Categories: Parivar

സമരഭരിത ജീവിതം; ഡോ. മുരളി മനോഹര്‍ ജോഷി എന്ന അടിമുടി ദേശീയവാദി

Published by

പാലംപൂരിലെ അയോദ്ധ്യാ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയുക്തനായ നൈനിറ്റാളുകാരന്‍ പ്രൊഫസറാണ് രാമജന്മഭൂമി പ്രക്ഷോഭത്തെ കരുത്തുറ്റതാക്കി തീര്‍ക്കാന്‍ രാഷ്‌ട്രീയമായ ആശയ അടിത്തറ ഒരുക്കിയവരില്‍ പ്രബലന്‍. പോരാട്ടത്തിന്റെ നാളുകളില്‍ എല്‍.കെ. അദ്വാനിക്ക് പിന്നില്‍ രണ്ടാം നിരക്കാരനായി അരങ്ങും അണിയറയും നിറഞ്ഞ ആസൂത്രണ മികവിന്റെ പേരാണ് ഡോ. മുരളി മനോഹര്‍ ജോഷി എന്നത്. അടിമുടി ദേശീയവാദി. പത്തൊമ്പതാം വയസില്‍ ഗോഹത്യാനിരോധനപ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയും പ്രചാരപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്ത പോരാളി. 1955ല്‍ ഉത്തര്‍പ്രദേശിനെ ഇളക്കിമറിച്ച കിസാന്‍ കുംഭ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരന്‍… ജോഷിക്ക് സമരം പുത്തരിയായിരുന്നില്ല.

അലഹാബാദ് സര്‍വകലാശാലയില്‍ സ്‌പെക്‌ട്രോസ്‌കോപ്പിയില്‍ ഡോക്ടറേറ്റ് എടുക്കുമ്പോള്‍ ഹിന്ദിയില്‍ പ്രബന്ധം തയാറാക്കിയ ജോഷി അദ്ധ്യാപകരുടെ കണ്ണുതെള്ളിച്ചു. സ്വന്തം ഭാഷയില്‍ എഴുതാനല്ലെങ്കില്‍ എന്തിന് സ്വാതന്ത്ര്യം എന്നായിരുന്നു ജോഷിയുടെ ചോദ്യം. ആ വിഷയത്തില്‍ ഹിന്ദിയില്‍ പ്രബന്ധമെഴുതി ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വിദ്യാര്‍ത്ഥിയായി ജോഷി മാറി.

വിദ്യാര്‍ത്ഥിയായും അദ്ധ്യാപകനായും ജനപ്രതിനിധിയായും നാലരപ്പതിറ്റാണ്ട് അലഹബാദ് തട്ടകമാക്കിയ മുരളീമനോഹര്‍ ജോഷി അക്കാലം അയോദ്ധ്യയിലെ നിത്യസന്ദര്‍ശകനായിരുന്നു. പാലംപൂരിലെ പ്രഖ്യാപനത്തിന് ശേഷം രാമരഥയാത്രയുമായി സോമനാഥില്‍ നിന്ന് അദ്വാനി അയോദ്ധ്യാപ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിച്ച നാളുകളില്‍ വേദികളില്‍ നിന്ന് വേദികളിലേക്ക് ജോഷി യാത്ര ചെയ്തു. തടിച്ചുകൂടിയ ജനലക്ഷങ്ങളിലേക്ക് ചരിത്രത്തിലെ അധിനിവേശകഥകള്‍ രേഖകളുടെയും ഉദ്ധരണികളുടെയും അകമ്പടിയോടെ മനോഹരമായ ഭാഷയില്‍ എത്തിച്ചു…

ഭഗവാന്‍ രാമന്‍ എന്തുകൊണ്ട് രാഷ്‌ട്രത്തിന്റെ ആദര്‍ശപുരുഷനാകുന്നു എന്ന് വിവരിച്ചു. പിറന്ന മണ്ണിലല്ലെങ്കില്‍ നാം എവിടെ രാമന് ക്ഷേത്രമുണ്ടാക്കുമെന്ന് ചോദിച്ചു. നൂറ്റാണ്ടുകളായി ഒഴുകിപ്പരന്ന രാമഭക്തരുടെ ചോരയ്‌ക്ക് ഫലമുണ്ടാകണമെന്ന് ആവര്‍ത്തിച്ചു.

നമ്മള്‍ അയോദ്ധ്യയിലേക്ക് പോകും. രാമക്ഷേത്രം നിര്‍മ്മിക്കും. പൃഥിരാജ് ചൗഹാന്‍ എന്തിനാണ് സമരം ചെയ്തത്? ഛത്രപതി ശിവജി മഹാരാജ് ആരുടെ സ്വാഭിമാനത്തിനായാണ് പോരാടിയത്? മഹാറാണാ പ്രതാപന്‍ എന്തിന് വേണ്ടിയാണ് ത്യാഗം ചെയ്തത്… നമ്മള്‍ അതേ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് ഇറങ്ങിയവരാണ്. എഴുപത്തഞ്ച് യുദ്ധങ്ങള്‍… ലക്ഷക്കണക്കിന് ബലിദാനങ്ങള്‍… എങ്ങനെ നമുക്ക് ഈ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങാനാകും. രാമകാര്യം രാഷ്‌ട്രകാര്യമാണ്. അത് സാധിക്കാതെ ഒരു പിന്മാറ്റം ഇനിയില്ലെന്ന് നാം പ്രതിജ്ഞയെടുക്കണം… ശാന്തമായ ശരീരഭാഷയില്‍, അതിലേറെ ശാന്തമായ ശബ്ദത്തില്‍, എന്നാല്‍ ജനഹൃദയങ്ങളെ വികാരാവേഗങ്ങളിലേക്ക് നയിക്കുന്ന ഹൃദയത്തോടെ ഓരോ വേദിയും ജോഷി നിറഞ്ഞുനിന്ന കാലം…

കര്‍സേവയുടെ എല്ലാ കൂടിയാലോചനകളില്‍ ബിജെപിയുടെ ഭാഗത്തുനിന്ന് പങ്കെടുത്ത നേതാവായിരുന്നു ജോഷി. ഒരു ചെറിയ സംഘം ആളുകള്‍… ഭാനുപ്രതാപ് ശുക്ല, ദത്തോപന്ത് ഠേംഗ്ഡി, അശോക് സിംഘല്‍, ഗിരിലാല്‍ ജെയിന്‍, മുരളി മനോഹര്‍ ജോഷി… കര്‍സേവയുടെ രീതികള്‍ നിശ്ചയിക്കാനുള്ള കൂടിയാലോചനകള്‍..

1991ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി കല്യാണ്‍സിങ്ങിനെ നിയോഗിക്കുന്നതിന് പിന്നിലും ജോഷിയായിരുന്നു.

അയോദ്ധ്യയില്‍ തര്‍ക്കമന്ദിരം നീക്കം ചെയ്ത 1992 ഡിസംബര്‍ ആറിലെ കര്‍സേവയുടെ കാലത്ത് ജോഷിയായിരുന്നു ബിജെപി ദേശീയ അദ്ധ്യക്ഷന്‍. 1992 എന്നത് ജോഷിയുടെ മാത്രമല്ല, രാഷ്‌ട്രജീവിതത്തിന്റെ ദിശ മാറ്റിയ വര്‍ഷമാണ്. ആ വര്‍ഷം ആദ്യമാണ് കശ്മീരിലെ ലാല്‍ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള മഹത്തായ പ്രക്ഷോഭത്തിന്‍ ജോഷി നേതൃത്വം നല്‍കിയത്. കന്യാകുമാരിയില്‍ നിന്ന് കശ്മീരിലേക്ക് ജോഷി നയിച്ച ഏകതായാത്രയുടെ കടിഞ്ഞാണ്‍ പിടിച്ചത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. കശ്മീരില്‍ ദേശീയപതാക പറക്കാന്‍ അനുവദിക്കില്ലെന്ന് മതഭീകരര്‍ വെല്ലുവിളിച്ച കാലം. പി.വി. നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭീകരര്‍ക്ക് വിടുപണി ചെയ്യുന്ന കാലം. ഇപ്പോള്‍ തോറ്റാല്‍ രാജ്യം തോറ്റു എന്നാണ് അര്‍ത്ഥമെന്ന് ജോഷി ജനങ്ങളോട് പറഞ്ഞു. സ്വന്തം മണ്ണില്‍ ദേശീയപതാക ഉയര്‍ത്താനായില്ലെങ്കില്‍ അത് സ്വാതന്ത്ര്യത്തിനായി ജീവന്‍ വെടിഞ്ഞ അനേകായിരം ധീരദേശാഭിമാനികളോട് നമ്മുടെ തലമുറ ചെയ്യുന്ന പാപമായിരിക്കുമെന്ന് അദ്ദേഹം ഗര്‍ജിച്ചു. എല്ലാ വെല്ലുവിളികളെയും മറികടന്ന് ജോഷി ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തി. രാഷ്‌ട്രം ജയിച്ചു എന്ന് പ്രഖ്യാപിച്ചു. മോദിഭാരതം കശ്മീരിലെങ്ങും ത്രിവര്‍ണം പാറുന്ന കാലം ആരചിക്കുന്നതിന്റെ ആദ്യചുവടായിരുന്നു ജോഷിയുടെ ഏകതായാത്ര.
അതേവര്‍ഷം അവസാനത്തിലാണ് രാമക്ഷേത്രനിര്‍മ്മാണത്തിനുള്ള തടസം കര്‍സേവകര്‍ നീക്കിയത്. ദേശീയസ്വാഭിമാനത്തിലേക്കും രാമരാജ്യത്തിലേക്കുമുള്ള രാഷ്‌ട്രത്തിന്റെ പ്രയാണത്തിന് പതാകാവാഹകനാകാനുള്ള നിയോഗം ജോഷിക്കായിരുന്നു. പില്‍ക്കാലം അടല്‍ജി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ സരസ്വതി വന്ദനത്തിലൂടെയും വിദ്യാഭ്യാസപരിഷ്‌കരണത്തിലൂടെയും സ്വാഭിമാനഭാരത നിര്‍മ്മിതിയുടെ അടിക്കല്ല് പാകിയതും ജോഷിയുടെ മേധാശക്തിയാണ്. അമൃതകാലത്തിലേക്കുള്ള രാഷ്‌ട്രത്തിന്റെ കുതിപ്പിന്റെ ആദ്യപാതയില്‍ പോരാളിയായ ഈ പണ്ഡിതന്റെ കാലടയാളമുണ്ട്. തോല്‍ക്കാനല്ല ഭാരതം പിറന്നതെന്ന ആ വാക്കുകളുടെ ആത്മവിശ്വാസത്തിലാണ് പുതിയ തലമുറ അമൃതകാലം വിരചിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts