Categories: Samskriti

മംഗല്യസിന്ദൂരവുമായി തിരുവാതിര വരവായി; ആതിര നിലാവുദിക്കുമ്പോള്‍

Published by

ഞ്ഞും കുളിരും പെയ്യുമ്പോള്‍ വെള്ളിത്താലത്തില്‍ മംഗല്യസിന്ദൂരവുമായി തിരുവാതിര വരവായി.

പെണ്‍കുട്ടികളുടെ ജീവിതത്തിലെ മനോഹരമുഹൂര്‍ത്തങ്ങളിലൊന്നാണ് അവളുടെ വിവാഹസുദിനം. കെട്ടുറപ്പുള്ള ദാമ്പത്യ ജീവിതത്തിന് മഹാദേവന്റെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകുവാന്‍, അമ്മമാര്‍ തങ്ങളുടെ പെണ്‍മക്കളെക്കൊണ്ട് ചെറുപ്രായത്തില്‍ തന്നെ ആതിരവ്രതം എടുപ്പിക്കുന്ന പതിവുണ്ടായിരുന്നു. കന്യകമാര്‍ ഭര്‍ത്തൃസൗഭാഗ്യത്തിനും, വിവാഹിതരായവര്‍ നെടുമാംഗല്യത്തിനും കുടുംബഭദ്രതക്കും വേണ്ടി തിരുവാതിരവ്രതം അനുഷ്ഠിക്കുന്നു.

മഹാദേവന്റെ തിരുനാളാണ് ധനുമാസത്തിലെ തിരുവാതിര. തിരുവാതിരനാളിനു പത്തു ദിവസം മുന്നേതന്നെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നു, കൂട്ടം കൂടിവായ്‌ക്കുരവയിട്ടു സ്ത്രീകള്‍ കുളത്തിലോ പുഴയിലോ പോയി തുടിച്ചു കുളിക്കുന്നു. (വെള്ളത്തില്‍ കൈകൊണ്ട് ഒരു പ്രത്യേക രീതിയില്‍ തട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്!ദമാണ് തുടി.) തന്റെ ഭര്‍ത്താവ് ശിവകോപത്താല്‍ ദഹിപ്പിക്കപ്പെട്ടപ്പോള്‍ രതീദേവി മാറത്തടിച്ചു കരഞ്ഞതിനെ ഓര്‍മ്മപ്പെടുത്തുകയാണിത്. ഉമാമഹേശ്വരന്മാരുടെ അനുഗ്രഹത്തിനായി ബാലതരുണികളും മുതിര്‍ന്ന അംഗനമാരും നോയമ്പ് നോറ്റ് നിദ്രയൊഴിഞ്ഞ് ഒരു രാത്രിമുഴുവനും പ്രാര്‍ത്ഥനാനിര്‍ഭരമായമനസ്സോടെ കഴിയുന്നു.

പിതാവ്, ദക്ഷപ്രജാപതിയുടെ യാഗത്തില്‍ പങ്കെടുക്കുവാന്‍ സതീദേവി അതീവ ആഗ്രഹത്തോടെ സ്വഗൃഹത്തിലേക്കുപുറപ്പെടുന്നു. ക്ഷണിക്കപ്പെടാതെ ചെല്ലുമ്പോള്‍ അപമാനിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് മഹാദേവന്‍ പത്‌നിക്കു മുന്നറിയിപ്പു നല്‍കിയിട്ടും സതീദേവി തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയില്ല. യാഗശാലയിലെത്തിയ ദേവി സ്വപിതാവിന്റെ അധിക്ഷേപങ്ങള്‍ക്ക് പാത്രമായി, കടുത്ത അപമാനവും നേരിടേണ്ടി വന്നു. തന്റെ ശത്രുവായ ശിവനെ ഭര്‍ത്താവായി വരിച്ച മകളോട് ദക്ഷന് കടുത്ത വൈരാഗ്യമുണ്ടായിരുന്നു. പ്രതീക്ഷയ്‌ക്കു വിപരീതമായിഅപമാനിക്കപ്പെട്ടപ്പോള്‍ ദേവി തന്റെ ശരീരം ആ യാഗശാലയില്‍ വച്ചു തന്നെ അഗ്‌നിക്കിരയാക്കി. സതീദേവിയുടെ പുനര്‍ജന്മമായി, ഹിമവല്‍പുത്രിയായി പാര്‍വതീദേവി ഭൂജാതയായി. ശിവഭഗവാനെ പതിയായി ലഭിക്കണമെന്ന ആഗ്രഹത്തോടെ തപസ്സില്‍ മുഴുകി.

താരകാസുരനെ വധിക്കുവാന്‍ ശിവ പുത്രനു മാത്രമേ കഴിയുകയുള്ളൂ എന്നറിഞ്ഞ ദേവന്മാര്‍ മഹാദേവനെ ധ്യാനയോഗത്തില്‍ നിന്നുണര്‍ത്തി പാര്‍വതീപരിണയത്തിന് കളമൊരുക്കുവാന്‍ കാമദേവന്റെ സഹായം തേടുന്നു. പാര്‍വതിയില്‍ അഭിനിവേശം ജനിപ്പിക്കുവാനായി, കാമന്‍ തന്റെ പൂവമ്പ് പ്രയോഗിച്ചപ്പോള്‍ കോപാകുലനായ ഭഗവാന്‍ തൃക്കണ്ണ് തുറന്നു കാമനെ ദഹിപ്പിക്കുന്നു. ഭര്‍ത്താവ് നഷ്ടപ്പെട്ട രതീദേവി മാറത്തടിച്ചു വിലപിച്ച് ഊണും ഉറക്കവും ഉപേക്ഷിച്ച് നാളുകള്‍ തള്ളിനീക്കി. അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ദേവസ്ത്രീകളും നിരാഹാരവ്രതമനുഷ്ഠിച്ച് നിദ്രാവിഹീനരായി മഹാദേവനെ പ്രാര്‍ത്ഥിച്ചിരുന്നു. അവരില്‍ പ്രസാദിച്ച ശ്രീപരമേശ്വരന്‍ കാമനു പുനര്‍ജന്മം നല്‍കുകയും പാര്‍വതീ പരിണയത്തിനു സന്നദ്ധനാകുകയും ചെയ്തു. അപ്പോള്‍ദേവി പാര്‍വതിയും ദേവസ്ത്രീകളും സന്തോഷമാനസരായി കാട്ടില്‍ ആടിപ്പാടി ഭഗവാനു സ്തുതിചെയ്തു.

ഈ സംഭവത്തിന്റെ സ്മരണ കൂടിയാണ് തിരുവാതിര. തിരുവാതിരവ്രതം അനുഷ്ഠിക്കുന്നവര്‍ ചുരുങ്ങിയത് നാലു ദിവസം മുന്നേ പ്രഭാതത്തില്‍ സ്‌നാനം ചെയ്യേണ്ടതാണ്. മക്കളുടെ അഭിവൃദ്ധിക്കു വേണ്ടി അമ്മമാര്‍ മകയിരം നോയമ്പു നോല്‍ക്കുന്ന പതിവുമുണ്ട്. തിരുവാതിര വ്രതം അനുഷ്ഠിക്കുന്നതിനാല്‍ കന്യകമാര്‍ക്ക് അനുരൂപനായ വരനേയും മംഗല്യവതികള്‍ക്ക് നെടുമംഗല്യവും ശിവശക്തി പ്രീതിയാല്‍ പ്രാപ്തമാകുമെന്നുമാണ് വിശ്വാസം. മകയിരം, തിരുവാതിര വ്രതമെടുക്കുന്നവര്‍ അരിയാഹാരം കഴിക്കാറില്ല. ഗോതമ്പ്, പഴം, പപ്പടം, കിഴങ്ങ് എന്നിവയെല്ലാം ആഹരിക്കാവുന്നതാണ്.

മകയിരംനാളില്‍ രാത്രിയിലാണ് ഉറക്കമൊഴിക്കുന്നത്. സ്ത്രീകളാസമയത്ത് തിരുവാതിരക്കളികളി ലേര്‍പ്പെടുന്നു.താംബൂല ചര്‍വ്വണവും ഒരു പ്രധാന ചടങ്ങാകുന്നു. പാര്‍വതീപരമേശ്വരന്മാരുടെ അനുഗ്രഹാശിസ്സുകള്‍ ലഭിക്കുന്നതിനായി എല്ലാകര്‍മ്മങ്ങളും ഭക്തിയോടെയിവര്‍ സമര്‍പ്പിക്കുന്നു.

എട്ടങ്ങാടിയും പാതിരാപ്പൂ ചൂടലും

എട്ടങ്ങാടിനിവേദ്യവും, പാതിരാപ്പൂചൂടലും വളരെ വിശേഷപ്പെട്ടതാണ്. മകയിരം നാളില്‍ സന്ധ്യാസമയത്താണ് എട്ടങ്ങാടി നിവേദിക്കുന്നത്. ചേന, കായ, കാച്ചില്‍, കൂര്‍ക്ക, ചേമ്പ്, നനക്കിഴങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവ ചുട്ടു തൊലികളഞ്ഞ് ചെറുതായി നുറുക്കിയെടുക്കുന്നു. എള്ള്, പയറ്, മുതിര നെയ്യില്‍ വറുത്തെടുത്ത് , ശര്‍ക്കരപ്പാവില്‍ വിളയിച്ച നാളികേരവും കിഴങ്ങുകളും ചേര്‍ത്തിളക്കി എട്ടങ്ങാടി നിവേദ്യം തയ്യാറാക്കിയെടുക്കുന്നു. നടുമുറ്റത്തോ, ചാണകംകൊണ്ട് മെഴുകിയതറയിലോ വെച്ച് ഗണപതി, ശിവപാര്‍വതി എന്നീ ദേവതമാരെ സങ്കല്‍പ്പിച്ചത് നിവേദിക്കുന്നു. നെടുമാംഗല്യമുള്ള(ഭര്‍ത്താവുള്ള സ്ത്രീ)ആരെങ്കിലുമായിരിക്കണം ഈ ചടങ്ങ് നിര്‍വഹിക്കേണ്ടത്.

വിവാഹശേഷം ആദ്യം വരുന്ന തിരുവാതിര, പൂത്തിരുവാതിര എന്നാണറിയപ്പെടുന്നത്.

ധനുമാസത്തിലെ അസ്ഥിതുളക്കുന്ന തണുപ്പ് വകവക്കാതെ രാത്രിയില്‍ സ്ത്രീകളുടെ തിരുവാതിരക്കളി മുറ്റത്തോ, നടു മുറ്റത്തോ അരങ്ങേറുന്നു. പാതിരാവാകുമ്പോള്‍ കളി നിര്‍ത്തി അംഗനമാര്‍ പാതിരാപ്പൂ ചൂടുന്നു. ഇതിനായി ചുവന്ന കൊടുവേലിയും, അടക്കാമണിയനും ഒരു ഭാഗത്ത് നേരത്തെ തന്നെ കൊണ്ടുവക്കുന്നു. തുളസിത്തറക്കടുത്ത് ചാണകം മെഴുകി ദശപുഷ്പങ്ങള്‍ ,അഷ്ടമംഗല്യം കിണ്ടിയില്‍ വെള്ളം നിലവിളക്ക്, നിറ, സിന്ദൂരം, കണ്മഷി എല്ലാം ഒരുക്കി വക്കുന്നു.

പാതിരാപ്പൂ എടുത്തു കൊണ്ടുവരുവാനായി വായ്‌ക്കുരവയിട്ട് വിളക്കും നിറയും വെള്ളവുമായി പാട്ടുകള്‍ പാടി പോകുന്നു. പൂ എടുത്തു തിരിച്ചു വരുമ്പോഴും പാട്ടുപാടുന്നു. പോകുമ്പോഴും വരുമ്പോഴും പ്രത്യേകം പ്രത്യേകം പാട്ടുകളാണ് പാടുന്നത്. എല്ലാവരും പ്രാര്‍ത്ഥനയോടെ തുളസിത്തറയ്‌ക്ക് അടുത്തുവന്നു നില്‍ക്കുമ്പോള്‍ ഒരാള്‍ ഇളനീരും പഴവും ശര്‍ക്കരയുമെല്ലാം, പാര്‍വതീപരമേശ്വരന്മാരെ സങ്കല്‍പ്പിച്ച് നിവേദ്യമായര്‍പ്പിക്കുന്നു.

അതിനുശേഷമെല്ലാവരും പൂ ചുടുന്നു. പൂ ചൂടിക്കഴിഞ്ഞാല്‍പിന്നെ ചടുലതാളങ്ങളോടേയുള്ള കൈകൊട്ടിക്കളി തുടരുന്നു. ഊഞ്ഞാലാട്ടവും ഒരു പ്രധാന ചടങ്ങാണ്. തിരുവാതിര നാളില്‍ നേരം പുലരും മുന്‍പേ കുളിച്ച് ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നിവേദിച്ച ഇളനീര്‍ സേവിക്കാവുന്നതാണ്. കൂവപ്പൊടി കുറുക്കിയതോ വെരകിയതോ രാവിലെ കഴിക്കേണ്ടതാണ്. ഭക്ഷണക്രമത്തിലുള്ള മാറ്റവും, ഉറക്കമൊഴിയുന്നതുകൊണ്ടും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് കൂവ കഴിക്കുന്നത് ആചാരമായി വച്ചിട്ടുള്ളത്. ഉച്ചക്ക് ഗോതമ്പുകഞ്ഞിയും പുഴുക്കും പപ്പടവുമെല്ലാം അവരവരുടെ ഇഷ്ടം പോലെ കഴിക്കാവുന്നതാണ്.

പണ്ട് സ്ത്രീകള്‍ക്ക് പ്രാധാന്യവും സ്വാതന്ത്ര്യവും ലഭിച്ചിരുന്ന ചുരുക്കം ചില ദിവസങ്ങളായിരുന്നിത്.

കുടുംബബന്ധങ്ങള്‍ ശിഥിലമാകാതെ ഭക്തിയുടെ നിറവില്‍ ചേര്‍ത്തു വക്കുന്ന ഒരാഘോഷമാണിത്. ഭര്‍ത്താവിന്റേയും മക്കളുടേയും ആയുരാരോഗ്യസൗഖ്യത്തിനായി സ്ത്രീകള്‍ സര്‍വ്വാത്മനാ പ്രാര്‍ത്ഥനാനിരതമായ മനസ്സോടെ അനുഷ്ഠിക്കുകയാണീ വ്രതം, നാരിമാര്‍ സൗഖ്യമായി കഴിയുന്ന ഗൃഹങ്ങളില്‍ ശാന്തിയും സമാധാനവും കളിയാടുന്നു. ശ്രീപാര്‍വതീ പരമേശ്വരന്മാരുടെ അനുഗ്രഹത്താല്‍ കുടുംബഭദ്രത കൈവരിക്കാന്‍ കഴിയുമെന്നാത്മവിശ്വാസം അബലകളെ സുബലകളാക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by