അറിവിന്റെ തീര്‍ത്ഥാടനം എന്ന് അറിയപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടനം നവതി പിന്നിട്ടിരിക്കുന്നു. 1928-ാം മാണ്ട് ഗുരുദേവന്റെ മഹാസങ്കല്പത്തില് പിറന്ന ശിവഗിരി തീര്‍ത്ഥാടനം ഇന്ന് കേരളത്തിലെ ഏറ്റവും മഹത്തായ തീര്‍ത്ഥാടന മഹോത്സവങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഭാരതീയ സംസ്കൃതിയുടെ ആചാരനുഷ്ഠാനങ്ങള്‍ അനുസരിച്ച്, പഞ്ചശുദ്ധിയോടെ വ്രതം അനുഷ്ഠിച്ച്, അഷ്ടലക്ഷ്യത്തില്, സാത്വിക നിറമായ മഞ്ഞവസ്ത്രവും ധരിച്ച് ലക്ഷോപലക്ഷം ഭക്തര്‍ അണിനിരക്കുന്ന ശിവഗിരി തീര്‍ത്ഥാടനം ലോകം അംഗീകരിച്ചുകഴിഞ്ഞു. 2023 ലെ ശിവഗിരി തീര്‍ത്ഥാടനം 91-ാം വര്‍ഷത്തിലേയ്ക്ക്…
പ്രപഞ്ചോത്പത്തിയെ അറിയാന്‍ കഠിനതപം ചെയ്ത ഋഷീശ്വരന്മാരുടെ പരമ്പരയില്‍ ഭാരതം എന്ന പുണ്യഭൂമിയുടെ സംഭാവനയാണ് ജഗത്ഗുരു ശ്രീനാരായണ ഗുരുദേവന്; അദൈ്വത സിദ്ധാന്തത്തിലൂടെ ലോകജനതയെ ഏകലോകത്തേയ്ക്കു നയിച്ച ബ്രഹ്മജ്ഞാനി. ജാതിഭേദത്തിന്റെയും, മതദ്വേഷത്തിന്റെയും ചാതുര്വര്ണ്യത്തില് അധിഷ്ഠിതമായ വിവേചനത്തിന്റെയും വേദനയില്‍ കഷ്ടത അനുഭവിച്ചിരുന്ന ഒരു കൂട്ടം ജനതയ്ക്ക് സാന്ത്വനം ഏകാന്‍ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ ശ്രീനാരായണ ഗുരുദേവന് ചെമ്പഴന്തിയില്‍ അവതരിപ്പിച്ചതോടെ മലയാളനാടിന്റെ മനസ്സും മസ്തിഷ്കവും തണുത്തു തളിരിട്ടു.
പ്രകൃതിരമണീയമായ വര്‍ക്കലയിലെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ശിവഗിരി. 1904 ല്‍ ഗുരുവും അനുചരരും ശിവഗിരികുന്നില്‍ പര്‍ണ്ണശാല കെട്ടി താമസമാക്കി. ഗുരുദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ പ്രവാഹമായിരുന്നു ശിവഗിരിയിലേയ്ക്ക്. താമസിയാതെ പര്‍ണ്ണശാല ആശ്രമമായി വികസിപ്പിച്ചു. 1907 ല്‍ ശിവക്ഷേത്രവും, 1908 ല്‍ ചിങ്ങമാസത്തിലെ ചതയം നാള് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനത്തില് ശാരദാമഠവും ശിവഗിരിയില്‍ ഗുരു സ്ഥാപിച്ചു. 1912 ല്‍ ശാരദാമഠത്തില്‍ സരസ്വതി പ്രതിഷ്ഠയും നടത്തി. ഇന്ന് കേരളത്തിലെ പ്രസിദ്ധ നവരാത്രി വിദ്യാരംഭ ക്ഷേത്രമാണ് ശിവഗിരിയിലെ ശാരദാമഠം സരസ്വതി ക്ഷേത്രം.
‘വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്’ എന്ന് ഉദ്ബോധിപ്പിച്ച ഗുരു പാവപ്പെട്ട കുട്ടികള്‍ക്ക് പഠിയ്ക്കാന്‍ പാഠശാലയും, ദളിത് വിഭാഗത്തിലെ മുതിര്‍ന്നവര്‍ക്ക് നിശാപാഠശാലയും ശിവഗിരിയില്‍ സ്ഥാപിച്ചു. കൂടാതെ സംസ്കൃത പാഠശാല, ആയൂര്‍വേദ കേന്ദ്രം, നെയ്ത്തുശാല തുടങ്ങി വിദ്യാഭ്യാസപരമായും വ്യവസായപരമായും സൗകര്യങ്ങള്‍ വളര്‍ന്നുവന്നതോടെ ശിവഗിരി ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറി. എന്നും എപ്പോഴും അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ട് ഗുരുവിന്റെ സമാധി മന്ദിരവും അവിടെ സ്ഥിതിചെയ്യുന്നു.
1103 മകരം 3 (1928 ജനുവരി 19) കോട്ടയത്ത് നാഗമ്പടം ശിവക്ഷേത്രത്തിന്റെ തിരുമുറ്റത്ത് മാവിന്‍ചുവട്ടില്‍ ഗുരു വിശ്രമിക്കുമ്പോള്‍ വല്ലഭശ്ശേരി ഗോവിന്ദന് വൈദ്യര്, ടി.കെ. കിട്ടന് റൈറ്റര്‍ എന്നീ പ്രമുഖ വ്യക്തികള്‍ ഗുരുവിനെ സമീപിച്ച് ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതിയ്ക്കായി അപേക്ഷിച്ചു. ഗുരു സന്തോഷത്തോടെ അനുമതി നല്കി എങ്കിലും ആര്‍ഭാടരഹിതമായിരിക്കണം തീര്‍ത്ഥാടനം എന്ന് ഓര്‍മിപ്പിച്ചു. ശുചിത്വത്തിന് ഏരെ പ്രാധാന്യം നല്‍കിയിരുന്ന ഗുരു 10 ദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടി ആചരിക്കണം എന്നും കല്പിച്ചു. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി ഇവയാണ് പഞ്ചശുദ്ധികള്‍ എന്നും അറിയിച്ചു. തീര്‍ത്ഥാടകര്‍ മഞ്ഞ വസ്ത്രധാരികളായിരിക്കണം. ഗുരുവിന്റെ സമന്വയ ദര്‍ശനത്തിന്റെ ഭാഗം കൂടിയാണ് മഞ്ഞ.
ഗുരുവിന്റെ അഭിപ്രായത്തില്‍ ജനങ്ങള്‍ക്കിടയില്‍ സമഗ്രമായി അറിവ് സൃഷ്ടിക്കുക എന്നതായിരിക്കണം തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിക്ക് തീര്‍ത്ഥാടനം വഴി തെളിക്കും എന്ന് ഗുരു വിശ്വസിച്ചു. അതിനാല്‍ വിദ്യാഭ്യാസം, ഈശ്വരഭക്തി, സംഘടന, കൃഷി, വ്യാപാരം, കൈതൊഴില്, സാങ്കേതിക പരിശീലനം എന്നിവ ആയിരിക്കണം തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. അതാതു വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടിയിട്ടുള്ളവരെ കണ്ടുപിടിച്ച് പ്രഭാഷണം നടത്തിയും, പ്രസംഗങ്ങള്‍ സംഘടിപ്പിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കണം. അങ്ങിനെ നാടിനും നാട്ടുകാര്‍ക്കും അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും എന്ന് ഗുരു നിര്‍ദ്ദേശിച്ചു.
അനുമതി നല്‍കിയതിന്റെ നാലാം വര്‍ഷം 1932 ഡിസംബര്‍ 23 ന് സരസകവി മൂലൂരിന്റെ മൂത്ത മകനായ ദിവാകര സ്വാമിയുടെ നേതൃത്വത്തില്‍ ഗുരുദേവന്റെ പാദസ്പര്‍ശം ഏറ്റ് പരിഭൂതമായ മൂലൂര്‍ ഭവനത്തില്‍നിന്നും പീതാംബരധാരികളായ അഞ്ചു തീര്‍ത്ഥാടകര്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചു.
യൂറോപ്പിലെ ആണ്ടുപിറപ്പിന് (ജനുവരി 1) തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ എത്തിച്ചേരണം എന്നതായിരുന്നു ഗുരുദേവ കല്പന. സാധാരണയായി തീര്‍ത്ഥാടന മഹാമഹം ഡിസംബര്‍ 30 ന് ആരംഭിച്ച് ജനുവരി 1 ന് ശിവഗിരിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് കൊണ്ടാടിയിരുന്നത്. ഓരോ വര്‍ഷവും ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നതുകൊണ്ടും വിവിധ വൈജ്ഞാനിക വേദികളില്‍ കൂടി അവരെ അനന്തമമായ അറിവിലേയ്ക്കു നയിക്കാന്‍ ദിവസങ്ങള്‍ കൂടുതല്‍ ആവശ്യമായതുകൊണ്ടും 91-ാം തീര്‍ത്ഥാടനം ഡിസംബര്‍ 15 ന് ആരംഭിച്ച് ജനുവരി 5 ന് ശിവഗിരിയില്‍ സമാപിക്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
91-ാം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രത്യേകത ഗുരു വിഭാവനം ചെയ്ത സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി എന്നതാണ്. 1924 ല്‍ ആലുവയില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിവേളയിലാണ് 91-ാം തീര്‍ത്ഥയാത്രയുടെ സമാപനം. കൂടാതെ മഹാകവി കുമാരനാശാന് പല്ലനയാറ്റില്‍ പരിനിര്‍വ്വാണം പ്രാപിച്ചതിന്റെ ശതാബ്ദിയും ഈ തീര്‍ത്ഥാടന കാലയളവിലാണ്.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന വിശ്വദര്‍ശനമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പൊരുള്‍. ജാതിമതഭേദമെന്യേ ആര്‍ക്കും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാം. അറിവിന്റെ തീര്‍ത്ഥാടനമാണ് ശിവഗിരി തീര്‍ത്ഥാടനം.
പീതാംബരധാരികളായ ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ ഈശ്വരചിന്തയില്‍, സാഹോദര്യമന്ത്രവുമായി ശിവഗിരിയില്‍ എത്തുമ്പോള്‍ മഞ്ഞപ്പട്ടുടുത്ത് ശിവഗിരികുന്ന് ശിരസ്സുനമിക്കും. വിശ്വത്തിന്റെ നന്മയ്ക്കും ശാന്തിയ്ക്കും വേണ്ടി നിസ്സംഗനായി സ്വധര്‍മ്മമനുഷ്ഠിക്കുക എന്ന് സാക്ഷാല്‍ പരബ്രഹ്മമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ശിവഗിരി തീര്‍ത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു. നിരന്തരമായ തപസ്സില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ജ്ഞാനം കൊണ്ട് പാപത്തെ ഭസ്മീകരിച്ച് ജ്ഞാനത്തിന്റെ പരമോന്നതിയിലേക്ക് ഉയര്‍ന്ന പരമാത്മാവിന്റെ സങ്കല്പത്തില് പിറന്ന ശിവഗിരി തീര്‍ത്ഥയാത്രയുടെ പവിത്രത കാത്തുസൂക്ഷിയ്ക്കേണ്ടത് ഓരോ ഭക്തരുടെയും കടമയാണ്.
‘നമിക്കുവിന്‍ സഹജരേ
നിയതമീ ഗുരുപാദം
നമുക്കതില്പരം ദൈവം
നിനയ്ക്കിലുണ്ടോ?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: