പരബ്രഹ്മചൈതന്യമെന്ന നിലയില്‍ നിര്ഗുണനായിരിക്കെത്തന്നെ സര്‍വശക്തനെന്ന നിലയില്‍ സഗുണനായും ഭഗവാന് ലോകത്തില്‍ അനുഭവവേദ്യനാകുന്നു. ഗുണാതീതനായിരിക്കെ തന്നെ ഭഗവാന് സര്വഗുണസമ്പന്നനുമാകുന്നു. സര്വേശ്വരന് ത്രിമൂര്‍ത്തികളായി സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നു എന്ന വിശ്വാസവും പൗരാണികമായി ഹിന്ദുക്കള്‍ സ്വീകരിച്ചിരിക്കുന്നു. എന്നാല്‍ സന്ദര്‍ഭത്തിന്റെ പ്രത്യേകതയനുസരിച്ച് ഒരു ദേവനെ തന്നെ പരമാത്മാവും സര്‍വേശ്വരനുമായി കണ്ടുകൊണ്ട് അദ്ദേഹത്തെ ഇഷ്ടദേവനായി ഉപാസിക്കുകയും ചെയ്യുന്നു. ആ സര്‍വേശ്വരന്റെ കീഴില്‍ സൂര്യാദിദേവന്മാര്‍, (ഒരേ സര്‍ക്കാരിന്റെ കീഴില്‍ നാനാജോലികള് ചെയ്യാന്‍ ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്മാരെപ്പോലെ) തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ (സ്വധര്‍മ്മം) പാലിച്ചുകൊണ്ട് ലോകരക്ഷണം ചെയ്തുകൊണ്ടിരിക്കുന്നതായിട്ടാണ് വിശ്വാസം. ആ ദേവന്മാരെല്ലാം അതാതു പ്രവൃത്തികളെ സംബ ന്ധിച്ചിടത്തോളം ഈശ്വരന്റെ പ്രതിപുരുഷന്മാരെന്ന നിലയില്‍ ഈശ്വരന്‍തന്നെയായി മാനിക്കപ്പെടുന്നതും ഏകദൈവ വിശ്വാസത്തിന് ഭംഗം വരുത്തുന്നില്ല. അതുകൊണ്ടാണല്ലോ ‘സര്‍വദേവനമസ്കാരഃ കേശവം പ്രതി ഗച്ഛതി’ എന്നു പറയാറുള്ളത്.
ശ്രീമദ് ഭാഗവതത്തിലെ ശ്രുതിഗീതയില്‍ വേദങ്ങള്‍ ഭഗവാനെ സ്തുതിക്കുന്നിടത്ത് ഇങ്ങനെ പറയുന്നു: ‘അല്ലയോ ഭഗവാനേ, പാരമാര്‍ത്ഥികമായി നിര്ഗ്ഗുണപരമാത്മസ്വരൂപനായ അങ്ങ് സ്വകീയമായ മായാശക്തിയെ ആശ്രയിച്ച് ജഗത്സൃഷ്ടി ചെയ്തിട്ട് എപ്പോഴാണോ സഗുണമൂര്ത്തിയാകുന്നത് അപ്പോള്‍ മാത്രമേ ഞങ്ങള്‍ക്ക് അവിടത്തെ രൂപം അപൂര്‍ണമായെങ്കിലും വര്‍ണിക്കാന്‍ കഴിയൂന്നുള്ളൂ.’ അതായത് വ്യാവഹാരിക ദശയില്‍ മാത്രമാണ് ഭഗവാന് സഗുണത്വം സ്വീകരിക്കുന്നത്. അല്ലാത്ത സമയമെല്ലാം ഭഗവാന് നിര്‍ഗുണനാണെന്ന് താത്പര്യം. ചുരുക്കത്തില്‍ ഹിന്ദുധര്‍മ്മ വിശ്വാസങ്ങളില്‍ ഈശ്വരന്റെ നിര്‍ഗുണത്വവും സഗുണത്വവും അവിരോധമായി പരസ്പരപൂരകമായി സമന്വയിച്ചിരിക്കുന്നു.
അവതാര സങ്കല്പം
നിര്ഗ്ഗുണനായിരിക്കെതന്നെ സഗുണനുമായി സങ്കല്പിക്കപ്പെട്ട് സൃഷ്ടി, സ്ഥിതി, സംഹാരം, എന്നീ അടിസ്ഥാനപരമായ മൂന്നു കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ഭഗവാന് ബ്രഹ്മാവും വിഷ്ണുവും മഹേ ശ്വരനുമായി സ്വയം വേര്‍തിരിഞ്ഞ് സ്വകീയ ആസ്ഥാനങ്ങളില്‍ സദാ വര്‍ത്തിക്കുന്നു എന്നും ലോകത്തില്‍ ധര്‍മ്മത്തിനു തളര്‍ച്ചയും അധര്മ്മത്തിന് ഉയര്ച്ചതും സംഭവിക്കുമ്പോഴൊക്കെ ഇവരിലേതെങ്കിലും മൂര്‍ത്തി ജഗത്തില്‍ അവതരിക്കുന്നു എന്നും പുരാണത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
അവതാരങ്ങളിലുള്ള വിശ്വാസം പുരാണസങ്കല്പം മാത്രമല്ല; അതിന് ഭഗവദ്ഗീതയില്‍ ഭഗവദ്വാക്യത്തിന്റെ സമര്‍ത്ഥനവും ലഭിച്ചിട്ടുണ്ട്. വേദങ്ങളിലെ മുഖ്യപ്രതിപാദ്യം ജ്ഞാനയോഗവും കര്മ്മയോഗവുമാണല്ലോ. ആ ദൃഷ്ടിയില് അവ രണ്ടും വേദോപനിഷത്സാരമായ ശ്രീമദ് ഭഗവദ്ഗീതയില്‍ യഥാക്രമം രണ്ടും മൂന്നും അദ്ധ്യായങ്ങളിലായി വിസ്തരിക്കപ്പെട്ടിരിക്കുന്നു. അനന്തരം നാലാമദ്ധ്യായത്തില്‍ ഭഗവാന് സ്വന്തം അവതാരങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. ‘യഥാര്‍ത്ഥത്തില്‍ അജനും അവ്യയനും ഭൂതജാതത്തിന്റെ മുഴുവന്‍ ഈശ്വരനും ആയിരുന്നുകൊണ്ടുതന്നെ സ്വന്തം പ്രകൃതിയെ ആശ്രയിച്ച് സ്വമായകൊണ്ട് ഞാന്‍ എന്നെത്തന്നെ യുഗങ്ങള്‍ തോറും സൃഷ്ടിക്കുന്നു’ എന്നും ‘ധര്‍മ്മസംസ്ഥാപനമാണ് എന്റെ അവതാരോദ്ദേശ്യം’ എന്നും ‘എന്റെ ഈ ദിവ്യമായ ജന്മങ്ങളേയും കര്‍മ്മങ്ങളേയും കുറിച്ച് താത്ത്വികമായി അറിയുന്നവന് മരണാനന്തരം എന്നെത്തന്നെ (മോക്ഷത്തെ) പ്രാപിക്കും അവന് പുനര്ജന്മം ഭവിക്കുകയില്ല’ എന്നും ഭഗവാന് തന്റെ തിരുവായ്മൊഴിയില്ത്തന്നെ വ്യക്തമാക്കിയിരിക്കുന്നു.
മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ് പുരാണങ്ങളില്‍ അധികം പ്രകീര്‍ത്തിക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ ക്ഷേമത്തിനും സുസ്ഥിതിക്കും അധികം ചുമതലപ്പെട്ടിരിക്കുന്നത് വിഷ്ണുവാണല്ലോ. ‘തന്റെ വഴിയാണ് ആളുകള്‍ പിന്തുടരുന്നത് (മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യാഃ ഭഗവദ്ഗീത) എന്നതുകൊണ്ട് ‘കര്‍മ്മം ചെയ്തു ജനങ്ങള്‍ക്ക് വഴികാട്ടിയാകേണ്ടത് ആവശ്യമാണല്ലോ’. എന്നും ഭഗവാന് പറയുന്നുണ്ട്. കപിലനും ഋഷഭനും ധന്വന്തരിയും നരനാരായണന്മാരും വ്യാസനും എല്ലാം വിഷ്ണുവിന്റെ അവതാ രങ്ങളാണ്. വേറെ അനേകം മഹാപുരുഷന്മാരും ഭഗവാന്റെ അവതാരങ്ങളായി പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദശാവതാരങ്ങളാണ് അവയില്‍ ഏറെ പ്രശസ്തം. ത്രിമൂര്‍ത്തികളില്‍ ബ്രഹ്മാവിന്റെ അവതാരത്തെപ്പറ്റി എങ്ങും സൂചിതമായിക്കാണുന്നില്ല.
കിരാതമൂര്‍ത്തി, ദക്ഷിണാമൂര്‍ത്തി, അര്‍ദ്ധനാരീശ്വരന്‍, നടരാജ മൂര്‍ത്തി, വൈദ്യനാഥന് എന്നിങ്ങനെ മഹേശ്വരന്റെ ങ്ങള് പുരാണങ്ങളില്‍ വര്ണ്ണിക്കപ്പെട്ടിട്ടുള്ളതായി കാണാവുന്ന താണ്. ചില പുരാണകഥകളില്‍ ത്രിമൂര്‍ത്തികളുടെ ദേവിമാരും ചിലയിടങ്ങളില്‍ അവരുടെ പുത്രന്മാരും അവതാരമെടുക്കുന്നതായി പറയുന്നുണ്ട്. എന്നാല്‍ ഈ അവതാരങ്ങളെയെല്ലാം സര്‍വ്വേശ്വരന്റെ തന്നെ പ്രതിരൂപങ്ങളായിട്ടാണ് ഹിന്ദുക്കള്‍ പരിഗണിക്കുന്നത്. ഈ അവതാര സങ്കല്പങ്ങള് മുഖേന അനേകം ഉദാത്തങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യുന്ന മനുഷ്യമാതൃകകള്‍ ജനങ്ങളുടെ മുമ്പില്‍ ആവി ഷ്കരിക്കപ്പെട്ടിരിക്കുകയാണ്. ഈശ്വരന്റെ നവധാഭക്തി സാദ്ധ്യമാകത്തക്ക വിധത്തില്‍ അവിടത്തെ ലോകരഞ്ജകത്വത്തിനും ലോക ക്ഷേമപ്രവര്‍ത്തനത്തിനും അവതാരങ്ങളിലൂടെ അനേകം ഉദാഹര ണങ്ങള്‍ ഉണ്ടായി. അവയെ പാടി പുകഴ്ത്തുന്നതിനായി ഒട്ടേറെ പുരാണകഥകളും ഗ്രന്ഥങ്ങളും വിവിധ കലകളും ജന്മമെടുത്തു. ഭാരതീയ സാഹിത്യത്തിനാകെ അതിരറ്റ് വികസിക്കാന്‍ അങ്ങനെ കളമൊരുങ്ങി. ഭാരതീയ ജീവിതം കലാരസപൂരിതവും സാഹിത്യ സുരഭിലവും ആനന്ദപൂര്ണ്ണവുമായി എന്ന് ചുരുക്കിപ്പറയാം. ഒരു പൂവ് കാംക്ഷിച്ചവര്ക്കു മുമ്പില്‍ വസന്താരംഭത്തിലെ നന്ദനോദ്യാനത്തിന്റെ സിംഹദ്വാരം മലര്‍ക്കെ തുറക്കപ്പെട്ടു എന്നു പറഞ്ഞാല്‍ ആയത് അതിശയോക്തി ആവുകയില്ല.
വേദസംഹിതകളില്‍ പൊതുവേ അവതാരങ്ങളെപ്പറ്റി ഒരു പരാമര്‍ശവും കാണപ്പെടുന്നില്ല എന്നു പറയാറുണ്ടെങ്കിലും അതു പൂര്‍ണ്ണമായി ശരിയല്ല. ഋഗ്വേദാന്തര്‍ഗതമായ വിഷ്ണുസൂക്തത്തില്‍ ‘ഇദം വിഷ്ണുര് വിചക്രമേ ത്രേധാ നിദധേ പദം’ എന്ന് പറയുന്നിടത്ത് വാമനാവതാരത്തില്‍ ഭഗവാന് മൂന്നടിയായി ലോകം അളന്ന കഥ സൂചിതമാകുന്നുണ്ട്. വേദസംഹിതയില്‍ തന്നെ വാമനാവതാര കഥ പരാമൃഷ്ടമായിരിക്കുന്നതില് നിന്ന് അതിന്റെ പ്രാധാന്യം വ്യക്തമാവുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: