ഡോ. പൂജപ്പുര കൃഷ്ണന് നായര്‍
സ്വാമിസത്യാനന്ദ സരസ്വതിയുടെ പ്രവര്‍ത്തനം പ്രസംഗങ്ങളില്‍ മാത്രമായി ഒതുങ്ങിയില്ല. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ 1920 മുതല്‍ നടന്നു വരുന്ന ശ്രീരാമനവമി മഹോത്സവത്തെ 1991 മുതല്‍ വിപുലമായ ശ്രീരാമനവമി രഥയാത്രയായും ശ്രീരാമലീലയായും ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനവുമായി വികസിപ്പിച്ചപ്പോള്‍ ശ്രീരാമജന്മഭൂമിയില് ക്ഷേത്രനിര്മിതിക്കായുള്ള പരിശ്രമങ്ങള്‍ക്ക് സത്യാനന്ദസരസ്വതി കര്‍മകാണ്ഡങ്ങള്‍ തുറന്നു. കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട് കേരളഗ്രാമങ്ങളെയും നഗരങ്ങളെയും ശ്രീരാമകഥകളാല് മുഖരിതമാക്കി കന്യാകുമാരീ ദേവീ സന്ദര്‍ശനവും സാഗരപൂജയും നടത്തി രാമനവമി തലേന്ന് ശ്രീരാമദാസാശ്രത്തിലെത്തിച്ചേരുന്ന ശ്രീരാമനവമി രഥയാത്ര രാമജന്മഭൂമി ക്ഷേത്രത്തിന്റെ സന്ദേശം തുടര്‍ച്ചയായി എല്ലായിടത്തും എത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇടയ്ക്ക് ചില വര്‍ഷങ്ങളില്‍ കര്‍ണാടകത്തിലും തമിഴ്നാട്ടിലും കൂടി അദ്ദേഹം രഥയാത്ര നടത്തി. ഈ രഥയാത്ര ഇപ്പോഴും തുടരുന്നു.
രഥം കടന്നുവരുന്ന പ്രമുഖസ്ഥലങ്ങളിലെല്ലാം നടത്തി വരുന്ന ശ്രീരാമലീലയാണ് മറ്റൊരു കര്‍മപദ്ധതി. ഗ്രാമനഗരാദികളെ ആറുരാമായണ കാണ്ഡങ്ങളായി തിരിച്ച് ശ്രീരാമപൂജ, രാമായണ പാരായണം, രാമായണത്തെ ആസ്പദമാക്കി കുട്ടികള്‍ക്കായുള്ള കലാമത്സരങ്ങള്‍, രാമായണത്തിന്റെ നൃത്തരൂപത്തിലോ നാടകരൂപത്തിലോ രണ്ടും കൂട്ടിക്കലര്‍ത്തിയോ നടത്തിപ്പോന്ന ആറുദിവസത്തെ ദൃശ്യാവിഷ്ക്കരണം എന്നിവ അടങ്ങുന്നതാണ് രാമലീല. അതിലേക്കായി അഭിനയ സാഹിത്യം പ്രത്യേകം തയ്യാറാക്കുകയും കുട്ടികള്‍ അതു പഠിച്ച് വ്രതാനുഷ്ഠാനങ്ങളോടെ രാമലീല നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി നന്ദിഗ്രാമില്‍ നിന്ന് ശ്രീരാമപാദുകവും ശ്രീലങ്കയില്‍ നിന്ന് സീതാദേവിയുടെ ചൂഡാരത്നവും ഭക്ത്യാഡംബരങ്ങളോടെ കൊണ്ടുവരികയും ചെയ്തു. രാമകഥ സത്യമാണെന്ന വ്യക്തധാരണ ജനമനസ്സുകളില്‍ ഉറപ്പിക്കാനും ശ്രീരാമജന്മഭൂമി യാഥാര്‍ഥ്യമാണെന്ന പരമസത്യം ബോധ്യപ്പെടുത്താനും തുടര്‍ച്ചയായി ആണ്ടുതോറും നടത്തിവരാറുള്ള രാമലീല പ്രയോജനപ്പെട്ടു. എതിര്‍വാദങ്ങളുടെ മുന ഒടിഞ്ഞു പോകുന്നതില്‍ അതെല്ലാം ആയുര്‍വേദ ചികിത്സ പോലെ സമര്‍ത്ഥമായി ഫലിക്കുകയും ചെയ്തു
.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: