Categories: Entertainment

കോട്ടയം ചെല്ലപ്പന്‍: ആദ്യകാല അഭിനയ പ്രതിഭ

Published by

റുപതുകളില്‍ മലയാള ചലചിത്ര വേദിയില്‍ അരങ്ങു നിറഞ്ഞു നിന്ന അഭിനയ പ്രതിഭയാണ് കോട്ടയം ചെല്ലപ്പന്‍. കോട്ടയം നഗരത്തോട് ചേര്‍ന്നുള്ള കാരാപ്പുഴയില്‍ 1923 നവംബര്‍ 10 നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

1971 ഡിസംബര്‍ 26 ന് 48-ാം വയസ്സില്‍ ലോകത്തോട് വിടപറയുമ്പോള്‍ കോട്ടയം ചെല്ലപ്പന്‍ അറുപതോളം ചിത്രങ്ങളിലൂടെ അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ നമുക്ക് സമ്മാനിച്ചു കഴിഞ്ഞിരുന്നു. സഹനടന്‍, വില്ലന്‍, ഉപനായകന്‍ എന്നീ നിലകളില്‍ 1959 മുതല്‍ 1971 വരെ അദ്ദേഹം മലയാള സിനിമയില്‍ തിളങ്ങി നിന്നു.

കോട്ടയം സിഎംഎസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസായശേഷം ഇന്ത്യന്‍ വ്യോമസേനയില്‍ നാലു കൊല്ലം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുക്കുമ്പോഴാണ് അഭിനേതാവായി മലയാള നാടക വേദിയിലേക്ക് കടന്നുവരുന്നത്. തോപ്പില്‍ ഭാസി രചിച്ച ‘പുതിയ ആകാശം പുതിയ ഭൂമി’യിലെ എന്‍ജിനീയറുടെ വേഷം കേരളം മുഴുവന്‍ അഭിനന്ദിക്കപ്പെട്ടു.

‘മിന്നല്‍ പടയാളി'(1959) ആണ് ആദ്യ ചലച്ചിത്രം. അഗ്‌നിമൃഗം(1971) ആയിരുന്നു അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം. രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘മുടിയനായ
പുത്ര’നിലെ ( 1961) കോണ്‍ട്രാക്റ്റര്‍, ‘പുതിയ ആകാശം പുതിയ ഭൂമി'(1962)യിലെ എന്‍ജിനീയര്‍, ‘തച്ചോളി ഒതേന'(1964)നിലെ ചിണ്ടന്‍ നമ്പ്യാര്‍, ‘ഓടയില്‍ നിന്ന്'(1965)ലെ ജന്മി, ‘ചെമ്മീനി’ലെ (1965 ) തുറ മൂപ്പന്‍, ‘കുഞ്ഞാലി മരയ്‌ക്കാറി'(1967)ലെ ക്യാപ്റ്റന്‍, ‘ഉണ്ണിയാര്‍ച്ച'(1961)യിലെ ചന്തു ‘കൃഷ്ണകുചേല'(1961)യിലെ കംസന്‍ എന്നിവ കോട്ടയം ചെല്ലപ്പന്റെ അനശ്വര കഥാപാത്രങ്ങളാണ്.

പൗരുഷത്തിന്റെ പ്രതീകങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സത്യന്‍-ചെല്ലപ്പന്‍ താരസമന്വയം അക്കാലത്ത് സിനിമയുടെ വിജയത്തിന് അവിഭാജ്യ ഘടകമായിരൂന്നു. വടക്കന്‍പാട്ടുകളിലെ വീരനായകന്മാരെ സത്യനും ചെല്ലപ്പനും ചേര്‍ന്ന് അവതരിപ്പിച്ചപ്പോള്‍ അങ്കച്ചേകവന്മാരുടെ ആയോധന വീര്യവും അടര്‍ക്കളത്തിലെ ആണ്‍കരുത്തിന്റെ രൗദ്രഭംഗികളും കേരളം മുക്തകണ്ഠം ആസ്വദിച്ചു. അഭിനയ കലയില്‍ സത്യന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു എന്ന് മുതിര്‍ന്ന തലമുറ പ്രേക്ഷകര്‍ പറയാറുണ്ട്. അതുപോലെ തന്നെ പോയകാല മലയാള സിനിമയുടെ മറ്റൊരു പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു കോട്ടയം ചെല്ലപ്പന്‍ എന്ന വേറിട്ട അഭിനയപ്രതിഭ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by