ഷട് ‘ഭ’ കാരങ്ങളില്‍ മൂന്നാമത്തേത് ഭജന്‍ (ഭജനം). വീട്ടിലെ ആത്മചൈതന്യം ഉയര്‍ത്തുന്നതിന് ഭജനം സഹായിക്കുന്നു. ‘വിളിച്ചാല്‍ വിളികേള്‍ക്കുന്ന’ പ്രത്യക്ഷദൈവങ്ങളായ മാതാപിതാക്കള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ശ്രീകോവിലാണ് വീട്. അവരെ ആദരിക്കുമ്പോള്‍ അവരുടെ അനുഗ്രഹത്തിന് നാം അര്‍ഹത നേടുന്നു. അതിനാല്‍ ക്ഷേത്രത്തിലെ പവിത്രത വീട്ടിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. വീട്ടിലെ പാചകമുറി ശരീരത്തിനും പ്രാണനും (അന്നമയകോശ കോശത്തിനും പ്രാണമയ കോശത്തിനും) ശക്തിപകരുമ്പോള്‍, പൂജാമുറി ബുദ്ധിക്കും മനസ്സിനും ജീവനും (മനോമയകോശം, വിജ്ഞാനമയകോശം, ആനന്ദമയ കോശം) കരുത്തു പകരുന്നു. ഇതാണ് പൂര്‍ണ വ്യക്തിത്വ വികാസത്തിന്റെ പന്ഥാവ്.
പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീട്ടിലും തുളസിത്തറയിലും ദീപജ്യോതി തെളിയിക്കുന്നത് നമ്മുടെ പൗരാണികമായ ആചാരപദ്ധതിയാണ്. സായംസന്ധ്യയ്ക്ക് (ത്രിസന്ധ്യയ്ക്ക്) ദീപം ജ്വലിപ്പിച്ച് കുടുംബാംഗങ്ങള്‍ ഒന്നിച്ച്, പൂജാമുറിയില്‍ ഒത്തുകൂടി, ഭജന ചൊല്ലുന്നത് ഒരേസമയം മനസ്സിന് ഭക്തിയും ജീവനും ശക്തിയും പകരുന്നതാണ്. ഭക്തിയും ശക്തിയും ഉള്ളിടത്ത് ശാന്തിയും ആനന്ദവും കളിയാടുന്നു. അങ്ങനെ എല്ലാ വീടുകളും ഭക്തിമയവും ശാന്തിമയവും ആനന്ദമയവുമാക്കിത്തീര്ക്കുക എന്നതാണ് കുടുംബപ്രബോധന്‍ മുന്നോട്ടു വെയ്ക്കുന്ന മംഗളസംവാദത്തിന്റെ ലക്ഷ്യം.
ഇന്നത്തെ തിരക്കു പിടിച്ച ജീവിതപ്പാച്ചിലില്‍ എല്ലാദിവസവും കുടുംബാംഗങ്ങള്‍ ഒന്നിച്ചുകൂടുന്നത് അപ്രായോഗികമായേക്കാം. എന്നാല്‍ കഴിയുന്നത്ര ദിവസങ്ങളില്‍ (ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നിര്‍ബന്ധം) സത്സംഗം നടത്തുക എന്നത് കുടുംബാംഗങ്ങളുടെ ആത്മൈക്യത്തിന് അനിവാര്യമാണ്. ഇതിനെ സാപ്താഹിക സത്സംഗം എന്നു പറയുന്നു.
സാപ്താഹിക സത്സംഗത്തില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചു ചേരുന്നതിനാണ് പ്രാധാന്യം. സത്സംഗവേളയില്‍ പത്തോ അതിലധികമോ മിനിട്ടു സമയം ഇൗണമാര്ന്ന ഭജനകള്‍ ചൊല്ലുന്നത് കുട്ടികള്‍ക്കും ഇമ്പമുണ്ടാക്കുന്ന കാര്യമായിരിക്കും. അതു കഴിഞ്ഞ് അത്രയും സമയം തന്നെ കുടുംബാംഗങ്ങള്‍ക്ക് ഹൃദയം തുറന്ന് സംവദിക്കാനുള്ള വേദിയൊരുക്കണം. ഇവിടെ ഔപചാരികതയും കൃത്രിമത്വവും കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പരസ്പരം കുറ്റം കാണുന്നതും അധിക്ഷേപിക്കുന്നതും ഉചിതമല്ല. മടികൂടാതെ വീട്ടുകാര്യങ്ങളും, നാട്ടുകാര്യങ്ങളും, ദേശകാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ വേദിയൊരുക്കണം. ഇവിടെ ആശയവിനിമയം എന്നതിലുപരി, ആത്മബന്ധം ദൃഢീകരിക്കുന്നതിലാണ് ഊന്നല്‍ നല്‍കേണ്ടത്. വിവാദ വിഷയങ്ങളും അഭിപ്രായങ്ങളും (കക്ഷിരാഷ്ട്രീയം, തെരഞ്ഞെടുപ്പ്, സിനിമ എന്നിവ) സത്സംഗത്തില്‍ ഇടം പിടിക്കരുത്.
സത്സംഗവേദി, ഹരിനാമകീര്‍ത്തനം, ശ്രീകൃഷ്ണചരിതം മണിപ്രവാളം, ഭഗവദ്ഗീത, ജ്ഞാനപ്പാന മുതലായ ധര്‍മഗ്രന്ഥങ്ങള്‍ പുതിയ തലമുറകള്‍ക്ക് പരിചയപ്പെടുത്താന്‍ ഉപയോഗപ്പെടുത്തണം. മിതവ്യയം, സ്വദേശിശീലം, പ്രകൃതിസ്നേഹം തുടങ്ങിയവയും ചിന്താവിഷയങ്ങളാക്കാവുന്നതാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: