മനുഷ്യര്‍ക്ക് മാത്രമല്ല ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ആപത്തായി മാറുന്ന ശത്രുവാണ് അഹങ്കാരം. അധികാരവും കായബലവും സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും വിദ്യാലാഭവും വന്നുചേരുമ്പോള്‍ അഹങ്കാരം നമ്മെ പിടികൂടാന്‍ ആരംഭിക്കും. അതിന് വിധേയനായാല്‍ സര്‍വ്വനാശം സംഭവിക്കും. മാതാവെന്നോ പിതാവെന്നോ ഗുരുവെന്നോ നോക്കാതെ അഹങ്കാരപീഡയില്‍ നിലമറന്ന് പ്രവര്‍ത്തിക്കും. അഹങ്കാരശത്രു അപകടകാരിയാണ്. അതിനെ തോല്‍പ്പിക്കുന്ന ഉപായമന്ത്രമാണ് നാരായണ കവചം. നാരായണ ഭഗവാന്‍ ഏത് നിമിഷവും ഭക്തരുടെ രക്ഷാമൂര്‍ത്തിയാണ്. ‘ഓം നമോ ഭഗവതേ വാസുദേവായ, ഓം നാരായണായ നമഃ’ എന്നീ മന്ത്രങ്ങള്‍ ഓരോരുത്തരുടേയും ജീവമന്ത്രമാണ്. ശ്രീമദ് ഭാഗവതം 6-ാം സ്‌കന്ധത്തില്‍ ഏഴാമത്തെയും എട്ടാമത്തെയും അധ്യായത്തില്‍ വിശ്വരൂപനേയും, നാരായണമന്ത്രത്തേയും കുറിച്ച് വിശദമായി പറഞ്ഞുതരുന്നു.
ദേവന്ദ്രന്‍ മൂന്ന് ലോകങ്ങളുടെയും അധിപതിയായി ഐശ്വര്യത്താന്‍ ഭ്രമിച്ച് സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിച്ചു. ഒരിക്കല്‍ ഇന്ദ്രാണിയോടുകൂടി ഇന്ദ്രസഭയില്‍ മതിമറന്നിരിക്കേ മരുത്തുക്കള്‍, വസുക്കള്‍, രൂദ്രന്‍, ആദിത്വന്‍, ഋഭു, വിശ്വന്‍ സാധ്യഗണങ്ങള്‍, അശ്വിനീകുമാരന്മാര്‍ എന്നിവര്‍ ഇന്ദ്രനെ സേവിച്ചു നില്‍ക്കേ സിദ്ധന്മാര്‍, ചാരണന്മാര്‍, ബ്രഹ്മവാദികളായ മുനികള്‍, വിദ്യാധരന്മാര്‍, അപ്‌സരസ്സുകള്‍, കിന്നരര്‍, യക്ഷന്മാര്‍, നാഗങ്ങള്‍ എന്നിവര്‍ സേവാസ്തുതിയിലൂടെ ഇന്ദ്രകീര്‍ത്തി പാടിക്കൊണ്ടിരിക്കേ സര്‍വ്വതും മറന്ന് സ്ഥാനപദവിയിലുള്ള അഹങ്കാരത്താല്‍ സിംഹാസനത്തിലിരുന്ന ഇന്ദ്രന്‍ ദേവഗുരു ബൃഹസ്പതി സഭയിലേയ്‌ക്ക് കടന്നുവരുന്നത് കണ്ടിട്ടും ആസനത്തില്‍ നിന്ന് എഴുന്നേല്‍ക്കുകയോ സത്കരിക്കുകയോ ചെയ്തില്ല. പരമസാത്വികനും ത്രികാലദര്‍ശിയും വിദ്വാനും ദേവഗുരുവുമായ ബൃഹസ്പതി ഒന്നും പറയാതെ സഭയ്‌ക്ക് പുറത്തിറങ്ങി, ഐശ്വര്യമദം ഇന്ദ്രന് വന്നുപെട്ടിരിക്കുന്നു എന്നറിഞ്ഞ് തന്റെ ആശ്രമത്തിലേയ്‌ക്ക് പോന്നു. ഗുരുസ്വരൂപമായ ബ്രഹ്മത്തെ മാനിക്കാത്ത ഇന്ദ്രന്‍ ദുരഭിമാനിയായ ഒരു ജീവനായി കേവലം അധഃപതിച്ചിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. തന്റെ യോഗബലത്താല്‍ അന്തര്‍ധാനം ചെയ്തു.
ബൃഹസ്പതി പോയ ശേഷമാണ് ഇന്ദ്രന് തെറ്റ് മനസ്സിലായത്. ഗുരുവിനോട് അവജ്ഞ കാണിച്ചത് ശരിയായില്ലെന്ന് മനസ്സിലായി. അധികാരത്തിന്റെ ചിഹ്നങ്ങള്‍ ധരിക്കുമ്പോഴും മറ്റുള്ളവര്‍ പുകഴ്‌ത്തുമ്പോഴും ചിലര്‍ യാഥാര്‍ത്ഥ്യം മറന്ന് പെരുമാറുന്ന നിലയിലേക്കാണ് ഇന്ദ്രന്‍ ചെന്നുപെട്ടത്. ബൃഹസ്പതിയെ പ്രതീപ്പെടുത്തുന്നതിനായി ഉടനേ ആശ്രമത്തിലേക്ക് ചെന്നെങ്കിലും ഗുരുവിനെ കാണാന്‍ കഴിയാത്തതുകൊണ്ട് മറ്റ് ദേവന്മാരോടൊപ്പം തിരിച്ചുപോന്നു. തന്റെ രക്ഷയ്‌ക്കുവേണ്ടി പല കാര്യങ്ങളും ചിന്തിച്ചു.
ബൃഹസ്പതിയെ ദേവേന്ദ്രന്‍ അപമാനിച്ച കാര്യം അസുരന്മാര്‍ അറിഞ്ഞു. ഈ സമയം പഴാക്കരുതെന്നുറച്ച് ദൈത്യന്മാര്‍ അസുര ഗുരു ശുക്രാചാര്യരുടെ സഹായത്തോടെ ദേവലോകം ആക്രമിച്ചു. ജീവന്‍ ബ്രഹ്മത്തെ അവഗണിക്കുമ്പോള്‍ നമ്മില്‍ ആസുരഭാവം ശക്തി പ്രാപിക്കും. ഗുരുവിനെ മാനിച്ച അസുരന്മാര്‍ യുദ്ധത്തില്‍ വിജയം നേടി. ഇന്ദ്രന്‍ ബ്രഹ്മോപദേശമനുസരിച്ച് ത്വഷ്ടാവിന്റെ മകനായ വിശ്വരൂപനെ ഗുരുവായി സ്വീകരിച്ച് ഇതിനെ നേരിടുവാന്‍ തീരുമാനിച്ചു. വിശ്വരൂപന്‍ ബ്രാഹ്മണനും ആത്മജ്ഞാനിയുമാണെങ്കിലും അദ്ദേഹത്തിന്റെ മാതാവ് അസുര സ്ത്രീയായതിനാല്‍ അസുരപക്ഷവും എടുക്കുമെന്ന് അറിയണമെന്നും ബ്രഹ്മദേവന്‍ ഉപദേശിച്ചു.
ദേവന്മാര്‍ വളരെ കരുതലോടെ നല്ല വാക്യങ്ങളാല്‍ വിശ്വരൂപനെ പ്രീതനാക്കി. ദേവഗുരു ബൃഹസ്പതിയുടെ സ്ഥാനത്ത് നില്‍ക്കണമെന്ന് അപേക്ഷിച്ചു. അവിടത്തെ തേജസ്സിന്റെപ്രഭാവത്താല്‍ ഞങ്ങള്‍ ശത്രുക്കളെ ജയിക്കുവാന്‍ ആഗ്രഹിക്കുന്നു. ദേവന്മാരുടെ പ്രാര്‍ത്ഥന വിശ്വരൂപന്റെ ഹൃദയത്തെ വശീകരിച്ചു. അദ്ദേഹം അങ്ങനെ ദേവഗുരുവായി വിദ്യാബലത്തില്‍ ദൈത്യരില്‍ നിന്ന് രാജ്യലക്ഷ്മിയെ വീണ്ടെടുത്ത് ഇന്ദ്രന് നല്‍കി. നാരായണ മന്ത്രം ഇന്ദ്രന് ഉപദേശിച്ചുകൊടുത്താണ് ശത്രുക്കളെ ഇന്ദ്രന്‍ തോല്‍പ്പിച്ച് വിജയം നേടിയത്.
നാരായണ കവചം അതിവിശിഷ്ടമായ ഒരു മന്ത്രമാണ്. ഏതെങ്കിലും വിധത്തിലുള്ള അപകടമോ ഭയമോ ശത്രുബാധയോ ഉണ്ടാകുമ്പോള്‍ രക്ഷയ്‌ക്കായി നാരായണ മന്ത്രജപത്തിലൂടെ വിജയം നേടാന്‍ സാധിക്കും. ഇരുപത്തിമൂന്ന് ശ്ലോകത്തിലൂടെ പ്രാര്‍ത്ഥന നടത്തുന്ന മന്ത്രമാണിത്. ആദ്യം കൈകാല്‍ കഴുകി ആചമനം ചെയ്ത് ദര്‍ഭ കൊണ്ടുള്ള പവിത്രം ധരിച്ച് വടക്കോട്ട് തിരിഞ്ഞിരുന്ന് അഷ്ടാക്ഷരിയും ദ്വാദശാക്ഷരിയുമായ മന്ത്രങ്ങളെക്കൊണ്ട് അംഗന്യാസവും കരന്യാസവും ചെയ്ത് ഓം നമോ നാരാണായ, ഓം നമോ ഭഗവതേ വാസുദേവായ എന്ന ഈ മന്ത്രങ്ങള്‍ കൊണ്ട് കരന്യാനവും ചെയ്യണം.
ഭഗവാന്‍ വാസുദേവനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ധ്യാനിക്കണം. തുടര്‍ന്ന് മത്സ്യം, വരാഹം, വാമനന്‍, നരസിംഹം തുടങ്ങിയ അവതാരങ്ങളില്‍ ആദ്യമായത് ആദ്യമെന്ന ക്രമത്തില്‍ സ്തുതിക്കണം. ഗരുഡാരൂഢനും അഷ്ടബാഹുവുമായ ശ്രീഹരിയെയാണ് രക്ഷാപുരുഷനായി ആശ്രയിക്കേണ്ടത്. ഭഗവാന്‍ ഗജേന്ദ്രസംരക്ഷകനായി ഗുരുഡന്റെ പുറത്താണ് പ്രത്യക്ഷപ്പെട്ടത്. ഭഗവാന്റെ എട്ട് കൈകളില്‍ ചക്രം, പരിച, വാള്‍, ഗദ, ശരം, ചാപം, പാശം എന്നിവ ധരിച്ചിരിക്കുന്നു. ഇവ ആയുധങ്ങളായി ഉപയോഗിക്കുന്നു. ഭഗവാന്റെ അഷ്‌ടൈശ്വര്യ സിദ്ധികളാണ് അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാശ്യം, പ്രാകാശ്യം എന്നീ ഗുണങ്ങള്‍. എട്ട് തൃകൈകളോടുകൂടിയവനും അഷ്‌ടൈശ്വര്യങ്ങളോടെ കൂടിയവനുമായ ഓങ്കാരമൂര്‍ത്തി ഹരി എല്ലാ രക്ഷയും തന്നരുളേണമേ എന്നു പ്രാര്‍ഥിക്കണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: