മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടേയും ഹേതു നാനാതരം ഭയങ്ങളാണ്. എന്നാല്‍ ആത്യന്തികമായി ഏതുപ്രകാരത്തിലുള്ള ഭയത്തിന്റേയും നിഖാനം മരണത്തെപ്പറ്റിയുള്ള ആശങ്കയോ ഭയമോ ആണ്. ‘യസ്യ ഹി വിനാശശങ്ക തസ്യ ഭയോത്പത്തിഃ’ (ഛാ. ഭ. 4.13.1) എന്ന് ആചാര്യസ്വാമികള്‍ ഛാന്ദോഗ്യോപനിഷദ്ഭാഷ്യത്തില്‍ നിരീക്ഷിച്ചിരിക്കുന്നു. വിനാശത്തെ (മരണത്തെ) പ്പറ്റിയുള്ള ഭയം ഇല്ലാ താക്കി നമ്മെ നിര്‍ഭയരാക്കാനാണ് ഋഷീശ്വരന്മാര്‍ നിരന്തരം ശ്രമിച്ചിട്ടുള്ളത്. അതാണ് നാം സ്വായത്തമാക്കേണ്ട ജീവിതമൂല്യങ്ങളെ പ്പറ്റി പറയുമ്പോള്‍ ഒന്നാമതായി പരിഗണിക്കുന്നത. ‘അഭയം’ ആയത് (അഭയം സത്ത്വസംശുദ്ധിഃ ഗീ. 16ാം അദ്ധ്യായം)
ഋഷീശ്വരന്മാര്‍ തങ്ങളുടെ ധ്യാനനിദിധ്യാസനങ്ങളില്‍ കൂടിയും സ്വാനുഭൂതിയില്‍ കൂടിയും ദര്‍ശിച്ച് വേദോപനിഷത്തുകളില്‍ കൂടി പ്രഖ്യാപിച്ച പരമസത്യം ‘ആത്മാവിന് മരണമില്ല, ആത്മാവ് അനശ്വരനാണ്’ എന്നത്രേ. ഇത് കേവലം വിശ്വാസത്തിന്റെ കാര്യം മാത്രമല്ല, സത്യവസ്തുവിനെക്കുറിച്ച് അഥവാ ജീവചൈതന്യത്തെക്കുറിച്ച് തര്‍ക്കയുക്തികളുടെ വെളിച്ചത്തില്‍ ദാര്‍ശനികമായി സംഭാവ്യമായ ഒരേയൊരു വ്യാഖ്യാനത്തില്‍ കൂടി എത്തിച്ചേരാന്‍ കഴിയുന്ന ഒരേയൊരു നിഗമനമാണ്. ആത്മാവിന് മരണമില്ലെന്നും ശരീരത്തിന്റെ വളര്‍ച്ചയില്‍ ഉണ്ടാവുന്ന ഒരു സാധാരണ പരിണതി മാത്രമാണ് മരണമെന്നും പറഞ്ഞുറപ്പിക്കുകയാണല്ലോ ശ്രീമദ് ഭഗവദ്ഗീതയിലെ മുഖ്യപ്രമേയം തന്നെ.
‘ജീര്‍ണ്ണവസ്ത്രത്തെയുപേക്ഷിച്ചു ദേഹികള്‍ പൂര്‍ണ്ണശോഭങ്ങളാം വസ്ത്രങ്ങള്‍ തേടുന്നതു’പോലെയാണ്. നാം മരണത്തെ അഭിമുഖീകരിക്കേണ്ടതെന്ന് തുഞ്ചത്താചാര്യരും സാക്ഷ്യപ്പെടുത്തുന്നു. കാലപ്പഴക്കംകൊണ്ട് ജീര്‍ണ്ണത ബാധിക്കുമ്പോഴോ അപരിഹാര്യമായ കേടുപാടുകള്‍ സംഭവിക്കുമ്പോഴോ വസ്ത്രമോ വാഹനമോ മാറ്റി പുതിയതു സ്വീകരിക്കുന്നതുപോലെ യുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ് മരണവും പുനര്‍ജന്മവും അതായത്, ശരീരം മരിക്കുമ്പോഴും ആത്മാവു മരിക്കുന്നില്ല (‘ന ഹന്യതേ ഹന്യമാനേ ശരീരേ’). അത് പുതിയ ശരീരങ്ങളായ പുതിയ കുപ്പായങ്ങളെ സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
സര്‍വ്വാത്മവാദവും അദൈ്വതഭാവനയും
എല്ലാ ജീവജാലങ്ങളിലും ആത്മാസ്വരൂപേണ സര്‍വ്വവ്യാപിയായ ഈശ്വരന്റെ ചൈതന്യം തുടിച്ചുനില്ക്കുന്നു. അതുകൊണ്ട് ആരേയും ദ്വേഷിക്കരുതെന്നും ഉപദ്രവിക്കരുതെന്നും അഹിംസയാണ് പരമമായ ധര്‍മ്മമെന്നും ഹിന്ദുക്കള്‍ കരുതുന്നു. അവനവന് ഉള്ളതുപോലെ തന്നെയാണ് സുഖദുഃഖങ്ങള്‍ എല്ലാ പ്രാണികള്‍ക്കും ഉള്ളതെന്നും അതുകൊണ്ടുതന്നെ എല്ലാ ജീവികളേയും സമഭാവനയോടെ കാണുന്നവനാണ് ഉത്തമനായ വ്യക്തിയെന്നും ഗീത നമ്മെ പഠിപ്പിക്കുന്നു:
‘ആത്മൗപമ്യേന സര്‍വ്വത്ര
സമം പശ്യതി യോര്‍ജ്ജുന
സുഖം വാ യദി വാ ദുഃഖം
സ യോഗീ പരമോ മതഃ’ ( ഭഗവദ്ഗീത)
ഒരു ചെടിയുടെ കമ്പ് ഒടിക്കുന്നതുപോലും ഹിംസയാണെന്ന തിരിച്ചറിവാണ് ഭാരതീയരുടെ ജീവിതസമീപനത്തെ രൂപപ്പെടുത്തു ന്നത്. വൈദികമായ ‘വസുധൈവ കുടുംബകം’ എന്ന ധാരണ ഈ സര്‍വ്വാത്മവാദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. ഈ ചിന്ത മനസ്സില്‍ വച്ചുകൊണ്ടാണ് നമ്മുടെ ഒരു മഹാകവി ‘സ്‌നേഹ മാണഖിലസാരമൂഴിയില്‍’ എന്നും മറ്റൊരു മഹാകവി ‘ലോകമേ തറവാട് നമുക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍’ എന്നും സാരഗര്‍ഭമായി പാടിയത്. അതേ വിശ്വാസം കൊണ്ടാണ് സമസൃഷ്ടിസ്‌നേഹം, ഭൂതദയ തുടങ്ങിയ ജീവിതമൂല്യങ്ങള്‍ ഹിന്ദുക്കളില്‍ വ്യാപകമായി വികസിച്ചുവന്നിട്ടുള്ളത്, അദൈ്വത ഭാവന നമ്മില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതിനാല്‍ എല്ലാവരും ഈശ്വര സ്വരൂപികളാണെന്ന് നാം കരുതിപ്പോരുന്നു. രണ്ടു വ്യക്തികള്‍ തമ്മില്‍ കാണുമ്പോള്‍ തൊഴുകയ്യോടെ പരസ്പരം ‘നമസ്്‌തേ’ എന്നു പറഞ്ഞുകൊണ്ട് അഭിവാദ്യം ചെയ്യുന്നതിന്റെ പിന്നില്‍ വൈദികമായ ‘തത്ത്വമസി’ എന്ന കാഴ്ചപ്പാടാണ് ബോധപൂര്‍വ്വമായല്ലെങ്കിലും പ്രവര്‍ത്തിക്കുന്നത്. ‘നമഃ’ എന്ന ശബ്ദം ഈശ്വരനെ ഉദ്ദേശിച്ചു മാത്രമേ ഉപയോഗിക്കാറുള്ളല്ലോ! ഏതു നാമവും രൂപവും ഈശ്വരന് ഉപയുക്തവുമാണ്. മനുഷ്യത്വത്തിന്റെ വളര്‍ച്ചയുടെ അത്യു ദാത്തമായ അവസ്ഥയാണ് ഈ കാഴ്ചപ്പാട് ദ്യോതിപ്പിക്കുന്നത്.
സൃഷ്ടികളില്‍ മനുഷ്യന് ഉത്തമത്വം ഉണ്ട്, മറ്റു മതക്കാരെക്കാളെല്ലാം മുമ്പുതന്നെ ഹിന്ദുത്വം അക്കാര്യം അംഗീകരിച്ചിട്ടുണ്ട്. അംഗീകരിക്കുക മാത്രമല്ല, നിസ്സംശയമായി ഉദ്‌ഘോഷിക്കുകയും ചെയ്തിട്ടുണ്ട്. മഹാഭാരതത്തിന്റെ അവസാനഭാഗത്ത് യുധിഷ്ഠിരന് മറ്റുപദേശങ്ങളെല്ലാം നല്‍കിയിട്ട് വ്യാസന്‍ എന്ന മഹാദേശികന്‍ ‘ഏറ്റവും രഹസ്യമായുള്ള ഒരു കാര്യം ഞാന്‍ നിന്നോടു പറയുന്നു’ എന്നു പ്രഖ്യാപിച്ച ശേഷം ‘ന മാനുഷാദ് ശ്രേഷ്ഠതരം ഹി കിഞ്ചിത്’ ( മനുഷ്യനേക്കാള്‍ ശ്രേഷ്ഠതരമായ യാതൊരു വസ്തുവും ഇല്ല) എന്നാണ് അരുളിച്ചെയ്തത്.
പക്ഷേ മനുഷ്യന് ഈ ശ്രേഷ്ഠത കല്പിക്കപ്പെട്ടിരിക്കുന്നത് ബുദ്ധി, മനോവികാസം, ഭൂതദയ, സംസാരശേഷി തുടങ്ങിയ അന്യാ ദൃശങ്ങളായ ഗുണങ്ങള്‍ മനുഷ്യനില്‍ മാത്രം നിലനില്ക്കുന്നതു കൊണ്ടും മറ്റു ജീവികളേയും പ്രകൃതിയെ ആകെത്തന്നെയും സംരക്ഷിച്ചു വളര്‍ത്താനുള്ള കഴിവും കടമയും മനുഷ്യനു മാര്രം നല്കിയിരിക്കുന്നതുകൊണ്ടും ആണ്. പരമാര്‍ത്ഥം ആലോചിച്ചാല്‍ സ്വാര്‍ത്ഥതയും അത്യാഗ്രഹവും ധനമോഹവും നിമിത്തം മനുഷ്യാസ്തിത്വം തന്നെ അപകടത്തിലാകുമോ എന്ന ആശങ്ക ജനിക്കുന്ന ഇന്നത്തെ സന്ത്രാസജനകമായ ചുറ്റുപാടില്‍ മനുഷ്യന്റെ ശാശ്വത മായ സുസ്ഥിതിയും സംസ്‌ക്കാരവും അഭിവൃദ്ധിപ്പെടുത്തുന്നതിന് ‘പ്രപഞ്ചമെല്ലാം ഞാന്‍ തന്നെ’ എന്ന അദൈ്വതചിന്ത പ്രചരിപ്പി ക്കുക മാത്രമേ ഒരു പോംവഴിയായുള്ളൂ. ഹിന്ദുവിന് ആ ഭാവന ഏറെക്കുറെ പാരമ്പര്യമായി തന്നെ സംസിദ്ധമാകുന്നു. അതാണല്ലോ സന്ധ്യാസമയത്ത് സാധാരണക്കാരായ ഭക്തജനങ്ങളുടെ രസനയില്‍ പോലും വേദാന്തസാരമായ ഹരിനാമകീര്‍ത്തനത്തിലെ ‘ഒന്നായ നിന്നെയിഹ’ തുടങ്ങിയ വരികള്‍ വളരെ അനായാസമായി നര്‍ത്തനം ചെയ്തുവരുന്നതായി കാണപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: