യാത്രകളുടെ ഓര്മകളാല് സമൃദ്ധമായതും വായനയിലൂടെ അനുഭവം പകരുന്നതുമായ ഒരു ചെറുപുസ്തകമാണ് കടല്‍ മുതല്‍ കൈലാസം വരെ. വെങ്ങാനൂര്‍ രാമകൃഷ്ണന് നായരാണ് രചന നിര്‍വഹിച്ചത്. ലക്ഷദ്വീപ്, സ്റ്റോക്ഹോം, നേപ്പാള്‍, ഹിമാലയം തുടങ്ങിയവയിലൂടെയുള്ള യാത്രയിലെ കാഴ്ചകളും അനുഭവങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. വായന തുടങ്ങിയാല്‍ അത് നിര്‍ത്താനാവാതെ അവസാനംവരെ എത്തുന്ന തരത്തിലുള്ളതാണ് വേറിട്ട കാഴ്ചകളും അഭിപ്രായങ്ങളുമടങ്ങിയ ഈ ഗ്രന്ഥം. അറിവും വായനാസുഖവും പകരുന്നു അധ്യാപകനായ ഗ്രന്ഥകാരന്റെ യാത്രാവിവരണം.
കല്പേനി ഒരു കൊച്ചു ദ്വീപാണ്. ആളുകളെല്ലാം നല്ല സ്നേഹമുള്ള, സാത്വിക പ്രകൃതമുള്ള മനുഷ്യര്‍. പുറമെനിന്ന് ദ്വീപിലെത്തുന്നവരെ സല്ക്കരിക്കാന് അവര്‍ക്കേറെ സന്തോഷമാണ്. കടലറിഞ്ഞ് കരയിലെത്തിയപ്പോള്‍ കല്പേനി പകര്‍ന്ന അനുഭവമാണിത്. തുടര്‍ന്ന് നോബലിന്റെ നാട്ടിലെത്തിയപ്പോള്‍ അനുഭവം മറ്റൊന്നാകുന്നു.
സ്വീഡന് ഒരു വികസിത രാജ്യമാണ്. സമ്പല്‍സമൃദ്ധി വിളിച്ചോതുന്ന കാഴ്ചകളാണെങ്ങും. വീടുകളും വീഥികളും കച്ചവട സങ്കേതങ്ങളുമൊക്കെ ഭംഗിയും വൃത്തിയും വെടിപ്പുമുള്ളവ. ജനസാന്ദ്രതയുടെ കുറവും സമ്പത്തിന്റെ കൂടുതലുമാകാം രാജ്യത്തിന്റെ മികച്ച അവസ്ഥയ്ക്ക് കാരണമെന്ന് ഗ്രന്ഥകാരന് പറയുന്നു. സ്വീഡന്‍കാര്‍ പൊതുവെ സമാധാനപ്രി
യരാണെന്ന് തോന്നുന്നു. സൗമ്യസ്വഭാവികള്. ലോകമഹായുദ്ധങ്ങളിലൊന്നും സ്വീഡന് പങ്കെടുത്തിരുന്നില്ല. സ്റ്റോക്ക്ഹോമില്‍ കണ്ട പട്ടികള്‍ പോലും വ്യത്യസ്തരാണ്. നമ്മുടെ നാട്ടിലെ നായ്ക്കള്‍ തമ്മില്‍ കണ്ടാലത്തെ കാര്യം നമുക്കറിയാമല്ലോ. കടിപിടിയും ബഹളവുംകൊണ്ട് രംഗം കൊഴുക്കും. സ്റ്റോക്ക്ഹോം പട്ടികള്‍ പരസ്പരം കണ്ട ഭാവം നടിക്കുകയില്ല. അവയ്ക്ക് ‘പട്ടിത്തമില്ല’ എന്നു പറയുന്നതാവും ശരി. പിന്നെ ഒരു കാര്യം. യജമാനന്മാരോടൊപ്പം ഉടുപ്പ് ധരിച്ചും ധരിക്കാതെയും പോകുന്ന നായ്ക്കളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. തെരുവ് നായ്ക്കള്‍ എന്ന ഒരു വര്ഗമേയില്ല എന്നു തോന്നുന്നു.
കല്പേനിയിലൂടെ… സ്വീഡനിലൂടെ… നേപ്പാള്‍ അതിര്‍ത്തികള്‍ കടന്ന് ടിബറ്റിലൂടെ യാത്ര കൈലാസത്തിലെത്തുകയാണ്. അനുഭവം തികച്ചും വേറിട്ടതാകുന്നു. ഒരമൂല്യ നിധി കരസ്ഥമാക്കിയ അനുഭവം. ഇത് എങ്ങനെ സാധിതപ്രായമായെന്ന് ചിന്തിക്കുമ്പോള്‍ മറുപടി നിയോഗം…,
ദൈവഹിതം… എന്നു മാത്രമാകുന്നു. കൈലാസയാത്ര ഒരു യാത്രയല്ല. വിനോദസഞ്ചാരമല്ല. ഒരു തീര്‍ത്ഥാടനമാണ്. കൈലാസനാഥനില്‍ വിശ്വാസമര്‍പ്പിച്ചുള്ള യാത്ര. ഊര്‍ജം ‘പഞ്ചാക്ഷരീമന്ത്രം’ മാത്രം.
പൂജാദ്രവ്യങ്ങള്‍ ഹോമകുണ്ഡത്തിലര്‍പ്പിച്ച് ‘ഇദം ന മമ’ എന്നു പറഞ്ഞപ്പോള്‍ മനസ്സ് അക്ഷരാര്‍ത്ഥത്തില്‍ ആത്മീയതലത്തിലെത്തിയതായി അനുഭവപ്പെടുന്ന യാത്ര… പ്രപഞ്ചത്തിലൊന്നും എന്റേതല്ല, ഞാനാരുടേതുമല്ല.’എന്റെ കപ്പല്‍യാത്ര’ എന്ന ആദ്യത്തെ അധ്യായം തുടങ്ങുന്നിടത്ത് ഗ്രന്ഥകാരന് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ”ഞാന്‍ എസ്.കെ. പൊറ്റെക്കാടിനെപ്പോലൊരു സഞ്ചാരിയല്ല. സന്ദര്‍ഭവശാല്‍ ചില യാത്രകള്‍ വേണ്ടിവന്നിട്ടുണ്ട്. കരയിലും കടലിലും അങ്ങനെ യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. ആ അനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ഒരു ശ്രമം നടത്തുകയാണ് ഇവിടെ.”
ഈ വരികളില്‍ തുടിച്ചുനില്ക്കുന്ന വിനയവും ആര്‍ജ്ജവവും ഈ ഗ്രന്ഥത്തില്‍ ആദ്യന്തം നമുക്കനുഭവപ്പെടും. തീര്‍ച്ച. ഈ സവിശേഷതതന്നെയാണ് ‘കടല്‍ മുതല്‍ കൈലാസം വരെ’ എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ സ്വന്തമായൊരു മുഖവും അസ്തിത്വവും നല്‍കുന്നതെന്ന് അവതാരികയില്‍ പ്രൊഫ. ജി.എന്‍. പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: