തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃപ്രയാര്‍ സന്ദര്‍ശനത്തിന് ഏറെ അര്‍ഥ തലങ്ങള്‍. അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാംലല്ല പ്രാണപ്രതിഷ്ഠയ്ക്കു ദിവസങ്ങള്‍ക്കു മുമ്പാണ് നരേന്ദ്ര മോദി തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ഇത് തൃപ്രയാര്‍ ക്ഷേത്രത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ആസേതു ഹിമാചലം ഭാരതത്തില്‍ രാമന് നിറഞ്ഞുനില്ക്കുന്നത് ജനശ്രദ്ധയില്‍ കൊണ്ടുവന്നു മോദി.
കേരള സാംസ്കാരിക ചരിത്രത്തില്‍ പ്രഥമ സ്ഥാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം. 2000 വര്‍ഷത്തിലേറെയായുള്ള ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്നത് തൃപ്രയാര്‍ തേവര് ശ്രീരാമനാണ്. ഭൂമിയിലെ ദേവ മേള എന്നറിയപ്പെടുന്ന ഈ പൂരം ഇടയ്ക്കു മുടങ്ങിയെങ്കിലും പിന്നീട് വീണ്ടും ആരംഭിച്ചു. ഇപ്പോള്‍ മുടക്കമില്ലാതെ 1441 വര്‍ഷം പിന്നിട്ടു. കേരളത്തിലെ ഏറ്റവും പ്രാചീന സാംസ്കാരിക മേളയാണിത്.
കേരളത്തില്‍ കര്‍ക്കടകത്തില്‍ നടക്കുന്ന നാലമ്പല തീര്‍ഥാടനത്തിലെ പ്രധാന കേന്ദ്രവും തൃപ്രയാറാണ്. ഇവിടെ രാമനെ ദര്‍ശിച്ച ശേഷം ഭക്തര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം (ഭരതന്), മൂഴിക്കുളം ക്ഷേത്രം (ലക്ഷ്മണന്), പായമ്മല്‍ ക്ഷേത്രം (ശത്രുഘ്നന്‍) എന്നീ സഹോദരന്മാരെയും ദര്‍ശിക്കുന്നതാണ് നാലമ്പല തീര്‍ഥാടനം. ലക്ഷങ്ങളാണ് ഓരോ തീര്‍ഥാടന കാലത്തും ഇവിടെയെത്തുക. രാമായണവും രാമനും കേരളത്തിനും എത്ര മേല്‍ പ്രിയപ്പെട്ടതാണെന്ന് പ്രധാനമന്ത്രി രാജ്യത്തെയും ലോകത്തെയും ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ മാസത്തെ മന് കീ ബാത്തിലും പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
കേരളത്തിലെത്തുന്നതിനു മുമ്പ് പ്രധാനമന്ത്രി ആന്ധ്രയിലെ ലേപാക്ഷി ക്ഷേത്രവും സന്ദര്‍ശിച്ചു. സീതാപഹരണ സമയത്ത് രാവണനെ തടഞ്ഞ് വീരമൃത്യു വരിച്ച പക്ഷി ശ്രേഷ്ഠന് ജടായുവിന്റെ പേരിലുള്ളതാണ് ലേപാക്ഷി ക്ഷേത്രം. അടുത്ത ദിവസം അദ്ദേഹം രാമേശ്വരം ക്ഷേത്രം സന്ദര്‍ശിക്കും. ശ്രീരാമന് പ്രതിഷ്ഠിച്ചതായി പറയുന്ന ശിവലിംഗമാണ് രാമേശ്വരത്തേത്. ജാതി-മത-ഭാഷാ ഭേദങ്ങള്‍ക്കതീതമായി രാമന് ദേശം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നതാണ് നരേന്ദ്ര മോദി തന്റെ സന്ദര്‍ശനത്തിലൂടെ ലോകത്തിനു കാണിച്ചു കൊടുക്കുന്നത്. രാമന് എങ്ങനെ ദേശീയ പ്രതീകമാകുന്നെന്നു വ്യക്തമാക്കുകയാണ് മോദി.
കേരളത്തിലെ ഏറ്റവും പ്രമുഖ രാമക്ഷേത്രമായ തൃപ്രയാറില്‍ ഒരു മണിക്കൂറിലേറെ ചെലവഴിച്ച് വേദാലാപനവും രാമായണ പാരായണവും ശ്രവിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്.
അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് വ്രതമെടുത്തിരിക്കുമ്പോഴാണ് പ്രധാനമന്ത്രി തൃപ്രയാര്‍ ഉള്‍പ്പെടെയുള്ള ശ്രീരാമ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഭാരതത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള രാമ സങ്കല്‍പ്പങ്ങളെ അടുത്തറിയുക കൂടി പ്രധാനമന്ത്രി ലക്ഷ്യമിടുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും പ്രത്യേകതകളും തന്ത്രി തരണനെല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാടില്‍ നിന്ന് പ്രധാനമന്ത്രി ചോദിച്ചറിയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: