പിതാവായ ദശരഥന്‍ കൈകേയിക്ക് കൊടുത്ത സത്യം പാലിക്കുന്നതിനായി 14 വര്‍ഷം വനവാസത്തിനു തയ്യാറായ ശ്രീരാമനും കൂടെ ലക്ഷ്മണനും സീതാദേവിയും.
വനവാസത്തിനിടയ്‌ക്ക് രാമപത്‌നിയായ സീതയെ അസുരരാജാവായ രാവണന്‍ അപഹരിക്കുന്നു. ശ്രീരാമനും ലക്ഷ്മണനും സീതയെ തേടി കാനനത്തില്‍ നടക്കുമ്പോള്‍ ജടായു എന്ന പക്ഷിയാണ് ആദ്യമായി ഒരു സൂചന നല്‍കുന്നത്, സീതാദേവിയെ രാവണന്‍ അപഹരിച്ച് ദക്ഷിണ ദിക്കിനെ ലക്ഷ്യമാക്കി പോയി എന്നത്. വീണ്ടും അന്വേഷണം തുടര്‍ന്നു അങ്ങനെ അവര്‍ പ്രദേശങ്ങളില്‍ കൂടി നടക്കുമ്പോഴാണ് കിഷ്‌കിന്ധയില്‍ നിന്ന് നിഷ്‌കാസിതനായ സുഗ്രീവനും ഹനുമാനും മറ്റും ഇവരെ കാണുന്നത് കബന്ധന്‍, സുഗ്രീവന്‍ എന്നൊരു വാനരന്‍ ഉണ്ടെന്നും സീതയെ കണ്ടെത്താന്‍ സഹായിക്കുമെന്നും ഇവരോട് പറയുന്നുണ്ട്. ശ്രീ രാമലക്ഷ്മണന്മാരെ കണ്ട സുഗ്രീവന്‍ മന്ത്രിയായ ഹനുമാനോട് ഇരുവരും ആരാണെന്ന് അന്വേഷിക്കുവാനും കൂട്ടിക്കൊണ്ടു വരുവാനും പറയുന്നു. രാമലക്ഷ്മണന്മാരോട് വിവരങ്ങള്‍ അന്വേഷിച്ച ഹനുമാന്‍ അവരെ കൂട്ടിക്കൊണ്ട് സുഗ്രീവന്റെ അടുത്തെത്തുകയും തുല്യ ദുഃഖിതരായ ശ്രീരാമനും സുഗ്രീവനും തമ്മില്‍ സഖ്യം ചെയ്യുകയും ചെയ്യുന്നു. ശ്രീരാമന്‍ താനാരാണെന്നും തന്റെ ആവശ്യം എന്താണെന്നും സുഗ്രീവനോട് പറയുകയും സുഗ്രീവന്റെ വിശേഷം ചോദിച്ചറിയുകയും ചെയ്തു.
ഋഷരാജന്‍ എന്ന വാനര രാജാവിന്റെ മക്കളായിരുന്നു ബാലിയും സുഗ്രീവനും. അത്യധികം സ്‌നേഹത്തില്‍ കഴിഞ്ഞ സഹോദരങ്ങള്‍. പിതാവിന്റെ മരണശേഷം മൂത്ത പുത്രനായ ബാലി രാജാവായി. അനുജനായ സുഗ്രീവന്‍ ബാലിയുടെ സേവകനായി കഴിഞ്ഞു. ബാലി അത്യന്തം ബലവാനും ധീരനും ആയിരുന്നു. ഒരിക്കല്‍ മായാവി എന്ന അസുരന്‍ കിഷ്‌കിന്ധയില്‍ വന്നു ബാലിയെ യുദ്ധത്തിനു വെല്ലുവിളിച്ചു. മായാവിയാല്‍ പ്രകോപിതനായ ബാലി ശത്രുവിനെ നേരിടാന്‍ കൊട്ടാരത്തിന് വെളിയിലേക്ക് ഓടി. സുഗ്രീവനും ബാലിയെ അനുഗമിച്ചു. മായാവി ഒരു ഗുഹയില്‍ കയറിയതിനാല്‍ സുഗ്രീവനെ വെളിയില്‍ നിര്‍ത്തിയിട്ട് ബാലി ഗുഹയിലേക്ക് കയറി. നാളുകള്‍ കഴിഞ്ഞ് ഒരു ദിവസം ഗുഹക്കുള്ളില്‍ നിന്ന് രക്തം വരികയും മായാവിയുടേതായ അലര്‍ച്ചകള്‍ കേള്‍ക്കുകയും ബാലിയുടെ ശബ്ദം കേള്‍ക്കാതിരിക്കുകയും ചെയ്തപ്പോള്‍ ബാലി കൊല്ലപ്പെട്ടിരിക്കുമെന്ന വിശ്വാസത്തില്‍ ഗുഹാദ്വാരം വലിയ പാറക്കല്ലുകള്‍ കൊണ്ട് അടച്ചിട്ട് അത്യന്തം വ്യസനത്തോടെ സുഗ്രീവന്‍ രാജ്യത്ത് മടങ്ങിയെത്തി. മന്ത്രിമാര്‍ എല്ലാവരും കൂടി സുഗ്രീവനെ രാജാവായി തെരഞ്ഞെടുക്കുകയും അത്യന്തം നീതിയോടെ ഭരണം നടത്തുകയും ഉണ്ടായി. എന്നാല്‍ കുറേ കഴിഞ്ഞപ്പോള്‍ ബാലി വിജയശ്രീലാളിതരായി കിഷ്‌കിന്ധയില്‍ മടങ്ങിയെത്തുകയും സിംഹാസനത്തില്‍ സുഗ്രീവനെ കണ്ട് കോപാന്ധനാവുകയും ചെയ്തു. തനിക്ക് അബദ്ധം പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും ഒരിക്കലും കരുതിക്കൂട്ടി ജേഷ്ഠനെതിരെ ഒന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞെങ്കിലും ബാലി വഴങ്ങിയില്ല. സുഗ്രീവന്‍ മനഃപൂര്‍വ്വം ഗുഹാദ്വാരം അടച്ചതാണെന്നു പറഞ്ഞ് സുഗ്രീവനെ രാജ്യത്തുനിന്ന് തന്നെ പുറത്താക്കി. സുഗ്രീവന്റേതായ എല്ലാം സ്വന്തം ഭാര്യ സഹിതം ബാലി കരസ്ഥമാക്കി. വിശ്വസ്തരായ നാലുപേരോടൊത്ത് ( നളന്‍, നീലന്‍, താരന്‍, ഹനുമാന്‍) സുഗ്രീവന്‍ ഋഷ്യമൂകാചലത്തില്‍ താമസമാക്കി. ആ പരിസരത്ത് ബാലി ഒരിക്കലും പ്രവേശിക്കരുതെന്നും പ്രവേശിച്ചാല്‍ മരണം ഉണ്ടാകുമെന്നുമുള്ള മാതംഗ മുനിയുടെ ശാപം നിമിത്തം അവിടെ ഒരിക്കലും ബാലി വരികയില്ല.
യുദ്ധക്കൊതിയനായ ബാലിയെ ഒരിക്കല്‍ ദുന്ദുഭി എന്ന അസുരന്‍ ഒരു പോത്തിനെ രൂപത്തില്‍ യുദ്ധത്തിന് വെല്ലുവിളിച്ചു. ദുന്ദുഭി യെ ബാലി അതിഭയങ്കരമായി ഉപദ്രവിക്കുകയും ദുന്ദുഭിയുടെ കൊമ്പുകള്‍ നിലത്തമര്‍ത്തി ചെവിയില്‍ നിന്ന് രക്തം വരികയും ചെയ്തു. പിന്നീട് അതിശക്തനായ ബാലി ദുന്ദുഭിയെ പൊക്കിയെടുത്ത് വളരെ ദൂരത്തേക്ക് എറിഞ്ഞു. ദുന്ദുഭിയുടെ ശരീരത്തില്‍ നിന്നൊഴുകിയ രക്തം മാതംഗ മുനിയുടെ ആശ്രമവളപ്പില്‍ വീഴുകയും ശരീരം ആ പര്‍വ്വത മുകളില്‍ പതിക്കുകയും ചെയ്തു. അത്യന്തം കോപിഷ്ഠനായ മുനിഈ പരിസരത്ത് ബാലി വന്നാല്‍ മരണം ഉണ്ടാകുമെന്ന് ശപിക്കുന്നു. ബാലിയ്‌ക്കുണ്ടായ ആ ശാപം രക്ഷയായി കരുതിയാണ് സുഗ്രീവന്‍ മന്ത്രിമാരായ നാലുപേരോടുകൂടി ഋശ്യമൂകാചലത്തില്‍ വസിക്കുന്നത്. തനിക്ക് ബാലിയെ ഭയക്കാതെ ജീവിക്കണമെന്നുള്ള സുഗ്രീവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്നും ബാലിയെ വധിക്കുന്നതാണെന്നും ശ്രീരാമന്‍ സുഗ്രീവന് വാക്കു കൊടുക്കുന്നു. സീതയെ കണ്ടെത്തുന്നതിന് ശ്രീരാമനെ സഹായിക്കുന്നതിന് തയ്യാറാണെന്ന് സുഗ്രീവനും പറയുന്നു. മായാവിയമായുള്ള യുദ്ധത്തില്‍ സുഗ്രീവന് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ ജ്യേഷ്ഠനോട് ക്ഷമ ചോദിക്കുന്ന സുഗ്രീവനോട് കാര്യങ്ങള്‍ മനസ്സിലാക്കി ക്ഷമിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു. ബാലിയുടെ ബലവീര്യങ്ങളിലുള്ള അഹങ്കാരം കൊണ്ടാണ് സ്വന്തം സഹോദരനെ മനസിലാക്കാതെ പോയത്. സുഗ്രീവനുമായി രാമന്‍ ചെയ്ത് സഖ്യത്തിന്റെ പാലനത്തിനായി സുഗ്രീവന്‍ ബാലിയെ പോരിനു വിളിക്കുകയും സുഗ്രീവപക്ഷത്തു നിന്ന് ശ്രീരാമന്‍ ബാലിയെ വധിക്കുകയും ചെയ്യുന്നു. രാമന്റെ അമ്പേറ്റു വീണ ബാലി, ശ്രീരാമന് യാതൊരു ഉപദ്രവവും ചെയ്യാത്ത തന്നെ വധിക്കുന്നതിന് എന്തിനാണെന്ന് ചോദിക്കുന്നു. സജ്ജനങ്ങള്‍ പാലിക്കേണ്ട ധര്‍മ്മ മര്യാദകളുണ്ട.് അച്ഛന്‍, അഗ്രജന്‍, ആചാര്യന്‍ ഈ മൂന്നുപേരും പിതാക്കന്മാരാണ്. ആത്മജന്‍, വിനീതശിഷ്യന്‍, അനുജന്‍ ഈ മൂന്നുപേരും മക്കളാണ.് സ്വന്തം അനുജന്റെ ഭാര്യയെ അവന്‍ ജീവിച്ചിരിക്കെ നേരും നെറിയുമില്ലാതെ സ്വന്തമാക്കിയത് അധര്‍മ്മ പ്രവര്‍ത്തിയാണ്. സുഗ്രീവനെ പുത്രനെ പോലെയും രുമയെ പുത്രിയെപ്പോലെയും കാണണമായിരുന്നു.
പുത്രീ ഭഗിനി സഹോദര ഭാര്യയും
പുത്രകളത്രവും മാതാവുമേതുമേ
ഭേദമില്ലെന്നല്ലോ വേദവാക്യമതു
ചേതസി മോഹാല്‍ പരിഗ്രഹിക്കുന്നവന്‍
പാപികളില്‍ വച്ചുമേറ്റം മഹാപാപി
താപമവര്‍ക്കതിനാലേ വരുമല്ലോ
മര്യാദനീക്കി നടക്കുന്നവര്‍കളെ
ശൗര്യമേറും നൃപന്മാര്‍ നിഗ്രഹിച്ചഥ
ധര്‍മസ്ഥിതി വരുത്തും ധരണീതലേ
നിര്‍മലാത്മ നീ നിരൂപിക്ക മാനസേ
(അദ്ധ്യാത്മരാമായണം)
ഇതേ കാര്യംതന്നെ ലക്ഷ്മണനോട് സുമിത്രയും പറയുന്നു. വനവാസത്തിനായി ജ്യേഷ്ഠനോടൊപ്പം യാത്രയാകുന്ന ലക്ഷ്മണനോട് ഇവിടെ സീതാദേവിയെ ഞാനായി കാണണം എന്നാണ് പറയുന്നത്. എല്ലാ പുരാണഗ്രന്ഥങ്ങളിലും മഹത്തായ കൃതികളിലുമെല്ലാം പറയുന്ന കാര്യങ്ങള്‍ സാധാരണ ജനങ്ങളുടെയും കൂടെ സമാധാനപരമായ ജീവിതത്തിന് മാതൃകയാക്കണം. ധര്‍മനേത്രം കൊണ്ട് നോക്കിയാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കിട്ടും. സമാധാനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: