Categories: Main Article

ശിവഗിരി തീര്‍ത്ഥാടനം: ഒരു വിജ്ഞാനദാന യജ്ഞം

ശിവഗിരി തീര്‍ത്ഥാടനം പരമഹംസനായി വിരാജിച്ച ഒരു ബ്രഹ്മനിഷ്ഠന്റെ മഹാസങ്കല്‍പ്പങ്ങളിലൊന്നാണ്. അതിനെ മലിനമാക്കരുത് എന്ന് ഗുരുദേവന്‍ തന്നെ അരുളി ചെയ്തിട്ടുണ്ട്. ബുദ്ധന്റെ പഞ്ചശുദ്ധിയും ഭാരതീയ സംസ്‌കൃതിയുടെ ആചാരങ്ങളുമനുഷ്ഠിച്ച് സാഹോദര്യ മന്ത്രവുമേന്തി ഭക്തജനങ്ങള്‍ ശിവഗിരിയിലെത്തണമെന്നാണ് ഗുരുദേവ കല്‍പ്പന. അത് ഒരു സമന്വയദര്‍ശനത്തിന്റെ ഉദ്‌ബോധനവും അനുഷ്ഠാനവുമായി പ്രശോഭിതമായിരിക്കുന്നു. ആത്മീയമായ അടിത്തറയില്‍ സാമൂഹിക ജീവിതം പടുത്തുയര്‍ത്തുക എന്ന ഗുരുദേവന്റെ പ്രായോഗിക വേദാന്ത ദര്‍ശനം ശിവഗിരി തീര്‍ത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു.

Published by

ശ്രീനാരായണഗുരുദേവന്‍ കല്‍പ്പിച്ചനുവദിച്ച തീര്‍ത്ഥാടനപ്രസ്ഥാനം രാജ്യത്തെ ഏറ്റവും വലിയ വിജ്ഞാനദാന യജ്ഞമാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക ശാസ്ത്ര പുരോഗതി എന്നീ വിഷയങ്ങളില്‍ നൂറുകണക്കിന് സമ്മേളനങ്ങള്‍ നടന്നിട്ടുണ്ട്. അത് അതിമഹത്തായൊരു വിജ്ഞാനദാന യജ്ഞമാണ്. ഒരു കേന്ദ്രത്തില്‍ നിന്നും ഇത്രയും വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളിലായി നടന്ന സമ്മേളനങ്ങള്‍, വിജ്ഞാന ദായനത്തില്‍ അതിമഹത്തായ ഒരു വൈജ്ഞാനിക യജ്ഞമാണ് നിര്‍വ്വഹിച്ചിട്ടുള്ളത് എന്ന് കാണാവുന്നതാണ്.
ഗുരുദേവന്‍ പ്രായോഗിക വേദാന്തിയായിരുന്നു. മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക എന്നതായിരുന്നു ഗുരുവിന്റെ ലക്ഷ്യം. മതത്തേയും തത്വദര്‍ശനത്തേയും ഗുരുദേവന്‍ അതിനായി പ്രയോജനപ്പെടുത്തി. അതുകൊണ്ടാണ് ഗുരുവിന്റെ അദൈ്വതത്തെ പ്രായോഗിക വേദാന്ത ദര്‍ശനം എന്ന് പണ്ഡിതന്‍മാര്‍ വിലയിരുത്തിയത്. ഗുരു ശാങ്കര വേദാന്തത്തെ ദേശ കാലോചിതമാക്കി പുനഃപ്രതിഷ്ഠിച്ചു. തീര്‍ത്ഥാടനത്തിലും ഇത് കാണാവുന്നതാണ്.
ഗുരുദേവന്‍ സത്യസങ്കല്‍പ്പധനനായ മഹാഗുരുവാണ്. യുഗപുരുഷനായ മഹാഗുരുവിന്റെ അന്തരാത്മാവില്‍ വിരിഞ്ഞ സങ്കല്‍പ്പങ്ങളെല്ലാം തന്നെ സാഫല്യമടയാതിരിക്കില്ല. സത്യത്തില്‍ പ്രതിഷ്ഠ വന്ന ഒരു ബ്രഹ്മനിഷ്ഠന്റെ സങ്കല്‍പ്പങ്ങള്‍ ഫലവത്താകുമെന്ന് യോഗാദര്‍ശനവും ഉപദേശിക്കുന്നുണ്ട്. ഗുരുദേവന്റെ ആദ്യസന്ദേശമായ അരുവിപ്പുറം സന്ദേശത്തില്‍ ജാതിഭേദമോ മതദ്വേഷമോ വിഭാഗീയ ചിന്താഗതികളോ ഒന്നും ഇല്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാലോകത്തെ ഗുരുദേവന്‍ പ്രഖ്യാപിക്കുന്നു. പിന്നീട് 1924-ല്‍ ആലുവായില്‍ സര്‍വ്വമത സമ്മേളനം നടത്തുമ്പോഴും 1928ല്‍ ശിവഗിരി തീര്‍ത്ഥാടന മഹാമഹം പ്രഖ്യാപനം ചെയ്യുമ്പോഴും ഈ സമന്വയ ദര്‍ശനം അഥവാ ഏകത്വ ദര്‍ശനത്തെ ഗുരുദേവന്‍ ലക്ഷീകരിക്കുന്നുണ്ട്. ഗുരുദേവന്‍ വിഭാവനം ചെയ്ത തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ സമാധാനമെങ്കിലും ആശാവഹമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

ഡിസംബര്‍15 മുതല്‍ 2024 ജനുവരി5 വരെയുള്ള കാലയളവില്‍ 91-ാമത് ശിവഗിരി തീര്‍ത്ഥാടനം നടക്കുകയാണ്. ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ ഏറ്റവും വലിയ മഹിമാവ് ഗുരു വിഭാവനം ചെയ്ത സര്‍വ്വമത സമന്വയത്തിന്റെ ശതാബ്ദി എന്നതാണ്. ആലുവായില്‍ ഗുരുദേവന്‍ സംഘടിപ്പിച്ച സര്‍വ്വമത മഹാസമ്മേളനത്തിന്റെ ശതാബ്ദി വേളയിലാണ് 91-ാമത് തീര്‍ത്ഥാടനം സമാഗതമായിരിക്കുന്നത്. കൂടാതെ വൈക്കം സത്യഗ്രഹം, മഹാകവി കുമാരനാന്‍ പല്ലനയില്‍ പരിനിര്‍വ്വാണം പ്രാപിച്ചതിന്റെ ശതാബ്ദിയും ഈ തീര്‍ത്ഥാടന കാലയളവിലാണ്. ഗുരുദേവ സങ്കല്‍പ്പത്തിലുള്ള ഏകലോക വ്യവസ്ഥിതിയുടെ ചിന്താധാര പൂത്തുലഞ്ഞ് നില്‍ക്കുന്നതാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടന മഹിമാവ്. സര്‍വ്വസാധാരണയായി ഡിസംബര്‍ അവസാന വാരത്തിലാണ് തീര്‍ത്ഥാടനമഹാമഹം കൊണ്ടാടിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഡിസംബര്‍ 15ന് ആരംഭിച്ചിരിക്കുകയാണ്. കൂടുതലായി ഭക്തജനങ്ങള്‍ക്ക് പങ്കെടുക്കുവാനും പ്രത്യേകിച്ച് 10 ദിവസത്തെ ഗുരുകല്‍പ്പനയിലുള്ള വ്രതാനുഷ്ഠാനം പരിരക്ഷിക്കുവാനും തീര്‍ത്ഥാടന ദിനങ്ങള്‍ ഏറെയുണ്ടെങ്കില്‍ അതുസഹായകമാണല്ലോ.

തീര്‍ത്ഥാടകര്‍ക്കായി ഗുരുദേവന്‍ കല്‍പ്പിച്ച നിറം മഞ്ഞയാണ്. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. ഗുരുദേവന് ആ നിറവുമായുള്ള ബന്ധം വാഗാതീതമാണല്ലോ. ജ്യോതിര്‍ശാസ്ത്ര പ്രകാരം വ്യാഴന്റെ- ഗുരുവിന്റെ നിറമാണ് മഞ്ഞ. തീര്‍ത്ഥാടകര്‍ക്കായി ഗുരുദേവന്‍ മഞ്ഞ തന്നെ കല്‍പ്പിച്ചത് ഗുരുവിന്റെ സമന്വയദര്‍ശനത്തിന്റെ ഭാഗം കൂടിയാണ്. മഞ്ഞയില്‍ എല്ലാ നിറങ്ങളും ലയിച്ചുചേരുന്നു. അതുപോലെ ഗുരുദേവന്റെ സമന്വയദര്‍ശനത്തില്‍ വീഥിയൊരുക്കലായി മാറുകയാണ്. ശ്രീനാരായണ ഗുരുദേവന്‍ മതഗുരുക്കന്‍മാരേയും വേദാന്ത സിദ്ധാന്ത ആചാര്യന്‍മാരേയും അനുകമ്പാദര്‍ശനത്തിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുന്നുണ്ടല്ലോ. ആ മതസമന്വയ ദര്‍ശനം ഓരോ ഗുരുഭക്തന്റെയും വിചാരധാരയാകണം. 91-ാമത് ശിവഗിരി തീര്‍ത്ഥാടനമഹാമഹം മഹാഗുരുവിന്റെ സത്യദര്‍ശനത്തെ ആഴത്തില്‍ പഠിച്ചറിയുവാനുള്ള വേദിയായി മാറണം.

ശ്രീനാരായണ ഗുരു ഒരു ഒറ്റ മുണ്ടുടുത്ത് ഒറ്റ മുണ്ടുപുതച്ച് ഒരു ഗ്രാമീണനേപ്പോലെ ജീവിച്ച മഹാത്മാവാണ്. അവിടുന്നു സ്‌ക്കൂളിലോ കോളജിലോ പോയി പഠിച്ചില്ല. ആധുനിക വിദ്യാഭ്യാസം നേടിയിരുന്നില്ല. ഗുരുകുല വിദ്യാഭ്യാസത്തിലൂടെ സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുവാന്‍ സാധിക്കുന്ന അപാര പണ്ഡിതനായി ആ മഹാഗുരു പ്രശോഭിച്ചു. ഗുരു പദങ്ങള്‍കൊണ്ട് ഇന്ദ്രജാലവിദ്യകാണിച്ചു എഴുതിയ സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലായുള്ള കൃതികളിലൂടെ വെളിവാക്കിയ പ്രായോഗിക വേദാന്ത ജീവിതദര്‍ശനം അത് അധ്യയനം ചെയുന്ന ഏതൊരാളേയും അത്ഭുതപ്പെടുത്താതിരിക്കില്ല.

ഗുരു പ്രായോഗിക വേദാന്തിയായിരുന്നു. തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ വേളയില്‍ ഗുരു ഉപദേശിച്ചു. ‘ആണ്ടിലൊരിക്കല്‍ കുറെ ആളുകള്‍ രാജ്യത്തിന്റെ നാനാഭാഗത്തു നിന്ന് മഞ്ഞ വസ്ത്രവും ധരിച്ച് യാത്ര ചെയ്ത് ശിവഗിരിയില്‍ ചെന്ന് ചുറ്റി നടന്ന് കുളിയും ഊണും കഴിഞ്ഞ് പണവും ചെലവാക്കി മടങ്ങിവീടുകളില്‍ ചെല്ലുന്നതുകൊണ്ട് എന്തു സാധിച്ചു. ഒന്നും സാധിച്ചില്ല. വെറും ചെലവും ബുദ്ധിമുട്ടും. ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം. ഒരു ലക്ഷ്യം. തുടര്‍ന്ന് ഗുരു വിദ്യാഭ്യാസം തുടങ്ങിയ അഷ്ടാംഗമാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയായി. ഗുരു നല്‍കിയ ഉപദേശവചസ്സുകള്‍ പരിപാലിക്കുന്നുവോ എന്ന് ഓരോ തീര്‍ത്ഥാടകനും ആത്മപരിശോധന ചെയ്യണം.

ലോകസംഗ്രഹപടുവായ ആ പുണ്യപുരുഷന്‍ ഉപദേശിക്കുന്നു. മേല്‍പ്പറഞ്ഞ എട്ടു വിഷയങ്ങളെപ്പറ്റി പ്രസംഗപരമ്പര നടത്തണം. ഓരോ വിഷയങ്ങളിലും വൈദഗ്‌ദ്ധ്യമുള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗം പറയിക്കണം. ജനങ്ങള്‍ അച്ചടക്കത്തോടെയിരുന്നു ശ്രദ്ധിച്ചു കേള്‍ക്കണം. അതില്‍ വിജയം പ്രാപിക്കണം. അപ്പോള്‍ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകും. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണം. ഗുരുദേവന്‍ കല്പിച്ച് എട്ടു വിഷയങ്ങളിലും വൈദഗ്ധ്യം സിദ്ധിച്ചവരെയും സാമൂഹിക -സാംസ്‌ക്കാരിക- രാഷ്‌ട്രീയ രംഗങ്ങളിലുള്ള പ്രശസ്തരേയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് ഓരോ വര്‍ഷവും ഒന്നിനൊന്ന് മികച്ച സമ്മേളന പരമ്പര നടന്നു വരുന്നു. അതിലൊക്കെ നിറഞ്ഞസദസ്സുമുണ്ട്. എങ്കിലും തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനവും ഈ സമ്മേളന പരിപാടിയിലൊന്നും അണിചേരാതെ ശിവഗിരിദര്‍ശനം കഴിഞ്ഞ് ഒരു ടൂര്‍ പ്രോഗ്രാം പോലെ യാത്ര തിരിക്കുന്നു. ചെമ്പഴന്തി, അരുവിപ്പുറം, മരുത്വാമല, കന്യാകുമാരി മറ്റു ചിലര്‍ വിനോദസ്ഥലങ്ങളിലേക്കും.

തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുവാനും സമ്മേളന പരിപാടിയില്‍ പങ്കെടുക്കുവാനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തീര്‍ത്ഥത്തില്‍ അടനം ചെയ്ത് പാപം പോക്കി പുണ്യം നേടുക എന്നതിനപ്പുറത്ത് ഗുരു വിഭാവനം ചെയ്ത ജ്ഞാനതീര്‍ത്ഥത്തിലടനം അറിവിന്റെ തീര്‍ത്ഥാടനത്തെ സാക്ഷാത്കരിക്കുവാനും സാധിക്കണം. അതുപോലെ ശിവഗിരി തീര്‍ത്ഥാടനകാലത്ത് തീര്‍ത്ഥാടന വീഥിയില്‍ ഗുരു പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനാര്‍ത്ഥം തുറന്നിടുന്നതു നന്നായിരിക്കും. അതുപോലെ ശിവഗിരിയില്‍ ഗുരുപൂജയ്‌ക്ക് കാര്‍ഷിക വിളകളും ധാന്യങ്ങളും സമര്‍പ്പിക്കുന്നതും നല്ലകാര്യമാണ്. തീര്‍ത്ഥാടന ദിനങ്ങളിലെ വലിയ തിക്കിലും തിരക്കിലും പെടാതെ സൗകര്യപ്രദമായി ഗുരുദര്‍ശനം നടത്തി മടങ്ങുവാന്‍ തീര്‍ത്ഥാടനദിനങ്ങള്‍ ഇപ്രകാരം നേരത്തെതന്നെ ആരംഭിക്കുന്നത് ഭക്തജനങ്ങള്‍ക്ക് എത്രയും അനുഗ്രഹപ്രദമാണല്ലോ.

ശിവഗിരി തീര്‍ത്ഥാടനം പരമഹംസനായി വിരാജിച്ച ഒരു ബ്രഹ്മനിഷ്ഠന്റെ മഹാസങ്കല്‍പ്പങ്ങളിലൊന്നാണ് അതിനെ മലിനമാക്കരുത് എന്ന് ഗുരുദേവന്‍ തന്നെ അരുളി ചെയ്തിട്ടുണ്ട്. ബുദ്ധന്റെ പഞ്ചശുദ്ധിയും ഭാരതീയ സംസ്‌കൃതിയുടെ ആചാരങ്ങളുമനുഷ്ഠിച്ച് സാഹോദര്യ മന്ത്രവുമേന്തി ഭക്തജനങ്ങള്‍ ശിവഗിരിയിലെത്തണമെന്നാണ് ഗുരുദേവ കല്‍പ്പന. അത് ഒരു സമന്വയദര്‍ശനത്തിന്റെ ഉദ്‌ബോധനവും അനുഷ്ഠാനവുമായി പ്രശോഭിതമായിരിക്കുന്നു. ആത്മീയമായ അടിത്തറയില്‍ സാമൂഹിക ജീവിതം പടുത്തുയര്‍ത്തുക എന്ന ഗുരുദേവന്റെ പ്രായോഗിക വേദാന്ത ദര്‍ശനം ശിവഗിരി തീര്‍ത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു.

ഗുരുദേവന്‍ മഹാദാര്‍ശനികനായിരുന്നു. പരമജ്ഞാനിനാം ജ്ഞാനിവര്യന്‍ എന്നാണ് ആശാന്‍ ഗുരുദേവനെ വിശേഷിപ്പിച്ചത്. ഒരു പുതിയ മതം ഗുരുവിന് സ്ഥാപിക്കാമായിരുന്നു. എന്നാല്‍ മതസ്ഥാപനത്തിന് ഉപരിയായി ഗുരുദേവന്‍ മനുഷ്യനെ കണ്ടു. മനുഷ്യനെ കേന്ദ്രബിന്ദുവാക്കി ഒരു വിശ്വമാനവിക ദര്‍ശനം അവതരിപ്പിച്ചു. ശിവഗിരി തീര്‍ത്ഥാടന സന്ദേശം അതിന്റെ മനുഷ്യത്വമുഖമാണ് അത് ഇന്നിന്റെയും നാളെയുടെയും ദര്‍ശനമാണ്. ഗുരുഭക്തരും കേരളീയ ജനതയും ഗുരുദര്‍ശനത്തിന് വേണ്ടി നിലകൊള്ളേണ്ടത് കടമയും കര്‍ത്തവ്യവുമാണ്. 91-ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹം അതിനുള്ള വേദിയായിത്തീരട്ടെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by