ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും ‘എടാ, പോടാ, നീ..’ വിളികളെല്ലാം ഇനിയെങ്കിലും മതിയാക്കൂവെന്നും പോലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ഏറെ പ്രധാനപ്പെട്ട വിഷയമാണ്. പോലീസ് ജനങ്ങളോട് മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പിക്കാന്‍ വീണ്ടും സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈനായി കോടതിയില്‍ ഹാജരായ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇക്കാര്യം ഉറപ്പുനല്‍കുകയും ചെയ്തിരിക്കുന്നു. പാലക്കാട് ആലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. ആരോപണ വിധേയനായ എസ്.ഐ വി.ആര്‍. റിനീഷിനെതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും ഡിജിപി വിശദീകരിച്ചു. തുടര്‍നടപടികളിലെ പുരോഗതി വിലയിരുത്താന്‍ അടുത്തമാസം ഒന്നിന് കേസ് വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി സ്‌റ്റേഷനിലെത്തിയ അഡ്വ. ആക്വബി സുഹൈലിനോട് പോലീസ് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദേഷ്യമൊക്കെ കാട്ടുന്നത് സിനിമയിലെ രംഗങ്ങള്‍ അനുകരിക്കുന്നതാണോയെന്നും കോടതി ചോദിച്ചു. ഏതുസാഹചര്യത്തിലും സമചിത്തതയോടെ പെരുമാറാനാണ് പോലീസിന് പരിശീലനം നല്‍കുന്നത്. ഇത്തരം പെരുമാറ്റം സാധാരണക്കാരനു നേരെ ഉണ്ടാകുമ്പോള്‍ അവര്‍ക്ക് ഹൈക്കാടതിയില്‍ വരാന്‍ കഴിയുമോ. ഇതൊക്കെ കണക്കിലെടുത്ത് ശരിയായരീതിയില്‍ പെരുമാറാന്‍ പോലീസിന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം. നിയമത്തോടുള്ള ഭയമല്ല, ആദരവാണ് ക്രമസമാധാനം നിലനിര്‍ത്തുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു.
പോലീസിന്റെ പെരുമാറ്റം മെച്ചപ്പെട്ടതാകാന്‍ പോലീസ് മേധാവികള്‍ മുമ്പും പലകുറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസ് മേധാവികളായ ടി.പി.സെന്‍കുമാര്‍, ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ ഇതിനായി പല നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. അതിനേക്കാള്‍ മുമ്പ് പോലീസ് മേധാവിയായിരുന്ന ശിങ്കാരവേലു ശ്രദ്ധേയമായ പലപരിഷ്‌ക്കാരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുള്ളത് ഇത്തരുണത്തില്‍ സ്മരണീയമാണ്. പോലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്യുന്നവരോട് മര്യാദയോടെ സംസാരിക്കണം. ഗുഡ് മോണിംഗും ഗുഡ്ആഫ്റ്റര്‍ നൂണും ഗുഡ് ഈവനിംഗും പറയണമെന്നും നിര്‍ദ്ദേശിച്ചതാണ്. പോലീസ് സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ഇരിക്കാന്‍ സൗകര്യം നല്‍കണം. സ്‌റ്റേഷനിലെത്തുന്നവരെല്ലാം ക്രിമിനലുകളാണെന്ന ധാരണ തെറ്റാണെന്ന് പലകുറി പറഞ്ഞിട്ടുണ്ട്. അതെല്ലാം ജലരേഖയായി മാറിയതാണ് ചരിത്രം. പോലീസിനെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം കൊണ്ടുവന്ന 72 വ്യത്യസ്ത പരിഷ്‌കാരങ്ങളില്‍ രണ്ടെണ്ണം വേറിട്ടുനില്‍ക്കുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ പോലീസ് സ്‌റ്റേഷന്‍ കോഴിക്കോട്ട് ആരംഭിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. അന്നത്തെ രാഷ്‌ട്രപതിയായിരുന്ന വി.വി.ഗിരി തിരുവനന്തപുരത്ത് ആദ്യത്തെ പോലീസ് ആശുപത്രി ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റില്‍ നിന്നും പോലീസില്‍ നിന്നും ഒരുപാട് ബഹുമതികള്‍ ഇവയ്‌ക്ക് ലഭിച്ചു.
37 വര്‍ഷത്തെ പോലീസ് സേവനവും ആറ് വര്‍ഷത്തെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹം 65-ാം വയസ്സില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. വിരമിച്ചതിന് ശേഷം പോലീസ് ഡൈജസ്റ്റിന്റെ സ്ഥാപകഎഡിറ്റര്‍ എന്ന നിലയില്‍ അദ്ദേഹം തിരക്കിലായി. പോലീസിനും പൊതുജനങ്ങള്‍ക്കും ഇടയിലുള്ള പാലം. ഇംഗ്ലീഷിലും തമിഴിലും കഴിവുള്ള എഴുത്തുകാരനായ അദ്ദേഹത്തിന്റെ തൂലികയും ബാറ്റണ്‍പോലെ ശക്തമായിരുന്നു. ഒരു വ്യക്തി എന്ന നിലയിലും ഒരു എഴുത്തുകാരന്‍ എന്ന നിലയിലും അദ്ദേഹം നര്‍മ്മബോധത്തിന് പേരുകേട്ടതാണ്.
ഇതൊക്കെയാണെങ്കിലും പോലീസിന്റെ പെരുമാറ്റത്തില്‍ കാതലായ മാറ്റങ്ങളൊന്നും ഉണ്ടായില്ല എന്നതാണ് സങ്കടകരം. ഏറ്റവും ഒടുവില്‍ ഹൈക്കോടതിക്ക് തന്നെ വിഷയത്തില്‍ ഇടപെടാനും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മുതിരേണ്ടവന്നു. ഏതായാലും കുറ്റാന്വേഷണത്തില്‍ കേരള പോലീസിന്റെ പെരുമാറ്റവും പ്രവര്‍ത്തനവും മാതൃകാപരമെന്നുതന്നെയാണ് പൊതുവെയുള്ള അഭിപ്രായം. അതിന് കളങ്കമുണ്ടാക്കുന്നതാണ് പോലീസില്‍ ചിലരുടെ അതിരുവിട്ടകളികള്‍. അതിന് കാതലായ മാറ്റം വരികതന്നെ വേണം. പോലീസിന്റെ പരിശീലന കാലത്ത് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അപാകതയുണ്ടെങ്കില്‍ അത് തിരുത്തുക തന്നെ വേണം. പോലീസിന്റെ പെരുമാറ്റം മാന്യവും മാതൃകാപരമാവുകയും വേണം. ഇതില്‍ ഒരു കോടതിക്കും ഇടപെടാന്‍ ഇടമില്ലാത്ത നിലയില്‍ കുറ്റമറ്റതാവുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: