ലോകം മുഴുവന്‍ അമേയമായ ബ്രഹ്മത്തിന്റെ (അനശ്വരനായ ഈശ്വരന്റെ) സ്വരൂപം തന്നെയാണെന്നും പരമമായ സത്യദൃഷ്ടി യില്‍ എല്ലാം അദൈ്വതമാണെന്നും (സര്‍വം ഖല്വിദം ബ്രഹ്മ) ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ വ്യാവഹാരിക ദൃഷ്ടിയില് ലോകത്തില്‍ കാണുന്ന വൈവിധ്യം അവിദ്യകൊണ്ട് അഥവാ മായ കൊണ്ട് പ്രതിഭാസിക്കുന്നതാണെന്നും ഈ മായ പരമാരമാവിന്റെ തന്നെ ഒരു ശക്തിയാണെന്നും ഉള്ള ദാര്‍ശനികമായ കാഴ്ചപ്പാടാണ് എല്ലാ ഹിന്ദുക്കളുടേയും ഉള്ളിന്റെയുള്ളില്‍ (പ്രായേണ അവ്യക്തമായെങ്കിലും) രൂഢമൂലമായിരിക്കുന്നത്. ഗീതയില്‍ ഭഗവാന് ഇങ്ങനെ അരുളിച്ചെയ്യുന്നു:
ഈശ്വരഃ സര്‍വ്വഭൂതാനാം
ഹൃദ്ദേശേ ളര്ജ്ജുന തിഷ്ഠതി
ഭാമയന് സര്‍വ്വഭൂതാനി
യന്ത്രാരൂഢാനി മായയാ
സമസ്ത ജീവജാലങ്ങളുടേയും ഹൃദയാന്തര്‍ഭാഗത്ത് ആത്മാവായി ഈശ്വരന് കുടികൊള്ളുന്നു. കൂടെത്തന്നെ എല്ലാ ജീവികളേയും യന്ത്രാരൂഢങ്ങളായ പാവകളെപ്പോലെ ഭ്രമിപ്പിച്ചുകൊണ്ടും (മോഹി പ്പിച്ചുകൊണ്ടും പ്രവര്‍ത്തിപ്പിച്ചുകൊണ്ടും) ഇരിക്കുന്നു. ഈ സത്യം ബോധ്യമാകണം. ലോകം മുഴുവന്‍ ഈശ്വരമയമാണെന്നും ഓരോ വ്യക്തിയുടെയും ‘ഞാനാണ് എല്ലാം ചെയ്യുന്നത്’ എന്ന അഭിമാനം മിഥ്യയാണെന്നും അറിയണം. അറിഞ്ഞാല്‍ മാത്രം പോര, അറി വിന്റെ അനുഭൂതി ഉണ്ടാവുകയും വേണം. അതാണ് മോക്ഷം.
മായയുടെ ബന്ധനത്തില്‍ നിന്ന് മോചനം നേടുന്നതാണ് യഥാര്‍ത്ഥ മോക്ഷം. സാപേക്ഷികമായ സഗുണ ബ്രഹ്മത്തിന്റേയും അഥവാ സാകാരനും സഗുണനും സൃഷ്ടിസ്ഥിതിസംഹാരകാരകനും ആയ ഈശ്വരന്റേയും സാംസാരിക ജീവിതത്തിന്റേയും ജന്മമരണങ്ങളുടേയും എല്ലാം വ്യാവഹാരികസ്ഥിതി മായയുടെ പ്രഭാവത്തിന് അധീനമാണ്. മായ ജീവിതത്തിന്റെ മൂലപ്രകൃതിയാണ്. അതേ സമയം മായയെ ബ്രഹ്മത്തിന്റെ (ഈശ്വരന്റെ) ഒരു ശക്തിവിശേഷമായിട്ടും കരുതേണ്ടിയിരിക്കുന്നു. അത് വ്യവഹാരജഗത്തില് ഇന്ദ്രിയ ഗോചരമോ പ്രാതിഭാസികമോ ആയ ഒരു സത്തഅല്ല. അതു അഗോ ചരവും അനിര്‍വ്വചനീയവുമാണ്. അതുകൊണ്ടുതന്നെ അതില്‍ നിന്ന് മോചനം നേടുക എളുപ്പമല്ല. ഏതെങ്കിലും വിധത്തില്‍ മായയില്‍ നിന്ന് മോചനം നേടാന്‍ സാധിച്ചാല്‍ ഓരോ വ്യക്തിയും ഈശ്വരസ്വരൂപിയാണെന്നും പരമാത്മാവില്‍ നിന്ന് അഭിന്നനാണെന്നും ബോധ്യമാകും. ഇതാണ് വ്യക്തിയുടെ ജീവന്മുക്താവസ്ഥ. അപ്പോള്‍ ലോകത്തിലുള്ള സകല വസ്തുക്കളും ഈശ്വരമയമാണെന്ന് മനസ്സിലാകും. ആ അറിവിന്റെ അനുഭൂതിയാണ് മോക്ഷം. മനുഷ്യമനസ്സിന്റെ ഈ സ്ഥിതിയെ ചട്ടമ്പിസ്വാമികള്‍ തന്റെ അനനുകരണീയമായ ഭാഷയില്‍ ‘ബ്രഹ്മാകാരമനോവൃത്തി’എന്നാണ് വിളിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: