ഇടയ്ക്ക എന്ന ക്ഷേത്രവാദ്യത്തിന്റെ അനന്തസാധ്യതകളെ അന്വര്‍ത്ഥമാക്കുകയാണ് വിനുകണ്ണഞ്ചിറയെന്ന കലാകാരന്. ആദ്യം ചെണ്ടയില്‍ തുടക്കമിട്ടെങ്കിലും അപ്രതീക്ഷിതമായാണ് ഇടക്കയിലേക്ക് സര്‍ഗസാധന വഴിമാറിയത്. നാലര പതിറ്റാണ്ടിലേക്ക് കടക്കുന്ന കലാജീവിതം ഇന്ന് ആയിരത്തോളം വേദികള്‍ പിന്നിട്ടിരിക്കുന്നു.
ആചാരപരമായ ചടങ്ങുകളില്‍ നിന്ന് ഇടയ്ക്ക എന്ന ക്ഷേത്രവാദ്യത്തെ വിശാലതയിലേക്ക് എത്തിച്ച കലാകാരന്മാരില് പ്രധാനിയായിരുന്നു വിനു കണ്ണഞ്ചിറ. ഫ്യൂഷന്‍ എന്ന കലാ സങ്കേതം അത്ര പ്രചാരത്തിലില്ലാതിരുന്ന കാലത്തായിരുന്നു ആദ്യ ചുവട് വെയ്പ്പ്. പരമ്പരാഗതമായ ചിട്ടവട്ടങ്ങള്‍ മറികടന്ന അനന്തമായ സാധ്യതകളായിരുന്നു വിനുവിന്റെ സ്വപ്നം. പരമ്പരാഗത ശൈലിയുടെ ആസ്വാദക ലോകം ആദ്യമൊന്ന് നീരസപ്പെട്ടെങ്കിലും താളവിന്യാസത്തിന്റെ മനോഹര സമന്വയം അവരെയും അടുപ്പിച്ചു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി വേദികളില്‍ വിനുകണ്ണഞ്ചിറയുടെ താളവിസ്മയം ശ്രദ്ധയാകര്‍ഷിച്ചു.
വഴിത്തിരിവായ അപകടം
കഥകളിചെണ്ടയില്‍ മേളപ്പദം വരെ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇടയ്ക്ക വാദനത്തിന്റെ മോഹം നാമ്പെടുക്കുന്നത്. കുട്ടിക്കാലത്ത് ഉണ്ടായ സൈക്കിള്‍ അപകടമാണ് കഥകളി ചെണ്ടയില്‍നിന്ന് വിനുവിനെ വഴിതിരിച്ചത്. അന്ന് ഉണ്ടായ അപകടത്തില്‍ അദ്ദേഹത്തിന്റെ രണ്ട് കയ്യും ഒടിഞ്ഞു. ഇത് ഭേദമാകാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവന്നു. അന്നും ശ്രീവല്ലഭക്ഷേത്രത്തിലെ കഥകളിപ്പുരയില് നിത്യസന്ദര്‍ശകനാണ് വിനു. രണ്ട് കയ്യിലും ഉണ്ടായ ഒടിവ് വെച്ച് കെട്ടി നടക്കുമ്പോഴും ഇനി എന്ത് ചെയ്യും എന്ന ആകുലത വിനുവിനെ അലട്ടി.
ആയാംകുടിക്കൊപ്പം അരങ്ങത്തേക്ക്
ആയാംകൂടി കുട്ടപ്പമാരാരെന്ന ആയാംകുടിയാശാന്റെ ഇടയ്ക്ക വാദനം വിനുവിനെ വല്ലാത്തെ ആകര്‍ഷിച്ചു. കഥകളിയില്‍ മിനുക്ക് വേഷങ്ങളുടെ അവതരണ ഭാഗത്താണ് ഇടയ്ക്കയുടെ സാധ്യതകള്‍. ആയാംകുടി ആശാന്റെ കഥകളി ചെണ്ടപോലെ ഇടയ്ക്കയും സമാനതകളില്ലാത്തതായിരുന്നു. കളിക്ക് ഇടയ്ക്കുള്ള ആശാന്റെ ഇടയ്ക്ക വാദനം വിനുവിലെ കലാസാധകനെ വളരെയേറെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ ലഭിച്ച ചിട്ടയായ പരിശീലനം ചുരുങ്ങിയ നാളുകൊണ്ട് തന്നെ വിനു കണ്ണഞ്ചിറയെ പാകപ്പെടുത്തി.
കലാവല്ലഭന്റെ നിത്യോപാസന
തിരുവല്ലയുടെ നാട്ടിടവഴികള്‍ സായംസന്ധ്യമുതല്‍ പുലര്‍ച്ചവരെ കലോപാസനയുടെ മാസ്മരിക നിമിഷങ്ങളാണ് പകര്‍ന്ന് നല്‍കുന്നത്. അതിനൊപ്പമാണ് ഇവിടുത്തെ ഒരോകലാകാരനും വളര്‍ന്ന് വരുന്നത്. അത് തന്നെയാണ് വിനുവിന്റെ കലാജീവിതത്തിനും അനുഗൃഹീതമായത്. ചുരുങ്ങിയ നാള് കൊണ്ട് തന്നെ ഇടയ്ക്കയില്‍ മികച്ച പരിശീലനം ലഭിച്ചു. ഗോവിന്ദന്‍കുളങ്ങര ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിനാണ് ഇടയ്ക്കയില്‍ അരങ്ങേറ്റം നടത്തിയത്. ആദ്യ ദിനത്തില്‍തന്നെ മികച്ച പ്രകടനമായിരുന്നു. തുടര്‍ന്ന് ശ്രീവല്ലഭക്ഷേത്രത്തിലെ ഉച്ചപൂജയ്ക്കും കലോപാസകനായി. കലാവല്ലഭന്റെ സോപാനം പുതിയ വഴിത്തിരിവിന് മികച്ച പ്രോത്സാഹനമായി. അഷ്ടപദി ഉപാസകന് യശഃശരീരനായ തിരുവല്ല വിനോദ് കുമാറുമൊത്തുള്ള കൊട്ടിപ്പാടി സേവ ഇന്നും കാലാപ്രേമികള്ക്ക് മറക്കാനാകാത്ത അനുഭവമാണ്. ചിട്ട വട്ടങ്ങളിലും പ്രയോഗ വിന്യാസങ്ങളിലും ആശാന്റെ വഴിതന്നെയാണ് കണ്ണഞ്ചിറയും പിന്തുടരുന്നത്. സ്വരസ്ഥാനങ്ങള്‍ അത്രത്തോളം അനുഭവവേദ്യമാക്കാന്‍ ഈ കലാകാരന് സാധിച്ചിട്ടുണ്ട്. തിരുവല്ല വിനോദ് കുമാര്‍, കലാവേദി സുരേഷ്, ഹരിപ്പാട് ഭാസി, വാഴപ്പള്ളി ടി.എസ് സതീഷ് കുമാര്‍, കരുനാഗപ്പള്ളി ബാലമുരളി .മുതുകുളം മഹാദേവന്, അയ്മനം പ്രദീപ് തുടങ്ങിയവരുടെ പിന്തുണയിലായിരുന്നു ഈ മേഖലയിലേക്കുള്ള കടന്നുവരവ്. ആര്‍എല്‍വി രാമകൃഷ്ണന് ശാലുമേനോന്, കലാമണ്ഡലം ശ്രീദേവി, ആര്‍എല്‍വി ഗായത്രി എന്നിവരുടെ നൃത്തശില്‍പ്പങ്ങള്‍ക്ക് പക്കമേളത്തിലും വിനു സജീവമായിരുന്നു.
കളിക്കോട്ടിന്റെ നാള്‍വഴി
ശൃംഗാര രസവിന്യാസങ്ങള്‍ അരങ്ങത്ത് അവതരിപ്പിക്കുമ്പോള്‍ ഇടയ്ക്കയില്‍ അതിനൊത്ത് സ്വരസ്ഥാനങ്ങളെ പാകപ്പെടുത്തുക എന്നത് അതീവ വൈദഗ്ധ്യം കൊണ്ടെ സാധിക്കു. ചെണ്ടയില്‍ നിസാരമായ പലതും ഇടയ്ക്കയില്‍ അവതരിപ്പിക്കുമ്പോള്‍ ഒരുപാട് സങ്കീര്‍ണതകള്‍ ഉണ്ട്. എന്നാല്‍ വിനുകണ്ണിഞ്ചിറയ്ക്ക് അതും നിയോഗം പോലെ വന്നെത്തി. മിനുക്ക് വേഷങ്ങള്‍ക്കാണ് കഥകളിക്ക് ഇടയ്ക്ക ഉപയോഗിക്കുക. നിരവധി പ്രഗത്ഭരുടെ വേഷങ്ങള്‍ക്കൊപ്പം ഇടയ്ക്കയില്‍ നാദവിന്യാസം തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ചെണ്ടയില്‍ തുടക്കം
അഞ്ചാം വയസിലാണ് കലാലോകത്തേക്ക് വിനു കടന്ന് വരുന്നത്. ആയാംകുടികുട്ടപ്പമാരാരുടെ ശിക്ഷണത്തിലായിരുന്നു തുടക്കം. തുടര്‍ന്ന് തിരുവല്ല ഗോപാലപ്പണിക്കരില് നിന്ന് കേളികൊട്ട് വരെ പൂര്‍ത്തിയാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ അരങ്ങേറ്റത്തിന് പാകമായി. അക്കാലത്ത് ആശാനൊപ്പം ഉത്സവകൊട്ടുകള്ക്ക് വിനുവും സജീവമായിരുന്നു. പഠനകാലത്ത് കലോത്സവങ്ങള്‍ക്കും മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചു. സംസ്ഥാന കലോത്സവങ്ങള്‍ക്ക് എല്ലാം തന്നെ എ ഗ്രേഡ് നേടിയായിരുന്നു മടക്കം. പിന്നീട് കഥകളിചെണ്ടയിലേക്കും താല്പര്യം വളര്‍ന്നു. അങ്ങിനെ പന്ത്രണ്ടാം വയസില്‍ അഭ്യാസം തുടങ്ങി. ചെണ്ടയിലുണ്ടായിരുന്ന പ്രാഗത്ഭ്യവും ജന്മസിദ്ധമായ പാരമ്പര്യവും ചുരുങ്ങിയ നാളുകൊണ്ട് തന്നെ അദ്ദേഹത്തെ അരങ്ങേറ്റത്തിന് പ്രാപ്തനാക്കി. അങ്ങിനെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുറപ്പാട് മേളപ്പദം ശ്രീവല്ലഭക്ഷേത്രത്തില്‍ അരങ്ങേറി.
കലയിലെ കണ്ണഞ്ചിറ പാരമ്പര്യം
കണ്ണഞ്ചിറ കൃഷ്ണപിള്ള, കണ്ണഞ്ചിറ രാമന്‍പിള്ള എന്നിവരില്‍ നിന്നു തുടങ്ങുന്നു വിനുവിന്റെ കലാപാരമ്പര്യം. ഒരു കാലത്ത് തെക്കന്‍ ചിട്ടയില്‍ അതികായനായിരുന്നു ഇരുവരും. കൃഷ്ണ പിള്ളയുടെ രൗദ്ര ഭീമനും രാമന് പിള്ളയുടെ കൃഷ്ണനും പകരം വെയ്ക്കാനില്ലാത്ത കലാകാരന്മാരായിരുന്നു. തിരുവല്ലാ മാധവന്‍പിള്ള ,തിരുവല്ലാ വാസുദേവന്‍ പിള്ള, കൊച്ചിക്കാ കേശവപിള്ള, എന്നീവരും ഈ പാരമ്പര്യത്തില്‍പെട്ടവരാണ്. പ്രശസ്ത നാട്യാചാര്യന് ഉദയശങ്കറിന്റെ ശിഷ്യന് പ്രൊഫ. ശിവശങ്കരന് അമ്മാവനാണ്. ഇദ്ദേഹവും കഥകളി വേഷത്തിന്റെ സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തിയ കലാകാരന്മാരില് പ്രധാനിയാണ്.
വിനുവിന്റെ കലാ രംഗത്തേക്കുള്ള കടന്ന് വരവിന് വലിയകരുത്തായിരുന്നു ഈ കണ്ണഞ്ചിറ കലാപാരമ്പര്യം. ആര്.ജി.കുറുപ്പിന്റെയും എന്‍.കെ.സരസ്വതിയമ്മയുടെയും മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനായി 1968ലാണ് ജനനം. ഭാര്യ ഗീതാദേവിയും മക്കളായ സിദ്ധിയും വേദയും പൂര്‍ണ പിന്തുണയുമായി എപ്പോഴുമുണ്ട്. വനവാസി കല്യാണാശ്രമം ഓള് ഇന്ത്യസെക്രട്ടറിയായിരുന്ന അഡ്വ. ജി. നരേഷ്കുമാര്‍, ജി. ശ്രീകുമാരി എന്നിവര്‍ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: