മധ്യതിരുവിതാംകൂറിലെ ഭഗവതിക്ഷേത്രങ്ങളില്‍ ഹൈന്ദവാചാരത്തിന്റെ ഭാഗമായി ആത്മസമര്‍പ്പണത്തോടെ നടത്തുന്ന അനുഷ്ഠാനമാണ് കുത്തിയോട്ടം. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ക്ഷേത്രം, കൊല്ലം ജില്ലയിലെ കടക്കല്‍ ദേവിക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ വലിയപനയന്നാര്‍ ക്ഷേത്രം എന്നിവ അവയില്‍ പ്രധാനമാണ്. സാംസ്‌കാരിക പൈതൃകത്തിന്റെ പരിച്ഛേദമായി പര്യായപ്പെടുത്താവുന്ന ഈ അനുഷ്ഠാനകല, മഹാദേവന്‍കാട്, ചങ്ങനാശ്ശേരി, മോര്‍കുളങ്ങര, വലിയകുളങ്ങര, മുതുകുളം എന്നിവിടങ്ങളിലും തിരുവനന്തപുരം ഭാഗത്തെ ചില ക്ഷേത്രങ്ങളിലും ആചാരാഘോഷങ്ങളോടെ നടത്തിവരുന്നുണ്ട്. സമ്പല്‍സമൃദ്ധി, സന്താനലാഭം, രോഗശാന്തി, സമാധാനജീവിതം മുതലായവയ്‌ക്കായുള്ള ഭദ്രകാളീവഴിപാടായിട്ടുകൂടിയാണ് ഈ ക്ഷേത്രകല ആചരിക്കപ്പെടുന്നത്. അമ്പലങ്ങളിലെ ആരാധനാസമ്പ്രദായമാണെങ്കിലും പാട്ട്, സംഗീതം, സാഹിത്യം, താളം, വേഷം, ചുവട് എന്നിവയുടെ സവിശേഷ ചേരുവകള്‍ ഈ കലാരൂപത്തില്‍ സമഞ്ജസമായി സങ്കലിതമാണ്. മെയ്‌വഴക്കത്തിന്റെ കായികാംശങ്ങളും ചുവടുവെയ്പിന്റെ ചാരുതയും ഒത്തിണങ്ങുന്ന ഈ കലാരൂപത്തിന്റെ സമൂലവിവരണം, അതിന്റെ തനിമ ഒട്ടും ചോര്‍ന്നുപോകാതെ വ്യക്തമായും കൃത്യമായും നല്‍കുന്നതാണ് ഡോ. എല്‍. ശ്രീരഞ്ജിനിയുടെ ‘കുത്തിയോട്ടവും കേരളദേശത്തിന്റെ ഭക്തി പൈതൃകവും’ എന്ന കൃതി.
കുത്തിയോട്ട പ്രധാനങ്ങളായ ക്ഷേത്രങ്ങളുടെ ചരിത്രവസ്തുതകളും ദേശപ്പെരുമയും സംസ്‌കാരവുംഅവയോട് ചേര്‍ന്നുവരുന്ന ഐതിഹ്യങ്ങളും മറ്റും സമഗ്രമായി പ്രതിപാദിച്ച് ഭൂതകാലചരിത്രാവബോധത്തിന്റെ അടയാളപ്പെടുത്തലിനു ശേഷം കുത്തിയോട്ടകലയുടെ ആവിര്‍ഭാവവും വികാസപരിണാമങ്ങളും ക്രമാനുഗതമായി കൃതിയില്‍ വിവരിക്കുന്നുണ്ട്. ചെട്ടികുളങ്ങര ദേശചരിത്രമാണ് ഒരുദാഹരണം. ഒരുകാലത്ത് ഓണാട്ടുകരയിലെ ഒരു കുളത്തിന്റെ കരയില്‍ വ്യപാരാവശ്യങ്ങള്‍ക്കായി അന്യദേശത്തുനിന്നും വന്നിരുന്ന ശ്രേഷ്ഠന്മാര്‍ കുടില്‍കെട്ടി താമസിച്ചിരുന്നു. ശ്രേഷ്ഠന്മാരുടെ കുളക്കര എന്ന അര്‍ത്ഥത്തില്‍ ശ്രേഷ്ഠകുളങ്ങര എന്നറിയപ്പെട്ട ആ സ്ഥലം കാലാന്തരത്തില്‍ ചെട്ടികുളങ്ങരയായി.
എ. ഡി. പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ് ആരംഭമെന്ന് കരുതപ്പെടുന്ന കുത്തിയോട്ടകലയുടെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള പ്രധാനമായ ഒരൈതിഹ്യം കൈലാസനാഥ മഹിമയോട് ബന്ധപ്പെട്ടതാണ്. ഭദ്രകാളിയുടെ കോപമടക്കാന്‍ ശിവന്‍ താണ്ഡമാടിയതിന്റെ പ്രതീകാത്മകമായ അനുകരണമാണ് അനാഡംബരമായ നൃത്തച്ചുവടുകള്‍ വച്ചുള്ള കുത്തിയോട്ടം. തപസ്സിലൂടെ തന്റെ പ്രജകള്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും നേടിയെടുത്ത രാജാവിന്റെ അഭീഷ്ടസിദ്ധിക്ക് പകരമായി കാളീദേവിയുടെ നിബന്ധനപ്രകാരംതന്റെ ദത്തുപുത്രനെ ബലി നല്‍കിയ രാജകര്‍മത്തിന്റെ ഓര്‍മപുതുക്കലാണ് ചോരപൊടിയുന്ന ചൂരല്‍മുറിയല്‍ എന്ന ചടങ്ങുള്ള കുത്തിയോട്ടം എന്നാണ് മറ്റൊരു ഐതിഹ്യം.
ഒട്ടേറെ നിബന്ധനകളും കരുതലുമൊക്കെയുള്ളതാണ് ഈ അനുഷ്ഠാനകലയുടെ ചടങ്ങുകള്‍. കുത്തിയോട്ടം വഴിപാടായി നേരുന്ന മാതാപിതാക്കള്‍ കുട്ടികളെ ആദ്യമായി ഒരു ആചാര്യനെ (ആശാനെ) യജ്ഞവിധിപ്രകാരം ഏല്‍പ്പിക്കുന്ന ചടങ്ങാണ് ദത്തെടുക്കല്‍.
അഞ്ചുവയസ്സുമുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള രോഗങ്ങള്‍ അംഗവൈകല്യങ്ങള്‍ എന്നിവയൊന്നുമില്ലാത്ത വഴിപാടുകാരന്റെ സ്വന്തം ആണ്‍കുട്ടികളെയോ, രക്തബന്ധമുള്ള കുട്ടികളെയോ ആവണം ദത്തിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്. ശാരീരികശേഷിയും മെയ്‌വഴക്കവും ഒത്തുചേരുന്ന കുത്തിയോട്ടച്ചുവടിന് വഴിപാട് നേര്‍ന്നിട്ടുള്ള കുട്ടികളെ രണ്ടാഴ്ചയോളം പരിശീലിപ്പിച്ച ശേഷമാണ് ചടങ്ങിനെത്തിക്കുന്നത്.
ഭദ്രകാളീ വഴിപാടായ ഈ ക്ഷേത്രകലയില്‍ പാട്ടുകള്‍ക്ക ്പ്രധാനസ്ഥാനമുണ്ട്. താനവട്ടം എന്ന് പറയുന്ന കുത്തിയോട്ട പാട്ടുകളുടെ താളം, തരളിയിട്ടും തരളിയില്ലാതെയും എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. ത എന്ന അക്ഷരം കൂടുതലുള്ളത് തളരിയിട്ടതും ന എന്ന അക്ഷരം കൂടുതലുള്ളത് തളരിയില്ലാ
ത്തതുമാണ്.
1850 കാലഘട്ടത്തില്‍ മീനത്തേതില്‍ കേശവപിള്ളയാണ് ആദ്യമായി കുത്തിയോട്ടപ്പാട്ടുകള്‍ ചിട്ടപ്പെടുത്തി ചെട്ടികുളങ്ങരക്ഷേത്രത്തില്‍ അവതരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. രഞ്ജിനിയുടെ 144 പേജുകളുള്ള കൃതിയില്‍ പകുതിയിലേറെയും വിവിധ ക്ഷേത്രങ്ങളിലെ കുത്തിയോട്ടപാട്ടുകളാണെന്നത് ആ പാട്ടുശാഖയുടെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
ആചാരങ്ങളെ ആഴത്തില്‍ അറിഞ്ഞും പഠിച്ചും ദേശചരിത്രങ്ങളെ വേണ്ടവിധം അപഗ്രഥിച്ചും തയ്യാറാക്കിയ കൃതിയില്‍ കുറെയേറെ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും അവയെ മനസ്സിലാക്കുവാന്‍ ഒന്നിനും അടിക്കുറിപ്പില്ലാത്തത്, വ്യത്യസ്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഈ കൃതിയുടെ പോരായ്മയായി അനുഭവപ്പെടുന്നുണ്ട്. അടുത്ത പതിപ്പില്‍ ഇത് പരിഹരിക്കാവുന്നതാണ്.
ദേശസംസ്‌കാരങ്ങളും ചരിത്രവസ്തുക്കളും പൈതൃകപ്പെരുമകളുടെ ഓര്‍മപ്പെടുത്തലുകളായി നിറഞ്ഞുനില്‍ക്കുന്ന ഈ കൃതിയുടെ വായന പ്രാദേശികമായി മാത്രം ആചരിച്ചുവരുന്ന വ്യത്യസ്തവും അസാധാരണവുമായ ഒരരാധനാ സമ്പ്രദായത്തിന്റെ വിശദാംശങ്ങള്‍ അടുത്തറിയുവാനും അപഗ്രഥിക്കുവാനും കൂടി ഉപകാരപ്രദമാകുന്നുണ്ട്. ക്ഷേത്രാചാര ഗവേഷകര്‍ക്ക് പഠനാര്‍ഹമായ ഒരു റഫറന്‍സായി ഈ ഗ്രന്ഥം ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക