Categories: Kerala

ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി ലാഹരീയം; ചെറുധാന്യങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ലാഹരിബായിയുടെ ജീവിത കഥ

ചെറുധാന്യങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയ ലാഹരിബായിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ലാഹരീയം. പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് ലാഹരിബായിയെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി പ്രഖ്യാപിച്ചത്.

Published by

വ്യത്യസ്തതയും അഭിനയ മികവും കൊണ്ട് ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടി എച്ച്എസ് വിഭാഗം സംസ്‌കൃത നാടകവേദി. പ്രമേയത്തില്‍ വ്യത്യസ്തത തീര്‍ത്ത ‘ലാഹരീയം’ നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെറുധാന്യങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയ ലാഹരിബായിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ലാഹരീയം. പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് ലാഹരിബായിയെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി പ്രഖ്യാപിച്ചത്.

മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയിലെ സാല്‍പതി ഗ്രാമത്തില്‍ നിന്നാണ് ചെറുധാന്യങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ലാഹരിബായി വളര്‍ന്നത്. മണ്ണുകൊണ്ടുണ്ടാക്കിയ ലാഹരിബായിയുടെ രണ്ടു മുറിവീട്ടില്‍ ഒരു മുറിയില്‍ ലാഹരി ബായി എന്ന 27കാരിയും അവരുടെ മാതാപിതാക്കളും തിങ്ങിഞെരുങ്ങി താമസിക്കുന്നു. അവര്‍ ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതും എല്ലാം ഒറ്റ മുറിക്കുള്ളില്‍.

അടുത്ത മുറി പൊതുകാര്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. കാരണം ആ മുറിയില്‍ അവരുടെ മകള്‍ ഒരു വലിയനിധി ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു പ്രായമായ മാതാപിതാക്കള്‍ക്കു നല്ലതുപോലെ അറിയാം. അതുകൊണ്ടുതന്നെ ആ മുറിക്കുള്ളില്‍ അനുവാദമില്ലാതെ പ്രവേശിക്കാന്‍ അവര്‍ ആരെയും അനുവദിക്കാറുമില്ല.

മധ്യപ്രദേശിലെ അതിദുര്‍ബല ഗോത്ര വിഭാഗങ്ങളില്‍ ഒന്നായ ബൈഗ സമൂഹത്തില്‍ ജനിച്ച ലാഹരി ബായ് പതിനെട്ടാം വയസിലാണ് ചെറുധാന്യങ്ങളുടെ വിത്തുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. അമ്മൂമ്മയുടെ നിര്‍ബന്ധപ്രകാരം വിത്തു ശേഖരണം ആരംഭിച്ച അവര്‍ കാലക്രമത്തില്‍ സ്വന്തമായി വിത്തുകളുടെ ബീജ ബാങ്ക് രണ്ടു മുറി വീട്ടില്‍ കെട്ടിപ്പടുത്തു. മണ്‍ ഭരണികളില്‍ 150 ലേറെ തരം ചെറു ധാന്യങ്ങളുടെ വിത്തുകളാണ്ശേഖരിച്ചിരിക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷമായി സ്വരുക്കൂട്ടിയ ആ സമ്പത്ത്, ഇന്ന് ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായും ലാഹരിബായ് പങ്കെടുത്തു. ഈ കഥയെ ആസ്പദമാക്കി ചെറുധാന്യങ്ങളുടെ പ്രാധാന്യം വിവരിച്ച് കണ്ണൂര്‍ മമ്പറം എച്ച്എസ്എസ് ആണ് നാടകം വേദിയില്‍ അവതരിപ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by