ഓച്ചിറ: അപ്രതീക്ഷിതമായി ഗവര്‍ണറുടെ പ്രസംഗം ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ ത്രില്ലിലാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ബിഡിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി ഹരിത.
ഓച്ചിറ പരബ്രഹ്മ ആഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പങ്കെടുത്ത കേരള തണ്ടാന്‍ മഹാസഭ പരിപാടിയില്‍ ഈശ്വര പ്രാര്‍ത്ഥന ആലപിക്കാനാണ് കൃഷ്ണപുരം മേക്കാട്ട് വീട്ടില്‍ എം.വി ജയലാലിന്റെയും മായയുടെയും മകള്‍ ഹരിത എത്തിയത്.
ഗവര്‍ണര്‍ മലയാളത്തിലാണ് പ്രസംഗം ആരംഭിച്ചത്. ഓരോ വാക്കുകള്‍ക്കും സദസ്സില്‍ നിന്ന് നിറഞ്ഞ കൈയടി. ഇംഗ്ലീഷില്‍ പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് ഹരിതയെ നേരിട്ട് വിളിച്ച ആരിഫ് മുഹമ്മദ് ഖാന് തന്റെ പ്രസംഗം പരിഭാഷ ചെയ്യാന്‍ പറഞ്ഞു. ആദ്യം ഒന്നു പകച്ചെങ്കിലും ആത്മവിശ്വാസത്തോടെ വേദിയിലെത്തിയ ഹരിത ഒട്ടും പതര്ച്ചതയില്ലാതെ ഗവര്‍ണറുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിപാഷപ്പെടുത്തി.
പ്രസംഗം പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് ഹരിതയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു, സ്നേഹോപഹാരവും നല്കി.ഗവര്‍ണറെ പോലുള്ള വിശിഷ്ട വ്യക്തിക്കൊപ്പം, ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അപൂര്‍വ്വം ഭാഗ്യം ലഭിച്ചതെന്നും ആത്മവിശ്വാസം വര്‍ധിച്ചെന്നും ഹരിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: