കോട്ടയം: ക്രൈസ്തവ സഭകള്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിലും തോമസ് ചാഴിക്കാടനെതിരെ മുഖ്യമന്ത്രി നടത്തിയ പരസ്യ ശാസനയിലും നേതൃത്വത്തിന്റെ മൃദുസമീപനത്തിനെതിരെ കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ശക്തമായ വിമര്‍ശനം വാക്കേറ്റത്തോളമെത്തി. ജോസ് കെ. മാണി ഇടപെട്ട് വിഷയം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞ് ശാന്തമാക്കുകയായിരുന്നു.
ലൗ ജിഹാദ്, പാലസ്തീന് വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ശക്തമായ നിലപാട് ഉയര്‍ത്താന്‍ സാധിച്ചില്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. അതിനൊപ്പമാണ് നവകേരള യാത്രയുടെ പാലായില്‍ നടന്ന പരിപാടിയില്‍ തോമസ് ചാഴിക്കാടന് എംപിയെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിന് തിരിച്ചടിയാകുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടും ശക്തമായ നിലപാട് ഉയര്‍ത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. ഇതാണ് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് വഴിയൊരുക്കിയത്.
സഭാ വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന് മുന്നണിയില്‍ ഒരു നിയന്ത്രണവുമില്ലെന്നാണ് ജോസ് കെ. മാണിയുടെ വിശദീകരണം. മന്ത്രി സജി ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലെ തെറ്റ് അപ്പോള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അക്കാര്യത്തില്‍ നേരിട്ട് ഇടപെടുകയും പ്രതികരിക്കുകയും ചെയ്തു. മുന്നണി നേതൃത്വത്തെ അപകടം ചൂണ്ടിക്കാട്ടി വിഷയത്തില്‍ ഇടപെട്ട് തെറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ടതായും, ഇതു പിന്നീട് മന്ത്രി തന്നെ തിരുത്തിയെന്നും ജോസ് കെ. മാണി പറയുന്നു.
റബ്ബര്‍ വിഷയത്തിലും പ്രശ്ന പരിഹാരത്തിന് സംസ്ഥാനത്തിന്റെ ഭാഗത്ത് കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായിട്ടും ഈ വിഷയത്തിലും സമ്മര്‍ദ്ദശക്തിയാകാന്‍ പാര്‍ട്ടിക്കായില്ലെന്ന വിമര്‍ശനം അണികളില്‍ ശക്തമാണ്. കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ മണ്ഡലങ്ങളിലെ പദ്ധതികളെല്ലാം പാതിവഴിയിലാണ്. സിപിഎമ്മിന് കീഴ്പെട്ട് മുന്നോട്ട് പോയാല്‍ പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ഇല്ലാതാകുമെന്ന ആശങ്കയാണുള്ളത്. സഭാ നേതൃത്വത്തെ തഴഞ്ഞ് സിപിഎം നിലപാടിനൊപ്പം പോയാല്‍ ശക്തികേന്ദ്രമായ മധ്യതിരുവിതാംകൂറില്‍ പോലും തിരിച്ചടിയാകുമെന്ന ചര്‍ച്ചയും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: