നൂറ്റാണ്ടു പിന്നിടുമ്പോഴും ഒരു കവിയുടെ വിയോഗം മലയാളികള്‍ക്ക് മറക്കാനും അതിന്റെ വ്യസനമടക്കാനും കഴിയില്ല എങ്കില്‍ ആ മരണം ഉണ്ടാക്കിയ നടുക്കവും നഷ്ടവും എത്ര വലുതാണെന്നാണ് മനസ്സിലാക്കേണ്ടത്. 1924 ജനുവരി 16 ന് കൊല്ലത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയില്‍ പല്ലനയാറ്റില്‍ വച്ച് ‘റഡീമര്‍’ എന്ന തീബോട്ട് മുങ്ങുന്നതും കുമാരനാശാന്‍ എന്ന മഹാകവിയെ ജലം ഏറ്റുവാങ്ങുന്നതും. പതിനേഴാം തീയതി പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആ മരണം സംഭവിച്ചത്. പിന്നെയും ഒരു ദിവസം കൂടി കഴിഞ്ഞാണ് കുമാരനാശാന്റെ ഭൗതികശരീരം കണ്ടെടുത്തത്. മഹാകവിയുടെ ഭൗതികശരീരത്തെ വിട്ടുകൊടുക്കാന്‍ ജലംപോലും മടിച്ചിട്ടുണ്ടാവണം. ജലസമാധി വരിച്ച കുമാരനാശാന്റെ ഭൗതിക ശരീരം പല്ലനയെന്ന ദേശവും വിട്ടുകൊടുക്കുകയുണ്ടായില്ല. കവിയുടെ ദേഹവിയോഗത്തിന് നൂറ്റാണ്ടു തികഞ്ഞിട്ടും ജലംകൊണ്ട് മുറിവേറ്റവരുടെ പിടച്ചിലും ഉള്ളുലച്ചിലും നിലച്ചിട്ടുമില്ല. കവിയും മനീഷിയും അതിലുപരി സാമൂഹ്യപരിഷ്‌കര്‍ത്താവു കൂടിയായ കുമാരനാശാന്റെ ഓര്‍മകള്‍ ഇപ്പോഴും മലയാളികളുടെ അകംപൊള്ളിച്ചുകൊണ്ടിരിക്കുന്നു.
കുമാരനാശാന്റെ വ്യക്തിസത്തയെ അനശ്വരമാക്കുന്നത് മഹാഗുരുവായ ശ്രീനാരായണനാണ്. കുമാരനാശാന്‍ ഗുരുവിന്റെ സന്നിധിയിലെത്തിയ സന്ദര്‍ഭത്തെ ‘നദി സമുദ്രത്തെ ബന്ധിക്കുന്നതുപോലുള്ള നടപടിയായിരുന്നുവെന്ന്’ പി.കെ. ബാലകൃഷ്ണന്‍ ഓര്‍മിക്കുന്നുണ്ട്. ലവണം പോലെ തന്നില്‍ ലയിപ്പിച്ചുകൊണ്ടു വളരാനും സമുദ്രതുല്യമാകാനും അനുവദിച്ച ഗുരുവിന്റെ കാരുണ്യവും പ്രവാഹത്തില്‍ നിന്നും സമുദ്രപ്രക്ഷോഭത്തിലേക്ക് പരിവര്‍ത്തിക്കാനുമുള്ള അവസരവും പ്രസ്തുത ഉപമയില്‍ വ്യഞ്ജിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. ഗുരു എന്ന വടവൃക്ഷത്തിന്റെ തണലിലാണ് കുമാരനാശാന്‍ എസ്എന്‍ഡിപി യോഗം സെക്രട്ടറിയായി സാമൂഹ്യ സേവനത്തിലേക്ക് വളര്‍ന്നതും അത് തന്റെ വ്യക്തിജീവിതത്തെ ഉല്‍കൃഷ്ടമായ ഔന്നത്യത്തിലേക്ക് പടര്‍ത്തിയതും. മഹാസത്വനായ ഗുരുസ്വാമിയുടെ ദാര്‍ശനിക പ്രതിഭയുടെ ഓരം ചേര്‍ന്നു നിന്നുകൊണ്ടാണ് കാവ്യകലയുടെ സിദ്ധിവിശേഷങ്ങളിലേക്ക് ചുവടുവച്ച് മഹാകവി പ്രതിഭയിലേക്ക് പതിയെ സഞ്ചരിച്ചത്. സുബ്രഹ്മണ്യ ശതകത്തില്‍ കവി കുറിച്ചിട്ടതിങ്ങനെയാണ്.
”അണകവിയുന്നഴലാഴിയാഴുമെന്നില്‍
പ്രണയമുദിച്ചു കവിഞ്ഞ പാരവശ്യാല്‍
അണികരമേകിയണഞ്ഞിടുന്ന നാരാ
യണ ഗുരുനായകനെന്റെ ദൈവമല്ലോ.”
ശ്രീനാരായണ ഗുരു എന്ന ദാര്‍ശനികനായ ജീനിയസിനെ ഈശ്വരനായി കണ്ടുകൊണ്ടുള്ള ജീവിതാകര്‍ഷണമാണ് കുമാരനാശാന് കാവ്യകലയുടെ ദാര്‍ശനികതലങ്ങളില്‍ വ്യവഹരിക്കുവാന്‍ വഴിയൊരുക്കിയത്.
”ആരായുകിലന്ധത്വമൊഴിച്ചാറ്റി മഹസ്സിന്‍ നേരാവഴി കാട്ടുന്ന പരദൈവമായ” ശ്രീനാരായണഗുരുവില്‍നിന്നും അദ്ദേഹം ഒട്ടേറെ നന്മകള്‍ പഠിക്കുന്നുണ്ട്. അതുകൊണ്ട് മനുഷ്യത്വം തന്റെ പ്രമാണമായി ആശാന്‍ സ്വീകരിച്ചു. അത് കുമാരനാശാന്റെ ആത്മീയതയാണ്. മാനവികമായ ഒരു മതാത്മകതയില്‍ വേരൂന്നിയതാണ് കുമാരനാശാന്റെ കാവ്യങ്ങള്‍. യഥാര്‍ത്ഥ ലോകത്തിന്റെ ഭൗതികവും ആത്മീയവുമായ ന്യൂനതകള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നത് അദ്ദേഹത്തിന്റെ കാവ്യലക്ഷ്യമായിരുന്നു. അവിടെ ആദ്ധ്യാത്മികതയും ലൗകികതയും പരസ്പര സഹവര്‍ത്തിത്വത്തില്‍ നീങ്ങുന്നത് കാണാന്‍ കഴിയും. ആസ്തികനായ കവി അതുകൊണ്ടുതന്നെ അദൈ്വതദര്‍ശനത്തെ സര്‍വാത്മനാ അംഗീകരിക്കുന്നുണ്ട്. അതായത് ലൗകികതയായും ആത്മീയതയായും രൂപമാറ്റം വരുന്ന സ്‌നേഹമാണ് തന്റെ മതമെന്നും അതിന്റെ സാരമാണ് ഈശ്വരനെന്നും കവി തിരിച്ചറിയുന്നു. ഇത് വീണപൂവും മുതല്‍ സൂക്ഷ്മമായി പിന്തുടരുന്നുണ്ട്. ലൗകികതയെ വിശുദ്ധമാക്കുകയും അതിനെ ഭൂമിയില്‍നിന്ന് ആകാശത്തേക്ക് അല്ലെങ്കില്‍ അപരലോകത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന ഭാവന കവിതയില്‍ സാക്ഷാത്കരിക്കുന്നുണ്ട്.
‘പഴുത്ത ലോഹങ്ങളില്‍ ഇറ്റിച്ച ജലബിന്ദുവിന്റെ വാഴ്‌വ് മാത്രമാണ് ജീവിതമെന്ന് എഴുത്തച്ഛന്‍ മുന്‍പുതന്നെ പറഞ്ഞിരുന്നു. കുമാരനാശാന്‍ അത് ഗ്രഹിക്കുന്നുമുണ്ട്. അതോടൊപ്പം പ്രതിഭയുടെയും ലോകബോധത്തിന്റെയും ഊറ്റത്തില്‍ ജീവിതത്തെ അനശ്വരതയില്‍ അവരോധിക്കുകയും വിരാട് പുരുഷസത്തയില്‍ വിലയിപ്പിക്കുകയും ചെയ്യുന്ന ആത്മീയത കുമാരനാശാന്‍ ‘വീണപുവി’ല്‍ സാക്ഷാത്കരിക്കുന്നു. വീണപൂവിന്റെ ആദ്യശ്ലോകത്തില്‍ തന്നെ കാവ്യസത്ത തെളിച്ചുവച്ചിട്ടുണ്ട്. അത്യുന്നതപദവിയില്‍ ഒരു രാജകുമാരിയെപ്പോലെ ശോഭിച്ചിരുന്ന പൂവിന്റെ പതനം; ഐശ്വര്യം, സമ്പത്ത്, പ്രണയം തുടങ്ങി ലൗകികാനുഭവങ്ങളെല്ലാം ഭൂമിയില്‍ നശ്വരമാണെന്ന മുന്നറിയിപ്പ്. ഇതെല്ലാം അനശ്വരമാകുന്ന അപലോകത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയും നല്‍കുന്നു. ലൗകികതയില്‍ അവസാനിക്കുന്നതാണോ ജീവിതം എന്ന സന്ദേഹത്തിലാണ് ആത്മീയബോധത്തെ ബീജാവാപം ചെയ്തത്.
ഒരു കാര്യം ഓര്‍ക്കേണ്ടത് പൂവിന്റെ പിതൃരൂപത്തെക്കുറിച്ച് പ്രകടമായ ഒരു സൂചനയുമില്ലെന്നതാണ്. ലതയാണ് പ്രസവിച്ചതെങ്കിലും പിതൃസ്വരൂപത്തെ പ്രത്യക്ഷമാക്കുന്നില്ല. പൂവിന്റെ വിയോഗത്തില്‍ പ്രകൃതിയും സമസ്തരും കണ്ണീര്‍ പൊഴിക്കുന്നു. ‘വാസാംസി ജീര്‍ണാനി യഥാവിഹായ’ എന്ന ഗീതാദര്‍ശനം പോലെ ‘ഉല്‍പ്പന്നനാമുടല്‍ വെടിഞ്ഞൊരു ദേഹി വീണ്ടും, ഉല്‍പ്പത്തികര്‍മഗതിപോലെ വരും ജഗത്തില്‍’ എന്നു കവി സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. ‘അധികതുംഗപദ’മെന്ന പരോക്ഷ സൂചന. പിതൃസ്വരൂപത്തെക്കുറിച്ചാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലതയ്‌ക്ക് ചുറ്റിപ്പിണഞ്ഞു കയറാനൊരു മരംകൂടിയേ കഴിയൂ. അതിന്റെ ഔന്നത്യമായിരിക്കണം അധികതുംഗപദമെന്ന കല്‍പ്പനയില്‍ ധ്വനിക്കുന്നത്. എന്നാല്‍ അത് പ്രത്യക്ഷമാകുന്നത് പൂവിന്റെ പിന്മടക്കത്തിലാണ്.
‘സല്‍പുഷ്പമേ ഇവിടെ മാഞ്ഞു സുമേരുവിന്മേല്‍
കല്‍പ്പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ”
മഹാമേരു പര്‍വ്വതത്തില്‍ കല്‍പ്പവൃക്ഷത്തിന്റെ കൊമ്പില്‍ വിടരും എന്നും പറയുമ്പോള്‍ പ്രത്യക്ഷമാകുന്നത് പിതൃരൂപം തന്നെയാണ്. അപരലോകത്തിലെ വിരാട് പുരുഷ സങ്കല്‍പ്പത്തില്‍ വിലയിപ്പിച്ചുകൊണ്ടാണ് കവി വിരമിക്കുന്നത്. അതിനു മുമ്പ് മറ്റൊന്നുകൂടി പറയുന്നു.
”ഒന്നല്ലിനാമയി സഹോദരരല്ലി? പൂവേ!
ഒന്നല്ലികൈയിഹ രചിച്ചത് നമ്മെയെല്ലാം?”
ഇവിടെ വിശ്വമാനവികവും വിശ്വസാഹോദര്യവും പ്രസരിപ്പിക്കുന്ന വാങ്മയമായി കവിത വികസിക്കുന്നു. ഇത് കുമാരനാശാനില്‍ തെളിഞ്ഞുനില്‍ക്കുന്ന മതാത്മകമായ ആത്മീയതയുടെ നിദര്‍ശനമാണെന്നു കാണാം.
ഇതിന്റെ തുടര്‍ച്ചകളാണ് പിന്നീടുള്ള ആശാന്‍ കാവ്യങ്ങള്‍. നളിനിയില്‍ ദിവാകരന്റെ വേദാന്തനിര്‍ഭരമായ ഭാഷണത്തിനുശേഷം നടകൊള്ളാനായുന്ന യോഗിയുടെ പാദങ്ങളില്‍ വീണ്
”എന്റെയേകധനമങ്ങ് ജീവന
ങ്ങെന്റെ ഭോഗമതുമെന്റെ മോയാവും
എന്റെയീശ! ദൃഢമീപദാംബുജ-
ത്തിന്റെ സീമ, ഇതുപോകിലില്ല ഞാന്‍”
തന്റെ ഭോഗവും ജീവനും മുക്തിയുമെല്ലാം മുന്നില്‍ നില്‍ക്കുന്ന ഈശ്വരനാണെന്നു നളിനി പറയുമ്പോള്‍ ആശാന്റെ ആത്മീയമായ സത്യവാങ്മൂലമാണ് തുടര്‍ന്നുകേള്‍ക്കുന്നത്. താനവളില്‍ കാരുണ്യവാനാണെന്നും അഴലിന്റെ ആഴിയില്‍ അറിവുകെട്ടവളെപ്പോലെ ആഴരുതെന്നും അശുഭനശ്വരങ്ങളില്‍ സ്‌നേഹം ചൊരിയരുതെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് സ്‌നേഹത്തിന്റെ ഈ മാനിഫെസ്റ്റോ അവതരിപ്പിച്ചത്.
”സ്‌നേഹമാണഖിലസാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവന സംഗമിങ്ങതില്‍
സ്‌നേഹമൂലമമലേ വെടിഞ്ഞു ഞാന്‍”
ഇതുകേട്ട് ദീപ്ത ദീപശിഖപോലെ നളിനി എഴുന്നേല്‍ക്കുകയും ശാശ്വതമായ ഋഷിവാക്യം കേട്ട് പുളകമണിഞ്ഞാണ് ദിവാകരനില്‍ അണഞ്ഞത്. ആത്മീയ കാന്തിയില്‍ അപരകാന്തിയായി നളിനി വിലയിക്കുകയാണ്. ‘ഓം’ എന്നുച്ചരിച്ചുകൊണ്ട് തന്റെ ആത്മശോഭ ഈശ്വരനില്‍ വിലയിപ്പിക്കുന്ന നളിനിയും യോഗബലത്തിലൂടെ ഒടുവില്‍ ബ്രഹ്മപദം പൂകുന്ന ദിവാകരനും ഭാരതീയമായ ആര്‍ഷജ്ഞാന ദര്‍ശനത്തിന്റെ അടയാളങ്ങളാണ്. ഭൗതികമായ ജീവിതകാന്തിയെ ആത്മീയമായ പരമപദത്തിലേക്ക് അണച്ചുകൊണ്ട് നശ്വരമായ മനുഷ്യജീവിതത്തെ അനശ്വരതയിലേക്കുയര്‍ത്തുന്നു.
ഭൗതികമായ ജീവിതപ്രണയവും സുഖാസക്ത വികാരങ്ങളുമെല്ലാം തീവ്രമായി ‘ലീല’യിലും ‘കരുണ’യിലും കുമാരനാശാന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എങ്കിലും ഉല്‍കൃഷ്ടമായ തന്റെ ജീവിതാദര്‍ശത്തില്‍ നിന്ന് വ്യതിചലിക്കാന്‍ കുമാരനാശാന്‍ തയ്യാറാകുന്നില്ല. കാമുകനായ മദനനെ രണ്ടാമതും നഷ്ടപ്പെടുമ്പോള്‍ ഇരമ്പിയൊഴുകുന്ന രേവാനദിയിലേക്ക് ചെന്നെത്തേണ്ടുന്ന ദൂരം ലീല തിരിച്ചറിയുന്നുണ്ട്.
”ജവമവിടെയണഞ്ഞു, രേവ നീട്ടും
ധവളതരംഗകരങ്ങളില്‍ സന്തോഷം
അവളുടനെ കുതിച്ചുകൊള്ളിമീന്‍ പോ-
ലവനതയാവതുഹന്ത! തോഴി കണ്ടാള്‍”
ഇവിടെയും ജലമസമാധിയില്‍ പ്രണയികള്‍ മുങ്ങിപ്പോകുന്നില്ല. ഏതോ മഴപ്പക്ഷികളെപ്പോലെ സിക്താംഗരായി പറന്നുപോകുന്നത് മാധവി കാണുന്നിടത്താണ് കവിത അവസാനിച്ചത്. ഇവിടെയും ഭൗതികലോകത്തിന്റെ പരിസമാപ്തിയെ അപരലോകത്തിലേക്ക് പടര്‍ത്തിക്കൊണ്ടാണ് മനുഷ്യജീവന്റെ അനശ്വരതയെ ആശാന്‍ ശാശ്വതീകരിച്ചത്.
ഏറ്റവും തീവ്രമായ ലൗകിക ദുരന്തത്തെ ആശാന്‍ കരുണയിലാണ് സാക്ഷാത്ക്കരിച്ചത്. ഭോഗചാപല്യങ്ങളില്‍ മതിമയങ്ങിപോയ വാസവദത്തയെ കാരുണ്യത്തിന്റെ സാന്ത്വന സന്നിധിയിലേയ്‌ക്ക് പതുക്കെ കൊണ്ടുവരുന്നത് കവി ഇങ്ങനെ പറഞ്ഞു വെച്ചു:
”കരയായ്ക ഭഗിനി നീ കളക ഭീരുത, ശാന്തി
വരും നിന്റെ വാര്‍നെറുകത്തില്‍ തലോടുവന്‍
ചിരകാലമഷട മാര്‍ഗ്ഗചാരിയാമബ്ഭഗവാന്റെ
പരിശുദ്ധ പാദപത്മം തുടച്ച കൈയാല്‍
ഇനിയും കെട്ടടങ്ങാതെ കിടന്ന വാസവദത്തയുടെ കാമാഗ്നിയെ ശമിപ്പിക്കാന്‍ ഉപശൂപ്തന്റെ സ്പര്‍ശത്തിനു കഴിയുന്നു. അവളുടെ ശിരസ്സില്‍ കൈവെച്ചുകൊണ്ട് ശരണത്രയമന്ത്രം കാതിലോതിക്കൊടുക്കുമ്പോള്‍ അനുഭവിച്ച ശാന്തിയാണ് വാസവദത്തയുടെ മുക്തി. ഭോഗാസക്തിയില്‍ ആണ്ടുമുങ്ങിപ്പോയ ഒരു സ്ത്രീയെ കരുണയുടെ ശാന്തിഗീതയിലൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച കാവ്യപ്രതിഭ സനാതനമായ ജീവിത ധര്‍മങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടാണ്. അപരലോകത്തിലേക്കും സച്ചിദാനന്ദത്തിലേക്കും നയിച്ചതെന്നു കാണാം.
അന്യാദൃശയായ സീതയെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതിങ്ങനെയാണ്. പരിപൂര്‍ണ സ്ത്രീയില്‍ ഉണ്ടാവണമെന്ന് ഭാരതം കരുതുന്ന എല്ലാ ആദര്‍ശങ്ങളും ആ ഒരു സീതാ ചിത്രത്തില്‍ നിന്നാണ് വളര്‍ന്നു വന്നത്. മുമ്പുണ്ടായിട്ടുള്ളതോ ഉണ്ടാകാന്‍ പാടുള്ളതോ അല്ലാത്ത ഒരു പ്രാകൃതിക മൂലഘടകമാണവള്‍. എന്നിട്ടും കുമാരനാശാന്‍ മാനുഷികമായ ധാര്‍മ്മികതകൊണ്ട് സീതാവിഗ്രഹത്തെ തേജോമയമാക്കുന്നു. രാമന്റെ ആത്മബലത്തെ അറിഞ്ഞിട്ടും അറിയാതെ പറഞ്ഞുപോയ വാക്കുകള്‍ക്ക് അവസാനം മാപ്പപേക്ഷിക്കുന്നുണ്ട്.
”ക്ഷുഭിതേന്ദ്രിയ ഞാന്‍ ഭവാനിലി
ന്നുപദര്‍ശിച്ച കളങ്കരേഖകള്‍
അഭിമാനിനിയാം സ്വകാന്തയില്‍
കൃപയാല്‍ ദേവ! ഭവാന്‍ ക്ഷമിക്കുക.”
നരജീവിതമാകുന്ന വേദനയുടെ ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ മുക്തിക്കുള്ള ശ്രമമായി. അതാണ് സീതയുടെ അവസാന യാത്രാമൊഴി. എന്നില്‍ രാമനില്ലാത്ത സീത ശുന്യയാണെന്നു നന്നായി മനസ്സിലാക്കിയതുകൊണ്ടാണ് ഇതുകൂടെ ആഗ്രഹിച്ചത്.
രൂജയാല്‍ പരിപക്വ സത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൗത്ര! ഭവാനുമെത്തുമേ
ഭജമാനൈകവിഭാവ്യമിപ്പദം
തന്റെ വഴിയിലേക്ക് വെളിച്ചമിറ്റിച്ചുകൊണ്ടാണ് സീത യാത്രക്കൊരുങ്ങുന്നത്. വെളിച്ചത്തിനു പിന്നാലെ പരമവെളിച്ചമായ രാമന്‍ വരണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നു. അതും ഈശ്വരസത്തയിലേക്ക് വിലയിക്കണമെന്ന പരോക്ഷമായ പ്രാര്‍ത്ഥന തന്നെയാണ്. സീതയുടെ ജീവിതവും അവസാനിക്കുന്നില്ല. അത് പരമപദത്തിലേക്കാണല്ലോ ഉറ്റംനോക്കുന്നത്. ഇത് ഈശ്വരപദത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകൂടിയാണ്. ജീവിതത്തോടുള്ള അദമ്യമായ കാമനയുമാണ്.
ജീവിതത്തിന് വിരാമമിടാന്‍ കവിയെന്ന നിലയില്‍ കുമാരനാശനു കഴിഞ്ഞിട്ടില്ല. അത് കാവ്യ വ്യക്തിത്വത്തിന്റെ മതാത്മകവും ആത്മീയവുമായ ഔന്നത്യത്തെയാണ് കാണിച്ചുതരുന്നത്. ആസ്തിക്യത്തിലധിഷ്ഠിതമായ ആത്മീയതയും ധര്‍മചിന്തയും കുമാരനാശാന്റെ കാവ്യവ്യക്തിത്വത്തില്‍ നിര്‍ലീനമായിരുന്നു. ആ ബോധത്തിലാണ് കഥാപാത്രങ്ങളുടെ ഭൗതിക ജീവിതത്തിന് വിരാമമിടാതെ മറ്റൊരപരലോകത്തിലേക്ക് ബന്ധിപ്പിച്ചുകൊണ്ട് മതാത്മകവും ആത്മീയവുമായ അന്തസ്സത്തയില്‍ വിളക്കിച്ചേര്‍ക്കുന്നത്. അതുകൊണ്ടാണ് അന്‍പത്തിയൊന്നാം വയസ്സില്‍ കുമാരനാശാന്‍ സ്വന്തം ജീവനെ ജലത്തിന്റെ സ്ഫടികമാളികയില്‍ പ്രതിഷ്ഠിച്ചെങ്കിലും നൂറുവര്‍ഷം കഴിയുമ്പോഴും മലയാളികള്‍ കണ്ണീരിന്റെ ചില്ലുകൊട്ടാരത്തില്‍ മഹാകവിയെ തെളിച്ചെടുത്തുകൊണ്ടേയിരിക്കുന്നത്. അത് മലയാള കാവ്യകലയുടെ സത്തയും സത്യവുമാണ്.
(തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജ് അസ്സോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: