കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം തുടങ്ങിയെന്നറിഞ്ഞപ്പോള്‍ കാഴ്ച പരിമിതരുടെ കൂട്ടായ്മ മഴവില്ല് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ വൈപ്പിന്‍ എടവനക്കാട് സ്വദേശി ഇ.എസ്. സജീഷ് മെസേജിട്ടു. ഞാനും മക്കളും കലോത്സവത്തിനു പോകുന്നു. ആരെങ്കിലും വരുന്നോ?
ഉടനെ മറുപടിയുമായി തിരുവനന്തപുരം സ്വദേശികളായ ഷിജുവും അജയകുമാറുമെത്തി. അങ്ങനെ ഇന്നലെ അഞ്ചു പേരും കലോത്സവ വേദിയിലെത്തി. മക്കള്‍ക്കു കാണാനും സജീഷിനും സുഹൃത്തുക്കള്‍ക്കും കേള്‍ക്കാനുമായി. കലോത്സവത്തിന്റെ സൗന്ദര്യം കണ്ണുകൊണ്ടു മാത്രമല്ല, കേള്‍വിയിലൂടെയും ആസ്വദിക്കാമെന്ന് തെളിയിക്കുകയാണ് സജീഷും സുഹൃത്തുക്കളും. ജന്മനാ കാഴ്ച വൈകല്യമുള്ള സജീഷ് ഇത് എട്ടാം വര്‍ഷമാണ് കലോത്സവം കേള്‍ക്കാനെത്തുന്നത്.
ആദ്യമായാണ് മക്കളായ ഏഴാം ക്ലാസുകാരി സായന്തനയെയും രണ്ടാം ക്ലാസുകാരന് സംയുക്തിനെയും കൂടെക്കൂട്ടുന്നതും. ഷിജുവിന്റെയും അജയകുമാറിന്റെയും ആദ്യ കലോത്സവമാണിത്. എറണാകുളത്തു നിന്ന് രാവിലെ മക്കളെയും കൂട്ടിയിറങ്ങി എച്ച്എസ് എസ് വിഭാഗം മിമിക്രി കേട്ടു. മക്കള്‍ക്കു കാണണമെന്നു പറഞ്ഞതിനാല്‍ കുച്ചിപ്പുഡി വേദിയില്‍ പോയി. മാപ്പിളപ്പാട്ടും കേട്ടായിരുന്നു മടക്കം. 20 വര്‍ഷമായി ഗായകനായ സജീഷിന് എറണാകുളം കേന്ദ്രീകരിച്ച് ജ്യോതിസ് ഓര്‍ക്കസ്ട്ര എന്ന ഗാനമേള ട്രൂപ്പുണ്ട്. എട്ടു പേരുള്ള സംഘത്തില്‍ എല്ലാവരും കാഴ്ച പരിമിതര്‍. വിവിധ സ്ഥലങ്ങളില്‍ അവര്‍ പരിപാടിക്കു പോകും. തൃശ്ശൂര്‍ കേരളവര്‍മ കോളജില്‍ നിന്ന് ബിഎ ഹിസ്റ്ററിയില്‍ ബിരുദം നേടിയ സജീഷ് കോളജുകാല പ്രണയത്തില്‍ സ്വന്തമാക്കിയ പ്രിയ സഖി ഒരു വര്‍ഷം മുന്നേ കാന്‍സര്‍ ബാധിച്ചു മരിച്ചു. അതിനാല്‍ ഇപ്പോള്‍ അച്ഛന് തന്നെയാണ് മക്കള്‍ക്ക് അമ്മയും. വേദനകള്‍ മറക്കാന്‍ കലയല്ലേ ഏറ്റവും നല്ല മാര്‍ഗമെന്ന് സജീഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: