സരയുവില്‍നിന്ന് ഒരു കൈക്കുമ്പിള്‍ ജലമെടുത്ത് ഒരു നിമിഷം കണ്ണടച്ചു ധ്യാനിക്കുക. നിത്യസ്രവന്തിയായ കാലം അതിന്റെ എല്ലാ അടിയൊഴുക്കുകളോടൊപ്പം കലങ്ങിമറിഞ്ഞ് ആ കൈക്കുമ്പിളില്‍ തിളയ്ക്കുന്നത് കാണാം. മഹത്തായ ഒരു രാഷ്ട്രത്തിന്റെ ചിരപുരാതനമായ ഭൂതകാലം അതിന്റെ അടിത്തട്ടിലുണ്ട്. തൊട്ടുമുകളില്‍, അടിത്തട്ട് മറയ്ക്കും വിധം ആ രാഷ്ട്രത്തിന്റെ ചരിത്രപരമായ പതനത്തിന്റെ നാള്‍വഴികള്‍ കലങ്ങിക്കിടപ്പുണ്ട്. ഉപരിതലം ഏറെക്കുറെ വര്‍ത്തമാനംപോലെ പ്രശാന്തമാണ്.
യുഗങ്ങള്‍ക്കപ്പുറം അതിവിദൂരതയില്‍നിന്നും അരയാലിലകളില്‍ കാറ്റുപിടിച്ചതു പോലെ വാല്മീകി മഹര്‍ഷിയുടെ വാക്കുകള്‍ നാം ശ്രവിക്കുന്നു- ‘കോനസ്മിന്‍ സാമ്പ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍/ധര്‍മ്മ ജ്ഞശ്ച കൃതജ്ഞശ്ച സത്യവാക്യോ ദൃഢവ്രത.’ ആസേതു ഹിമാചലം ആ വാക്കുകള്‍ പ്രതിധ്വനിക്കുന്നു. വാല്മീകി മഹര്‍ഷിയുടെ ഈ ചോദ്യത്തിനുത്തരമെന്നോണം യുഗങ്ങള്‍ക്കിപ്പുറം, രാഷ്ട്രചേതന സനാതനധര്‍മ്മത്തിന്റെ കവചമണിഞ്ഞ് കോദണ്ഡമേന്തി നിവര്ന്നുനില്ക്കുന്നു. ആ കാഴ്ച നേരില്‍ കാണാന്‍ ഭാഗ്യംലഭിച്ചവരാണ് നമ്മള്. അതെ ആയോധ്യാധാമത്തില്‍ ശ്രീരാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുന്നു. ശദാബ്ദങ്ങള്‍ കാത്തിരുന്ന നിമിഷം!
ബദരി, കേദാര്‍, ഗംഗോത്രി, യമുനോത്രി എന്നീ ചതുര്‍ധാമങ്ങള്‍, അമര്‍നാഥ,് കാശി, മഥുര, ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ മറ്റ് പുണ്യധാമങ്ങള്‍- ഇവയോടൊപ്പം അയോധ്യാധാമവും ഭാരതത്തിന്റെ മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമാവാന്‍ പോവുന്നു. മാത്രമല്ല ഇനിമുതല്‍ ഭാരത സാംസ്കാരത്തിന്റെ വൈചാരി ക-വൈകാരിക കാന്തമണ്ഡലം അയോധ്യാധാമമായിരിക്കും.
കേരളത്തെ സംബന്ധിച്ച് ഈ സന്ദര്‍ഭത്തില്‍ സാംസ്കാരികമായി ഏറെ പ്രാധാന്യമുണ്ട്. സംഘ കാലം മുതല്‍ ആരംഭിക്കുന്ന അതിപ്രാചീനമായ ദ്രാവിഡ സംസ്കാരത്തിന്റെ പാരമ്പര്യം കേരളത്തിനുകൂടി അവകാശപ്പെട്ടതാണല്ലോ. രാമായണത്തിന്റെ സാംസ്കാരിക പാരമ്പര്യം മഹാകവി കമ്പരിലൂടെ തമിഴ് സമൂഹം ഏറ്റുവാങ്ങിയപ്പോള്‍ മഹാകവി ചീരാമനിലൂടെ കേരളീയ സമൂഹവും ഏറ്റുവാങ്ങി. ലഭ്യമായതില്‍വച്ച് ഏറ്റവും പഴക്കംചെന്ന മലയാള കാവ്യം രാമയണ പരിഭാഷയാണ്- ചീരാമകവിയുടെ രാമചരിതം. പിന്നീട് രാമകഥാപാട്ടും കണ്ണശ്ശരാമായണവും വരുന്നു. വാല്മീകിരാമായണത്തിന്റെ ഈ മഹിത പാരമ്പര്യം സാക്ഷാല്‍ തുഞ്ചത്തെഴുത്തച്ഛനിലെത്തുമ്പോള്‍ പൂര്‍ണ്ണത പ്രാപിക്കുന്നു.
വാസ്തവത്തില്‍ അഖണ്ഡ ഭാരതത്തിന്റെ സാംസ്കാരികധാരകളായിരുന്നു ഭക്തിപ്രസ്ഥാനത്തില്‍പ്പെട്ട ഈ രചനകളെല്ലാം. അയോധ്യാധാമമെന്ന കാന്തമണ്ഡലത്തില്‍നിന്നും പ്രക്ഷേപിക്കപ്പെട്ട സാംസ്കാരിക രശ്മികള്‍ ദക്ഷിണഭാരതത്തിന്റെ അതിരായ കേരളത്തില്‍തട്ടി തിരിച്ചുപോയി. ഇതുപോലെ ഉത്തര ദിക്കിലും പൂര്‍വ്വ ദിക്കിലും പശ്ചിമദിക്കിലും രാമാ യണത്തിന്റെ സാംസ്കാരിക രശ്മികള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ പ്രവഹിച്ചിട്ടുണ്ട്. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഭാരതത്തിലെ എല്ലാ ഭാഷകളിലും രാമായണം പുനരാഖ്യാനം ചെയ്യപ്പെടുന്നത്. ആ അര്‍ത്ഥത്തില്‍ ഭാരതമെന്ന വിശാലമായ രാജ്യത്തെ സാംസ്കാരികമായി വന്‍തോതില്‍ ഏകീകരിച്ചത് ഭക്തിപ്രസ്ഥാനമായിരുന്നു എന്നു പറയാം.
തെലുഗുവില്‍ തിക്കണ രചിച്ച നിര്‍വചനോത്തര രാമായണം, കന്നടയില്‍ നരഹരി രചിച്ച തോരവേ രാമായണം, ഹിന്ദിയില്‍ തുളസീദാസന് രചിച്ച രാമചരിതമാനസം, മറാഠിയില്‍ ഏക്നാഥ് രചിച്ച ഭാവാര്‍ത്ഥ രാമായണം, ബംഗാളിയില്‍ കൃത്തിവാസ് രചിച്ച കൃത്തിവാസരാമായണം, അസാമിയില്‍ മാധവകന്ദളി രചിച്ച രാമായണം, പഞ്ചാബിയില്‍ ഗുരു ഗോവിന്ദ്സിങ് രചിച്ച രാമാവതാരം, ഗുജറാത്തിയില്‍ ഗിരിധര്‍ദാസ് രചിച്ച രാമാചരിത്രം, ഒറിയ ഭാഷയില്‍ ബലരാമദാസന്‍ രചിച്ച ജഗമോഹന്‍ രാമായണം, കാശ്മീരി യില്‍ ദിവാകര പ്രകാശ് ഭട്ട് രചിച്ച പ്രകാശരാമായ ണം, ഉറുദുവില്‍ മുന്‍ഷി ജഗന്നാഥ് ഖുശ്തര്‍ രചിച്ച രാമായണ ഖുശ്തര്‍, പാഴ്സിയില്‍ അല്‍ബ ദായൂനി രചിച്ച രാമയണ മസീഹി തുടങ്ങിയ വ്യത്യസ്ത രാമായണങ്ങള്‍ ഭാരതത്തിന്റെ നാല് ദിക്കുകളിലുമുള്ള പ്രദേശങ്ങളെ സാംസ്കാരി കമായി ഏകോപിക്കാന്‍കാരണമായി. ഇതിനുപുറമെ രാമായണത്തെ ഇതിവൃത്തമാക്കി ഭാരതത്തിലെ എല്ലാ ഭാഷകളിലും സ്വതന്ത്രകൃതികളുമുണ്ടായിട്ടുണ്ട്.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന് അധിനിവേശ ശക്തികളുടെ വരവോടെ ക്ഷയം സംഭവിച്ച കാലഘട്ടത്തിലാണ് അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഭക്തിപ്രസ്ഥാനം ഭാരതത്തിന്റെ എല്ലാ ദിക്കിലും വ്യാപിച്ചത്. ഏറെക്കാലത്തിനുശേഷം കഴിഞ്ഞനൂറ്റാണ്ടിന്റെ പാതിയില്‍ ഭാരതം അധിനിവേശത്തിന്റെ രാഷ്ട്രീയനുകം നീക്കി. പക്ഷേ, അതിന്റെ സാംസ്കാരിക നുകം നീക്കാന്‍ നമുക്കായില്ല.
എന്നാല്‍ പതുക്കെയാണെങ്കിലും സ്വാതന്ത്ര്യത്തിന്റെ അമൃത വര്‍ഷം ആഘോഷിക്കുന്ന സന്ദര്‍ഭ ത്തില്‍ അധിനിവേശത്തിന്റെ സാംസ്കാരിക നുകം കുടഞ്ഞെറിയാന്‍ നാം തയ്യാറായി. അതിന്റെ ലക്ഷണമാണ് അയോധ്യാധാമത്തില്‍ കാണുന്നത്.
രാഷ്ട്രം അതിന്റെ ആത്മവീര്യം തിരിച്ചറിയുന്ന ഘട്ടത്തില്‍ രാഷ്ട്രത്തിന്റെ ആജന്മശത്രുക്കള്‍ക്ക് ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്. അവര്‍ പലവഴികളില്‍ പലരീതിയില്‍ രാഷ്ട്രത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കും. ഭാരതത്തിന്റെ ശിരസ്സായ കാശ്മീരിനെ ശിഥിലമാക്കി വിഘടിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. പക്ഷേ അവരിപ്പോള്‍ പരാജയപ്പെട്ടിരിക്കയാണ്. ദീര്‍ഘകാലത്തെ കാലുഷ്യങ്ങള്‍ക്കൊടുവില്‍, അനേകംപേരുടെ ബലിദാനത്തിനുശേഷം ഇന്ന് കാശ്മീര്‍ ശാന്തമാണ്. ഇപ്പോള്‍ ദക്ഷിണേന്ത്യയെ ശിഥിലമാക്കി ഭാരതത്തില്‍നിന്ന് വിഘടിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. ആത്യന്തികമായി ആ ശ്രമത്തിലും അവര്‍ പരാജയപ്പെടും. അതിന് ദീര്‍ഘകാലം കാത്തിരിക്കേണ്ട ആവശ്യമില്ല. കാരണം ഇപ്പോള്‍ രാഷ്ട്രം അതിന്റെ ആത്മവീര്യം പുറത്തുകാട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഭാരതത്തിന്റെ ദേശീയതയില്‍ അഭിമാനിക്കുന്ന എല്ലാ ജാതി മതസ്ഥരും വിഘടനവാദികളെ തിരസ്കരിക്കാന്‍ തയ്യാറായിരിക്കുന്നു. ഇത് ശുഭലക്ഷണമാണ്.
അര്‍ത്ഥത്തിനേക്കാള്‍ ധര്‍മ്മത്തിനും കാമത്തിനേക്കാള്‍ മോക്ഷത്തിനും ഭോഗത്തിനേക്കാള്‍ ത്യാഗത്തിനും സ്ഥാനം നല്കിയ ഭാരതത്തിന്റെ രാഷ്ട്ര സങ്കല്‍പ്പം മര്യാദാപുരുഷോത്തമന് ശ്രീരാമചന്ദ്രനില്‍നിന്നാണ് തുടങ്ങുന്നത്. ശ്രീരാമചന്ദ്രനെ നയിച്ചത് സനാതന ധര്‍മ്മമായിരുന്നു. വാല്മീകി മഹര്‍ഷി രാമായണത്തില്‍ ഇക്കാര്യം ആവര്‍ത്തിച്ചു പറയുന്നുണ്ട്. കാലത്തിന്റെ ഗതിവിഗതികളില്‍ അതിന്റെ രൂപഭാവങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടാവാം. എന്നാല്‍ സനാതനധര്‍മത്തിന്റെ അസ്തിവാരം ഈ രാഷ്ട്രത്തിന്നഷ്ടപ്പെട്ടിരുന്നില്ല. ലോകത്ത് നിലവിലുണ്ടായിരുന്ന സംസ്കാരങ്ങള്‍ക്കെല്ലാം കാലക്രമത്തില്‍ നാശം സംഭവിച്ചപ്പോള്‍ സനാതനധര്‍മം മാത്രം നിലനിന്നു. ഭാരതം നൂറ്റാണ്ടുകളായി അധിനിവേശത്തിന്റെ നുകങ്ങളിലമര്‍ന്നിട്ടും അവര്‍ക്കാര്‍ക്കും ഈ ധര്‍മത്തെ നശി പ്പിക്കാന് സാധിച്ചില്ല. കാരണം അത് സനാതനമായിരുന്നു. അയോധ്യാധാമം ആ ധര്‍മത്തിന്റെ കാന്തമണ്ഡലമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: