സ്വയം ഇടതുപക്ഷ ലേബലേന്തിനടക്കുന്ന കൂട്ടരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നിലപാടെടുക്കുകയും അതിന്റെ ഗുണഭോക്താവായിരിക്കുകയും ചെയ്തിട്ടും അടുത്തിടെ പ്രമുഖ സാഹിത്യകാരനായ എം.മുകുന്ദന് സഹികെട്ട് പറഞ്ഞത് കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ ഒരു വ്യത്യാസവും കാണാന്‍ കഴിയുന്നില്ലെന്നാണ്. ഇത്രയെങ്കിലും പറയാന്‍ മുകുന്ദന് തയാറായെങ്കിലും പൊതുവില്‍ കേരളത്തിലെ സാംസ്കാരിക നായകരെന്ന് മാധ്യമങ്ങള്‍ കൊണ്ടാടുന്നവരുടെ മൗനങ്ങളിലുറയുന്ന സ്വാര്ത്ഥതാല്പ്പര്യങ്ങളും സര്‍വകലാശാലകളിലെ വൈജ്ഞാനികവും ബൗദ്ധികവുമായ അന്തരീക്ഷമലിനീകരണവും സമരസപ്പെട്ടിരിക്കുന്നത് ഒരു ക്രിമിനല്‍ഗൂഢാലോചനയുടെ പിന്നാമ്പുറങ്ങളിലാണ്. അധികാരവാഴ്ചയുടെ വാഴ്ത്തുപാട്ടുകാര്‍ക്ക് ‘അഹന്തയ്ക്ക് ഇന്തപ്പട്ട്’ എന്ന മട്ടില്‍ സ്തുതിഗീതത്തിന്റെ നാണമില്ലായ്മയ്ക്കനുസരിച്ച് പുരസ്കാരങ്ങളും സ്ഥാനലബ്ധികളുമെന്ന തത്വം പ്രാബല്യത്തിലിരിക്കുന്നതിനാല് കേരളത്തിന്റെ വടക്കും തെക്കും മധ്യവുമെല്ലാം തമ്പ്രാന്റെ ഇഷ്ടം നോക്കി ചുരുണ്ടുകിടക്കുകയാണ്. കേരളത്തിലെ സാഹിത്യ സിനിമാ മേഖലകളിലെ അടിയാളസംഘത്തിന്റെ മൂളലും മുരളലും എല്ലിന്‍കഷണത്തെ ചുറ്റിപ്പറ്റിയുള്ള അടുക്കളവഴക്കുകളായി ഒടുങ്ങുന്നത് കേരളീയര്‍ കാണുകയാണ്. വന്ധ്യമേഘങ്ങളുടെ തിരയിളക്കങ്ങള്‍ സര്വാധികാരഗര്വിന്റെ കാല്‍ക്കീഴിലോ, ഭീഷണിനിറഞ്ഞനോട്ടത്തിലോ വിലാപസ്വരമാകുന്നു. ഇവിടത്തെ ബുദ്ധിജീവനക്കാരും സാംസ്കാരിക ശിഖണ്ഡികളും തങ്ങളുടെ ശബ്ദമാപിനി ഭരണനേതാക്കളെയേല്പ്പിച്ചിരിക്കുന്നു.
കരിങ്കൊടിയുടെ അര്‍ഥങ്ങള്‍
നോക്കൂ, കരിങ്കൊടിക്ക് രണ്ടര്‍ത്ഥം ലഭിച്ച സംസ്ഥാനമാണിത്. ധൂര്‍ത്തും ഗുണ്ടായിസവുമായി, ശോഷിച്ച ഭണ്ഡാരത്തിലെത്തേണ്ട ധനം സ്വന്തം പോക്കറ്റിലെത്തിക്കാന്‍ എല്ലാ നെറികെട്ട മാര്‍ഗങ്ങളും സ്വീകരിക്കുകയും നൂറുകണക്ക് പൊലീസും കമാന്റോകളും പോരാതെ, സ്വന്തനിലയ്ക്ക് ഗുണ്ടാസംഘങ്ങളെയും കൊണ്ട് ഊരുചുറ്റുന്ന, ഇന്ദ്രനെയും ചന്ദ്രനെയും നിയന്ത്രിക്കുന്നത് താനാണെന്ന് ലജ്ജയില്ലാതെ വായാടുന്ന മുഖ്യമന്ത്രിയുടെ നേരേ വീശുന്ന പ്രതിഷേധത്തിന്റെ കരിങ്കൊടി. അതു തന്നെ കൊല്ലുമെന്ന് പേടിച്ചോടുന്നതിനാല്, ആ കരിങ്കൊടിവീശുന്നവരെ ആക്രമിക്കാന്‍ സിപിഎം ഗുണ്ടകള്‍ക്കും സ്വന്തം അംഗരക്ഷകര്‍ക്കും ആഹ്വാനം നല്‍കുകയും അവര്‍ക്കു നേരേ വധശ്രമത്തിന് കേസെടുക്കുകയും ചെയ്യുന്ന അതേ നിയമത്തിനു കീഴില്‍ത്തന്നെയാണ്, കേരളത്തിലെ വിദ്യാഭ്യാസമേഖല ഒന്നാംക്ലാസ് തൊട്ട് ഗവേഷണതലംവരെ പാര്‍ട്ടിക്കാരുടെ താവളമാക്കി നശിപ്പിച്ചത്. കേരളം രാജഭരണകാലംതൊട്ട് നേടിയെടുത്ത വിദ്യഭ്യാസഗരിമയെ, അത് തങ്ങളുടെ രാഷ്ട്രീയതാല്‍പ്പര്യത്തിന് നല്ലതല്ലെന്ന ബോധ്യത്താല്‍ പുലകുളിച്ച്, സര്‍വകലാശാലകളെ സിന്ഡിക്കേറ്റുകളെന്ന ഭാഗ്യാന്വേഷിക്കൂട്ടങ്ങളുടെ താവളമാക്കി.
എസ്എഫ്ഐ ഗുണ്ടകളുടെ തീരുമാനങ്ങളുടെ ബലിമൃഗങ്ങളാക്കിയും മുച്ചൂടും നശിപ്പിക്കുന്നതിനെതിരേ ജനപക്ഷത്തുനിന്ന് ഒറ്റയാള്പോരാട്ടംനടത്തുന്ന ആരിഫ് മുഹമ്മദ് ഖാനെന്ന ചാന്‍സലറുടെ കാറിനുമുന്നില്‍, വീട്ടിലും പാര്ട്ടിയാപ്പീസിലുമുപയോഗിക്കുന്ന തരം തെറിപ്പാട്ടോടെ കരിങ്കൊടിയും ബാനറുമായി ചാടിവീഴുന്ന ഗുണ്ടകളെ ‘മാതൃക’കളെന്ന് പ്രകീര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെയും അവരെ ഭയഭക്തിബഹുമാനത്തോടെ എതിരേറ്റുകൊണ്ടുപോകുന്ന പൊലീസിന്റെയും കരിങ്കൊടിയുടെ അര്‍ത്ഥഭേദങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ട്. പക്ഷേ, മേല്‍പ്പറഞ്ഞ അക്കാദമിക് ശരീരങ്ങളും സാംസ്കാരികഷണ്ഡരും അതൊന്നും കണ്ടേകൂട. തങ്ങളുടെ അര്‍ഹതയല്ല, അധികാരത്തിന്റെ ഔദാര്യമാണ് തങ്ങള്‍ക്കും തുണയായതെന്ന കടപ്പാട് അവര്‍ക്കുണ്ട്. അധികാരം വലിച്ചെറിയുന്ന എച്ചില് മുഖ്യനെ ദൈവമെന്ന് വാഴ്ത്തുന്ന വാസവന്മാര്ക്കും മാര്‍പ്പാപ്പയെന്ന് കീര്‍ത്തനം ചെയ്യുന്ന സജി ചെറിയാനെന്ന വകതിരിവും വാഴനാരും തിരിച്ചറിയാത്തവനുമൊക്കെകിട്ടുന്നത് ഈ ഭജനസംഘം കാണുന്നുണ്ട്. സമര്ത്ഥരായവിദ്യാര്ഥികളെല്ലാം കേരളത്തിനോ, ഇന്ത്യയ്ക്കോ പുറത്തേയ്ക്ക് പോകുന്നതിനുകാരണം ഇവിടെനിന്നുകിട്ടുന്ന ബിരുദത്തിന് കഴിഞ്ഞ കുറേക്കാലങ്ങളായി ഒരുവിലയും കല്പ്പിക്കപ്പെടാത്തസ്ഥിതി വന്നതാണ്. അതിന് തെളിവ് എസ്എഫ്ഐക്കാര്‍ ചാന്‍സലര്‍ക്കെതിരേ എഴുതിയ ബാനറുകള്തന്നെ. Your dal will not cook here, your plan will not walk here, fold the chancellor and send എന്നിങ്ങനെ, ഇംഗ്ലീഷ് വാദ്ധ്യായിനിയും ഉന്നതവിദ്യാഭ്യാസമന്ത്രിയുമായ ബിന്ദു, ഇംഗ്ലീഷ് ഭാഷയില്‍ പിഎച്ച്ഡിക്കാരിയായ ചിന്താജറോം തുടങ്ങിയവരുടെ ഇംഗ്ലീഷും, ചാന്‍സലറുടെ അച്ഛനമ്മമാരെവരെ തെറിവിളിക്കുന്ന കൊടുംക്രിമിനലായ ആര്‍ഷോയുടെ സംസ്കാരപൈതൃകവും പിണറായിക്കിഷ്ടപ്പെട്ട പരനാറിത്തം പുളയ്ക്കുന്നതും സജിചെറിയാനെയും മണിയെയുംപോലുള്ള ‘മറ്റേപ്പണി’ക്കാരുടെ വാമൊഴിയുമെല്ലാം ഈ വിദ്യാര്‍ഥിസംഘടനയ്ക്ക് മുതല്‍ക്കൂട്ടാണ്. അവരെപ്പറഞ്ഞിട്ടുകാര്യമില്ല. സര്‍ഗാത്മകമായ രാഷ്ട്രീയ സംസ്കാരത്തിന്റെകാലത്ത് എസ്എഫ്ഐ ഉയര്‍ത്തിയിരുന്ന മുദ്രാവാക്യങ്ങള്‍ എതിരാളികളുടെപോലും ആദരവുനേടിയിരുന്നു. പ്രതിഷേധങ്ങള്‍ നീതിയുക്തവും സൃഷ്ടിപരവുമാകണമെങ്കില് സംഘടനാനേതാക്കള്‍ സര്ഗധനരായിരിക്കണം. അടിയന്തിരാവസ്ഥയില്‍പോലും മുദ്രാവാക്യങ്ങള്‍ക്ക് പാബ്ലോ നെരൂദയും ഹോച്ചിമിനും മറ്റും സര്‍ഗശക്തി പകര്‍ന്നിരുന്നു. ഗുണ്ടായിസമാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്നും അത് തങ്ങള്‍ക്കും കുടുംബത്തിനും സില്ബന്ധികള്ക്കും പണമുണ്ടാക്കാനാണെന്നുമുള്ള അവസ്ഥയില്‍ ആ നേതൃത്വത്തിന് കീഴിലെ വിദ്യാര്‍ഥിസംഘടനയിലും ക്രിമിനലുകളും വ്യാജബിരുദക്കാരും സര്‍ട്ടിഫിക്കറ്റ് സ്വയം ഉണ്ടാക്കി ജോലി നേടുന്നവരുമെല്ലാം സ്വാഭാവികമായി. അവര്‍ക്ക് ഉന്നതമായവിദ്യാഭ്യാസമൂല്യത്തോട് പുച്ഛമായി. ആരംഭകാലത്ത് തിരുവിതാംകൂര്‍ സര്‍വകലാശാല ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ വി സി യായി ക്ഷണിച്ചത് അവര്‍ക്ക് മനസ്സിലാക്കാന്‍കഴിയാത്ത കാര്യമായി. ഗോപിനാഥ് രവീന്ദ്രനെപ്പോലെ ആര്‍ഷോയുടെ മുന്നില്‍ ഇരിക്കാന്‍ ധൈര്യമില്ലാത്ത വിസിമാരുടെയും വൈസ് ചാന്‍സലര്‍മാരില്ലാത്ത സര്‍വകലാശാലകളുടെയും അനുഗൃഹത്തില്‍ അവര്‍ മദിക്കുകയാണ്. ഉന്നത വിദ്യാഭ്യാസമേഖലയെ നാഥനില്ലാക്കളരിയാക്കി സിന്‍ഡിക്കേറ്റെന്ന വയറ്റിപ്പിഴപ്പുകാരുടെ പാര്ട്ടിസെല്ലാക്കുന്നതിന് ചാന്‍സലര്‍ തടയിടുന്നത് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതിന്റെ ഫലമാണ് പൊലീസ് സംരക്ഷണത്തോടെ ചാന്‍സലര്‍ക്കെതിരേ എസ്എഫ്ഐ നടത്തുന്ന ഗുണ്ടാവിളയാട്ടം.
ചരിത്രപാഠം
സാംസ്കാരികനായകരെന്ന അടിമക്കൂട്ടവും സര്‍വകലാശാലകളിലെ പാര്ട്ടിപ്പണ്ഡിതന്മാരും തിരിച്ചറിയാനിഷ്ടപ്പെടാത്ത പ്രധാനപ്പെട്ട ചില ചരിത്രസത്യങ്ങളുണ്ട്. കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസവികസനത്തിനുമൊക്കെ അടിത്തറയിട്ടത് തിരുവിതാംകൂര്‍ മഹാരാജാക്കളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറലാശുപത്രി, തൈക്കാട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കമുള്ള ആശുപത്രി, എസ്എറ്റി തുടങ്ങിയവ കൂടാതെ, പ്രാദേശിക തലത്തില്‍ ചികിത്സാകേന്ദ്രങ്ങളാരംഭിച്ചതും രാജഭരണകാലത്താണ്. തിരുവിതാംകൂര്‍ സര്‍വകലാശാല കൂടാതെ, യൂണിവേഴ്സിറ്റി കോളജ്, വനിതാ കോളജ്, ആര്‍ട്സ് കോളജ്, സംസ്കൃത കോളജ് എന്നിവ സര്‍ക്കാര്‍ തലത്തിലും മാര്‍ ഇവാനിയോസ് കോളജ് പോലുള്ള സ്വകാര്യകോളജുകളും രാജഭരണത്തിന്റെ സംഭാവനകളാണ്. തിരുവനന്തപുരം മൃഗശാല, ചിത്രശാല, കാഴ്ചബംഗ്ലാവ്, കൊല്ലത്ത് പാര്‍വതി മില്‍സ്, ടൈറ്റാനിയം, തിരുവനന്തപുരം വിമാനത്താവളം, കോവളം വിനോദസഞ്ചാരകേന്ദ്രം, മണ്ട്രോത്തുരുത്ത്, വെല്ലിങ്ടണ്‍ ഐലന്റ് എന്നിങ്ങനെ രാജഭരണത്തിന്റെ മുദ്രപതിഞ്ഞ സ്ഥാപനങ്ങള്‍ ധാരാളമുണ്ട്. തിരുവിതാംകൂറിന്റെ ഈ വികാസപ്രവര്‍ത്തനങ്ങള്‍ പിന്നീട് മലബാര്മേഖലയിലേയ്ക്ക് വ്യാപിപ്പിക്കുകയാണ് സ്വാതന്ത്ര്യാനന്തരസര്ക്കാരുകള് ചെയ്തത്. ശരിക്കു പറഞ്ഞാല്‍ പുരോഗതിയിലേയ്ക്ക് നയിക്കുന്നതിന് പകരം സംസ്ഥാനത്തെ പിന്നോട്ടടിക്കുകയാണ് ജനാധിപത്യത്തില്‍ പിടിച്ചാണയിടുന്നവര്‍ ചെയ്തതെന്ന് പറയാന്‍ മടിക്കേണ്ടതില്ല. വ്യത്യസ്തമായ ഒരു ഭരണകാലം, പല ദോഷങ്ങളുമുണ്ടെങ്കിലും, അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്നതാണ്. പക്ഷേ, കേരളത്തിലെ ബുദ്ധി’മാമന്മാരും ‘ബുദ്ധി’മതി’കളും ഇതൊന്നും മനസ്സിലാക്കുകയോ പറയുകയോ ചെയ്യില്ല. സത്യംപറഞ്ഞുപോയാല് തങ്ങളാഗ്രഹിക്കുന്ന പലതും കിട്ടില്ലെന്നപേടിയാണവര്ക്ക്. സത്യത്തെക്കാളും സാംസ്കാരികത്തകര്‍ച്ചയിലും വിദ്യാഭ്യാസത്തകര്ച്ചയിലുംനിന്ന് രക്ഷനേടുന്നതിനെക്കാളും അവരാഗ്രഹിക്കുന്നത് അധികാരികളെറിഞ്ഞുകൊടുക്കുന്ന എല്ലിന്‍കഷണങ്ങളാണ്. വരുംതലമുറകള്ക്കെന്തും വന്നോട്ടേ; കേരളം ഏത് പടുകുഴിയിലും നിപതിച്ചോട്ടേ; ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം ഏതെങ്കിലുമൊരു എല്ലിന്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: