കൊട്ടാരക്കര: ജല്‍ജീവന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹരണം പദ്ധതി പൂര്‍ത്തീകരണത്തിന് തടസം സൃഷ്ടിക്കുന്നു. കേന്ദ്ര വിഹിതത്തിന് അനുസൃതമായി സംസ്ഥാനം ഫണ്ട് അനുവദിക്കാത്തതാണ് ഇതിന് പ്രധാന കാരണം.
എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ നടത്തിപ്പില്‍ കേരളം 30-ാം സ്ഥാനത്താണ്. 2024ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ 50 ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. 45 ശതമാനം കേന്ദ്ര വിഹിതം കിട്ടുന്ന പദ്ധതി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിന് വന്‍ നഷ്ടമുണ്ടാകും.
സംസ്ഥാന വിഹിതമായ 45 ശതമാനം യഥാസമയം ചെലവാക്കാന്‍ കഴിയാഞ്ഞതും ടെണ്ടറുകളുടെ അടങ്കലുകള്‍ കരാറുകാര്‍ക്ക് പ്രാപ്യമായ വിധം ക്രമീകരിക്കുവാന്‍ കഴിയാതിരുന്നതുമാണ് സംസ്ഥാനം പദ്ധതി നടത്തിപ്പില്‍ പിന്നോക്കം പോകാന്‍ ഇടയായത്. 15,000 കോടി രൂപ എങ്കിലും സംസ്ഥാനവിഹിതം വേണം. ഇത് ബജറ്റില്‍ വകയിരുത്തുകയോ വായ്പാ പരിധിക്ക് പുറമെ കടം വാങ്ങാന്‍ കേന്ദ്ര അനുമതി വാങ്ങുകയോ ചെയ്യണം. അടുത്ത ബജറ്റില്‍ ഇതെല്ലാം ഉള്‍പ്പെടുന്ന പാക്കേജ് ഉണ്ടാക്കേണ്ടതുണ്ട്. വെള്ളക്കരം വര്‍ദ്ധിപ്പിച്ചിട്ടും അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന കരാറുകാരുടെ 18 മാസത്തെ ബില്ലുകള്‍ കുടിശ്ശികയാണ്. ജല്‍ ജീവന്‍ പദ്ധതിയില്‍ 2500 കോടി, അറ്റകുറ്റപ്പണികളുടെ 200 കോടി, സംസ്ഥാന ഫണ്ട് 250 കോടി എന്നിങ്ങനെ 2950 കോടിയുടെ കുടിശ്ശിക മാര്‍ച്ചിന് മുമ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: