കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് സമസ്ത. സുപ്രഭാതം പത്രത്തിൽ വരുന്നത് സമസ്തയുടെ നിലപാട് അല്ല. ആര് എവിടെപ്പോയാലും സമുദായത്തിന്റെ വികാരം വ്രണപ്പെടില്ലെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.
സി.ഐ.സി ഐക്യ ചർച്ചകൾ നടക്കുന്നുണ്ട്. തീരുമാനം ഉടൻ ഉണ്ടാകും. എപി സമസ്തയുടെ സമ്മേളനത്തിൽ വിയോജിപ്പ് ഉണ്ട്. തങ്ങളാണ് സമ്മേളനം നടത്തേണ്ടത്. പിന്നെ ജനാധിപത്യ രാജ്യത്ത് ആർക്കും സമ്മേളനം നടത്താനുള്ള അവകാശമുണ്ട്. സുന്നി ഐക്യം വലിയ കാര്യമാണ്. അതിന് കുറെ മാനദണ്ഡങ്ങൾ ഉണ്ട്. തെറ്റ് തിരുത്തി ആര് വന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമർശനമായിരുന്നു സുപ്രഭാതം പത്രത്തിന്റെ എഡിറ്റോറിയലിൽ വന്നത്. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ പറയുന്നു. കോൺഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കിൽ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തിൽ വിമർശിക്കുന്നുണ്ട്. എന്നാൽ പത്രത്തിൽ വരുന്നത് സമസ്തയുടെ നിലപാട് അല്ലെന്ന് വിശദീകരിക്കുകയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്നായിരുന്നു അബൂബക്കർ മുസ്ലിയാരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: