മര്യാദാ പുരുഷോത്തമനായ ഭഗവാന് ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമെന്ന് പുകള്‍ പെറ്റ ദേശമാണ് സാകേതം എന്ന അയോദ്ധ്യ. ആ ഒറ്റക്കാരണം കൊണ്ട് ആ ദേശം പിന്നീട് ഭാരതത്തിലേക്ക് വന്ന അധിനിവേശകരായ അക്രമികളുടെ ഒരു ലക്ഷ്യമായിത്തീര്ന്നിരുന്നു.
രാമകഥയും സാകേതഗാഥയും കേന്ദ്രീകരിച്ച് നിരവധി സാഹിത്യ സൃഷ്ടികള്‍ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്. അങ്ങനെയുണ്ടായിട്ടുള്ള സൃഷ്ടികളൊക്കെ വിവിധ രാഷ്ട്രീയ ധാരകളെ പ്രതിനിധാനം ചെയ്യുന്നതുമാണ്. ത്രേതായുഗം മുതല്‍ ആസന്നഭൂതകാലം വരെയുള്ള സാകേതത്തിന്റെ ചരിത്രനൈരന്തര്യം അവതരിപ്പിക്കുന്ന ‘The Story Of Ayodhya’ ഈ രാമകഥകളിലെ ഏറ്റവും പുതിയ ഏടാണ്. യുവസംവിധായകന് യദു വിജയകൃഷ്ണനാണ് ഈ പുസ്തകം എഴുതിയത്.
രാമകഥ എന്ന പൗരാണികതയില്‍ തുടങ്ങി നമ്മുടെ സമീപ ഭൂതകാലത്തിലെ രാഷ്ട്രീയ സമസ്യകളില്‍ വരെയെത്തിനില്‍ക്കുന്ന സംഭവങ്ങളുടെ നോവല്‍ രൂപത്തിലുള്ള ആവിഷ്കാരമാണിത്. അയോദ്ധ്യ എന്ന ദേശത്തെ ഒരു സ്വത്വമായി അടയാളപ്പെടുത്തിയാല്‍ അധിനിവേശത്തിനെതിരെയുള്ള ആ ദേശത്തിന്റെയും ആ സ്വത്വത്തിന്റെയും പ്രതിരോധത്തിന്റെയും ഉയിത്തെഴുന്നേല്പ്പിന്റെയും നാള്‍വഴികളാണ് ഈ പുസ്തകം. ആ രാഷ്ട്രീയപദപ്രശ്നം ഏതാണ്ട് ഒരു അര്ദ്ധവിരാമത്തില് എത്തി അവിടെ രാമക്ഷേത്രമുയരുന്ന ഈ ദശാസന്ധിയില്‍ ഈ പുസ്തകം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു.
രാമകഥയുടെ ഒരു പുതിയ പരീക്ഷണമാണ് ഈ നോവല്‍. ഇക്ഷ്വാകു വംശജനായ രാമന്റെ ജന്മദേശത്തിന്റെ കഥയാണിത്. അതുകൊണ്ടുതന്നെ ആമുഖത്തിന്റെ തലക്കെട്ട് ‘ഠവല ഘമേെ കസവെ്മസൗ’ എന്നാണ്. നേമി അഥവാ ദശരഥന് നായാട്ടിനു പോകുമ്പോള്‍ അന്ധ ദമ്പതികളുടെ മകനെ അമ്പെയ്തു കൊല്ലുന്നിടത്താണ് നോവല്‍ ആരംഭിക്കുന്നത്. ജ്യോമിതീയ രൂപങ്ങളില്‍ ഒരു ക്യൂബ് പോലെ ഈ നോവല്‍ അനുഭവപ്പെടുന്നു. ഓരോ മുഖത്തും ഓരോ കാലം, ഓരോ കഥ. ഒരു മുഖം കാണുമ്പോള്‍ അടുത്ത മുഖത്ത് എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും സാധ്യമാകുന്നില്ല.
ഒരു ടൈം മെഷീനില്‍ കയറി യുഗങ്ങള്‍ താണ്ടി സഞ്ചരിക്കുന്നതു പോലെയാണ് ഇതിന്റെ വായന. പക്ഷേ പല കാലങ്ങളില്‍ സമാന്തരമായി ചരിത്രം സഞ്ചരിക്കുന്നു. ത്രേതായുഗം മുതലിങ്ങോട്ട് ഭാരതവര്ഷത്തിലുണ്ടായ പ്രധാന സംഭവ വികാസങ്ങള്‍ ‘ഠവല ടീേൃ്യ ഛള അ്യീറവ്യമ’ യിലെ വഴിത്തിരിവുകളായി വരുന്നു. ആ സാകേതഗാഥയില് ഏറ്റവും വലിയ ദുരന്തം മുഗള്‍ സാമ്രാജ്യസ്ഥാപകനായ ബാബറുടെ ആക്രമണമാണ്. അന്ന് ഭാരതം ഏറിയ കൂറും അടക്കിഭരിച്ചിരുന്ന ഇബ്രാഹിം ലോധിയെ ആണ് മിര്‍സാ സഹീറുദ്ദീന്‍ ബാബര്‍ ആക്രമിച്ചു കീഴടക്കിയത്. അവരുടെ സേനകള്‍ തമ്മില്‍ നടന്ന ആ മഹാസംഗരത്തെ ചരിത്രം ‘ഒന്നാം പാനിപ്പത്ത് യുദ്ധം’ എന്ന് വിവക്ഷിക്കുന്നു. പാനിപ്പത്തിലെ കൊലനിലത്തില് പിന്നെയും ഒരുപാട് തവണ നിണച്ചാലൊഴുകിയിട്ടുണ്ടെങ്കിലും 1526-ലെ യുദ്ധം ഭാരതത്തിന്റെ ഭാഗധേയം മാറ്റിമറിച്ചു. സുല്‍ത്താന്‍ ഇബ്രാഹിം ലോധിയുടെ ആള്‍ബലം കൂടിയ സേനയെ താരതമ്യേന ചെറു സൈന്യത്തെ നയിച്ച ബാബര്‍ക്ക് എങ്ങനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞു എന്ന വിശദീകരണം നമുക്ക് വായിച്ചറിയാന്‍ പറ്റും. വെടിമരുന്നിന്റെ ഉപയോഗം കൃത്യമായി അറിയാമായിരുന്നു ബാബര്‍ക്ക്. അയാള്‍ തന്റെ പീരങ്കികള്‍ ലോധിയുടെ ആനപ്പടയ്ക്ക് നേരെ പ്രയോഗിച്ചപ്പോള്‍ ഹാലിളകിപ്പാഞ്ഞ കരിവീരന്മാരുടെ പാദങ്ങള്ക്കിടയില്പ്പെട്ട സൈനികര്‍ ചിന്നിച്ചിതറി. സുല്‍ത്താന്‍ ഇബ്രാഹിം ലോധി പടക്കളത്തില്‍ വീരചരമം പ്രാപിച്ചു. ലോധിയുടെ കൈവശമായിരുന്ന കോഹിനൂര്‍ രത്നമടക്കം ബാബറുടെ കാല്‍ക്കീഴിലായി.
സമര്‍ഖണ്ഡിലെ അധികാര മത്സരത്തില്‍ പിന്തള്ളപ്പെട്ട് പ്രവാസി ആകേണ്ടി വന്ന ബാബര്‍ക്ക് താന്‍ കീഴടക്കിയ ദേശത്തെ സ്നേഹിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ല. അവിടുത്തെ കാഫിറുകളെ മതനിഷ്ഠയുള്ളവരാക്കി മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങളായി പിന്നീട്. അവരുടെ വിശ്വാസത്തിന്റെ സിരാകേന്ദ്രങ്ങള്‍ ക്ഷേത്രങ്ങളാണെന്നു മനസ്സിലാക്കിയ ബാബര്‍ അവയെ തകര്‍ക്കാന്‍ തുടങ്ങി. കാഫിര്‍ എന്ന് വിളിക്കപ്പെടുന്ന ആ വിശ്വാസധാരയുടെ ആന്തരികമായ ഉറപ്പിന് ഒരു കാരണം അയോദ്ധ്യയില്‍ ജനിച്ച രാമനിലുള്ള ഭക്ത്യാദരങ്ങളെന്നു മനസ്സിലാക്കിയ ആ അധിനിവേശകന് അവിടേക്ക് തന്റെ കൊലയാളി സേനയെ അയയ്ക്കുന്നു. പ്രശാന്ത സുന്ദരമായി ഒഴുകിയിരുന്ന അയോദ്ധ്യ എന്ന ജനപഥത്തിലേക്ക് ഒരു കൂറ്റന്‍ കല്ലു വന്നു വീണതു മാതിരി മുഗളപ്പട ഇരച്ചെത്തി.
ഭാരതചരിത്രത്തെ ആഴത്തില്‍ വായിക്കുന്നവര്‍ക്ക് എന്നെന്നും സംശയം ഉണ്ടാകേണ്ട ഒരു ചോദ്യമിവിടെയുണ്ട്. സംഹാരത്തിന്റെ സന്ദേശവുമായി തക്ബീര്‍ മുഴക്കിഎത്തിയ ആ മുഗളപ്പടയെ അയോദ്ധ്യ എങ്ങനെ സ്വീകരിച്ചുകാണും? അഥവാ അയോദ്ധ്യ ആ അധിനിവേശ സേനയെ എങ്ങനെ പ്രതിരോധിച്ചു കാണും? ഒരു പ്രതിരോധവുമില്ലാതെ സാകേതം അവര്‍ക്കു മുന്നില്‍ കഴുത്തു നീട്ടിക്കൊടുത്തോ? സാമ്പ്രദായിക ചരിത്രകാരന്മാര് മൗനത്തിന്റെ വാല്മീകങ്ങളെ ആഞ്ഞുപുല്കിയ സന്ദര്‍ഭമാണിത്. അയോദ്ധ്യയുടെ പ്രതിരോധത്തെക്കുറിച്ചു പരാമര്‍ശങ്ങള്‍ ഒന്നും തന്നെ നമുക്ക് കാണുവാന്‍ കഴിയില്ല (പ്രൊഫസര്‍ ജാതുനാഥ് സര്‍ക്കാര്‍, സീതാറാം ഗോയല്‍ തുടങ്ങിയവര്‍ ഈ സാമാന്യവസ്തുതക്ക് ഒരു അപവാദമാണെന്നത് മറക്കുന്നില്ല). എന്നാല്‍ അത്തരം സമസ്യകള്‍ക്കൊക്കെ ഈ പുസ്തകം മറുപടി നല്‍കുന്നുണ്ട്. വികാരോജ്വലമായ ആ രംഗത്തെ നമുക്കിങ്ങിനെ പരിഭാഷപ്പെടുത്താം.
തന്റെ ദേഹത്ത് കാലൂന്നി നിന്ന മുഗളപ്പരിഷയുടെ ശരീര മധ്യത്തു കൂടി വാള് തുളച്ചു കയറ്റി അവനെ കാലപുരിക്കയച്ച ശേഷം രഘു അലറി.
”മന്ദിര്‍ വഹിം ബനായെങ്കെ…”
മാരകമായി പരിക്കേറ്റ് ആസന്നമരണയായി കിടന്ന സുചി അതിന്റെ പ്രതിധ്വനിയായി ഉറക്കെ എടുത്തു പറഞ്ഞു…
”മന്ദിര്‍ വഹിം ബനായെങ്കെ…”
ദൂരെ ഈ രംഗങ്ങള്‍ കണ്ടുകൊണ്ടുനിന്ന സാകേത വാസികള്ക്കിടയിലേക്കു അതൊരു മര്‍മ്മരമായി പടര്‍ന്നു. ആ ജനതതി ഒരുമിച്ചൊന്നായി ഒരൊറ്റ നാവായി പ്രചണ്ഡമായ ഹുങ്കാരശബ്ദത്തോടെ ആ മന്ത്രണം മുഴക്കി
”മന്ദിര്‍ വഹിം ബനായെങ്കെ….!”
ഭാവിയില്‍ ഭാരതം നടത്തിയ പ്രതിരോധത്തിന്റെയും തിരിച്ചുവരവിന്റെയും ആത്മാഭിമാനത്തിന്റെ പുനഃസ്ഥാപനത്തിന്റെയും മുദ്രാവാക്യമായി ആ വാചകം മാറിയതായി നോവല്‍ അടിവരയിട്ടുറപ്പിക്കുന്നു. അന്ന് വേട്ടക്കാരായ മുഗളന്മാരുടെ മുന്നില്‍ പെട്ടുപോയ ഇരകളായ സാകേതവാസികള് ആ അന്തരാള ഘട്ടത്തില്‍ ഒന്നിച്ചെടുത്ത ആ പ്രതിജ്ഞ ‘മന്ദിര്‍ വഹിം ബനായെങ്കെ…!’ പില്ക്കാലത്തു നിറവേറ്റപ്പെടുകയാണ് ഉണ്ടായതെന്ന് നോവല്‍ പറയുന്നു.
ചരിത്രം കേവലം ഭൂതകാലമല്ല. അത് ‘ഇന്നലെ, ഇന്ന്, നാളെ’ എന്നീ ത്രയങ്ങളില്‍ ചരിക്കുന്നതാണ്. സെമിറ്റിക് മതങ്ങള്‍ക്ക് മെക്ക, മദീന, യെരുശലേം, വത്തിക്കാന്‍ എന്നതൊക്കെ പോലെയോ അതിലുമുപരിയോ ആണ് ഭാരതത്തിന് അയോദ്ധ്യയെന്ന് ഈ നോവല്‍ വരച്ചുകാട്ടുന്നു. ചരിത്രത്തിലൂടെ ലംബമായും തിരശ്ചീനമായും സഞ്ചരിക്കാന്‍ അനുവാചകനെ പ്രേരിപ്പിക്കുന്നു. റാണ സംഗ എന്ന രജപുത്രരാജാവിന്റെ ദയനീയമായ മരണം, ഇന്‍ഡോ ചീന യുദ്ധം, ടിബറ്റിന്റെ തേങ്ങല്‍, ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി, സോമനാഥ ക്ഷേത്രത്തിന്റെ തകര്‍ച്ചയും പുനരുജ്ജീവനവും, മുഹമ്മദ് ഗസ്നിയുടെ ക്ഷേത്ര ധ്വംസനം, ഔറംഗസീബിന്റെ കിരാതഭരണം, എന്നിവയൊക്കെ നോവലില്‍ കൃത്യമായ ഇടങ്ങളില്‍ കടന്നുവരുന്നുണ്ട്. ഭാരത ചരിത്രത്തെ മാറ്റിമറിച്ച ഷാബാനു ബീഗം കേസ്, രാമായണം സീരിയല്‍ എന്നിവ മിഴിവോടെ ചിത്രീകരിച്ചിരിക്കുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേല്‍, കെ.എം. മുന്‍ഷി, ഡോ. രാജേന്ദ്ര പ്രസാദ്, ജവഹര്‍ ലാല്‍ നെഹ്റു എന്നിവരെ സോമനാഥവുമായി ബന്ധിപ്പിച്ചുകൊണ്ട് ആ വിഷയത്തിലുള്ള അവരുടെ വ്യത്യസ്ത വീക്ഷണങ്ങളെ അവതരിപ്പിക്കുന്നു.
നെഹ്റുവിന്റെ കടുത്ത എതിര്‍പ്പിനെയും നിസ്സഹകരണത്തെയും ബൗദ്ധികമായി അദ്ദേഹം നടത്തിയ എതിര് പ്രചാരണങ്ങളെയും മറികടന്നുകൊണ്ട് സോമനാഥം പുനര്‍ജ്ജനിച്ച സംഭവത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സമാനമായി അവതരിപ്പിക്കുന്നതില്‍ നോവല്‍ വിജയിച്ചു. ആ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍ ഓരോഘട്ടത്തിലും ജവഹര്‍ലാല്‍ നെഹ്റു പാകിയ കാരമുള്ളുകള്‍ അനുവാചകന്റെ മനസ്സിലും പോറല്‍ വീഴ്ത്തും. എല്ലാത്തരത്തിലുമുള്ള എതിര്‍പ്പുകളെ തൃണവല്‍ഗണിച്ചുകൊണ്ട് സോമനാഥമുദ്ഘാടനം ചെയ്യാന്‍ സൗരാഷ്ട്രയിലേക്ക് പറന്ന അന്നത്തെ പ്രഥമപൗരന് ഡോ. രാജേന്ദ്ര പ്രസാദിന്റെ നടപടി അനുവാചകര്‍ ആഗ്രഹിച്ചുപോകും.
രാമക്ഷേത്ര നിര്‍മിതിക്കായി എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര,ഫ്ലാഗ് ഓഫ് ചെയ്തത് ‘സിക്കന്ദര്‍ ഭക്ത് എന്ന മുസല്‍മാനാണ്’ എന്ന വസ്തുത പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കര്‍സേവയും അതിനിടയില്‍ നടന്ന പോലീസ് അതിക്രമങ്ങളും ജീവന് ബലിയര്‍പ്പിച്ച കോത്താരി സഹോദരന്മാരും ഇതില്‍ കടന്നുവരുന്നുണ്ട്.
ഭാരതചരിത്രത്തെ ഏതുരീതിയില്‍ സമീപിച്ചാലും മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര് നടത്തിയിരിക്കുന്ന ഇടപെടലുകള്‍ കാണാതെ പോകാനാവില്ല. ‘ചരിത്രപരമായ ഭൗതികവാദം’ മറപറ്റി മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ എങ്ങനെയാണ് നമ്മുടെ ഭൂതകാലത്തെ വളച്ചൊടിച്ചത് എന്ന വിഷയം അനേകം തീസീസുകള്കൊണ്ടുപോലും നിര്‍ധാരണം ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത പ്രശ്നമാണ്. ഭാരതം എന്ന ആശയത്തിന് എതിരായി മാത്രം സഞ്ചരിക്കുന്ന കമ്യൂണിസത്തെ ‘The Story Of Ayodhya’ തുറന്നുകാട്ടുന്നു. കമ്യൂണിസത്തെക്കുറിച്ചു പറയുമ്പോള്‍ ആധുനിക കാലത്ത് ആ സിദ്ധാന്തത്തിന്റെ അവസാനത്തെ അഭയകേന്ദ്രങ്ങളില്‍ ഒന്നായിരിക്കുമെന്ന് കരുതപ്പെടുന്ന കേരളത്തെ പരാമര്ശിക്കാതിരിക്കാന് കഴിയില്ല. മീശ എന്ന നോവലും അതോടൊപ്പം ഉണ്ടായ വിവാദങ്ങളും പരാമര്‍ശവിഷയമാകുന്നു. ഭാരതത്തെ വെറുക്കുന്ന മാര്‍ക്സിസ്റ്റ് ബുദ്ധിജീവി പാകിസ്ഥാനില്‍ പോകുമ്പോള്‍ അവിടെ മത തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രംഗം കറുത്ത ഹാസ്യമായി അനുഭവപ്പെടും.
രാമകഥ കാലാതിവര്‍ത്തിയാണ്. ആദികവിയുടെ മനസ്സില്‍ ഉദിച്ച ആ കാവ്യം ദേശാന്തരങ്ങള്‍ കടന്നും സഞ്ചരിക്കുന്നു. രാമായണം തുടരും. തുടര്‍ന്നേ മതിയാകൂ. ആ തുടര്‍ച്ചയുടെ നമ്മുടെ കാലത്തെ അവതാരമാണ് ഈ പുസ്തകം. ത്രേതായുഗത്തില്‍ തുടങ്ങി കലിയുഗത്തില്‍ നമ്മുടെ തൊട്ടു മുന്നില്‍ വന്നു നിന്ന ഒരു ടൈം മെഷീന്. അതിലെ യാത്രക്കാരനാണ് ഇതു വായിക്കുന്ന ഓരോ മനുഷ്യനും. വിവിധ തലങ്ങളില്‍, രാമനും ലോധിയും ബാബറും ഹുമയൂണും മുതല്‍ നമ്മുടെ കാലത്തെ രാഷ്ട്രീയം വരെ വെള്ളിത്തിരയിലെന്നോണം കടന്നുപോകുന്നു. വിവിധ വര്‍ണ്ണങ്ങളുള്ള നൂലിഴകള്‍കൊണ്ട് നിര്‍മിക്കപ്പെട്ട ഒരു ചരട് പോലെയാണ് ഇത്. അത്ര സുന്ദരം.
ഓരോ ഘട്ടത്തിലും ഈ പുസ്തകം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും വ്യസന സമുദ്രത്തിലേക്ക് എടുത്തെറിയുകയും അടുത്ത നിമിഷം തന്നെ ആശ്വാസത്തിന്റെ തുരുത്തുകള്‍ കാട്ടി തരികയും ചെയ്യും. ഒരിടത്ത് ആത്മനിന്ദ കൊണ്ട് തലതാഴ്ത്താന്‍ പ്രേരിപ്പിക്കുമ്പോള്‍ മറ്റൊരിടത്തു ആര്‍ജവത്തോടെ, വൈരനിര്യാതന ത്വരയോടെ സായുധരായി ഉണര്‍ന്നെണീക്കാന്‍ പ്രചോദിപ്പിക്കുന്നു. അങ്ങനെ രാംലല്ലയുടെ ചരിത്രത്തിന്റെ ഈ പുതിയ വ്യാഖ്യാനം അതിന്റെ സമ്പൂര്‍ണത കൊണ്ട് തന്നെ നമ്മെ അത്ഭുതപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: