം സിങിനെ കോളജില്‍ പഠിപ്പിച്ച അധ്യാപകനും പോലീസില്‍ നിന്ന് കിട്ടിയ അടിയുടെ പാട് താന്‍ നേടിയ ‘ഗുരുദക്ഷിണ’യായി പ്രഖ്യാപിച്ച് നന്ദി അറിയിച്ചു.
ഒന്നിന് രാവിലെ വണ്ടികള്‍ വന്നു. എല്ലാവരെയും റെയില്‍വെ സ്റ്റേഷനിലെത്തിച്ചു. അയോദ്ധ്യയിലെത്തിയെ മടങ്ങൂ എന്ന് ചിലര്‍ ശഠിച്ചുനിന്നു. അപ്പോഴേക്കും അശോക് സിഘല്‍ എല്ലാവരോടും നാട്ടിലേക്കു മടങ്ങാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള അറിവുകിട്ടി. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ഗംഭീരസ്വീകരണം ഒരുക്കിയിരുന്നു. മാലകളണിഞ്ഞ് പാളയം ജങ്ഷനിലൂടെ മിഠായിത്തെരുവിലേക്ക്. പിറ്റേന്ന് നാട്ടിലെത്തിയപ്പോള്‍ വഴിയില്‍ കണ്ട സുഹൃത്ത് പറഞ്ഞു. സ്കൂളില്‍പോയി കുട്ടികളെ കണ്ട് പോയാല്‍ മതി. പോലീസിന്റെ വെടികൊണ്ടു മരിച്ചതായാണ് ഇവിടെയെല്ലാം വിവരം. നേരെ സ്കൂളിലെത്തിയപ്പോള്‍ കുട്ടികള്‍ കരയുന്നു. കൂടെ ടീച്ചറും കരഞ്ഞുകൊണ്ട് കുട്ടിയുടെ ബാഗുമായെത്തി. വീട്ടില്‍ അന്നുതങ്ങി. പിറ്റേന്ന് അമ്മാമനെ ചെന്നുകണ്ടു. കോഴിക്കോട്ടേക്കു മടങ്ങി. കോഴിക്കോടെത്തിയപ്പോഴേക്കും വിളിവന്നു. അമ്മാമന് ഹൃദയാഘാതംമൂലം ദിവംഗതനായി. അദ്ദേഹം ശ്രീരാമകീര്‍ത്തനങ്ങള്‍ നീട്ടി പാടുന്ന ആളായിരുന്നു. രാമപാദം പൂകിയതായി അനുമാനിക്കാം.
ജയ്ശ്രീരാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: