Categories: Vasthu

ജീവിതത്തില്‍ വിജയം കൈവരിക്കുവാന്‍ വീട്ടില്‍ വാസ്തുപരമായി എന്തൊക്കെ അനുഷ്ഠിക്കണം?

Published by

പ്രധാന വാതിലിനോട് ചേര്‍ന്ന് വൃക്ഷങ്ങള്‍ വയ്‌ക്കുന്നത് നല്ലതാണോ?

പ്രധാന വാതിലിന്റെ പത്തടി അകലത്തില്‍ മാത്രമേ വൃക്ഷത്തൈ നില്ക്കുവാന്‍ അനുവദിക്കാവൂ. ഇല്ലെങ്കില്‍ അവ വീടിനുള്ളിലേക്ക് കടന്നു വരുന്ന ഊര്‍ജപ്രവാഹത്തെ ചെറുക്കും. അത് വീടിന് നല്ലതല്ല.

വീട്ടിലെ പൂജാമുറിയുടെ തറലെവല്‍ താഴ്‌ത്തി പണിയാമോ?

പൂജാമുറിയുടെ തറ ലെവല്‍ മറ്റു മുറികളുടെ തറ ലെവലുമായി വ്യത്യാസമുണ്ടാകരുത്. വീടിന്റെ സിറ്റൗട്ട് മുതല്‍ അടുക്കള വരെയുള്ള ഭാഗം ഒരേ നിരപ്പില്‍ ഇരിക്കുന്നതാണ് ഉത്തമം.

ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ വീടു പണിയുവാന്‍ പാടില്ലെന്നു പറയാന്‍ കാരണമെന്ത്?

സൂര്യനില്‍ ഇന്നു കിട്ടുന്ന ഊര്‍ജം ഒരുമിച്ച് സ്വീകരിക്കുവാനുള്ള ശേഷി ഒരു ദേവാലയത്തിനുണ്ടാകും. അത് അവിടെ നിന്ന് നാടിന്റെ നന്മയ്‌ക്കായി കൊടുക്കാനും സാധിക്കും. കൊടിമരം, ക്ഷേത്രതാഴികക്കുടം ഇവയ്‌ക്ക് ഇതിനുള്ള കഴിവുണ്ട്. എന്നാല്‍ ക്ഷേത്രത്തിനടുത്ത് ക്ഷേത്രത്തേക്കാള്‍ ഉയരത്തില്‍ ഒരു വ്യക്തിയുടെ വീടു നിന്നാല്‍ ക്ഷേത്രത്തിനു ലഭിക്കേണ്ട ഊര്‍ജത്തിന് തടസ്സമുണ്ടാകും. ഇത് സംഭവിക്കാതിരിക്കാനാണ് ക്ഷേത്രത്തിന്റെ അടുത്തു നിന്ന് നിശ്ചിത അകലത്തില്‍ വീടു നിര്‍മിക്കാന്‍ പറയുന്നത്.

പണ്ടത്തെ നാലുകെട്ടിന്റെ മോഡലില്‍ കോണ്‍ക്രീറ്റ് വീട് ഉണ്ടാക്കി നടുവില്‍ അങ്കണം പണിയുന്നത് ശരിയാണോ?

നാലുകെട്ടിന്റെ മോഡലില്‍ കോണ്‍ക്രീറ്റ് വീട് ഉണ്ടാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പ്രസ്തുത ഗൃഹത്തിന് അങ്കണം വീടിന്റെ മധ്യഭാഗത്ത് വരുന്നത് കാണാന്‍ ഭംഗിയുണ്ടെങ്കിലും അതില്‍ വസിക്കുന്നവരുടെ അനുഭവത്തില്‍ വളരെയധികം ദോഷങ്ങളാണ് കുടുംബത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പല വീടുകളും ഇവ മാറ്റി പണിയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരൂഢക്കണക്കില്‍ പണികഴിപ്പിച്ചിരുന്ന വീടിന്റെ നടുമുറ്റത്തിന് സമാനമായി കോണ്‍ക്രീറ്റ് വീട് പണികഴിപ്പിച്ചാല്‍ ശരിയാകില്ല എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. അങ്കണം കൂടിയേ തീരൂ എന്നുള്ളവര്‍ക്ക് വീടിന്റെ മധ്യഭാഗം ഒഴിവാക്കി വടക്ക് ഭാഗത്തോ കിഴക്ക് ഭാഗത്തോ അങ്കണം വരുന്നതില്‍ തെറ്റില്ല.

വീടിന്റെ മധ്യഭാഗം താഴ്‌ത്തി ജലം നിറച്ച് കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് നടന്നുപോകുന്ന രീതിയില്‍ പണികഴിപ്പിക്കുന്നതില്‍ തെറ്റുണ്ടോ?

ഈ പറഞ്ഞ കാര്യങ്ങള്‍ വലിയ സ്റ്റാര്‍ ഹോട്ടലുകളില്‍ ചെയ്ത വരുന്നതാണ്. കുടുംബമായി താമസിക്കുന്ന വീടിന് ഇതിന്റെ ആവശ്യമില്ല. എന്നാല്‍ കിഴക്ക് ഭാഗത്തും വടക്ക് ഭാഗത്തും ഏത് രീതിയിലും വളര്‍ത്തുമത്സ്യങ്ങളെ വളര്‍ത്തുന്നത് ഐശ്വര്യമാണ്.

പ്രധാന വാതിലിന്റെ അടുത്ത് മറ്റൊരു വാതില്‍ വരാന്‍ പാടുണ്ടോ?

ഒരു വീടിനെ സംബന്ധിച്ച് പൂമുഖവാതില്‍ എന്നത് മനുഷ്യന്റെ പ്രധാന അവയവങ്ങളില്‍ ഒന്നായ മൂക്കിന് തുല്യമാണ്. വീടിന്റെ ശ്വസനം ഈ വാതിലാണ്. ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. ഉചിതമായ സ്ഥാനത്ത് പ്രധാന വാതില്‍ സ്ഥാപി ച്ചില്ലെങ്കില്‍ വീടിന് വാസ്തുദോഷം സംഭവിക്കും. മുന്‍വശത്തെ പ്രധാനവാതിലിന് അടുത്തായി മറ്റൊരു വാതില്‍ സ്ഥാപിക്കുന്നത് വിധിപ്രകാരം തെറ്റാണ്. എന്നാല്‍ ദിശമാറി സ്ഥാപിക്കുന്നതില്‍ തെറ്റില്ല. പ്രധാന വാതിലിന്റെ വീതിയേക്കാള്‍ കുറവായിരിക്കണം ഈ വാതില്‍ എന്നുള്ളത് പ്രത്യേകം മനസ്സിലാക്കണം.

ചെലവ്കുറഞ്ഞ രീതിയില്‍ വീട് നിര്‍മിക്കുമ്പോള്‍ കോണ്‍ക്രീറ്റ് കട്ടളകളും ജനലും കൂടാതെ ലോഹംകൊണ്ട് ഉണ്ടാക്കിയ വാതിലുകളും വയ്‌ക്കുന്നതില്‍ തെറ്റുണ്ടോ?

വീട് നിര്‍മിക്കുമ്പോള്‍ പ്രധാന വാതില്‍ തടിയില്‍ത്തന്നെ നിര്‍മിച്ചതായിരിക്കണം. മറ്റുള്ളത് അവരവരുടെ സാമ്പത്തികാവസ്ഥയ്‌ക്കനുസരിച്ച് ചെയ്യാവുന്നതാണ്. പ്രധാന വാതില്‍ തടിയില്‍ നിര്‍മിച്ചതാണെങ്കില്‍ ഊര്‍ജം ഒരു പരിധിവരെ പിടിച്ച് നിര്‍ത്താന്‍ സാധിക്കും. വീടിന് ഐശ്വര്യവും തടിയാണ്.

ശബരിമലയില്‍ കാനനഗണപതിയെ സ്ഥാപിച്ചത് എന്തിനാണ്?

ശബരിമലയില്‍ ഏതൊരു നിര്‍മാണം നടത്തിയാലും അതിനെല്ലാം തടസ്സങ്ങള്‍ നേരിടുമായിരുന്നു. ഇതിന് ഒരു പരിഹാരമായാണ് ഏഴരയടി പൊക്കമുള്ള പഞ്ചലോഹ ഗണപതിയെ സ്ഥാപിച്ചത്.

ക്ഷേത്രത്തിന്റെ കൊടിമരം, താഴികക്കുടം എന്നിവയില്‍ ഏതിനാണ് പ്രാധാന്യം?

ക്ഷേത്രത്തിന്റെ താഴികക്കുടത്തിനാണ് ഒന്നാംസ്ഥാനം. രണ്ടാം സ്ഥാനം കൊടിമരത്തിനും. കൊടിമരത്തിന്റെ മുകളില്‍ പ്രസ്തുത ക്ഷേത്രത്തില്‍ പ്രതിഷ്ഠ ചെയ്തിട്ടുള്ള ദേവന്റെ വാഹനമാണ് സ്ഥാപിക്കുന്നത്.

ജീവിതത്തില്‍ വിജയം കൈവരിക്കുവാന്‍ വീട്ടില്‍ വാസ്തുപരമായി എന്തൊക്കെ അനുഷ്ഠിക്കണം?

വീട്ടിലെ താമസക്കാര്‍ വീട് ശുചിത്വത്തോടെ പരിപാലിക്കണം. മുറ്റമുള്ള വീടുകളാണെങ്കില്‍ എല്ലാ ദിവസവും തൂത്ത് വൃത്തിയാക്കണം. വീടിനകത്ത് ചിലന്തി വലകെട്ടാന്‍ അനുവദിക്കരുത്. വീട്ടിനകം എല്ലാ ദിവസവും തുടച്ച് വൃത്തിയാക്കണം. രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കണം. വീടിന്റെ മുന്‍വശത്തെ വാതിലിന് മുന്നില്‍ ചെരിപ്പുകള്‍ കൂട്ടി ഇടരുത്. വിഴുപ്പുതുണികള്‍ മുറികളില്‍ കൂട്ടി ഇടരുത്. അടുക്കള വളരെ ശുചിത്വത്തോടെ സൂക്ഷിക്കണം. പഴകിയ ആഹാര സാധനങ്ങള്‍ ഒരു കാരണവശാലും അടുക്കളയില്‍ സൂക്ഷിക്കുന്നത് നന്നല്ല. തീന്‍മേശയില്‍ ആഹാരം കഴിക്കുന്നത് കിഴക്ക്, പടിഞ്ഞാറ്, തെക്ക് ദിക്കുകളിലേക്ക് നോക്കിയിരിക്കുന്ന വിധത്തിലാകണം. മാസത്തില്‍ ഒരിക്കല്‍ ഡോര്‍ കര്‍ട്ടന്‍ എല്ലാം കഴുകി ഇടുന്നത് ഊര്‍ജപ്രവാഹം വര്‍ധിപ്പിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by