1976 മെയ് മാസം പതിനാറാം തീയതി മഹാകവി പി.കുഞ്ഞിരാമന് നായര്‍ ഇഹലോകവാസം വെടിയുന്നതിന് 24 മണിക്കൂര്‍ മുന്‍പ് നടന്ന ഒരു സംഭവം എങ്ങും രേഖപ്പെടുത്തിയിട്ടില്ല. നാല് പേര്‍ക്ക് മാത്രമറിയാം- എം.എന്‍. ഉണ്ണികൃഷ്ണന് ഇളയത്, കെ.കെ.ഭരതന് (കണ്ണൂര്‍), വി.കെ. നാരായണന്, പിന്നെ ഈ ലേഖകനും.
കവി അന്നേ ദിവസം തിരുവനന്തപുരം നഗരസഭ വക സര് സി.പി. സ്മാരക അതിഥി മന്ദിരത്തിലെ 44-ാം നമ്പര്‍ റൂമിലുണ്ട്. കവി തിരുവനന്തപുരത്ത് എത്തിയാല്‍ അവിടെയാണ് താമസം. പ്രസ്തുത മന്ദിരം ഇപ്പോള്‍ നിലവിലില്ല. അത് പൊളിച്ചു റെയില്‍വേയ്ക്ക് കൊടുത്തു. കവിയെ കാണാന്‍ ഇളയത് 44-ാം നമ്പര്‍ റൂമിലെത്തി. കൂടുതല്‍ ഇഷ്ടമുള്ളവരെ കണ്ടാല്‍ സാധാരണയായി കവി അവരെ കെട്ടിപ്പിടിക്കും. വാത്സല്യത്തോടെ കുശലം പറയും. അത് കവിയുടെ പതിവാണ്. പക്ഷേ ഇത്തവണ അതല്ല സംഭവിച്ചത്. ഇളയത് സാറിനെ കണ്ടപ്പോള്‍ കുശലമില്ല. നേരെ ഒരാവശ്യം ഉന്നയിച്ചു. അപ്പോള്‍ കവിയുടെ ശ്വാസവേഗം വര്‍ധിച്ചു. നെഞ്ചിടിപ്പ് ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങി. കണ്ണുകള്‍ അനന്തതയില്‍ എന്തിനെയോ പരതുന്നതുപോലെ. കവി, ഇളയത് സാറിനോട് ഒരാവശ്യം ഉന്നയിച്ചു.
”എളേതേ ഭര്‍തൃഹരിയുടെ ആ ശ്ലോകമുണ്ടല്ലോ. എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷേ ഇന്ന് ഒന്നും ഓര്‍മിക്കാന്‍ കഴിയുന്നില്ല. ഒന്നെഴുതിത്തരുമോ. ഇളയത് സാര്‍ ഒരു ചെറിയ കടലാസ്സില്‍ അതെഴുതിക്കൊടുത്തു. കിട്ടിയ മാത്രയില്‍ പേപ്പറില്‍ കവി ചുംബിച്ചു. ഒരു നിധി കിട്ടിയപോലെ ആകപ്പാടെ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത ഒരു ഭാവപ്പകര്‍ച്ച. ഇത് കണ്ട ഇളയത് സാര്‍ വല്ലാതെ അമ്പരന്നു. കാര്യമെന്തെന്ന് കവിയോട് അന്വേഷിച്ചു. ”ഏയ് ഒന്നുമില്ലെളേതേ. ഞാന്‍ അന്വേഷിച്ചത് ഗുരുവായൂരപ്പന് എനിക്ക് തന്നു. ഇനി സന്ധ്യയ്ക്കുമുന്പ് ഏളേത് വഴുതക്കാട്ടെ വീട്ടിലേക്ക് പോകൂ” എന്നു പറഞ്ഞ് കതകടച്ച് കുറ്റിയിട്ടു. അടുത്ത നാള് മേയ് 17 ന്, കവി പാതിരാവില്‍ ഈ ലോകത്തോട് വിട പറഞ്ഞു.
കവി ഇളയത് സാറിനോട് ആവശ്യപ്പെട്ട ഭര്‍തൃഹരിയുടെ ശ്ലോകം ഇതാ:
മാതര്മേദിനിതാതമാരുതസഖേ,
തേജസുബന്ധോജല
ഭ്രാതര്വ്യോമനിബദ്ധ ഏവ ഭവതാ
മന്ത്യപ്രണാമാഞ്ജലിഃ
യുഷ്മസംഗവശോപജാത സുകൃത
സ്ഫാരസ്ഫുര നിര്‍മ്മല
ജ്ഞാനാപാസ്തസമസ്ത മോഹ
മഹിമാലീയോ പരബ്രഹ്മണി
(അമ്മേ ഭൂമിദേവി, പിതാവായ മാരുത തോഴനായ അഗ്നിബന്ധുവായ ജലമേ, സഹോദരനായ ആകാശമേ നിങ്ങള്‍ക്കെല്ലാം അവസാനമായി കൂപ്പുകൈ അര്‍പ്പിക്കുന്നു. നിങ്ങളുടെയെല്ലാം സമ്പര്‍ക്കം കൊണ്ടുണ്ടായ പുണ്യത്താല്‍ സിദ്ധിച്ച വിപുലവും നിര്‍മലവുമായ ജ്ഞാനംകൊണ്ട് എല്ലാ മോഹജാലങ്ങളേയും തരണം ചെയ്ത് ഞാന്‍ പരബ്രഹ്മത്തില്‍ ലയിക്കുന്നു)
പി. കവിതകളുടെ സമ്പൂര്‍ണ സമാഹാരമായി പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ അവതാരികയില്‍ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് നടത്തിയ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.
”കിരീടധാരണം കഴിഞ്ഞയുടനെ രാജ്യഭ്രഷ്ടനാക്കപ്പെട്ട രാജകുമാരനാണ് പി. കുഞ്ഞിരാമന് നായര്‍. നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന് ഇന്ത്യയുടെയും കേരളത്തിന്റെയും സാര്‍വ്വഭൗമനെപ്പോലെ അവയുടെ സംസ്കാരചൈതന്യത്തെ സ്വായത്തമാക്കിയ കവിക്ക് ജീവിച്ചിരിക്കെ സ്വന്തം വീട് എന്ന് പറയാന്‍പോലും ഒരിടമില്ലായിരുന്നു.
ഭാരതസംസ്കാര സാമ്രാജ്യത്തിന്റെ ആധിപത്യം നേടിയ പി. എന്ന രാജകുമാരന് ഭൗതിക ജീവിതത്തില്‍ സ്ഥാനഭ്രഷ്ടനായി സ്വന്തം വീടുപോലും നഷ്ടപ്പെട്ടവനായി. അദ്ദേഹം ഇപ്പോള്‍ ജീവിക്കുന്നത് വെള്ളിക്കോത്തെ ആറടി മണ്ണിലല്ല. ഇന്ത്യയുടെ സംസ്കാരത്തിന്റെ മഹാവിഹായസ്സിലാണ്.”
ആത്മകഥാ സാഹിത്യലോകത്തില്‍ വിശ്വസാഹിത്യലെന്നു തന്നെ നിസ്സംശയം പറയാം, സമാനതകളില്ലാത്ത ഒരു ഗ്രന്ഥമാണ് പി.യുടെ കവിയുടെ കാല്‍പ്പാടുകള്‍. ആത്മകഥകളില്‍ അവശ്യം വേണ്ട വര്‍ഷങ്ങളും തീയതികളും ഇതിലില്ല. സ്ഥലകാലങ്ങള്‍ എവിടെന്നും എപ്പോഴെന്നും വായനക്കാരന് ഊഹിച്ചെടുക്കണം. കവിതയില്‍ ചാലിച്ചെടുത്ത ഈ ജീവിത കഥ വായിക്കുക എന്നത് സമ്മിശ്ര വികാരങ്ങള്‍ ഉളവാക്കുന്ന ഒരു പൂര്വ്വാനുഭവമാണ്.
മറ്റു ചില ദ്രുതരചനകളും കവിയുടേതായുണ്ട്. ആകാശവാണിയില്‍ അക്കാലം പ്രൊഡ്യൂസറായിരുന്ന കെ.പി. ഉദയഭാനുവിന്റെ നിര്‍ബന്ധംകൊണ്ട് എഴുതി പ്രക്ഷേപണം ചെയ്തതാണ് ഈ ശ്രീ അയ്യപ്പസ്വാമി കീര്‍ത്തനം.
അതിലെ വരികള്‍.
”പദാരവിന്ദ ഭക്തലോക” …………
ഉദ്ധരിച്ച കവിതയിലെ ”അതിലൊരു പരാഗരേണുവില്‍ അലിഞ്ഞുചേരാന്‍ അതിമോഹം” ഹൃദയദ്രവീരണ ഭാഷയില്‍ ഈശ്വരനോടുള്ള അപേക്ഷയും ‘ലീയേ പരബ്രഹ്മണി’യും ഒരേ തീവ്രഭാവത്തിന്റെ അതിശക്തമായ പ്രാര്‍ത്ഥനയുടെ പ്രകടനമല്ലേ.
(ഉദ്ധരണികള്‍ യഥാക്രമം പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ‘ഭര്തൃഹരിദര്ശനം’, ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ‘പി.യുടെ സമ്പൂര്‍ണകൃതികള്‍’ എന്നിവയില്‍നിന്നുള്ളതാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: