ഹൈന്ദവജീവിതത്തിന്റെ ഉദാത്ത മാതൃകകളെല്ലാം ഗുരുശിഷ്യ ശിക്ഷണത്തില്‍ കൂടി വികസിച്ചുവന്നവയാണ്. ആശ്രമജീവിതത്തിന്റെ ലാളിത്യവും വിനയവും അനുദ്ധതയും ഗുരുഭക്തിയും ശിഷ്യന്മാര്‍ തമ്മില്‍ തമ്മിലുള്ള സമഭാവനയും സാഹോദര്യവും മാത്രമല്ല, ഗുരുനാഥന്മാരുടെ, അജ്ഞന്മാരായ ശിഷ്യന്മാര്‍ക്കുപോലും ബുദ്ധിഭേദം ജനിക്കരുതെന്ന കരുതലോടെയും ‘ശിഷ്യാദ് ഇച്ഛേത് പരാജയം’ ശിഷ്യനില്‍ നിന്ന് പരാജയം കാംക്ഷിക്കണം (തന്നെക്കാള്‍ ശിഷ്യന് മേന്മയുണ്ടാകണം) എന്ന ആഗ്രഹത്തോടെയും ഉള്ള വാത്സല്യപൂര്‍വകമായ നാനാ ഉപദേശങ്ങളും മൂല്യപ്രബോധനങ്ങളും ശിഷ്യന്മാര്‍ക്കു പകര്‍ന്നു നല്കപ്പെടുന്നതിന്റെ ചിത്രമാണ് ഇവിടെയെല്ലാം കാണപ്പെട്ടിരുന്നത്. ഇങ്ങനെ ശിക്ഷണം നേടുന്ന ശിഷ്യപ്രശിഷ്യ പരമ്പരയില്‍ക്കൂടി ഈ മൂല്യങ്ങള്‍ ഹിന്ദുക്കളില്‍ ആകെ വ്യാപിച്ചിരുന്നു. ഉപനിഷത്കാലത്തെ ഗുരുശിഷ്യപാരമ്പര്യ ത്തിന്റെ എത്രയെത്ര ഭവ്യചിത്രങ്ങളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. തൈത്തിരീയോപനിഷത്തില്‍ പഠിത്തം കഴിഞ്ഞ് ഗൃഹത്തിലേയ്‌ക്ക മടങ്ങാന്‍ ഉദ്യമിക്കുന്ന ശിഷ്യന് ഗുരു നല്കുന്ന സ്‌നേഹമസൃണമായ ഉപദേശങ്ങള്‍ ജീവിതമൂല്യങ്ങള്‍ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കുന്നവയാണ്. ‘സത്യം വദ (സത്യം പറയണം) ധര്‍മ്മം ചര’ (ധര്‍മ്മമാര്‍ഗ്ഗത്തില്‍ ചരിക്കണം) ഇത്യാദി പല ഉപദേശങ്ങളും നല്കുന്ന ഗുരുനാഥന്‍ കൂടെത്തന്നെ മാതാപിതാക്കളേയും ആചാര്യനേയും അതിഥിയേയും ദേവന്മാരായി കരുതി ആദരിക്കണമെന്നും മറ്റുമായ എന്തെല്ലാം ജീവിതമൂല്യങ്ങളാണ് പകര്‍ന്നു നല്കുന്നത്!
അവയോടൊപ്പം ആചാര്യന്മാരുടെ സത്പ്രവൃത്തികള്‍ മാത്രമേ നീ ശീലിക്കാവു, അല്ലാത്തതു പാടില്ല ‘യാന്യസ്മാകം സൂചരിതാനി താനി ത്വയോപാസ്യാനി, നോ ഇതരാണി’ എന്നു കൂടി പറയുന്നുണ്ട്. നൈതികമോ, ധാര്‍മികമോ (മതപരമായ) ആയ ബാദ്ധ്യതകളൊന്നുമില്ലെങ്കിലും വ്യക്തികള്‍ക്ക് അനുകര്‍ത്തവ്യ ങ്ങളും സഹായകങ്ങളും ആയ അനേകം ജീവിതമൂല്യങ്ങളും ഉദാത്തങ്ങളായ ആദര്‍ശങ്ങളും ഹിന്ദുധര്‍മ്മം നമുക്ക് പകര്‍ന്നു നല്കുന്നുണ്ട്. ഈ കാണുന്ന ലോകമെല്ലാം ഈശാവാസ്യമാണെന്ന വൈദിക വീക്ഷണം നമ്മേ ഓര്‍മ്മിപ്പിച്ചുകൊണ്ട് ത്യാഗപൂര്‍വ്വം ഭോഗങ്ങള്‍ അനുഭവിക്കുക. മറ്റൊരാളുടെ ധനം ആഗ്രഹിക്കരുത് എന്നു തുടങ്ങുന്ന ഈശോപനിഷത്ത് പൂര്‍ണ്ണമായും മനുഷ്യജീവിതത്തിന് കാതലായ മഹത്ത്വം നല്കുന്നതാണ്. ഭഗവാന്റെ തിരുവായ്‌മൊഴിയായ ഗീതോപദേശത്തില്‍ തന്നെ അനേകം ഉദാരാശയങ്ങളും അഭി ജാതനായ വ്യക്തിക്ക് (ഉത്തമ വ്യക്തിക്ക്) വേണ്ട ഗുണങ്ങളും വിശദമാക്കിയിട്ടുണ്ട്. ഗീതയില്‍ 16ാമത്തെ അദ്ധ്യായം ആരംഭിക്കുന്നതു തന്നെ ‘അഭയം’ തുടങ്ങി 26 ഗുണങ്ങളെപ്പറ്റി സ്പഷ്ടമായി നിര്‍ദ്ദേശിച്ചുകൊണ്ടാണ്. അവിടെത്തന്നെ വ്യക്തിയാല്‍ വര്‍ജ്ജിക്കപ്പെടേണ്ട തിന്മകളെപ്പറ്റിയും പരാമര്‍ശമുണ്ട്. (ഗീ. അദ്ധ്യാ. 16 ഒന്നു മുതല്‍ ആറുവരെയുള്ള ശ്ലോകങ്ങള്‍ കാണുക) സ്മൃതികളിലും ഇങ്ങനെയുള്ള പല ഉപേദശങ്ങളും വിശദമായി പറയപ്പെട്ടിട്ടുണ്ട്. സത്യം പറയണം, പ്രിയമായതു പറയണം, എന്നാല്‍ മറ്റുള്ളവര്‍ക്ക് അഹിതമായത് പറയാതിരിക്കണം. അന്യരുടെ പ്രീതിക്കുവേണ്ടിയാ യാലും അസത്യം പറയരുത്. (സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്, ന ബ്രൂയാത് സത്യമപ്രിയം. പ്രിയം ച നാനൃതം ബ്രൂയാദ് ഏഷ ധര്‍മ്മഃ സനാതനഃ (മ.സ്മ്യ.) ഇങ്ങനെ ലോകജീവിതത്തിനു ഉപകാരകമായ മൂല്യങ്ങളാണ് സ്മൃതികളിലെല്ലാം ഉപദിഷ്ടമായി ട്ടുള്ളത്. അവയോടെല്ലാം ഹിന്ദുജനത അത്യധികം ആഭിമുഖ്യം പുലര്‍ത്തുന്നുമുണ്ട്. എല്ലാ സ്മൃതികളിലും വിശേഷിച്ചും മനുസ്മൃതിയിലും മറ്റും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉള്ളവര്‍ക്ക് അനുവര്‍ത്തനീയങ്ങളായ വിവിധ പെരുമാറ്റസംഹിതകളും സാരോ പദേശങ്ങളും നല്കി നമ്മുടെ മര്യാദകളേയും സദാചരണ തത്പരതയേയും ദൃഢീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നു. ശിഷ്യന്റേയും ഗുരുവിന്റേയും കടമകള്‍ (ധര്‍മ്മങ്ങള്‍) സ്ത്രീയുടേയും പുരുഷന്റേയും ധര്‍മ്മങ്ങള്‍, ദാമ്പത്യധര്‍മ്മങ്ങള്‍, രാജധര്‍മ്മങ്ങള്‍, യുദ്ധധര്‍മ്മങ്ങള്‍ഇങ്ങനെ ഏതേതെല്ലാം ധര്‍മ്മനീതികളാണ് ഉപദേശിക്കപ്പെട്ടിരിക്കുന്നത്.
‘അക്ഷൈര്‍ മാ ദിവ്യഃ കൃഷിമത് കൃഷസ്വ’ (ചൂതുകളിക്കരുത്. കൃഷിചെയ്തു ജീവിക്കണം) മദ്യപാനം പാടില്ല, അതിനിയ പട്ടിണിക്ക് ഇട്ടിട്ട് തനിച്ച് ആഹാരം കഴിക്കരുത്, ആലസ്യം പാടില്ല. മിത്രദ്രോഹം പാടില്ല, പ്രാണിഹിംസ പാടില്ല, സഹോദരന്മാരുമായി വൈരം പാടില്ല, ഐകമത്യം പുലര്‍ത്തണം ഇങ്ങനെ എത്രയെത്ര ഹിതോപദേശങ്ങളാണ് ഋഗ്വേദത്തില്‍ തന്നെ നല്കപ്പെട്ടിരിക്കുന്നത്. എല്ലാ വേദേതിഹാസങ്ങളിലും പുരാണങ്ങളിലും അവയെ ഉപജീവിച്ച് രചിച്ചിട്ടുള്ള കാവ്യനാടകാദികളിലും എത്രയെത്ര ഉപദേശാത്മകങ്ങളായ കഥകള്‍ നിരത്തിവെയ്‌ക്കപ്പെട്ടിരിക്കുന്നു! അവയില്‍ക്കൂടി സത്യം, ധര്‍മ്മം, സ്‌നേഹം, ത്യാഗം, ദയ, ക്ഷമ, ദാനം, സമഭാവന, അഹിംസ, ആത്മനിര്‍ഭരത, തുഷ്ടി, ആത്മനിയന്ത്രണം, സഹിഷ്ണുത, ഉദാരത, വദാന്യത, സ്വാതന്ത്ര്യബോധം, പരോപകാരം, ഭക്തി, ശ്രദ്ധ, ധൈര്യം, വിനയം, സൗമ്യത്വം, മനഃപ്രസാദം, നിര്‍വൈരത, ന്യായദീക്ഷ, ഉപകാരസ്മരണ, കൃതജ്ഞത, വീരത, ഉത്സാഹം, സഹാനുഭൂതി, കാരുണ്യം, ബ്രഹ്മചര്യം, അഭയം, അപരിഗ്രഹം, ശുചിത്വബോധം, സ്ഥിരത, സാഹോദര്യം, ഐകമത്യം, ദീനരക്ഷ, നിര്‍മ്മ ലത തുടങ്ങിയ ഭാവങ്ങളെ പരിപോഷിപ്പിക്കുന്നവയും, പക, അസൂയ, അന്യായം, കാമക്രോധലോഭമോഹമദമാത്സര്യങ്ങള്‍, സ്വാര്‍ത്ഥം, പക്ഷപാതം, അഹന്ത, ആലസ്യം, ഭീരുത്വം, ഏഷണി, ആത്മനിന്ദ, കാര്‍പ്പണ്യം ഇത്യാദി ദുര്‍ഭാവനകളെ എതിര്‍ത്തു തോല്പിക്കാന്‍ ഉതകുന്നവയുമായ കഥകളും ഉപകഥകളും കൊണ്ട് നമ്മുടെ പുരാതനസാഹിത്യമാകെ സ്വച്ഛസുന്ദരമായിരിക്കുന്നു. ഈ കഥകള്‍ വായിച്ചു വളര്‍ന്ന ഹൈന്ദവജനതയില്‍ ഈ മൂല്യങ്ങള്‍ പലതും അലിഞ്ഞുചേര്‍ന്നിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമര കാലത്ത് ഈ ആദര്‍ശങ്ങള്‍ പൂത്തു തിളിര്‍ത്തു നിന്ന വസന്തകാലമാണ് ജനതയിലാകെ കാണപ്പെട്ടിരുന്നത്. ഈ ഗുണങ്ങളുടെ പൗഷ്‌കല്യം നിമിത്തമാണ് ഭാരതത്തിന് ലോകഗുരുസ്ഥാനം നല്കപ്പെട്ടിരുന്നത്. ‘എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം’ എന്നു പറയാന്‍ തന്റേടം കാട്ടിയ ഗാന്ധിജി ഈ ഹിന്ദുത്വത്തിന്റെ സംഭാവനയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: